മിഴിവട്ടത്തിലെ മൊഴിവെട്ടം

പള്ളിയകങ്ങളിലെ “സ്ത്രീശരീരങ്ങൾ”

എം.പി. തൃപ്പൂണിത്തുറ
പുരുഷന്റെ ലൈംഗിക പ്രലോഭനത്തിന്റെ ഉത്തരവാദിത്വം സ്ത്രീയുടെ മേല്‍ ചുമത്തുക എന്നത് പഴകിതുരുമ്പിച്ച മതാധിപത്യത്തിന്റെ ഏറ്റവും നീചമായ ആയുധമാണ്.

സുവിശേഷം പ്രകാശമാണ്. അതു നമ്മുടെ കാഴ്ചയെ പ്രകാശിപ്പിക്കണം. ചുറ്റുമുള്ളവരില്‍ ക്രിസ്തുവിനെ കാണാന്‍ കഴിയുന്നുണ്ടോ? അതോ, മനുഷ്യനില്‍ പിശാചിനെയോ പ്രലോഭന ഹേതുവായ ശരീരത്തെയോ മാത്രമാണോ കാണുന്നത്? ആദ്യത്തെ കാഴ്ചയാണ് ഉള്ളതെങ്കില്‍ നമ്മള്‍ ക്രിസ്തുവില്‍ തന്നെയാണ്. അല്ലെങ്കില്‍ മാംസരക്തങ്ങളാണ് നമ്മളെ നയിക്കുന്നത്. സഹജീവിയെ കേവല ശരീരമായോ, തന്റെ ഉപയോഗത്തിനുള്ള വസ്തുവായോ മാത്രം കാണും വിധം ലോകത്തിന്റെ പ്രവണത നമ്മുടെ കണ്ണുകളെ അന്ധമാക്കിയിരിക്കുന്നു.

യേശു ലോകത്തേക്കു വന്നത്, നഷ്ടപ്പെട്ടുപോയ ദൈവിക മഹത്വത്തില്‍ നമ്മെ പങ്കുകാരാക്കാന്‍ വേണ്ടിയാണ്. തന്റെ മനുഷ്യാവതാരവും സഹനവും മരണവും ഉത്ഥാനവും വഴി ക്രിസ്തു മാനവകുലത്തിനു നല്‍കിയ വിമോചനത്തിന്റെ സദ്വാര്‍ത്ത പ്രഘോഷിക്കാന്‍ വിളിക്കപ്പെട്ടവരും അയക്കപ്പെട്ടവരുമാണ് നാമെല്ലാം. ഈ കടമയെ വിശ്വസ്തതയോടെ നിര്‍വഹിക്കാന്‍ എത്രത്തോളം നമുക്ക് ആകുന്നുണ്ട് എന്ന സ്വയം വിമര്‍ശനം നമുക്ക് ഉണ്ടാകണം.

ഈയടുത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരു പ്രസംഗം പ്രചരിക്കുകയുണ്ടായി. ഒരു ബലിയര്‍പ്പണ വേദിയില്‍ ചെയ്ത പ്രസംഗത്തിന്റെ ഭാഗമാണത്. വിഷയം ദേവാലയത്തില്‍ എത്തുന്ന സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചാണ്. അതിങ്ങനെയാണ്, ചില പള്ളികളിലൊക്കെ ധ്യാനിപ്പിക്കാന്‍ ചെല്ലുമ്പോള്‍ പ്രത്യേകിച്ച് കുര്‍ബാന കൊടുക്കുന്ന സമയത്ത് ചില പെണ്‍കുട്ടികള്‍ വന്നുനില്‍ക്കുമ്പോള്‍ കുര്‍ബാന കൊടുക്കാന്‍ ഒന്നും തോന്നാറില്ല. അതിനു കാരണമായി അദ്ദേഹം പറയുന്നത് വസ്ത്രധാരണമാണ്. ഒന്നുകില്‍ ഒരു ജീന്‍സ്. അല്ലെങ്കില്‍ ഒരു പാന്റ്‌സ്. ഷോട്ട് ബനിയന്‍. ഇതില്‍ ഏതെങ്കിലും ഒന്ന് ധരിച്ച്, കയ്യിലൊരു മൊബൈലും കാണും. ഒരു ടവ്വലും കാണും. തലമുടി ഒന്ന് ചീകി വച്ചിട്ട് പോലുമില്ല. കെട്ടിവച്ചിട്ടില്ല. എന്നിട്ട് വല്ലവരെയും കാണിക്കാന്‍ ആയിട്ട് വന്നങ്ങനെ നില്‍ക്കുകയാണ്. എന്തിനാ ഈ സാധനം വന്നതെന്ന് അറിയാന്‍ എനിക്കാവുന്നില്ല. അദ്ദേഹം സ്ത്രീകളോട് ചോദിക്കുന്നു. ആണ്‍കുട്ടികളുടെ ജീന്‍സും പാന്റ്സും ഷോട്ട് ബനിയനും ഇടാന്‍ കത്തോലിക്കാസഭയോ, തിരുലിഖിതങ്ങളോ നിങ്ങള്‍ക്ക് അനുവാദം തരുന്നുണ്ടോ?

തുടര്‍ന്ന് നിയമാവര്‍ത്തന ഗ്രന്ഥം 22:5 ഉദ്ധരിക്കുന്നു. ദൈവത്തിനെതിരായി നിന്നിട്ട് പള്ളിയില്‍ വന്നു കരം കൂപ്പിപിടിച്ച് ഭക്തി കാണിച്ചിട്ട് കാര്യമുണ്ടോ? തുടര്‍ന്ന് ഒരു ജീവിതാനുഭവം അദ്ദേഹം പങ്കുവയ്ക്കുന്നു. ചില യുവാക്കള്‍ അച്ചനോട് പറഞ്ഞുവത്രേ! ധ്യാനം കഴിഞ്ഞു വിശുദ്ധിയില്‍ ജീവിക്കാന്‍ പുറത്തിറങ്ങുമ്പോള്‍, പെണ്‍കുട്ടികള്‍ ഇങ്ങനെ വസ്ത്രം ധരിച്ചു പോകുന്നത് കാണുമ്പോള്‍ പ്രലോഭനത്തില്‍ വീഴുമെന്ന്. ഈ പുരോഹിതനെ വിമര്‍ശിക്കുകയല്ല, നമ്മുടെ ലക്ഷ്യം. ഈ ആശയ ഗതിയെയാണ് നാം വിമര്‍ശന വിധേയമാക്കുന്നത്.

വാസ്തവത്തില്‍ കത്തോലിക്കാ സഭ വസ്ത്രധാരണത്തില്‍ മാന്യത പാലിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ccc 2522, 2525 വസ്ത്രധാരണവും അതിലെ മാന്യതയും വ്യക്തിയുടെ അന്തസ്സുമായി ബന്ധിപ്പിക്കുന്നു. വസ്ത്രത്തിന്റെ തിരഞ്ഞെടുപ്പില്‍ മാന്യത ഒരു ഘടകമാണെന്നും സഭ പഠിപ്പിക്കുന്നു. എന്നാല്‍ മാന്യതയുടെ രൂപം സംസ്‌ക്കാരത്തിനനുസരിച്ച് വ്യത്യാസപ്പെടാം എന്നും 2524 വ്യക്തമാക്കുന്നു. ക്രിസ്ത്യാനികള്‍ വസ്ത്രധാരണത്തില്‍ മാന്യത പാലിക്കണം എന്നത് ശരിയാണ്. പക്ഷെ, സ്ത്രീ ജീന്‍സ് ധരിച്ചാല്‍ അത് പാപമാണെന്ന് തിരുസഭ പഠിപ്പിക്കുന്നില്ല. സ്ത്രീയുടെ വസ്ത്രധാരണത്തിന് പ്രത്യേകമായ ഒരു നിയമം സഭ നല്‍കുന്നില്ല.

‘സ്ത്രീ പുരുഷന്റെ വസ്ത്രം ധരിക്കരുത്. പുരുഷന്‍ സ്ത്രീയുടെ വസ്ത്രം ധരിക്കരുത്...’ ഈ വചനം ശരിയായിത്തന്നെയാണ് പറയുന്നത്. പക്ഷെ, പ്രശ്‌നം അതിന്റെ പ്രയോഗത്തിലാണ്. ഈ വചനം പഴയ ഒരു ചരിത്രഘട്ടത്തില്‍ നിന്നെടുത്ത് അതുപയോഗിച്ച് ഇന്നത്തെ സ്ത്രീയുടെ വസ്ത്രധാരണത്തെ വിമര്‍ശിക്കുമ്പോള്‍ അത് ചരിത്രവിരുദ്ധവും, വ്യക്തിയുടെ മനുഷ്യാന്തസിനെ ബാധിക്കുന്നതുമായി മാറുന്നു.

നിയമാവര്‍ത്തനം എഴുതപ്പെട്ടത് പുരാതന ഇസ്രായേല്‍ സമൂഹത്തിന്റെ സാമൂഹികവും മതപരവുമായ പശ്ചാത്തലത്തിലാണ്. ഇന്നത്തെ ഒരു സ്ത്രീ ധരിക്കുന്ന ജീന്‍സ് അതേ രീതിയില്‍ പുരുഷന്റെ വസ്ത്രം എന്ന് നിര്‍വചിക്കാന്‍ കഴിയില്ല. ഉദാഹരണത്തിന് ഇന്ന് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേപോലെ ഉപയോഗിക്കാവുന്ന നിരവധി വസ്ത്രങ്ങളുണ്ട് അതിനാല്‍ വസ്ത്രത്തിന്റെ പേര് മാത്രം നോക്കി നിയമ. 22:5 പ്രയോഗിക്കുന്നത് വിശുദ്ധഗ്രന്ഥത്തെ വ്യാഖ്യാനിക്കുന്നതിലുള്ള ലളിതവൽക്കരണമാണ്.

ഈ പ്രസംഗത്തിലെ ഗുരുതരമായ പ്രശ്‌നം, സ്ത്രീയാണ് പ്രലോഭനത്തിന്റെ ഉത്തരവാദിയെന്ന ആശയമാണ്. പെണ്‍കുട്ടികള്‍ അശ്ലീലമായി വസ്ത്രം ധരിക്കുന്നു; പുരുഷന്മാര്‍ പ്രലോഭിതരാകുന്നു; അവര്‍ പാപത്തില്‍ വീഴുന്നു’ അതിന്റെ ഉത്തരവാദിത്വം പെണ്‍കുട്ടികള്‍ക്കാണ് എന്നത് കത്തോലിക്ക മോറല്‍ തിയോളജിയുടെ അടിസ്ഥാന തത്വങ്ങളുമായി പൊരുത്തപ്പെടുന്നില്ല. ccc:1736 പറയുന്നത് വ്യക്തമാണ്, നേരിട്ട് ഉദ്ദേശിച്ച പ്രവര്‍ത്തിയുടെ കര്‍ത്താവിനാണ്. ഉത്തരവാദിത്വം അവരവരുടേതാണ്. അതായത് ഒരാള്‍ മറ്റൊരാളുടെ വസ്ത്രം കണ്ടപ്പോള്‍ പ്രലോഭിതനായെങ്കില്‍ ആ പ്രലോഭനം ഉണ്ടായത് മാത്രം മറ്റൊരാളുടെ പാപമായി കരുതാന്‍ കഴിയില്ല. ഒരു വ്യക്തിക്ക് മാന്യതയില്ലാത്ത വസ്ത്രധാരണം ഉണ്ടാകാം, അത് കണ്ട വ്യക്തിയുടെ പ്രതികരണം എങ്ങനെയാകണം? ഇവ രണ്ടും രണ്ടാണ്. തന്റെ കണ്ണുകളെയും ചിന്തകളെയും ആഗ്രഹങ്ങളെയും നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം വ്യക്തിപരമാണ്.

പെണ്‍കുട്ടികള്‍ ഇങ്ങനെ വന്നു നില്‍ക്കുമ്പോള്‍ കുര്‍ബാന കൊടുക്കാനൊന്നും തോന്നാറില്ല എന്നത് പുരോഹിതന്റെ വ്യക്തിപരമായ വികാരപ്രകടനമായി കണ്ടാല്‍ പോലും അതിന് നീതീകരണമില്ല. കാരണം പുരോഹിതര്‍ വിശുദ്ധ കുര്‍ബാനയില്‍ ക്രിസ്തുവിന്റെ ശുശ്രൂഷകനാണ്. General Instructions for Roman Missal പ്രകാരം ദിവ്യബലിയിലെ തിരുവചനശുശ്രൂഷ വിശുദ്ധഗ്രന്ഥത്തിലെ നിര്‍ദ്ദിഷ്ടഭാഗം വിശദീകരിക്കുകയും ദിവ്യബലിയുടെ അര്‍പ്പണത്തിന് വിശ്വാസികളെ ഒരുക്കുകയും ചെയ്യലാണ്.

എന്തിനാണ് ഈ സാധനം പള്ളിയില്‍ വരുന്നതെന്ന് പ്രസംഗമദ്ധ്യേ അദ്ദേഹം ചോദിക്കുന്നു. ഓര്‍ക്കണം കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലത്തില്‍ സ്ത്രീയെ അധിക്ഷേപിക്കുന്ന വാക്കാണ് സാധനമെന്നത്. താത്രികുട്ടിയെയും സ്മാര്‍ത്തവിചാരത്തെയും മറന്നുകൊണ്ട് സംസാരിക്കുന്നത് ബലിവേദിയില്‍ നിന്നാണെന്ന് ഓര്‍ക്കണം. ആധുനികതയില്‍ അവള്‍ കേവലം ഉപഭോഗവസ്തുവാണെന്നും അത് പ്രഖ്യാപിക്കുന്നു. പുരുഷന്റെ ലൈംഗിക പ്രലോഭനത്തിന്റെ ഉത്തരവാദിത്വം സ്ത്രീയുടെ മേല്‍ ചുമത്തുക എന്നത് പഴകിതുരുമ്പിച്ച മതാധിപത്യത്തിന്റെ ഏറ്റവും നീചമായ ആയുധമാണ്. ദിവ്യബലി മദ്ധ്യേ ഒരു പുരോഹിതന് പറയാന്‍ കഴിയുന്ന വാക്കുകള്‍ അല്ല അവ.

അടുത്ത ഒരു പ്രയോഗം സാത്താന്‍ ചുരിദാറില്‍ കയറി ഷാളെടുത്തു എന്ന പ്രസ്താവനയാണ്. തുടര്‍ന്ന് സാത്താന്‍ സൈഡ് വെട്ടിച്ചു. ബോട്ടം ടൈറ്റ് ആക്കി. ഇതിന് കത്തോലിക്കാസഭയുടെ പ്രബോധനത്തില്‍ ഒരു അടിസ്ഥാനവുമില്ല.

സുവിശേഷത്തില്‍ ഈശോ പറയുന്നത് സ്ത്രീയെ ആസക്തിയോടെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തു കഴിഞ്ഞു എന്നല്ലേ? നോക്കൂ, യേശു പുരുഷന്റെ ഹൃദയത്തിന്റെ ഉത്തരവാദിത്വം പുരുഷനില്‍ തന്നെയാണ് വയ്ക്കുന്നത്.

ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ ദേവാലയത്തില്‍ വരേണ്ടതില്ല എന്നത് സഭയുടെ ആശയമാണോ? ഇല്ല. ഒരു വ്യക്തി സഭയില്‍ വന്നാല്‍ അവനോ അവളോ ആകട്ടെ ആദ്യം ക്രിസ്തുവിന്റെ അടുക്കലേക്ക് വരുന്നു. പള്ളിയുടെ പ്രവേശനം ഫാഷന്‍ ബേസ് ആക്കുന്നത് വിശുദ്ധ ഗ്രന്ഥത്തിന്റെ സ്വഭാവത്തോട് വിരുദ്ധമായ അജപാലന സമീപനമായി മാറാം.

സ്ത്രീയുടെ വസ്ത്രം പുരുഷനെ പാപത്തില്‍ വീഴ്ത്തുന്നു എന്ന ആശയത്തിന് മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. സ്ത്രീയുടെ ശരീരത്തെ പുരുഷന്റെ ആത്മീയ വീഴ്ചയുടെ കാരണം എന്ന രീതിയില്‍ അവതരിപ്പിക്കുന്ന അപകടം അതിനകത്ത് പതിയിരിക്കുന്നു. മനുഷ്യന്‍ ദൈവത്തിന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ടവനാണ്. അതുകൊണ്ട് ക്രൈസ്തവ മാന്യതയുടെ ലക്ഷണം ശരീരത്തെ ലജ്ജാകരമായ ഒന്നായി കാണിക്കുകയല്ല വ്യക്തിയുടെ അന്തസ്സിനെ സംരക്ഷിക്കുക എന്നാണ്.

നമ്മുടെ വസ്ത്രധാരണം മറ്റുള്ളവരുടെ അന്തസ്സിനെയും ആരാധനയുടെ ഗൗരവത്തെയും പരിഗണിക്കുന്നത് ആയിരിക്കട്ടെ എന്ന് ഒരു പുരോഹിതന് നിശ്ചയമായും പ്രബോധിപ്പിക്കാം. അധിക്ഷേപ വാക്ക്, കുര്‍ബാന കൊടുക്കാന്‍ തോന്നുന്നില്ല എന്ന അജപാലന വിരുദ്ധമായ നിലപാട്, സാത്താന്‍ എടുത്തു എന്നു പറയുന്ന അബദ്ധ ബോധ്യം, അവരെ കണ്ടിട്ട് പുരുഷന്മാര്‍ പാപത്തില്‍ വീണാല്‍ പെണ്‍കുട്ടിയാണ് ഉത്തരവാദി എന്ന നീതി നിഷേധവും പഴകി തുരുമ്പിച്ച സദാചാര സങ്കല്‍പ്പങ്ങളും സുവിശേഷത്തിന്റെ പേരില്‍ പ്രയോഗിക്കപ്പെടുന്നത് അബദ്ധമാണ്, ക്രിസ്തുവിരുദ്ധത തന്നെയാണ് എന്ന് തിരിച്ചറിയണം.

ധ്യാനപരിപാടികൾ വീണ്ടും വിചാരപ്പെടണം

വേമ്പനാട് ഡയലോഗ്‌സ് 2026: കേരളത്തിന്റെ നീല സമ്പദ് വ്യവസ്ഥയുടെ ഭാവി ചര്‍ച്ച ചെയ്യാന്‍ ആഗോള വിദഗ്ധര്‍ ചേര്‍ത്തല നൈപുണ്യയില്‍ ഒത്തുചേരുന്നു

വൈദികരുടെ ക്രിക്കറ്റ് മത്സരത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു കിരീടം

ഉന്മാദം

വചനമനസ്‌കാരം: No.234