തീര്‍ത്ഥാടനം

പെനുവേല്‍ : കരുത്തുപകരുന്ന ദൈവം

ഫാ. ഡോ. മൈക്കിള്‍ കാരിമറ്റം
ദൈവത്തെ ഞാന്‍ മുഖത്തോടുമുഖം കണ്ടു. എന്നിട്ടും ഞാന്‍ ജീവനോടെ ഇരിക്കുന്നല്ലോ എന്നു പറഞ്ഞുകൊണ്ട് യാക്കോബ് ആ സ്ഥലത്തിന് പെനുവേല്‍ എന്നു പേരിട്ടു
ഉല്‍പ 32,30

ദൈവത്തിന്റെ മുഖം എന്നാണ് പേരിനര്‍ഥം. പെനിയേല്‍ എന്നും ഈ പേരിനു പാഠഭേദമുണ്ട്. യാബോക്ക് നദി തീരത്തെ ഒരു കടവാണ് പെനുവേല്‍. ഇന്ന് ഇത് ജോര്‍ദാന്‍ രാജ്യത്താണ്.

ഹാരാനില്‍നിന്നു കാനാന്‍ദേശത്തേക്കു മടങ്ങിവരുന്ന യാക്കോബ് യാബോക്ക് നദിയുടെ കടവില്‍വച്ച് രാത്രിയില്‍ ദൈവവുമായി മല്പിടുത്തം നടത്തിയ സ്ഥലമാണിത്. ഭീരുവായിരുന്ന യാക്കോബിന്റെ ബലം ഒളിച്ചോട്ടത്തിലായിരുന്നു. എന്നും ജീവിതയാഥാര്‍ത്ഥ്യങ്ങളെ നേരിടാതെ ഒഴിഞ്ഞുമാറാനായിരുന്നു അവന്റെ ശ്രമം. ഏസാവിനെ ഭയന്ന് ഹാരാനിലേക്ക് ഒളിച്ചോടി.

ഇപ്പോള്‍ അമ്മായിയപ്പന്‍ ലാബാനെ ഭയന്ന് കാനാനിലേക്ക്. യാബോക്കു നദിയുടെ കടവില്‍വച്ച് യാക്കോബ് വലിയൊരു പ്രതിസന്ധിയിലായി. ജ്യേഷ്ഠന്‍ ഏസാവ് 400 പേരുടെ അകമ്പടിയോടെ തനിക്കെതിരെ വരുന്നു എന്ന അറിവ് അവനെ ഭയചകിതനാക്കി. കടവുകടന്ന് പടിഞ്ഞാറോട്ടുപോയാല്‍ എതിരെ വരുന്ന ജ്യേഷ്ഠന്റെ മുമ്പില്‍ ചെന്നുപെടും. കിഴക്കോട്ടുപോയാല്‍ ലാബാന്റെ കൈകളില്‍.

ഒഴിഞ്ഞുമാറാനാവാത്ത ഈ പ്രതിസന്ധിയില്‍ യാക്കോബ് തനിക്കുണ്ടായിരുന്ന സകലതും പുഴ കടത്തിയതിനുശേഷം ഒറ്റയ്ക്ക് ഇക്കരെ നിന്നു. എന്താണുദ്ദേശ്യം എന്ന് ബൈബിള്‍ പറയുന്നില്ല. ഏസാവ് വന്ന് എല്ലാം നശിപ്പിച്ചാലും ഒറ്റയ്ക്ക് ഓടി രക്ഷപ്പെടാം എന്നാണോ യാക്കോബിന്റെ ഉള്ളിരിപ്പ് എന്നു വ്യക്തമല്ല. എന്നാല്‍ ഒരുകാര്യം തീര്‍ച്ച. കര്‍ത്താവുതന്നെ അവന്റെ വഴി തടഞ്ഞു. ഉറങ്ങിക്കിടന്നവനെ വിളിച്ചുണര്‍ത്തി മല്പിടുത്തം നടത്തി. ഒളിച്ചോടാന്‍ ഇനി അവനെ അനുവദിക്കുകയില്ല.

മരണഭീതിയോടെ പൊരുതിയ യാക്കോബ് തന്റെ ഉള്ളില്‍ ഉറങ്ങിക്കിടന്ന ശക്തി തിരിച്ചറിഞ്ഞു. അഥവാ ഭീരുവായിരുന്ന അവനെ കര്‍ത്താവുതന്നെ ധീരനും ശക്തനുമാക്കി. എല്ലാവരില്‍നിന്നും ഒളിച്ചോടിയവന്‍ ഇപ്പോള്‍ ദൈവത്തോടു മല്ലടിച്ചു ജയിച്ചിരിക്കുന്നു! അങ്ങനെ ''യാക്കോബ്'' ''ഇസ്രായേല്‍'' ആയി രൂപാന്തരപ്പെട്ട സ്ഥലമാണ് പെനുവേല്‍. ''ഇനിമേല്‍ നീ യാക്കോബ് എന്നല്ല ഇസ്രായേല്‍ എന്നു വിളിക്കപ്പെടും. കാരണം, ദൈവത്തോടും മനുഷ്യരോടും നീ മല്ലടിച്ചു ജയിച്ചിരിക്കുന്നു'' (ഉല്‍പ 32,28). ''ഇസ്രായേല്‍'' എന്ന പേരിന്റെ വിശദീകരണമാണിത്.

ദൈവത്തെ നേരില്‍ക്കണ്ടാല്‍ മരണം നിശ്ചയം എന്ന വിശ്വാസം നിലനിന്നപ്പോഴാണ് യാക്കോബിന് ശക്തമായ ഈ ദൈവാനുഭവം ഉണ്ടായത്. ഇത് ഒളിച്ചോട്ടത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന അനുഭവത്തോട് ബന്ധപ്പെട്ടിരിക്കുന്നു. ബെഥേലില്‍വച്ച് ദൈവം പ്രത്യക്ഷപ്പെട്ടതും രാത്രിയിലായിരുന്നു. അന്ന് വാഗ്ദാനങ്ങള്‍ നല്കിയാണ് യാക്കോബിനെ ശക്തിപ്പെടുത്തിയത്; പെനുവേലിലെ രാത്രിയിലാകട്ടെ മല്പിടുത്തത്തിലൂടെയും.

പെനുവേല്‍ അനുഭവത്തിന്റെ ബാക്കിപത്രമായി ബൈബിള്‍ രണ്ടു കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. സമയത്തെക്കുറിച്ചുള്ള സൂചനയാണ് ഒന്ന്. ''അവന്‍ പെനുവേല്‍ കടന്നപ്പോഴേക്കും സൂര്യന്‍ ഉദിച്ചു.'' പ്രകാശത്തിലേക്കാണ് യാക്കോബ് മടങ്ങിവരുന്നത്. അതു പ്രത്യാശയുടെ സൂചനയുമാണ്. അവന്റെ ശരീരാവസ്ഥയെ സംബന്ധിച്ചതാണ് രണ്ടാമത്തേത്. ''ഉളുക്കു നിമിത്തം അവന്‍ ഞൊണ്ടുന്നുണ്ടായിരുന്നു'' (ഉല്‍പ 32,21). ഇനി അവന് ഓടാന്‍ കഴിയുകയില്ല, ഒളിച്ചോടേണ്ട ആശ്യവുമില്ല. ജീവിതപ്രശ്‌നങ്ങളെ നേരിട്ട് വിജയം വരിക്കുന്നതിനു കര്‍ത്താവു നല്കുന്ന കരുത്തിന്റെ പ്രതീകമാണ് പെനുവേല്‍.

കെ സി ബി സി മീഡിയ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ചവിട്ടു നാടക ഫെസ്റ്റ്

വിശുദ്ധ നെരേവൂസ്, വിശുദ്ധ അച്ചില്ലെസ് & വിശുദ്ധ ഡൊമിറ്റില്ല – മെയ് 12

വിവാഹമോചനത്തിന് കാരണം കാണിക്കേണ്ടതില്ലെന്ന ഹൈക്കോടതി വിധി പുനഃപരിശോധിക്കണം

'ഫ്രാൻസിസ് എന്ന ഉപമ': സുബോധനയിൽ സെമിനാർ സംഘടിപ്പിച്ചു

അങ്കമാലി ലിംസാർ വ്യൂ 2026 ഒപ്റ്റോമെട്രി ദേശീയ സെമിനാർ സംഘടിപ്പിച്ചു