തീര്‍ത്ഥാടനം

നെബോ : വാഗ്ദത്തഭൂമിയുടെ വിഹഗവീക്ഷണം

ഫാ. ഡോ. മൈക്കിള്‍ കാരിമറ്റം
ജെറീക്കോയുടെ എതിര്‍വശത്ത് മൊവാബുദേശത്തുള്ള അബറിം പര്‍വതനിരയിലെ നെബോ മലയില്‍ കയറി, ഞാന്‍ ഇസ്രായേല്‍ മക്കള്‍ക്ക് അവകാശമായി നല്‍കുന്ന കാനാന്‍ദേശം നീ കണ്ടുകൊള്ളുക. നിന്റെ സഹോദരന്‍ അഹറോന്‍ ഹോര്‍ മലയില്‍വച്ചു മരിക്കുകയും തന്റെ ജനത്തോടു ചേരുകയും ചെയ്തതുപോലെ നീ കയറുന്ന മലയില്‍വച്ച് നീയും മരിച്ച് നിന്റെ ജനത്തോടു ചേരും
നിയ 32:49-50

ചാവുകടലിന്റെ വടക്കുകിഴക്ക്, മൊവാബുദേശത്തുള്ള ഒരു പര്‍വതനിരയാണ് അബറിം. 'അപ്പുറത്തുള്ള പ്രദേശം' എന്നാണ് അബറിം എന്ന വാക്കിന് അര്‍ഥം. വാഗ്ദത്തഭൂമിക്ക് അപ്പുറത്ത് എന്ന അര്‍ഥത്തിലായിരിക്കാം ഇസ്രായേല്‍ക്കാര്‍ ഈ പേരുപയോഗിച്ചത്.

അബറിം പര്‍വതനിരകളിലെ ഒരു കൊടുമുടിയാണ് നെബോ. ജോര്‍ദാന്‍ നദി ചാവുകടലില്‍ ലയിക്കുന്നിടത്തുനിന്ന് ഏകദേശം 20 കിലോമീറ്റര്‍ കിഴക്കായി സ്ഥിതിചെയ്യുന്ന ഈ ഗിരിശൃംഗത്തിന് 1300 മീറ്റര്‍ ഉയരമുണ്ട്. ഈ മലമുകളില്‍നിന്നു പടിഞ്ഞാറോട്ടു നോക്കിയാല്‍ വാഗ്ദത്തഭൂമിയായ കാനാന്‍ദേശം ഏതാണ്ടു മുഴുവന്‍ തന്നെ കാണാന്‍ കഴിയും.

അങ്ങു വടക്ക് മഞ്ഞുമൂടിയ ഹെര്‍മോണ്‍ മല. തുടര്‍ന്നു തെക്കോട്ടു കണ്ണുപായിച്ചാല്‍ കാണുന്നത് താബോര്‍, എബെല്‍, ഗെരിസി മലകളും അവയ്ക്കു മധ്യേയുള്ള ഫലപുഷ്ടമായ സമതലവും. ഏതാണ്ട് നേരെ പടിഞ്ഞാറായി ജറുസലേം. തുടര്‍ന്ന് ബെത്‌ലഹേം, ഹോര്‍മല, നെബോയ്ക്കു തൊട്ടുതാഴെ ചാവുകടല്‍.

വിശുദ്ധ നാടു കാണാന്‍ പോകുന്ന തീര്‍ഥാടകര്‍ പൊതുവെ ഇവിടെനിന്ന് കാനാന്‍ദേശം കണ്ടതിനുശേഷമാണ് യാത്ര തുടങ്ങുക. ഈജിപ്തിലാണ് തീര്‍ഥാടനം ആരംഭിക്കുന്നതെങ്കില്‍ നെബോ മലയില്‍ കയറിനിന്ന് വിശുദ്ധനാട് മുഴുവന്‍ ഒരിക്കല്‍കൂടി കണ്ട് വിടപറയുന്നു.

മരുഭൂമിയില്‍ മോശ ഉയര്‍ത്തിയ പിത്തളസര്‍പ്പത്തിന്റെ ഒരു മാതൃകയും തകര്‍ന്നു കിടക്കുന്ന പുരാതന ദേവാലയത്തിന്റെ അവശിഷ്ടങ്ങളുമാണ് ഇന്നു നെബോ മലയില്‍ സന്ദര്‍ശകരെ സ്വീകരിക്കാനുള്ളത്. ഇതിനടുത്തുള്ള മോശയുടെ ശവകുടീരം എവിടെയാണെന്ന് ആര്‍ക്കും അറിയില്ല (നിയ. 34:6).

വാഗ്ദത്തഭൂമി എന്ന ഒരേ ഒരു ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് നിരവധിയായ പ്രതിബന്ധങ്ങള്‍ തരണം ചെയ്തും ക്ലേശങ്ങളെ അതിജീവിച്ചും ഇസ്രായേല്‍ ജനത്തെ നയിച്ച മോശയ്ക്ക് ആ ഭൂമിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല എന്ന അറിവ് ഖേദകരമാണ്. നെബോമലയില്‍ കയറിനിന്ന് വാഗ്ദത്തഭൂമി നോക്കിക്കാണുമ്പോള്‍ പ്രേക്ഷകന്റെ മനസ്സില്‍ വിഷാദത്തിന്റെ നിഴല്‍വീഴും.

''ആ ദേശം നീ കണ്ടുകൊള്ളുക; എന്നാല്‍ നീ അതില്‍ പ്രവേശിക്കുകയില്ല'' (നിയ. 32:52) എന്ന തിരുവചനം വലിയൊരു താക്കീതായി കാതില്‍ മുഴങ്ങും. അകലെനിന്നു കണ്ട ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയാതെ പുറന്തള്ളപ്പെടാന്‍ അവിശ്വസ്തത കാരണമാകും എന്ന ഒരു താക്കീതാണ് നെബോ മലയില്‍ നിന്നു കിട്ടുക.

മിഖായേല്‍, ഗബ്രിയേല്‍, റാഫേല്‍ മാലാഖമാര്‍ : സെപ്തംബര്‍ 29

സീറോ മലബാർ സഭയിൽ ഒക്ടോബർ മുഴുവൻ 'മിഷൻ മാസമായി' ആചരിക്കുവാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ആഹ്വാനം

സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

ക്രൈസ്തവ ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ കേന്ദ്രത്തിന് വ്യഗ്രത: ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ

വല്ലാര്‍പാടത്തമ്മയുടെ തിരുനാളിന് ഭക്തിസാന്ദ്രമായ സമാപനം