എതിർപ്പ് വൈവിധ്യത്തോടല്ല, അനൈക്യത്തോട്

The opposition is not to diversity, but to disunity.
Published on

സ്വിറ്റ്സർലണ്ടിലെ എക്കോണിൽ (ECONE) ഫ്രഞ്ച് ആർച്ചുബിഷപ്പായ മാർസൽ ലെഫേവ്ർ 1970-ൽ സ്ഥാപിച്ചതാണ് വിശുദ്ധ പയസ് പത്താമൻ സമൂഹം (സൊസൈറ്റി ഓഫ് സെന്റ് പയസ് ടെൻത് - SSPX). രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ നവീകരണ ശ്രമങ്ങളുടെ ധാരയിലേക്ക് കടന്നുവരാതെ പരമ്പരാഗത ലത്തീൻ കുർബാനക്രമവും വൈദികപരിശീലനവും നിലനിറുത്തുക എന്നതായിരുന്നു ഈ സമൂഹത്തിന്റെ പ്രധാന ലക്ഷ്യം. 1988-ലാണ് കത്തോലിക്കാസഭയുമായുള്ള ബന്ധത്തിൽ SSPX-ന് ഗൗരവതരമായ ഒരു വിള്ളൽ ഉണ്ടാവുന്നത്. 1988 ജൂൺ 30-ന് മാർപാപ്പയുടെ അനുമതിയില്ലാതെ ബിഷപ്പ് മാർസെൽ നാലു മെത്രാന്മാരെ വാഴിച്ചു. അതിനെ തുടർന്ന് അഭിഷേകം ചെയ്തവരെയും ചെയ്യപ്പെട്ടവരെയും സഭ പുറത്താക്കി. എങ്കിലും മാർപാപ്പമാരെല്ലാം അവരുമായുള്ള അനുരഞ്ജന ശ്രമങ്ങൾ പിന്നീടുള്ള വർഷങ്ങളിലൊക്കെ തുടർന്നുകൊണ്ടിരുന്നു.

എന്നാൽ ഇക്കഴിഞ്ഞ 2026 ജൂലൈ 1-ന് ലിയോ മാർപാപ്പയുടെ അനുമതി ഇല്ലാതെ SSPX അധികാരികൾ വീണ്ടും മെത്രാന്മാരെ വാഴിച്ചു. അതിനു പിറ്റേദിവസം തന്നെ ഈ സമൂഹത്തിലെ എല്ലാ മെത്രാന്മാരും വൈദികരും ആ സമൂഹത്തോട് ഔദ്യോഗികമായി ചേർന്നു നിൽക്കുന്ന അൽമായരും സഭാ കൂട്ടായ്മയ്ക്ക് പുറത്താണെന്ന് വത്തിക്കാൻ വിശ്വാസകാര്യാലയം അറിയിച്ചു.

ലത്തീൻ ഭാഷയോടും തെന്ത്രോസ് സൂനഹദോസ് കുർബാനയോടും പരമ്പരാഗത ആരാധനക്രമ അനുഷ്ഠാനങ്ങളോടുമുള്ള കത്തോലിക്കാസഭയുടെ എതിർപ്പായി ഈ സംഭവത്തെ വ്യാഖ്യാനിക്കുന്നവരും വിവാദമാക്കുന്നവരും ഉണ്ട്. യഥാർത്ഥത്തിൽ അങ്ങനെയാണോ?

ക്രിസ്തുവിന്റെ ശരീരമായ സഭയുടെ ഐക്യത്തെ ശക്തിപ്പെടുത്തുമെങ്കിൽ വിശ്വാസികളുടെ ആത്മാർത്ഥമായ ആത്മീയാഗ്രഹങ്ങളെയും തനതായ ആരാധനക്രമ പാരമ്പര്യങ്ങളെയും അംഗീകരിക്കാനും അവരെ അജപാലനപരമായി നയിക്കാനും സഭ എപ്പോഴും തയ്യാറാണ്.

1988-ൽ ബിഷപ്പ് മർസേൽ അനുമതിയില്ലാതെ മെത്രാന്മാരെ വാഴിച്ചപ്പോൾ, ലത്തീൻ കുർബാനയോടുള്ള എതിർപ്പായിട്ടല്ല, പത്രോസിന്റെ സിംഹാസനത്തോടു ചേർന്നു നിൽക്കാത്ത നടപടി ആയിട്ടാണ് സഭ അതിനെ വിലയിരുത്തിയത്. എങ്കിലും പരമ്പരാഗത ആരാധനക്രമങ്ങളെ സ്നേഹിക്കുന്ന കത്തോലിക്കരെ ചേർത്തുപിടിക്കാൻ ജോൺപോൾ രണ്ടാമൻ മാർപാപ്പ പ്രത്യേക സംവിധാനങ്ങൾ ഒരുക്കി. എക്ലേസിയ ദേയി എന്ന പൊന്തിഫി ക്കൽ കമ്മീഷൻ അതിലൊന്നാണ്. 2007-ൽ Summorum Pontificum എന്ന അപ്പസ്തോലിക ലേഖനം വഴി ബെനഡിക്ട് പാപ്പ പരമ്പരാഗത കുർബാന അർപ്പിക്കാനുള്ള അനുമതി സാർവത്രിക സഭയിൽ വിപുലമാക്കി. കരുണയുടെ ജൂബിലി വർഷത്തിൽ ഫ്രാൻസിസ് പാപ്പ SSPX വൈദികർക്ക് കുമ്പസാരം കേൾക്കാനും വിവാഹങ്ങൾ നടത്താനുമുള്ള അനുമതി പ്രാദേശിക ബിഷപ്പുമാർ വഴി നൽകി. ഇതെല്ലാം അവരെ കൂട്ടായ്മയിൽ നിലനിർത്താനും സംഭാഷണം തുടരാനുമുള്ള സഭയുടെ ശ്രമങ്ങൾ ആയിരുന്നു. എന്നിട്ടും 1988-ൽ ചെയ്തതുപോലെയുള്ള അനുമതിയില്ലാത്ത മെത്രാഭിഷേകത്തിന് ലിയോ പാപ്പയുടെ മുന്നറിയിപ്പ് അവഗണിച്ചും SSPX മുതിർന്നു.

പരമ്പരാഗത ആരാധനക്രമത്തോടുള്ള സ്നേഹത്തെ ഒരിക്കലും സഭ കുറ്റപ്പെടുത്തിയിട്ടില്ല. മറിച്ച് അതിനെ സഭാകൂട്ടായ്മയ്ക്കുള്ളിൽ സംരക്ഷിക്കണം എന്നാണ് ആഗ്രഹിച്ചിട്ടുള്ളത്.

കത്തോലിക്കാസഭ എല്ലാക്കാലത്തും വൈവിധ്യങ്ങളെയും പാരമ്പര്യങ്ങളെയും എങ്ങനെയാണ് നെഞ്ചോടു ചേർത്തിട്ടുള്ളത് എന്ന് മനസ്സിലാക്കാൻ വലിയ ഗവേഷണങ്ങളുടെ ആവശ്യമില്ല. ആഗോളതലത്തിൽ ഇന്ന് റോമുമായി പൂർണ്ണ ഐക്യത്തിൽ വർത്തിക്കുന്ന 23 പൗരസ്ത്യ കത്തോലിക്കാസഭകൾ ഇതിന്റെ തെളിവാണ്. അവർക്ക് തനതായ പൗരാണിക ആരാധനക്രമങ്ങ ളുണ്ട്, ദൈവശാസ്ത്ര കാഴ്ചപ്പാടുണ്ട്. ലത്തീൻ സഭയ്ക്കുള്ളിൽ തന്നെ റോമൻ കുർബാനയ്ക്കൊപ്പം ഇറ്റലിയിലെ മിലാൻ രൂപതയിൽ തുടരുന്ന അംബ്രോസിയൻ ആരാധനാക്രമവും സ്പെയിനിലെ മൊസാറാബിക് ആരാധനാക്രമവും ഔദ്യോഗികമായി ഉണ്ട്. കത്തോലിക്കാസഭയിൽ ഐക്യം എന്നത് ഐകരൂപ്യമല്ല. ആരാധനാക്രമങ്ങളിലെ വൈവിധ്യങ്ങളെ ഒരു ഭീഷണിയായിട്ടല്ല പരിശുദ്ധാത്മാവിന്റെ ദാനമായിട്ടാണ് സഭ കാണുന്നത്.

കത്തോലിക്കാസഭയുടെ ചരിത്രത്തിലെ ചില സുപ്രധാനമായ അനുരഞ്ജനങ്ങൾ എടുത്താലും ഈ സത്യം വ്യക്തമാകും. 1596-ലെ Brest Union-നും, 1646-ലെ Union of Uzhhorod ഉം വഴി ഓർത്തഡോക്സ് പശ്ചാത്തലത്തിലുള്ള നിരവധി സഭകൾ കത്തോലിക്കാസഭയുമായി വീണ്ടും ഐക്യത്തിലായി. അന്ന് റോമാ ആവശ്യപ്പെട്ടത് അവരുടെ ആരാധനക്രമങ്ങൾ ഉപേക്ഷി ക്കാനല്ല, പത്രോസിന്റെ സിംഹാസനത്തിന്റെ പ്രാമുഖ്യം അംഗീകരിക്കാനാണ്. പാരമ്പര്യങ്ങളെ ഇല്ലാതാക്കുകയല്ല അതിനെ സഭാകൂട്ടായ്മയിൽ നിലനിർത്തുകയാണ് കത്തോലിക്കാസഭ ചെയ്യുന്നത്. സഭയിലെ ഐക്യം എന്നത് എല്ലാവരും ഒരേ പോലെ ആയിരിക്കണം എന്ന് ശാഠ്യം പിടിക്കുന്നതിലല്ല; അപ്പസ്തോലന്മാർ കൈമാറിയ വിശ്വാസത്തിനുള്ളിൽ നിന്നുകൊണ്ട് ആരാധനയിലും ആത്മീയതയിലുമുള്ള അംഗീകൃതമായ വ്യത്യാസങ്ങളെ മനോഹരമായി കൂട്ടായ്മയിൽ ഇഴചേർക്കുമ്പോഴാണ്.

പരമ്പരാഗത ലത്തീൻ കുർബാന (1962 Roman Missal) ക്രമത്തെ കത്തോലിക്കാസഭ ശത്രുതയോടെയാണ് കാണുന്നത് എന്നുള്ള വാദം അടിസ്ഥാന രഹിതമാണ്. Priestly Fraternity of St. Peter (1988), Institute of Christ the King Sovereign Priest (1990), Institute of the Good Shepherd (2006) എന്നീ സമൂഹങ്ങൾ, ലോകമെങ്ങും പ്രാദേശിക ബിഷപ്പിന്റെയോ ആവശ്യമെങ്കിൽ മാർപാപ്പയുടെ പ്രത്യേക അനുവാദത്തോടെയോ പരമ്പരാഗത ലത്തീൻ കുർബാന ചൊല്ലുന്ന ഇടവകകൾ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ക്രിസ്തുവിന്റെ ശരീരമായ സഭയുടെ ഐക്യത്തെ ശക്തിപ്പെടുത്തുമെങ്കിൽ വിശ്വാസികളുടെ ആത്മാർത്ഥമായ ആത്മീയാഗ്രഹങ്ങളെയും തനതായ ആരാധനക്രമ പാരമ്പര്യങ്ങളെയും അംഗീകരിക്കാനും അവരെ അജപാലനപരമായി നയിക്കാനും സഭ എപ്പോഴും തയ്യാറാണ്.

യഥാർത്ഥത്തിൽ SSPX ചിന്തിക്കുന്നത് തങ്ങളാണ് പാരമ്പര്യ ത്തിന്റെ യഥാർത്ഥ സംരക്ഷകർ എന്നാണ്. രണ്ടാം വത്തിക്കാൻ കൗൺസിൽ SSPX കരുതുന്ന പോലെ പാരമ്പര്യങ്ങളിൽ നിന്നുള്ള ‘വിള്ളലോ അകൽച്ചയോ’ അല്ല. മറിച്ച് മതസ്വാതന്ത്ര്യം, എക്യു മെനിസം, ആധുനികലോകവുമായുള്ള സഭയുടെ ബന്ധം എന്നിവ യിലുള്ള വികാസമാണ്. സഭയുടെ ജൈവികമായ പാരമ്പര്യം എന്നത് ഒരു മ്യൂസിയം കാഴ്ചയോ ഭൂതകാലത്തിന്റെ ജീവനില്ലാത്ത അവശിഷ്ടങ്ങളെ ഏറ്റെടുക്കലോ അല്ല; ഉയർത്തിക്കാട്ടി വെല്ലു വിളിക്കേണ്ട പ്രത്യയ ശാസ്ത്രവുമല്ല. പാരമ്പര്യം എന്നത് സഭയുടെ അപ്പസ്തോലിക പാരമ്പര്യത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതും സഭയുടെ പ്രബോധനാധികാരങ്ങൾക്ക് കീഴിൽ വികസിക്കുന്നതു മായ ജീവിക്കുന്ന ഒരു യാഥാർത്ഥ്യമാണ്. ക്രിസ്തു സ്ഥാപിച്ച പത്രോസിന്റെ പാറയിലാണ് പാരമ്പര്യം ജീവസ്സുറ്റതാകുന്നത്. ഐക്യത്തിന്റെ ഭാഷയാണ് അതിന്റെ ബലം.

logo
Sathyadeepam Online
www.sathyadeepam.org