തീര്‍ത്ഥാടനം

സീനായ് - ഹോറെബ്, ഉടമ്പടിയുടെ പര്‍വതം

തീര്‍ഥാടനം : ഏദേന്‍ മുതല്‍ പറുദീസ വരെ

ഫാ. ഡോ. മൈക്കിള്‍ കാരിമറ്റം
മോശ...... മരുഭൂമിയുടെ മറുഭാഗത്തേക്കു ആളുകളെ നയിക്കവേ ദൈവത്തിന്റെ മലയായ ഹോറെബില്‍ എത്തിച്ചേര്‍ന്നു
പുറ 3:1

ഒന്നാം ഭാഗം | അധ്യായം - 29

രക്ഷാചരിത്രത്തില്‍ നിര്‍ണ്ണായകമായ പ്രാധാന്യമുള്ള ഒരു സ്ഥലമാണ് സീനായ്മല. പഞ്ചഗ്രന്ഥത്തിനു പിന്നിലുണ്ടെന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്ന ഏലോഹേ, പുരോഹിത (E,P) പാരമ്പര്യങ്ങളില്‍ സീനായ് എന്നും യാഹ്‌വേ, നിയമാവര്‍ത്തന (J,D) പാരമ്പര്യങ്ങളില്‍ ഹോറെബ് എന്നും അറിയപ്പെടുന്ന ഈ പര്‍വതത്തിന്റെ പേരിലാണ് ദൈവം ഇസ്രായേല്‍ജനവുമായി ചെയ്ത ഉടമ്പടി അറിയപ്പെടുന്നത്.

ഫറവോയെ ഭയന്ന് ഒളിച്ചോടി മിദിയാനില്‍ അഭയം പ്രാപിച്ച മോശയ്ക്ക് ദൈവദര്‍ശനവും വിമോചകന്‍ ആകാനുള്ള വിളിയും ലഭിച്ചത് ഈ പര്‍വതത്തില്‍വച്ചാണ്. കത്തിയെരിഞ്ഞിട്ടും ചാമ്പലാകാത്ത മുള്‍പ്പടര്‍പ്പില്‍, അഗ്നിയുടെ മധ്യത്തില്‍ പ്രത്യക്ഷനായ ദൈവം യാഹ്‌വേ എന്ന തന്റെ പേരും, നിലവിളി കേട്ടു വിമോചനം നല്കുന്നവന്‍ എന്ന തന്റെ സ്വഭാവവും ഇവിടെവച്ചാണ് വെളിപ്പെടുത്തിയത് (പുറ. 3:1-15). ചെങ്കടല്‍ കടന്ന് മരുഭൂമിയിലൂടെ യാത്ര ചെയ്ത ജനം ഒരു വര്‍ഷത്തിലധികം (പുറ. 19:1, സംഖ്യ 10:11) ഈ പര്‍വതത്തിന്റെ താഴ്‌വരയില്‍ പാളയമടിച്ചു വസിച്ചിരുന്നു. ഇവിടെ വച്ചാണ് ദൈവം അവരുമായി ഉടമ്പടി ചെയ്തതും അവരെ സ്വന്തം ജനമായി സ്വീകരിച്ചതും.

ദൈവത്തിന്റെ വിശുദ്ധിയും മഹത്വവും സീനായ് മലയുടെ അടിവാരത്തുവച്ച് ജനം അനുഭവിച്ചറിഞ്ഞു. ''മൂന്നാംദിവസം പ്രഭാതത്തില്‍ ഇടിമുഴക്കവും മിന്നല്‍ പിണരുകളുമുണ്ടായി. മലമുകളില്‍ കനത്തമേഘം പ്രത്യക്ഷപ്പെട്ടു. ചൂളയില്‍ നിന്നെന്നപോലെ അവിടെനിന്ന് പുക ഉയര്‍ന്നകൊണ്ടിരുന്നു. മല ശക്തമായി ഇളകി വിറച്ചു. കാഹളശബ്ദം ശക്തിപ്പെട്ടുകൊണ്ടിരുന്നു'' (പുറ. 19:16-19). ''ആകാശത്തോളം ഉയര്‍ന്ന അഗ്നിയില്‍ പര്‍വതം ജ്വലിച്ചുകൊണ്ടിരുന്നു. അന്ധകാരവും കനത്തമേഘവും അതിനെ ആവരണം ചെയ്തു'' (നിയ. 4:11).

ഭയാനകമായ ഈ പ്രതിഭാസങ്ങള്‍ക്കു മധ്യത്തിലാണ് സീനായ് ഉടമ്പടി നല്കപ്പെട്ടതെങ്കിലും ആ മലയടിവാരത്തുവച്ചുതന്നെ സ്വര്‍ണ്ണംകൊണ്ടു കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചുകൊണ്ട് ജനം ഉടമ്പടി ലംഘിച്ചു (പുറ. 32:1-29). നാല്പതു ദിനരാത്രങ്ങള്‍ മലമുകളില്‍ ഉപവസിച്ചു പ്രാര്‍ഥിച്ച്, ഉടമ്പടിയുടെ പ്രമാണങ്ങള്‍ സ്വീകരിച്ച മോശ വീണ്ടും അത്രയും കാലം മലമുകളില്‍ പരിഹാരമനുഷ്ഠിച്ച് ജനത്തിനുവേണ്ടി മാധ്യസ്ഥ്യം വഹിച്ചു (പുറ. 32:30-35; 34:1-29). മാപ്പു ലഭിച്ച ജനം ദീര്‍ഘകാലത്തെ വാസത്തിനുശേഷം വാഗ്ദത്തഭൂമി കീഴടക്കാനായി യാത്ര പുറപ്പെട്ടത് സീനായ്മലയുടെ അടിവാരത്തുനിന്നാണ്. അപ്പോഴേക്കും അവര്‍ ഒരു ജനമായി രൂപപ്പെട്ടുകഴിഞ്ഞിരുന്നു. അവര്‍ക്കു ജീവിതനിയമങ്ങളും ആരാധനക്രമവും ദൈവിക സാന്നിധ്യത്തിന്റെ അടയാളമായി സാക്ഷ്യപേടകവും ഉണ്ടായിരുന്നു.

വളരെക്കാലങ്ങള്‍ക്കുശേഷം ഇസ്രായേല്‍ജനം വലിയൊരു പ്രതിസന്ധിയിലെത്തുകയും ജനം ഒന്നടങ്കം യാഹ്‌വേയിലുള്ള വിശ്വാസം തിരസ്‌കരിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്ത സാഹചര്യത്തില്‍ പ്രവാചകശ്രേഷ്ഠനായ ഏലിയാ പ്രകാശവും പ്രചോദനവും തേടി യാത്ര ചെയ്തത് ഹോറെബിലേക്കാണ് (1 രാജാ. 19). മലമുകളിലെ ഗുഹയില്‍ ഭയന്ന് ഒളിച്ചിരുന്ന പ്രവാചകന് പ്രത്യക്ഷപ്പെട്ട ദൈവം ശക്തിപകര്‍ന്ന് പുതിയൊരു ദൗത്യവുമായി അദ്ദേഹത്തെ വീണ്ടും സംഘര്‍ഷഭരിതമായ താഴ്‌വരയിലേക്കു പറഞ്ഞയച്ചു (1 രാജാ. 19:15-19).

സീനായ് - ഹോറെബ് പുതിയ നിയമത്തില്‍ പലതവണ പരാമര്‍ശവിഷയമാകുന്നുണ്ട് (അപ്പ. 7:30-38; ഹെബ്രാ. 12:18-29). ലംഘിക്കപ്പെട്ട പഴയ ഉടമ്പടിയുടെ സ്ഥലമാണ് സീനായ്. അതിനുപകരം പുതിയ ഒരു ഉടമ്പടി ദൈവം പ്രവാചകന്മാരിലൂടെ വാഗ്ദാനം ചെയ്തു (ജറെ. 31:31), യേശുക്രിസ്തുവിലൂടെ പൂര്‍ത്തിയാക്കി (ലൂക്കാ 22:20). സീനായ് കാലഹരണപ്പെട്ട പഴയ ഉടമ്പടിയുടെ പ്രതീകമായി നിലകൊള്ളുന്നു; ജറുസലെം - സിയോണ്‍ ശാശ്വതമായ പുതിയ ഉടമ്പടിയുടെയും (ഗലാ. 4:24-26).

പുതിയ ഉടമ്പടി സ്ഥാപിക്കപ്പെട്ടുവെങ്കിലും സീനായ് മലയുടെ പ്രാധാന്യം നഷ്ടപ്പെട്ടിട്ടില്ല. കര്‍ത്താവിന്റെ കരുണയും പാവപ്പെട്ടവരോടുള്ള പ്രതിബദ്ധതയും ഏറ്റം ആദ്യമായി വെളിപ്പെട്ട സ്ഥലമാണത്. അതുവരെ നിലവിലിരുന്നതില്‍നിന്നും തികച്ചും വ്യത്യസ്തമായൊരു ദൈവചിത്രം സീനായിലെ മുള്‍പ്പടര്‍പ്പിനു മധ്യത്തില്‍ തെളിഞ്ഞു. അതിന്റെ മാംസം ധരിച്ച രൂപമാണ് യേശുക്രിസ്തു.

സീനായ്മല എവിടെയാണെന്നതിനെക്കുറിച്ച് പണ്ഡിതന്മാരുടെ ഇടയില്‍ ഇന്നും തര്‍ക്കമുണ്ട്. മോശയുടെ മല എന്നര്‍ഥമുള്ള ജെബല്‍മൂസാ എന്ന് അറിയപ്പെടുന്ന 2244 മീറ്റര്‍ ഉയരമുള്ള കൊടുമുടിയാണ് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ള സ്ഥലം. സീനായ് ഉപദ്വീപിന്റെ തെക്കുഭാഗത്തുള്ള കരിങ്കല്‍ പാറക്കെട്ടുകള്‍ നിറഞ്ഞ മലനിരയിലെ ഒരു കൊടുമുടിയാണിത്. അതിന്റെ തെക്കുഭാഗത്ത് ലക്ഷക്കണക്കിന് ആളുകള്‍ക്കു സമ്മേളിക്കാന്‍ മാത്രം വിശാലമായ സമതലമുണ്ട്. എ ഡി 4-ാം നൂറ്റാണ്ടുമുതല്‍ വി. കത്തറീനായുടെ നാമധേയത്തിലുള്ള ഒരു സന്യാസാശ്രമവും അവിടെയുണ്ട്. പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ വര്‍ഷംതോറും സീനായ്മല സന്ദര്‍ശിച്ച് പ്രചോദനം ഉള്‍ക്കൊള്ളുന്നു, ദൈവത്തിന്റെ വിശുദ്ധിയെയും കരുണയെയുംകുറിച്ച് അവബോധവും.

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)