തീര്‍ത്ഥാടനം

ജെറീക്കോ : തകര്‍ന്നുവീഴുന്ന പ്രതിബന്ധം

ഫാ. ഡോ. മൈക്കിള്‍ കാരിമറ്റം

പുരാവസ്തു ഗവേഷകര്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റം പുരാതനമായ ഒരു നഗരമാണ് ജെറീക്കോ. ബി.സി. ഒമ്പതാം സഹസ്രാബ്ദം മുതല്‍ അവിടെ ജനവാസമുണ്ടായിരുന്നതായി കരുതപ്പെടുന്നു. ജോര്‍ദാന്‍നദി ചാവുകടലില്‍ പതിക്കുന്നതിനു ചുറ്റുപാടുമുള്ള സമതലത്തില്‍, നദീമുഖത്തു നിന്നും ഏകദേശം 15 കി.മീ വടക്കുപടിഞ്ഞാറായാണു നഗരം സ്ഥിതിചെയ്യുന്നത്; ജറുസലെമില്‍നിന്ന് 27 കിലോമീറ്റര്‍ വടക്കുകിഴക്കായും. പുരാതനകാലം മുതലേ സുപ്രധാനമായ ഒരു വാണിജ്യകേന്ദ്രമായിരുന്നു ജെറീക്കോ. ചെങ്കടല്‍ തീരത്തുനിന്ന് വടക്കോട്ടും ജറുസലേമില്‍നിന്ന് കിഴക്കോട്ടും പോകുന്ന വലിയ വാണിജ്യപാതകള്‍ ഈ നഗരത്തിലൂടെ കടന്നുപോയിരുന്നു.

ഈന്തപ്പനകളുടെ പട്ടണം എന്നാണ് ബൈബിള്‍ ജെറീക്കോയെ വിശേഷിപ്പിക്കുന്നത് (നിയ 34,3). ഇത് പേരിന്റെ അര്‍ത്ഥമായി കരുതപ്പെടുന്നു കാനാന്‍ദേശത്തേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ടതാണ് ബൈബിളില്‍ ജെറീക്കോയുടെ പ്രാമുഖ്യം. കാനാന്‍ദേശത്തേക്കുള്ള പ്രവേശനകവാടമായിരുന്നു ജോഷ്വായുടെ നേതൃത്വത്തില്‍ കടന്നുവന്ന ഇസ്രായേല്‍ സൈന്യത്തിന് ജെറീക്കോ. മറികടക്കേണ്ട പ്രതിബന്ധമായി ഉയര്‍ന്നുനിന്ന നഗരത്തിന്റെ കോട്ടകള്‍ പുരോഹിതന്മാരുടെ കാഹളധ്വനിയും ജനത്തിന്റെ അട്ടഹാസവും ഒരുമിച്ചു മുഴങ്ങിയപ്പോള്‍ തകര്‍ന്നുവീണു (ജോഷ്വാ 6,20). ദൈവം നല്കുന്ന വിജയത്തിന്റെ പ്രതീകമാണ് തകര്‍ന്നുവീണ മതിലുകള്‍. അതേസമയം വിശ്വാസവും പ്രാര്‍ത്ഥനയും ദൈവകല്പനയനുസരിച്ചുള്ള ജീവിതവും പ്രവര്‍ത്തനവും ഉണ്ടെങ്കിലേ വിജയം സാധ്യമാകൂ എന്നും ജെറീക്കോ പഠിപ്പിക്കുന്നു.

നഗരം പുതുക്കിപ്പണിയുന്നവരുടെ മേല്‍ ജോഷ്വാ ഉച്ചരിച്ച ശാപം (ജോഷ്വാ 6,26) മൂലമാവാം ഏതാണ്ട് നാലു നൂറ്റാണ്ടുകാലത്തേക്ക് ജെറീക്കോ ജനവാസമില്ലാതെ കിടന്നു എന്ന് പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ആഹാബുരാജാവിന്റെ കാലത്ത് ബെഥേലിലെ ഹിയേല്‍ നഗരം പുതുക്കിപ്പണിയുകയും അയാള്‍ക്കു രണ്ടു പുത്രന്മാരെ അതുവഴി നഷ്ടപ്പെടുത്തുകയും ചെയ്തതായി 1 രാജാ 16,34 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ഗലീലിയില്‍നിന്ന് ജറൂസലേമിലേക്കു പോകുന്ന തീര്‍ത്ഥാടകര്‍ ജെറീക്കോയിലൂടെയാണ് കടന്നുപോയിരുന്നത്. ഈ നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് സ്‌നാപകന്‍ തന്റെ ദൗത്യം ആരംഭിച്ചത്. യേശു സ്‌നാനം സ്വീകരിച്ച കടവ് ഇവിടെനിന്ന് അധികം ദൂരത്തല്ല. ബര്‍ത്തിമേയൂസിന് കാഴ്ച നല്കിയതും സഖേവൂസിനു രക്ഷ നല്കിയതും ഈ നഗരത്തില്‍വച്ചാണ് (ലൂക്കാ 18,35; 19,10).

യേശുവിന്റെ കാലത്ത് വളരെ പ്രധാനപ്പെട്ട, ജനനിബിഢമായ ഒരു നഗരമായിരുന്നു ജെറീക്കോ. മക്കബായ രാജവംശജര്‍ പുതുക്കിപ്പണിത നഗരം ഹെറോദേസ് മഹാരാജാവ് അതിവിപുലമായി പുനരുദ്ധരിച്ചു. രാജകൊട്ടാരങ്ങള്‍, ഉദ്യാനങ്ങള്‍, വിനോദശാലകള്‍, കുളങ്ങള്‍ മുതലായവയുടെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തിട്ടുണ്ട്. ഈന്തപ്പനകള്‍ക്കും ബാള്‍സാം മരങ്ങള്‍ക്കും പേരുകേട്ടതായിരുന്നു ജെറീക്കോ.

ഹേറോദേസിന്റെ കാലത്തെ നഗരത്തില്‍നിന്ന് ഏകദേശം രണ്ടുകിലോമീറ്റര്‍ വടക്കുപടിഞ്ഞാറാണ് പുരാതന ജെറീക്കോയുടെ അവശിഷ്ടങ്ങള്‍. ഇവ രണ്ടിനും ഇടയില്‍ ഇന്ന് തീര്‍ത്ഥാടകരെ കാത്തുനില്ക്കുന്ന ഒരു സിക്കമൂര്‍ മുത്തശ്ശനുണ്ട്. സക്കേവൂസ് കയറി ഇരുന്നതെന്ന് നാട്ടുകാര്‍ പറയുമെങ്കിലും ഏകദേശം 400 വര്‍ഷം പ്രായമേ ഇതിനുള്ളൂ എന്ന് ശാസ്ത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. പ്രായം എത്രയാണെങ്കിലും കര്‍ത്താവിന്റെ വരവിനുവേണ്ടി കാത്തിരുന്ന ഒരു മനുഷ്യന്റെ ഓര്‍മ്മയാണ് ജെറീക്കോയിലെ സിക്കമൂര്‍ ഉണര്‍ത്തുക, ഇന്നും കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്കുന്ന പ്രതീകമായി.

ക്രൈസ്തവ പുരാവസ്തുശാസ്ത്രത്തിന് വിശ്വാസത്തിന്റെ വളര്‍ച്ചയില്‍ പ്രമുഖസ്ഥാനം - ലിയോ പതിനാലാമന്‍ പാപ്പ

സഭയിലെ ഐക്യം ഐകരൂപ്യമല്ല, വ്യത്യസ്തതകളെ സ്വീകരിക്കലാണ് - ഫാ. പസൊളീനി

നീതിയെ ശിക്ഷയിലേക്ക് ചുരുക്കരുത്

വിശുദ്ധ വൈന്‍ബാള്‍ഡ് (702-761) : ഡിസംബര്‍ 18

വിശുദ്ധ ലാസര്‍ (1-ാം നൂറ്റാണ്ട്) : ഡിസംബര്‍ 17