മഹാനായ വിശുദ്ധ ആല്‍ബര്‍ട്ട് (1200-1280) : നവംബര്‍ 15

മഹാനായ വിശുദ്ധ ആല്‍ബര്‍ട്ട് (1200-1280) :  നവംബര്‍ 15
ദൈവശാസ്ത്രജ്ഞനും തത്ത്വജ്ഞാനിയും ശാസ്ത്രജ്ഞനുമായ മഹാനായ ആല്‍ബര്‍ട്ട് തെക്കന്‍ ജര്‍മ്മനിയില്‍ സുവാബിയായില്‍ ഒരു സൈന്യാധിപന്റെ മൂത്തമകനായി ജനിച്ചു. പാദുവായില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഡോമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം വിവിധ യൂണിവേഴ്‌സിറ്റികളില്‍, പ്രത്യേകിച്ച് കോളോണിലും പാരീസിലും, ദൈവശാസ്ത്രം പഠിപ്പിച്ചു. പാരീസ് സര്‍വ്വകലാശാലയില്‍ തോമസ് അക്വീനാസ് അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു; അന്ന് അക്വീനാസിന്റെ പ്രതിഭയെപ്പറ്റി ആല്‍ബര്‍ട്ടിനു ബോദ്ധ്യം വന്നിരുന്നു. അദ്ദേഹത്തിന്റെ ലക്ച്ചര്‍ ക്ലാസ്സുകള്‍ സുപ്രസിദ്ധങ്ങളായിരുന്നു. പാരീസ് സര്‍വ്വകലാശാലയിലെ ലക്ച്ചര്‍ ഹാള്‍ ശ്രോതാക്കളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നതിനാല്‍ പുറത്തെ മൈതാനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ നടത്തിയിരുന്നത്.

1254-ല്‍ ജര്‍മ്മനിയുടെ പ്രൊവിന്‍ഷ്യലായി ആല്‍ബര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, തന്റെ പഠനങ്ങള്‍ തുടരാനായി രണ്ടു വര്‍ഷത്തിനു ശേഷം ആ പദവി ഉപേക്ഷിച്ചു. 1260-ല്‍ പോപ്പിന്റെ നിര്‍ദ്ദേശപ്രകാരം റിഗന്‍സ്ബര്‍ഗിന്റെ (റാറ്റിസ്‌ബോണ്‍) മെത്രാന്‍ പദവി അദ്ദേഹം ഏറ്റെടുത്തു. എന്നാല്‍ രണ്ടു വര്‍ഷത്തിനുശേഷം ആ പദവിയും രാജിവച്ച് അദ്ദേഹം പ്രഭാഷണത്തിലേക്കും എഴുത്തിലേക്കും തിരിച്ചുപോയി. 1263-ലും 1264-ലും പോപ്പ് അര്‍ബന്‍ നാലാമന്റെ പ്രതിനിധിയായി ജര്‍മ്മനിയിലും ബൊഹേമിയായിലും കുരിശു യുദ്ധത്തെപ്പറ്റി പ്രഭാഷണങ്ങള്‍ നടത്തി. 1274-ല്‍ പോപ്പിന്റെ നിര്‍ദ്ദേശപ്രകാരം ലിയോണ്‍സ് കൗണ്‍സിലില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ്, തന്റെ ആത്മാര്‍ത്ഥ സുഹൃത്തും പ്രിയശിഷ്യനുമായ തോമസ് അക്വീനാസ് കൗണ്‍സിലില്‍ പങ്കെടുക്കാന്‍ വേണ്ടിയുള്ള യാത്രാമദ്ധ്യേ മരണമടഞ്ഞു എന്ന വാര്‍ത്ത ശ്രവിച്ചത്. അന്ന് 71 കാരനായ ആല്‍ബര്‍ട്ട് പാരീസിലേക്കു തിരിച്ചുപോയി, അക്വീനാസിന്റെ പല വാദമുഖങ്ങളെയും, യൂണിവേഴ്‌സിറ്റി കര്‍ശനമായി വിമര്‍ശിച്ചിരുന്നവയെപ്പോലും, അംഗീകരിച്ചു സംസാരിച്ചു.

തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും അക്വീനാസിന്റെ മുന്‍ഗാമിയായിരുന്നു ആല്‍ബര്‍ട്ട്. പ്രത്യേകിച്ച്, യാഥാസ്ഥിതിക വിശ്വാസവും യുക്തിയും തമ്മില്‍ പൊരുത്തപ്പെടുത്തുന്ന കാര്യത്തില്‍. സ്‌കൊളാ സ്റ്റിക് ഫിലോസഫിയില്‍ തത്ത്വങ്ങള്‍ ശാസ്ത്രീയമായി അവതരിപ്പിക്കുന്നതില്‍ ആര്‍ബര്‍ട്ടിന്റെ സ്വാധീനം വ്യക്തമായി കാണാം. സ്ട്രാസ്ബര്‍ഗ്ഗിലെ ഉള്‍റിക്കിന്റെ വാക്കുകളില്‍: "എല്ലാ ശാസ്ത്രങ്ങളിലും സര്‍വ്വജ്ഞനാണ് അദ്ദേഹം; ഈ കാലഘട്ടത്തിന്റെ ഒരു മഹാ "അത്ഭുത"മെന്ന് അദ്ദേഹത്തെ വിളിക്കാം."

ഇരുപതു വര്‍ഷംകൊണ്ട് ആല്‍ബര്‍ട്ട് എഴുതിത്തീര്‍ത്ത "വിജ്ഞാന സംക്ഷേപം" പ്രകൃതിശാസ്ത്രം, തര്‍ക്കം, സാഹിത്യം, ഗണിതം, ജ്യോതിശാസ്ത്രം, സന്മാര്‍ഗ്ഗശാസ്ത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രമീമാംസ, കൃഷി ഇങ്ങനെ സൂര്യനു കീഴിലുള്ള സര്‍വ്വവിജ്ഞാനങ്ങളുടെയും ഒരു സമാഹാരമാണ്. ഗ്രീക്കു തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും തമ്മില്‍ പൊരുത്തപ്പെടുത്താനുള്ള ആദ്യശ്രമം നടത്തിയത് ആല്‍ബര്‍ട്ടാണ്. വിശ്വാസത്തില്‍ യുക്തിയുടെ പ്രാധാന്യം എടുത്തുകാട്ടിയതും അദ്ദേഹമാണ്. ശാസ്ത്രവും വിശ്വാസവും പരസ്പരപൂരകങ്ങളാണെന്നു സ്ഥിരീകരിച്ചതും ആല്‍ബര്‍ട്ടാണ്. അദ്ദേഹത്തിന്റെ വഴിയേ സഞ്ചരിച്ചാണ് തോമസ് അക്വീനാസ് തന്റെ മഹത്തായ കൃത്യങ്ങള്‍ പൂര്‍ത്തിയാക്കിയത്.

വ്യക്തിപരമായി, ആല്‍ബര്‍ട്ട് എന്നും വിനീതനായ ഒരു ഡോമിനിക്കന്‍ വൈദികനായിരുന്നു. കാല്‍നടയായിട്ടാണ് അദ്ദേഹം യാത്രകളെല്ലാം തന്നെ നടത്തിയിരുന്നത്. ദൈവത്തിലുള്ള ശിശുസഹജമായ വിശ്വാസവും സ്‌നേഹവുമായിരുന്നു അദ്ദേഹത്തെ നയിച്ചിരുന്നത്. അങ്ങനെയാണ് പാവങ്ങളോടും ഭാഗ്യഹീനരോടും അനുകമ്പയും സ്‌നേഹവുമുള്ളവനായി അദ്ദേഹം മാറിയത്.

1280 നവംബര്‍ 15-ന് കൊളോണിലായിരുന്നു ആല്‍ബര്‍ട്ടിന്റെ അന്ത്യം. 1622-ല്‍ പോപ്പ് ഗ്രിഗരി XV അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍പ്പെടുത്തി. 1931 ഡിസംബര്‍ 16-ന് പോപ്പ് പയസ് XI ആല്‍ബര്‍ട്ടിനെ സഭയുടെ പണ്ഡിതനും വിശുദ്ധനുമായി പ്രഖ്യാപിച്ചു.

ചിലര്‍ വിജ്ഞാനം വിജ്ഞാനത്തിനു വേണ്ടി മാത്രം സമ്പാദിക്കുന്നു; അത് ഹീനമായ വെറും കൗതുകമാണ്. മറ്റു ചിലര്‍ തങ്ങളുടെ പ്രശസ്തിക്കുവേണ്ടി വിജ്ഞാനം തേടുന്നു; അതും വെറും മായയാണ്, ലജ്ജാവഹവുമാണ്. ധനമോ സ്ഥാനമാനങ്ങളോ നേടാന്‍ വേണ്ടി വിജ്ഞാനം തേടുന്നവരുണ്ട്; അതും ഹീനമായ അന്വേഷണമാണ്. മറ്റുള്ളവരെ പഠിപ്പിച്ച് വളര്‍ത്താന്‍വേണ്ടി വിജ്ഞാനം ആര്‍ ജിക്കുന്നവരുമുണ്ട്; അതൊരു വലിയ പരസ്‌നേഹമാണ്. മറ്റു ചിലര്‍, സ്വന്തം അഭിവൃദ്ധിക്കുവേണ്ടി വിജ്ഞാനം തേടുന്നു; അതു വിവേകമാണ്. ഇവയില്‍ അവസാനത്തെ രണ്ടു കൂട്ടരാണ് വിജ്ഞാനത്തെ ശരിയായി വിനിയോഗിക്കുന്നവര്‍.
വിശുദ്ധ ബര്‍ണാര്‍ദ്‌

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org