വാര്‍ദ്ധക്യം ഒരു സമ്മാനവും ഒപ്പം വെല്ലുവിളിയും ആണ്. വയോധികരെ പ്രത്യാശയുടെ സാക്ഷികളായി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അജപാലന പരിചരണ സംവിധാനം കത്തോലിക്കാ സഭ വികസിപ്പിക്കണം. തലമുറകള്‍ക്കിടയില്‍ ഐക്യം സൃഷ്ടിക്കുകയും ഓരോരുത്തര്‍ക്കും വ്യത്യസ്തമായ ദാനങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ പ്രവാഹത്തെയാണ് 'സ്വപ്നം കാണുന്ന വയോധികര്‍' എന്ന പരാമര്‍ശ ത്തിലൂടെ ജോയല്‍ പ്രവാചകന്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഇന്ന് തലമുറകള്‍ക്കിടയിലുള്ള ബന്ധങ്ങളില്‍ വിള്ളലുകളും സംഘര്‍ഷങ്ങളും സംജാതമായിരിക്കുന്നു.
യുവജനങ്ങള്‍ക്ക് അവസരം നല്‍കിക്കൊണ്ട് തൊഴില്‍ രംഗത്തുനിന്ന് വിട്ടുപോകാന്‍ വയോധികര്‍ തയ്യാറാകുന്നില്ല എന്നും വരും തലമുറകള്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തില്‍ സാമ്പത്തിക-സാമൂഹിക-വിഭവസ്രോതസ്സുകള്‍ വയോധികര്‍ ഉപയോഗിക്കുന്നു എന്നുമുള്ള വിമര്‍ശനം ഉയരുന്നുണ്ട്്. ആയുര്‍ദൈര്‍ഘ്യം ഒരു തെറ്റാണെന്ന ധാരണ ഇവര്‍ പരത്തുന്നു. എന്നാല്‍ സമൂഹത്തിന് ലഭിച്ചിരിക്കുന്ന സമ്മാനവും സ്വാഗതം ചെയ്യപ്പെടേണ്ട അനുഗ്രഹവുമാണ് ആയുര്‍ ദൈര്‍ഘ്യം. നമ്മുടെ കാലത്തിന്റെ പ്രത്യാശയുടെ ഒരു അടയാളമാണത്.
അതേസമയം വയോധികരുടെ എണ്ണം മുമ്പെങ്ങും ഇല്ലാത്ത വിധം വര്‍ധിക്കുന്നത് ഒരു വെല്ലുവിളിയു മാണ്. ഈ യാഥാര്‍ഥ്യത്തെ പുതിയ മാര്‍ഗങ്ങളി ലൂടെ വിവേചിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്യണം.
സമ്പത്തും വിജയവും ഉണ്ടാക്കുകയും അധികാരം പ്രയോഗിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ മാത്രമേ അസ്തിത്വത്തെ വിലമതിക്കേണ്ടതുള്ളൂ എന്ന ഒരു മനോഭാവം ഇന്ന് ഉണ്ട്. മനുഷ്യര്‍ എപ്പോഴും ആവശ്യങ്ങളുള്ള ഒരു പരിമിത ജീവിയാണെന്ന വസ്തുത ഇവര്‍ മറക്കുന്നു. പ്രായത്തില്‍ വളരുന്നത് സൃഷ്ടിയുടെ മനോഹാരിതയുടെ ഒരു ഭാഗമാണെന്ന് മനസ്സിലാക്കണം.
മാനുഷികമായ ബലഹീനതകളെ ചൊല്ലി ലജ്ജിക്കുന്നത് നാം നിര്‍ത്തണം. നമ്മുടെ സഹോദരങ്ങളില്‍ നിന്നും ദൈവത്തില്‍ നിന്നും സഹായങ്ങള്‍ തേടാന്‍ അതുവഴി നമുക്ക് സാധിക്കും. പ്രായാധിക്യത്തെ മനസ്സിലാക്കുന്ന തിനുള്ള സമയവും ഉപാധികളും നല്‍കാന്‍ സഭ വിളിക്കപ്പെട്ടിരിക്കുന്നു.
തൊഴില്‍ ജീവിതം പൂര്‍ത്തിയാക്കുകയും സാമ്പത്തിക സുസ്ഥിതി അനുഭവിക്കുകയും കൂടുതല്‍ സമയം ലഭ്യമായിരിക്കുകയും ചെയ്യുന്ന വയോധികരുടെ സാന്നിധ്യം പ്രയോജനകരമാണ്. പലപ്പോഴും ദിവ്യബലികളില്‍ താല്‍പര്യപൂര്‍വം സംബന്ധിക്കുന്നതും ഇടവക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും മതബോധനമുള്‍പ്പെടെ വിവിധതരം അജപാലന ശുശ്രൂഷകള്‍ നിര്‍വഹിക്കു ന്നതും അവരാണ്.
അവരെ അജപാലനത്തിന്റെ നിഷ്‌ക്രിയ സ്വീകര്‍ത്താക്കള്‍ ആക്കാതെ സജീവ സഹകാരികള്‍ ആക്കുന്ന വിധത്തില്‍ അനുയോജ്യമായ ഭാഷയും അവസരങ്ങളും അവര്‍ക്കായി കണ്ടെത്തേണ്ടത് പ്രധാനമാണ്.
(ഒക്‌ടോബര്‍ 3 ന് വത്തിക്കാന്‍ അപ്പസ്‌തോലിക് പാലസില്‍, അല്‍മായ - കുടുംബ കാര്യാലയം സംഘടിപ്പിച്ച വയോജന അജപാലന പരിചരണം സംബന്ധിച്ച രണ്ടാം അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ നിന്നും)