എന്തുകൊണ്ടെന്നാല്‍, രക്ഷിക്കപ്പെടുന്നവരുടെയിടയിലും ശിക്ഷിക്കപ്പെടുന്നവരുടെയിടയിലും ഞങ്ങള്‍ ദൈവത്തിനു ക്രിസ്തുവിന്റെ പരിമളമാണ്.2 കോറിന്തോസ് 2:15
കുന്തുരുക്കം കരുതാനാണ് ആരോ ഈയിടെ അനുശാസിച്ചത്. പാവങ്ങള്‍! നിത്യമായ പരിമളം ജന്മനാ സ്വന്തമായുള്ളവരാണ് ക്രിസ്ത്യാനികളെന്ന് അവര്‍ അറിയുന്നില്ലല്ലോ. 'സുഗന്ധദ്രവ്യങ്ങ ളുടെയും പരിമളസസ്യങ്ങളുടെയും നാഥന്‍' അവരെ ലേപനം ചെയ്തിട്ടുണ്ടെന്ന് അവര്‍ക്കറിയില്ലല്ലോ.
ഒരു കുഴിമാടം കഴിഞ്ഞ ദിവസം വല്ലാതെ കൊതിപ്പിച്ചു. അവിടെ വിശ്രമിക്കുന്നവന്റെ സുഗന്ധസ്മൃതികള്‍ വര്‍ഷമൊന്നായിട്ടും നില യ്ക്കുന്നില്ല. അയാള്‍ പൊഴിച്ച ക്രിസ്തുവിന്റെ പരിമളവും നിര്‍മ്മല സ്‌നേഹത്തിന്റെ സുഗന്ധവും ആ ശിലാപാളിക്കുള്ളില്‍ നിന്ന് വഴി ഞ്ഞൊഴുകുകയാണ്. ഒരു മാത്ര അതൊന്നു നുകരാനാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആയിരങ്ങള്‍ അവിടേക്ക് ഒഴുകിയെത്തിയത്. പലരും മുട്ടുകുത്തി ആ അസ്ഥിമാടത്തില്‍ കൈവച്ച് ധ്യാനലീനരാകുന്നു ണ്ടായിരുന്നു. 'ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗ രാജ്യം അവരുടേതാണ്' - അവിടെ ആലേഖനം ചെയ്തിരിക്കുന്നത് അച്ചട്ടാണ്. സത്യത്തില്‍ സ്വര്‍ഗരാജ്യം എത്രയോ ലളിതമാണ്; നി ങ്ങളതിനെ വെറുതെ സങ്കീര്‍ണ്ണമാക്കുകയാണെന്ന് ഉള്ളില്‍ നിന്ന് അയാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നോ?! തോപ്പില്‍, ഇപ്പോള്‍ സ്മൃതിസുഗന്ധങ്ങളുടെ പൂന്തോപ്പാണ്.
മുമ്പില്‍ വയ്ക്കപ്പെട്ടവനും നിയോഗിക്കപ്പെട്ടവനും ചുമതലപ്പെടു ത്തപ്പെട്ടവനുമാണ് പുരോഹിതന്‍. ചെറിയാനച്ചാ, അങ്ങ് ഇപ്പോഴും അതൊക്കെത്തന്നെയാണ്. ദൈവം ഞങ്ങളുടെ മുമ്പിലും ഞങ്ങള്‍ ദൈവത്തിന്റെ മുമ്പിലും അങ്ങയെ വച്ചിരിക്കുകയാണ്. അങ്ങേയ്ക്ക് അകാലത്തില്‍ മരിക്കാനേ കഴിയൂ; വിസ്മൃതിയില്‍ ആണ്ടുപോകാ നാവില്ല. മറഞ്ഞു പോകാനേ കഴിയൂ; ഓര്‍മ്മകളില്‍ നിന്ന് മാഞ്ഞുപോകാനാവില്ല. മൃതിക്ക് തല്ലിക്കെടുത്താനാകാതെ സ്മൃതിയില്‍ അങ്ങ് ജീവിക്കുകയാണ്; ഒരുപക്ഷേ, ജീവിച്ചിരുന്നപ്പോള്‍ എന്ന തിനേക്കാള്‍ ലാവണ്യപ്രഭയോടെ തന്നെ. ആമുഖവചനത്തിന് തൊട്ടു മുമ്പുള്ള വചനത്തെ അനുകരിച്ച് പറയട്ടെ: ക്രിസ്തുവില്‍ അങ്ങയെ എല്ലായ്‌പോഴും വിജയത്തിലെത്തിക്കുകയും അവനെ ക്കുറിച്ചുള്ള ജ്ഞാനത്തിന്റെ സൗരഭ്യം അങ്ങുവഴി എല്ലായിടത്തും പരത്തുകയും ചെയ്യുന്ന ദൈവത്തിനു സ്തുതി! (വാക്യം 14).
അതെ, നേരേവീട്ടില്‍ ചെറിയാനച്ചന്റെ ദൈവത്തിന് സ്തുതി!