ആദിമസഭയിലെ തീർത്ഥാടനങ്ങൾ

ആദിമസഭയിലെ 
തീർത്ഥാടനങ്ങൾ
Published on
  • ഫാ. സേവി പടിക്കപ്പറമ്പിൽ

കൂട്ടുകാർക്ക് തീർഥാടനത്തിന് പോകാൻ ഇഷ്ടമല്ലേ? എങ്ങോട്ടാണ് പോകേണ്ടത്? വേളാങ്കണ്ണിക്കോ മലയാറ്റൂർക്കോ? അതോ പാലസ്തീനായിലെ വിശുദ്ധനാടുകൾ സന്ദർശിക്കണമോ? റോമിലേക്ക് ആയാലോ? തീർത്ഥാടനങ്ങൾ നമുക്കൊക്കെ ഇഷ്ടമാണ്. ഇതെന്നാണ് ആരംഭിച്ചത്? എന്തുകൊണ്ടാണ് ക്രിസ്ത്യാനികൾ ആദിമ നൂറ്റാണ്ട് മുതൽ തീർത്ഥാടനങ്ങൾക്ക്  പോയിട്ടുള്ളത്? 

ആദിമ സഭയുടെ തീർത്ഥാടനം പ്രധാനമായും രണ്ട് രീതിയിലായിരുന്നു. ഒന്ന്, വിശുദ്ധ നാട്ടിലേക്കും രണ്ട്, വിശുദ്ധരുടെ കബറിടങ്ങളിലേക്കും. വിശുദ്ധ നാടുകളിലേക്കുള്ള തീർഥാടനത്തിന്റെ അടിസ്ഥാനം ബൈബിൾ തന്നെയായിരുന്നു. യേശു ജനിച്ചതും ജീവിച്ചതും മരിച്ചതുമായ സ്ഥലങ്ങൾ കാണുന്നതിലും അനുഭവിക്കുന്നതിനും ആയി ക്രിസ്ത്യാനികൾ വിശുദ്ധ സ്ഥലങ്ങൾ മത മർദ്ദന കാലഘട്ടങ്ങളിൽ പോലും സന്ദർശിച്ചിരുന്നു. കോൺസ്റ്റന്റൈൻ ചക്രവർത്തിയും ഹെലേന രാജ്ഞിയും വിശുദ്ധനാട് തീർത്ഥാടനങ്ങളെ പ്രോത്സാഹിപ്പിച്ചു. ചക്രവർത്തി ജെറുസലേമിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ദേവാലയങ്ങൾ നിർമ്മിച്ചു. അന്നുമുതൽ ഈ കാലഘട്ടം വരെയും ക്രിസ്ത്യാനികൾ വിശുദ്ധനാട് തീർത്ഥാടനം നടത്തിവരുന്നു. 

കൂടുതലായും രക്തസാക്ഷികളുടെ കബറിടങ്ങളിലേക്കാണ് ആദിമ സഭകൾ തീർത്ഥാടനം നടത്തിയിരുന്നത്. ഓരോ പ്രദേശത്തെയും അല്ലെങ്കിൽ പ്രാദേശിക സഭകളിലെയും രക്തസാക്ഷികളെ അതാത് സഭകൾ ബഹുമാനിക്കുകയും ക്രിസ്തുവിന് സാക്ഷ്യം വഹിച്ചവർ എന്ന നിലയിൽ വിശുദ്ധരായി കണക്കാക്കുകയും ചെയ്തിരുന്നു. രക്തസാക്ഷികളുടെ കബറിടങ്ങൾ സംരക്ഷിക്കുകയും അവർ രക്തസാക്ഷിത്വം വരിച്ച ദിവസം അവരുടെ തിരുനാൾ ആഘോഷിക്കുകയും ചെയ്തിരുന്നു.

മതമർദ്ദന കാലഘട്ടങ്ങളിൽ തിരുശേഷിപ്പുകൾ രഹസ്യമായി സൂക്ഷിച്ചിരുന്നു. തിരുശേഷിപ്പുകൾ അടക്കം ചെയ്തിരുന്ന കബറിടങ്ങളിൽ നിന്ന് മാറ്റി രഹസ്യമായി സൂക്ഷിച്ചതിന്റെ ഒരു ഉദാഹരണമാണ് പത്രോസിന്റെയും പൗലോസിന്റെയും തിരുശേഷിപ്പുകൾ വിശുദ്ധ സെബസ്ത്യാനോസിന്റെ കാറ്റകൊമ്പിൽ ഏതാനും വർഷങ്ങൾ സൂക്ഷിച്ചിരുന്നത്. ഇത്തരത്തിൽ രക്തസാക്ഷികളുടെ കബറിടങ്ങളിലേക്ക് അവരുടെ വിശ്വാസ തീക്ഷ്ണതയെ മാതൃകയാക്കി ആദിമസമൂഹം തീർത്ഥാടനങ്ങൾ നടത്തിയിരുന്നു. മതമർദ്ദന കാലഘട്ടത്തിനു ശേഷവും ഈ പതിവ് തുടർന്നു. നമുക്കും പോയാലോ!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org