വിവാഹമോചനത്തിന് കാരണം കാണിക്കേണ്ടതില്ലെന്ന ഹൈക്കോടതി വിധി പുനഃപരിശോധിക്കണം

കെസിബിസിപ്രോലൈഫ് സംസ്ഥാന സമിതി
വിവാഹമോചനത്തിന് കാരണം കാണിക്കേണ്ടതില്ലെന്ന ഹൈക്കോടതി വിധി പുനഃപരിശോധിക്കണം
Published on

കൊച്ചി: പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് കാരണം കാണിച്ചില്ലെന്ന കാരണം കൊണ്ട് മാത്രം കുടുംബ കോടതിക്ക് വിവാഹമോചനം നിഷേധിക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവ് പുനഃപരിശോധിക്കേണ്ടതാണെന്ന് കെ സി ബി സി പ്രോലൈഫ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

ദാമ്പത്യസ്‌നേഹവും ജീവന്റെ സംരക്ഷണവുമെന്ന വിവാഹത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ തകര്‍ക്കുന്ന ഇത്തരം വിധികള്‍ വഴി സമൂഹത്തിന്റെ അടിസ്ഥാനഘടകമായ കുടുംബം എന്ന സംവിധാനം തന്നെ ഇല്ലാതാകുവാന്‍ ഇടയാക്കുമെന്ന് സമിതി വിലയിരുത്തി.

ഏത് വിശ്വാസ ആചാരങ്ങളിലും പെട്ട മനുഷ്യരാണെങ്കിലും

വിവാഹവും ദാമ്പത്യജീവിതവും എന്നത് വെറും രണ്ടു പേര്‍ മാത്രമുള്ള സംവിധാനമല്ലെന്നും വിവാഹത്തിലൂടെയും ദാമ്പത്യജീവിതത്തിലൂടെയും ഉരുവാക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ സംരക്ഷണവും വളര്‍ത്തിയെടുക്കലും ദമ്പതികളുടെ ഉത്തരവാദിത്വമാണെന്നും അംഗീകരിക്കപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ ഈ തിരിച്ചറിവ് നഷ്ടപ്പെടുത്തുന്ന രീതിയില്‍ ഉത്തരവാദിത്വബോധത്തോടെയും പരസ്പര സമ്മതത്തോടെയും വിവാഹബന്ധത്തിലേക്ക് കടന്നുവരുന്ന ദമ്പതികള്‍ ഉത്തരവാദിത്വത്തില്‍ നിന്നും പിന്‍വാങ്ങുമ്പോള്‍ കാരണങ്ങള്‍ ബോധിപ്പിക്കേണ്ടതില്ലെന്ന് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്? ഉരുവാക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കും അവകാശങ്ങള്‍ ഇല്ലേ?

അടുത്തകാലത്ത് സുപ്രീംകോടതി തന്നെ ഒരു വിധിയില്‍ പരാമര്‍ശിച്ചതു പോലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീക്കും പുരുഷനും വേണ്ടി വാദിക്കുവാന്‍ ആളുകളുണ്ടെങ്കിലും ഉദരത്തില്‍ ആയിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടി ആരു വാ ദിക്കുമെന്ന് ചോദിച്ച ചോദ്യത്തിന്റെ പ്രസക്തി കൂടെ ഹൈക്കോടതി വിലയിരുത്തേണ്ടതുണ്ടെന്ന് സമിതിനിരീക്ഷിച്ചു.

സമൂഹത്തിലെ പാരമ്പര്യ സംവിധാനങ്ങളെ തകര്‍ക്കുക വഴി സമൂഹത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തില്‍ ആവുകയും മനുഷ്യവംശത്തിന്റെ നാശത്തിന് വഴിവയ്ക്കുകയും ചെയ്യുമെന്നതിനാല്‍ വിധി പുനഃപരിശോധിക്കണമെന്ന് സമിതി അഭിപ്രായപ്പെട്ടു.

കെസിബിസി പ്രോലൈഫ് സമിതി ഡയറക്ടര്‍ ഫാ. ക്ലീറ്റസ് കതിര്‍പ്പറമ്പില്‍, പ്രസിഡന്റ് ജോണ്‍സണ്‍ ചൂരെപറമ്പില്‍, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍ എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

logo
Sathyadeepam Online
www.sathyadeepam.org