

ഫാ. ജോര്‍ജ് തേലേക്കാട്ട്
ഓരോ കുട്ടിയുടെയും പരിശീലനത്തിൽ അവരായിരിക്കുന്ന സാഹചര്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ശരിയായ പരിശീലനം നൽകാൻ ശിഷ്യരുടെ ജീവിതസാഹചര്യങ്ങളെ കുറിച്ചുള്ള അറിവ് അധ്യാപകരെ സഹായിക്കും. കൂടെകൂടെയുള്ള ഭവനസന്ദർശനങ്ങൾ ഇക്കാര്യത്തിൽ സഹായകമാണ്.
ഈശോയുടെ പരസ്യജീവിതത്തിലും ശിഷ്യരുടെ ഭവനങ്ങൾ സന്ദർശിക്കുന്നത് നമുക്ക് കാണാവുന്നതാണ്. ലൂക്കായുടെ സുവിശേഷത്തിൽ പത്രോസിന്റെ ഭവനം സന്ദർശിക്കുന്നതും (4,38-41) സക്കേവൂസിന്റെ ഭവനം സന്ദർശിക്കുന്നതും (19-1-10) കാണാവുന്നതാണ്. അതേ സുവിശേഷത്തിൽതന്നെ മർത്തയുടെയും മറിയത്തിന്റെയും ഭവനം സന്ദർശിക്കുന്ന (10,38-42), ഫരിസേയ ഭവനം സന്ദർശിക്കുന്ന (7,36-50) ഈശോയെയും കാണാവുന്നതാണ്.
ഭവനസന്ദർശനത്തിലൂടെ ശിഷ്യരുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കാൻ ഗുരുക്കന്മാർക്ക് കഴിയും. മെച്ചപ്പെട്ട പരിശീലനവും സ്വഭാവരൂപീകരണവും നടത്തുവാൻ ഇതുവഴി സാധിക്കും. ഈശോ അവലംബിച്ചിരുന്ന ഈ പരിശീലനശൈലി ഇന്നത്തെ കാലത്തും പ്രസക്തമാണ്.