പ്രായപൂര്‍ത്തിയാകാത്ത പലരും വിവരണാതീതമായ കഷ്ടപ്പാടുകള്‍, അക്രമം, പീഡനം, ചൂഷണം എന്നിവ അനുഭവിക്കുന്നുണ്ട്. കുടിയേറ്റ പാതകളില്‍ അവര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത് അപൂര്‍വ്വമല്ല. യാഥാര്‍ത്ഥ്യത്തിന്റെ പശ്ചാത്തലത്തില്‍, യുവ കുടിയേറ്റക്കാരുടെ സംരക്ഷണവും പിന്തുണയും ഉറപ്പാക്കണം. ഈ ചെറുപ്പക്കാരുടെ ജീവിതത്തില്‍ നാം ഓരോരുത്തരും പങ്കാളികളാണെന്ന ബോധം നമുക്കുണ്ടാകണം, അവര്‍ക്ക് എപ്പോഴും സംരക്ഷണവും പിന്തുണയും നല്‍കേണ്ടതുണ്ട്.
ശാസ്ത്രീയവും സാങ്കേതികവുമായ പുരോഗതി ക്രിസ്തീയ വിശ്വാസത്തിന് എതിരാണെന്ന് ചിത്രീകരിക്കുന്നതു മുന്‍വിധിയാണ്. തന്റെ അറിവും സ്വാതന്ത്ര്യവും പുരോഗതിയും ഉറപ്പിച്ചുപറയാന്‍ മനുഷ്യന്‍ ദൈവത്തില്‍ നിന്ന് സ്വതന്ത്രനാകണം എന്ന വാദം ശരിയല്ല. എന്നാല്‍ ഒടുവില്‍, ദൈവവുമായുള്ള ബന്ധം നിഷേധിക്കുന്നതിലൂടെ, മനുഷ്യവ്യക്തിയുടെ മഹത്തായ മൂല്യം ഉറപ്പിച്ചുപറയാനുള്ള സാധ്യതയും ഒരാള്‍ക്ക് നഷ്ടപ്പെടുന്നു.
ദൈവത്തിന്റെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ പുരോഗതിയുടെ വക്താവാണ്. സ്വാതന്ത്ര്യവും ബുദ്ധിയും ഉപയോഗിച്ച് അവന്‍ തന്റെ അറിവ് വര്‍ദ്ധിപ്പിക്കുകയും അങ്ങനെ സമൂഹത്തെ മുഴുവന്‍ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു. മനുഷ്യരാശിയും അതിനോടൊപ്പം അധ്വാനവും പുരോഗതിയും സ്വയംഭരണവും ദൈവവുമായുള്ള സമാഗമത്തില്‍ ഇല്ലാതാകുകയോ ഇല്ലാതാക്കപ്പെടുകയോ ചെയ്യുന്നില്ല, മറിച്ച് അത് പൂര്‍ണ്ണമായി ഏറ്റെടുക്കപ്പെടുകയാണ് ചെയ്യുന്നത്. ക്രിസ്തുവില്‍ സ്വതന്ത്രമായും സജീവമായും അത് തുടരുന്നു. തീര്‍ച്ചയായും, അവനിലാണ് അത് പൂര്‍ണ്ണമായ സത്യവും സ്വാതന്ത്ര്യവും കണ്ടെത്തുന്നത്.
ക്രിസ്ത്യാനികള്‍ മറ്റുള്ളവരെപ്പോലെ തന്നെ മനുഷ്യന്റെ നഗരം പടുത്തുയര്‍ത്തുന്നതില്‍ പങ്കാളികളാണ്. പുരോഗതിയുടെയും ശാസ്ത്രത്തിന്റെയും ജീവിതത്തിന്റെയും സാഹസികത പങ്കിടുന്നവരോട് ഈ ആത്യന്തിക ലക്ഷ്യത്തെ ക്കുറിച്ച് അവര്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഐഹിക പുരോഗതിയെ ക്രിസ്തുവിന്റെ രാജ്യത്തിന്റെ വികസനത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിച്ചു കാണണം.
യഥാര്‍ത്ഥ മനുഷ്യ പുരോഗതിയായി മാറുവാന്‍ അതായത് മുഴുവന്‍ വ്യക്തിക്കും എല്ലാ മനുഷ്യര്‍ക്കുമുള്ള പുരോഗതിയായി മാറാന്‍ സാങ്കേതികവും ശാസ്ത്രീയവുമായ പുരോഗതി സ്‌നേഹത്താല്‍ പ്രചോദിതവും നയിക്കപ്പെടുന്നതുമായിരിക്കണം എന്ന് ഓര്‍ക്കാം. അങ്ങനെ മാത്രമേ ഇതിനെ എപ്പോഴും മനുഷ്യന്റെ അന്തസ്സിനായി ഉപയോഗിക്കാനും, എല്ലാവരുടെയും, പ്രത്യേകിച്ച് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താനും സാധിക്കൂ.
(സെപ്തംബര്‍ 20 നു സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ സംസാരിക്കവേ, സെപ്റ്റംബര്‍ 27 ഞായര്‍ ലോക കുടിയേറ്റ-അഭയാര്‍ത്ഥി ദിനമായി ആചരിക്കുമെന്ന കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട്, നല്‍കിയ സന്ദേശത്തില്‍ നിന്ന്.)