![The Crusades [Continued]](http://media.assettype.com/sathyadeepam%2F2026-10-01%2Fjbq9aody%2FThe-Crusades-Continued.jpg?w=480&auto=format%2Ccompress&fit=max)
![The Crusades [Continued]](http://media.assettype.com/sathyadeepam%2F2026-10-01%2Fjbq9aody%2FThe-Crusades-Continued.jpg?w=480&auto=format%2Ccompress&fit=max)
എന്താണ് കുരിശുയുദ്ധങ്ങളിലേക്ക് നയിച്ച കാരണങ്ങൾ എന്ന് നമ്മൾ കഴിഞ്ഞ ലക്കത്തിൽ പഠിച്ചു. വിശുദ്ധ നാടുകളിലേക്കുള്ള തീർത്ഥാടനം തടയപ്പെട്ടപ്പോഴാണ് തുർക്കികളിൽ നിന്ന് ഈ ഭാഗങ്ങൾ തിരിച്ചുപിടിക്കണമെന്ന ചിന്ത മാർപാപ്പയിലും ക്രിസ്ത്യൻ രാജാക്കന്മാരിലും ഉണ്ടായത്. പേര് സൂചിപ്പിക്കുന്നതുപോലെ ഇത് ഒരു യുദ്ധം ആയിരുന്നില്ല. പല കാലഘട്ടങ്ങളിലായി ഒൻപത് കുരിശുയുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്.
എന്തായിരുന്നു കുരിശുയുദ്ധങ്ങളിൽ മാർപാപ്പയുടെ പങ്കാളിത്തം? മാർപാപ്പമാർ ഒരിക്കലും കുരിശുയുദ്ധത്തിൽ പങ്കെടുത്തിട്ടില്ല. എന്നാൽ ആരംഭം മുതൽ തന്നെ അതിനാവശ്യമായ ആശീർവാദവും അംഗീകാരവും പ്രോത്സാഹനങ്ങളും നൽകിയിരുന്നു. കുരിശു യുദ്ധങ്ങളിൽ പങ്കെടുക്കുന്നവർക്ക് നികുതി ഇളവുകളും മറ്റ് ആനുകൂല്യങ്ങളും പാപ്പ നൽകിയിരുന്നു. അതിലൊന്നായിരുന്നു ദണ്ഡവിമോചനം. കുരിശുയുദ്ധത്തിൽ പങ്കെടുത്താൽ സ്വർഗ്ഗത്തിലേക്ക് വേഗം പ്രവേശിക്കാം എന്നും ശുദ്ധീകരണ സ്ഥലത്തിലെ സമയം കുറയ്ക്കാം എന്നും മാർപാപ്പ പഠിപ്പിച്ചു. ഈ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി പ്രഭാഷകരെ നിയമിച്ചു. അവർ എല്ലായിടത്തും പോയി കുരിശുയുദ്ധങ്ങളിൽ പങ്കെടുക്കുവാൻ ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. കുരിശുയുദ്ധങ്ങളിൽ പങ്കെടുക്കുന്നവരുടെ കുടുംബങ്ങൾക്കുള്ള സംരക്ഷണം, ഗതാഗത സംവിധാനങ്ങൾ തയ്യാറാക്കുന്നത്, സാമ്പത്തികമായ ക്രമീകരണങ്ങൾ തുടങ്ങിയവയെല്ലാം കുരിശുയുദ്ധങ്ങളിൽ മാർപാപ്പമാരുടെ സംഭാവനകളാണ്.
ഉർബൻ രണ്ടാമൻ മാർപാപ്പയാണ് ഔദ്യോഗികമായി കുരിശുദ്ധങ്ങൾ ആരംഭിച്ചത്. 1095 ലെ ക്ലേർമോണ്ട് കൗൺസിലിന്റെ സമാപന പ്രസംഗത്തിൽ കുരിശുയുദ്ധങ്ങൾ ആരംഭിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചു. ഈശോ നമുക്ക് വേണ്ടിയാണ് കുരിശിൽ മരിച്ചതെന്നും ഈ വിശുദ്ധ സ്ഥലങ്ങൾ തിരിച്ചുപിടിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും മാർപാപ്പ പഠിപ്പിച്ചു. അതിനുവേണ്ടി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാവണമെന്നും പറഞ്ഞു. ഇതിന് ജനങ്ങളുടെ വലിയ പിന്തുണ ലഭിച്ചു.
ഒന്നാമത്തെ കുരിശ് യുദ്ധം മാത്രമാണ് ഭാഗികമായെങ്കിലും വിജയിച്ചു എന്ന് അവകാശപ്പെടാവുന്നത്. 1097 ൽ നിഖ്യയും 1098 ൽ അന്ത്യോഖ്യയും 1099 ൽ ജെറുസലേമും തിരിച്ചു പിടിക്കുവാൻ സാധിച്ചു. ജെറുസലേമിൽ ലത്തീൻ ഹൈരാർക്കി സ്ഥാപിച്ചു. എന്നാൽ ഈ സ്ഥലങ്ങൾ പിന്നീട് തുർക്കിഷ് രാജവംശങ്ങൾ പിടിച്ചെടുത്തു. അതിനാണ് വീണ്ടും കുരിശുദ്ധങ്ങൾ നടത്തേണ്ടി വന്നത്. അങ്ങനെ ചരിത്രത്തിൽ ഒൻപത് കുരിശുയുദ്ധങ്ങൾ നടന്നു. ഇതിൽ എടുത്തു പറയാവുന്ന ഒന്ന് 1212 ൽ ജർമ്മനിയിലെയും ഫ്രാൻസിലെയും യുവജനങ്ങൾ നടത്തിയ കുരിശുദ്ധമാണ്. എന്നാൽ ഈ യുദ്ധത്തിനും വിജയം ലഭിച്ചില്ല. അടുത്ത ലക്കത്തിൽ മറ്റ് കുരിശുദ്ധങ്ങളെക്കുറിച്ചും കുരിശുയുദ്ധത്തിന്റെ പരാജയ കാരണങ്ങളെ ക്കുറിച്ചും നമുക്ക് പഠിക്കാം.