ഉക്രെയ്നിലും റഷ്യയിലും തുടരുന്ന രൂക്ഷമായ പോരാട്ടങ്ങളില്‍ നിരപരാധികളായ സാധാരണക്കാരും കുട്ടികളും കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്നത് അതീവദുഃഖകരമാണ്. അക്രമങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ആവര്‍ത്തിക്കുന്നു. ഇരകളാകുന്ന കുട്ടികളടക്കമുള്ളവരുടെ എണ്ണം വര്‍ധിക്കുന്നു. അനുദിനം വർധിച്ചുവരുന്ന ഈ ദാരുണമായ സംഭവങ്ങള്‍ നിരവധി കുടുംബങ്ങളെ അനാഥത്വത്തിലേക്കും തള്ളിവിട്ടിട്ടുണ്ട്. ദുരന്തത്തിന് ഇരകളായവരോടും, പരിക്കേറ്റവരോടും, യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന എല്ലാവരോടും ഞാന്‍ ആത്മീയമായി അടുത്തിരിക്കുന്നു.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ കര്‍ശനമായി പാലിക്കുകയും ഇരുപക്ഷവും സാധാരണക്കാരെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ ഉടനടി അവസാനിപ്പിക്കുകയും ചെയ്യണം. ഇത്തരം ആക്രമണങ്ങള്‍ മനുഷ്യത്വ രഹിതവും സമാധാനത്തിനുള്ള എല്ലാ വഴികളും അടയ്ക്കുന്നതുമാണ്. യുദ്ധമുഖത്ത് നിസ്സഹായരായ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തരമായി ഇടപെടണം.
യുദ്ധം കൂടുതല്‍ യുദ്ധങ്ങളിലേക്കും തീരാത്ത വേദനകളിലേക്കും മാത്രമേ നയിക്കുകയുള്ളൂ. അക്രമത്തിന്റെ ഈ ദൂഷിതവലയം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആയുധങ്ങള്‍ താഴെവച്ച് നയതന്ത്ര പ്രവര്‍ത്തനത്തിനും, ചര്‍ച്ചകള്‍ക്കും വഴിയൊരുക്കണം.
(ഓഗസ്റ്റ് 9 ന്, വത്തിക്കാന്‍ അങ്കണത്തില്‍ മധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കുശേഷം നല്‍കിയ സന്ദേശത്തില്‍ നിന്ന്.)