പാപ്പ പറയുന്നു

വിശുദ്ധര്‍ യഥാര്‍ത്ഥ ലോകത്തില്‍ ജീവിക്കുന്നവര്‍ തന്നെ

Sathyadeepam

അനുദിന ജീവിതയാഥാര്‍ത്ഥ്യങ്ങളോടു ബന്ധമില്ലാത്തവരല്ല വിശുദ്ധര്‍. മറിച്ച്, തങ്ങള്‍ കഴിയുന്ന സമൂഹങ്ങളില്‍ തന്നെ സുവിശേഷം അതിന്റെ പൂര്‍ണതയില്‍ ജീവിക്കുന്നവരാണവര്‍. അവര്‍ ഒരു സമാന്തരപ്രപഞ്ചത്തില്‍ നിന്നു വരുന്നവരല്ല. കുടുംബബന്ധങ്ങളും പഠനവും ജോലിയും സാമൂഹ്യ, സാമ്പത്തീക, രാഷ്ട്രീയജീവിതങ്ങളെല്ലാം ചേരുന്ന അനുദിനയാഥാര്‍ത്ഥ്യങ്ങളില്‍ വേരുറപ്പിച്ചു നില്‍ക്കുന്നവരാണ്. ഈ സാഹചര്യത്തില്‍ നിന്നുകൊണ്ട് ഭീതിയോ സന്ദേഹമോ കൂടാതെ, ദൈവഹിതം നിറവേറ്റാന്‍ നിരന്തരം പരിശ്രമിക്കുന്നവരാണ് വിശുദ്ധര്‍.

2006 ല്‍ നിര്യാതനായ വാഴ്ത്തപ്പെട്ട കാര്‍ലോ അക്വിറ്റിസ് കൗമാരക്കാര്‍ക്കും യുവജനങ്ങള്‍ക്കുമുള്ള ക്രൈസ്തവസന്തോഷത്തിന് ഒരു മാതൃകയാണ്. വിശുദ്ധിയെന്നത് പോരാട്ടമോ തിരസ്‌കാരമോ അല്ല. പ്രഥമമായും പ്രധാനമായും അത് നാം ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നുവെന്ന തിരിച്ചറിവും അവിടുത്തെ സ്‌നേഹവും കാരുണ്യവും സ്വതന്ത്രമായി സ്വീകരിക്കലുമാണ്. സഭ നാമകരണം ചെയ്ത വിശുദ്ധരുടെ സാക്ഷ്യം കാലാതീതമാണ്, അതിന്റെ പ്രസക്തി ഒരിക്കലും നഷ്ടമാകുകയില്ല.

വിശുദ്ധര്‍ അമൂല്യരത്‌നങ്ങളാണ്. സുവിശേഷത്തിന് അവര്‍ ആകര്‍ഷകമായ വിചിന്തനം നല്‍കുന്നു. ചിത്രീകരിക്കപ്പെട്ട മതബോധനമാണ് അവരുടെ ജീവിതങ്ങള്‍. യേശുക്രിസ്തു മാനവരാശിയ്ക്കു നല്‍കിയ സദ്വാര്‍ത്തയുടെ ചിത്രീകരണം. വിശുദ്ധിയുടെ സാര്‍വത്രികമാനമായിരുന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഹൃദയം. ഇന്നും ദൈവത്തിന്റെ വിശുദ്ധജനത്തിന്റെ വിശുദ്ധി അംഗീകരിക്കുക സുപ്രധാനമാണ്. മക്കളെ സ്‌നേഹത്തോടെ വളര്‍ത്തുന്ന മാതാപിതാക്കള്‍, അനുദിനജോലികള്‍ അര്‍പ്പണബുദ്ധിയോടെ ചെയ്യുന്ന സ്ത്രീപുരുഷന്മാര്‍, രോഗവും അസ്വസ്ഥതകളും ക്ഷമാപൂര്‍വം സഹിക്കുന്നവര്‍, പുഞ്ചിരി വിടാതെ സ്വന്തം ജ്ഞാനം പകര്‍ന്നുകൊണ്ടിരിക്കുന്ന വയോധികര്‍ എന്നിവരെല്ലാം ഇത്തരത്തില്‍ വിശുദ്ധിയുള്ളവരാണ്. കര്‍ത്താവിന്റെ ശിഷ്യരാ അനേകര്‍ അനുദിനം നല്‍കുന്ന നന്മ നിറഞ്ഞ ക്രൈസ്തവജീവിതത്തിന്റെ സാക്ഷ്യം, വിശുദ്ധരാകാനുള്ള നമ്മുടെയോരോരുത്തരുടെയും വിളിയോടു പ്രതികരിക്കാന്‍ നമുക്കു പ്രചോദനം പകരുന്നു.

(വത്തിക്കാനില്‍ 'വിശുദ്ധി ഇന്ന്' എന്ന സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

കൊച്ചിയിലെ കപ്പലൊച്ചകൾ [06]

ഡിജിറ്റല്‍ വിശ്വാസലോകം

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

ചാര്‍ലി കിര്‍ക്ക് : ദൈവത്തിനുള്ളതും സീസറിനുള്ളതും കൂടിക്കുഴയുമ്പോള്‍

ഈശോ കൂടെയുണ്ടെന്ന ബോധ്യം പ്രായോഗിക ജീവിതത്തിൽ പകർത്താൻ കുട്ടികൾക്ക് സാധിക്കണം