കര്‍ത്താവായ യേശുവിനെ അനുഗമിച്ച് തങ്ങളുടെ ജീവിതം ദൈവത്തിനും, അയല്‍ക്കാര്‍ക്കും ഒരു ദാനമായി നല്‍കിയ എണ്ണാന്‍ കഴിയാത്തത്രയും സ്ത്രീപുരുഷന്മാര്‍ ഭാഗമായ കുടുംബത്തിന്റെ സന്തോഷം ആസ്വദിക്കാനാണ് സകല വിശുദ്ധരുടെയും തിരുനാള്‍, നമ്മെ ക്ഷണിച്ചത്. വിശുദ്ധീകരണത്തിന്റെ വ്യത്യസ്ത വഴികളിലൂടെ അവര്‍ ‘അനന്തമായ സ്‌നേഹത്തിന്റെ സമുദ്രത്തെ’ ആഗ്രഹിച്ചു എന്നാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ പ്രയോഗം.
‘സകല ജാതികളില്‍ നിന്നും, ഗോത്രങ്ങളില്‍ നിന്നും, വംശങ്ങളില്‍ നിന്നും, ഭാഷകളില്‍ നിന്നുമായി ആര്‍ക്കും എണ്ണാന്‍ കഴിയാത്ത ഒരു വലിയ സമൂഹം’ എന്നാണ് (വെളിപ്പാട് 7:9) തിരുനാള്‍ ദിനത്തിലെ ആരാധനക്രമ വചനഭാഗം അവരെ വിശേഷിപ്പിച്ചത്. സഭ അംഗീകരിച്ച വിശുദ്ധരെയും, അതുപോലെ അങ്ങനെയല്ലാത്ത, എന്നാല്‍ ദൈവം അറിയുന്ന, നിരവധി വിശുദ്ധരെയും, സകല വിശുദ്ധരുടെയും തിരുനാളില്‍ നാം അനുസ്മരിക്കുന്നു.
അവര്‍ ആത്മാവില്‍ ദരിദ്രരാണ്, എന്നാല്‍ ദൈവസ്‌നേഹത്തില്‍ സമ്പന്നരാണ്. അവരുടെ മുഖങ്ങള്‍ കണ്ണുനീര്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു, പക്ഷേ പ്രാര്‍ത്ഥനയാല്‍ അവര്‍ ആശ്വസിപ്പിക്കപ്പെടുന്നു. അക്രമത്തിന് മുന്നില്‍ അവര്‍ സൗമ്യരാണ്, കാരണം പിതാവില്‍ നിന്ന് അവര്‍ക്ക് പ്രതിഫലം ലഭിക്കുന്നു. അവര്‍ നീതിക്കുവേണ്ടി ദാഹിക്കുന്നവരും മനസ്സാക്ഷിയുടെ ആഴങ്ങളില്‍ സംതൃപ്തരുമാണ്. ക്ഷമിക്കുവാന്‍ തയ്യാറായവരും അതേസമയം കരുണയാല്‍ ആശ്ലേഷിക്കപ്പെട്ടവരുമാണ് അവര്‍. ഹൃദയത്തില്‍ നിരായുധരും എന്നാല്‍ ദൈവത്താല്‍ സംരക്ഷിക്കപ്പെട്ടവരുമാണ് അവര്‍. ദൈവം നാമകരണം ചെയ്ത സമാധാന നിര്‍മ്മാതാക്കളാണ് അവര്‍. പീഡിപ്പിക്കപ്പെടുകയും വ്രണപ്പെടുകയും ചെയ്‌തെങ്കിലും വിശ്വാസത്തിലും സ്‌നേഹത്തിലും അവര്‍ ശക്തരാണ്.
വിശുദ്ധിയെ ഒരു കണക്കുകൂട്ടലിലേക്കും ചുരുക്കാന്‍ കഴിയില്ല, കാരണം ലോകമെമ്പാടും എല്ലാ വിശുദ്ധരും അവര്‍ക്ക് ചുറ്റും വ്യാപിപ്പിച്ച നന്മ അത്രയധികമാണ്. വരാനിരിക്കുന്ന ദൈവരാജ്യത്തിന്റെ ഏറ്റവും മനോഹരവും ശക്തവുമായ അടയാളമാണ് വിശുദ്ധന്മാര്‍. വിശുദ്ധി എന്നത് ചുരുക്കം ചിലര്‍ക്ക് മാത്രമുള്ള ഒരു പദവിയല്ല, മറിച്ച് നമ്മള്‍ എവിടെ ജീവിച്ചാലും നമ്മെ ഓരോരുത്തരെയും വെല്ലുവിളിക്കുന്ന ഒരു സാര്‍വത്രിക ദൈവവിളിയാണ്.
സകലവിശുദ്ധരുടെ തിരുനാളിന്റെ പ്രത്യാശ നിറഞ്ഞ സന്ദേശം ഇതാണ്: നമുക്ക് കാണാന്‍ കഴിയാത്ത നന്മ ദൈവം കാണുന്നു, നമുക്ക് അറിയാത്ത കഥകള്‍ അവന്‍ അറിയുന്നു, നമുക്ക് എത്തിച്ചേരാന്‍ കഴിയാത്ത ഹൃദയങ്ങളിലേക്ക് അവന്‍ എത്തിച്ചേരുന്നു.
(സകല വിശുദ്ധരുടെയും തിരുന്നാള്‍ ദിവസമായ നവംബര്‍ ഒന്നിനു സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ മധ്യാഹ്നപ്രാര്‍ഥനയ്ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്).