മിഴിവട്ടത്തിലെ മൊഴിവെട്ടം

നാം ഒട്ടകത്തെ വിഴുങ്ങുന്നവരാണോ?

എം.പി. തൃപ്പൂണിത്തുറ

ഈ ലോകജീവിതത്തെ പരിശോധിക്കുകയും വിലയിരുത്തുകയും ക്രിസ്തുവിനെ അനുഗമിക്കാന്‍ നമ്മെ പ്രാപ്തമാക്കുകയാണ് വിശ്വാസബോധ്യങ്ങള്‍ ചെയ്യേണ്ടത്. ഭൗതികജീവിതത്തെ അതിന്റെ താല്‍കാലികതയില്‍ നിന്ന് അനശ്വരതയിലേക്ക് നയിക്കാന്‍ അപ്പോഴാണ് നമുക്കു കഴിയുക.

ശുദ്ധീകരാത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും നമ്മില്‍ നിന്ന് ദൈവസന്നിധിയിലേക്ക് കടന്നു പോയവരെ അനുസ്മരിക്കുകയും ചെയ്യുക എന്ന പ്രത്യക്ഷലക്ഷ്യത്തില്‍ ഒതുങ്ങുന്നതല്ല, നവംബര്‍ മാസാചരണത്തിന്റെ പ്രസക്തി. ഭൗതിക ജീവിതത്തെ ആത്മീയ ലക്ഷ്യത്തിലേക്ക് കൂട്ടിവിളക്കുന്ന കണ്ണിയായി നമ്മുടെ വിശ്വാസത്തെ തിരിച്ചറിയണം എന്ന ഓര്‍മ്മപ്പെടുത്തല്‍ അതിന്റെ അകപ്പൊരുളായുണ്ട് എന്നു നാം തിരിച്ചറിയണം.

ഈ കാലയളവില്‍ നമ്മില്‍ നിന്ന് ദൈവസന്നിധിയിലേക്ക് കടന്നുപോയവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച, അഥവാ അങ്ങനെ പ്രാര്‍ഥിച്ചാല്‍ നമുക്ക് എന്തു ലഭിക്കും എന്നതിനെക്കുറിച്ചുള്ള പാഠങ്ങള്‍ സഭാപ്രബോധനങ്ങളെപ്പോലും മറികടന്ന് ഒരു പൊതുബോധം നിര്‍മ്മിക്കുന്നത് നമുക്കു കാണാം.

വിശ്വാസത്തിന്റെ വ്യതിചലനത്തിന് കാരണമായി മാറുന്ന അത്തരം പ്രബോധനങ്ങളില്‍ പ്രധാനപ്പെട്ടത്. 1, സാമ്പത്തികമായി നാം ഉയരാത്തതിന് കാരണം, നമ്മുടെ പൂര്‍വികരുടെ പാപങ്ങളാണെന്നും, ശുദ്ധീകരാവസ്ഥയിലുള്ള അവരുടെ മോചനത്തിനായി നാം പ്രാര്‍ഥിക്കുന്നതിലൂടെ നമുക്ക് സാമ്പത്തികമായ അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയും എന്ന നിലയ്ക്കുള്ള പ്രബോധനമാണ്.

വിശ്വാസപ്രബോധനത്തിന് വിരുദ്ധമായി പ്രചരിപ്പിക്കപ്പെടുന്ന ഈ പ്രബോധനവും വരുന്നത് പുരോഹിതരില്‍ നിന്നു തന്നെയാണ്. ശുദ്ധീകരാത്മാക്കള്‍ തനതുവിധിയിലൂടെയാണ് ആ അവസ്ഥയില്‍ ആയിട്ടുള്ളതെന്നാണല്ലോ സഭാവീക്ഷണം. അവര്‍ അന്തിമശുദ്ധീകരണ ഘട്ടത്തിലാണെന്നും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നതിലൂടെ അവരുടെ ശുദ്ധീകരണകാലത്തിന്റെ ദൈര്‍ഘ്യം കുറയുമെന്നും അവര്‍ പറുദീസയിലേക്ക് ആനയിക്കപ്പെടുമെന്നും സഭാപാഠം നമ്മോടു പറയുന്നു. മാത്രമല്ല, അവരെ അനുസ്മരിച്ചുകൊണ്ട് ബലിയര്‍പ്പിക്കുന്നതിലൂടെ അദൃശ്യലോകത്തുള്ള അവരുമായി സഹവസിക്കാന്‍ നാം പഠിക്കുന്നുവെന്നും കത്തോലിക്കാ സഭയുടെ വേദാപദേശം നമ്മോടു പറയുന്നുണ്ട്.

പൂര്‍വിക ദോഷമെന്ന വിശ്വാസവിരുദ്ധമായ കാഴ്ചപ്പാടും, സമ്പത്ത് നേടുകയാണ് വിശ്വാസത്തിന്റെ ലക്ഷ്യമെന്ന വിശ്വാസ വ്യതിചലനവും ഇതിലൂടെ വിശ്വാസ സമൂഹത്തിനകത്ത് നിര്‍മ്മിക്കപ്പെടുകയാണ്.

പാപം തികച്ചും വ്യക്തിപരമായ കാര്യമാണെന്നും, നാമോരോരുത്തരും കണക്കുപറയാന്‍ ദൈവസന്നിധിയില്‍ നില്‍ക്കേണ്ടിവരുമെന്നും തനതുവിധിയില്‍ ഓരോ ആത്മാവും നമ്മുടെ പ്രവൃത്തികള്‍ക്കനുസരിച്ച് വിധിക്കപ്പെടുമെന്നും അവരുടെ പാപങ്ങള്‍ക്കുള്ള ശിക്ഷ അവര്‍ അനുഭവിക്കേണ്ടി വരുമെന്നും പഠിപ്പിക്കുന്ന സഭാപ്രബോധനത്തെ തള്ളിക്കളഞ്ഞുകൊണ്ടോ തമസ്‌ക്കരിച്ചുകൊണ്ടോ ആണ് ഈ പഠിപ്പിക്കലുകള്‍ നിര്‍ബാധം തുടരുന്നത്.

പൂര്‍വിക ദോഷമെന്ന വിശ്വാസവിരുദ്ധമായ കാഴ്ചപ്പാടും, സമ്പത്ത് നേടുകയാണ് വിശ്വാസത്തിന്റെ ലക്ഷ്യമെന്ന വിശ്വാസ വ്യതിചലനവും ഇതിലൂടെ വിശ്വാസസമൂഹത്തിനകത്ത് നിര്‍മ്മിക്കപ്പെടുകയാണ്. ഈ അബദ്ധങ്ങള്‍ പഠിപ്പിക്കുന്നവര്‍ ദൈവവചനത്തെയും കത്തോലിക്കാ വേദോപദേശത്തെയും തങ്ങളുടെ വികലമായ പ്രബോധനത്തെ ഉറപ്പിക്കാന്‍ ഉപയോഗിക്കുന്നുമുണ്ട്. ഇതുമാത്രമല്ല വിശ്വസവിരുദ്ധമായ പ്രബോധനങ്ങളുടെ നിരയിലുള്ളത്. ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകുമെന്ന തന്റെ പ്രവചനം നിറവേറി എന്നു പരസ്യപ്പെടുത്തി ലക്ഷക്കണക്കിനു വിശ്വാസികളുടെ ഇടയില്‍ ആള്‍ദൈവം ചമയുന്നവരും, തനിക്ക് പ്രത്യേക വെളിപാടുണ്ടായി അത് അനുസരിക്കുന്നവരുടെ ഏതാവശ്യവും അതുവഴി നേടാമെന്നു പഠിപ്പിക്കുന്നതിലൂടെ വിശ്വാസത്തെ കച്ചവടമാക്കുന്നവരും, ജീവിതത്തിലുണ്ടാകുന്ന എല്ലാ അസ്വസ്ഥതകളുടെയും കാരണം മന്ത്രവാദവും കൂടോത്രവും പൈശാചിക ആക്രമണമാണെന്നു പ്രഘോഷിക്കുന്നതിലൂടെ രക്ഷകരായി ചമയുന്നവരുമൊക്കെ ഈ വഴിയില്‍ നിര്‍ബാധം ചരിക്കുകയാണ്.

ഇതെല്ലാം പ്രതിപാദിക്കുക എന്നതല്ല, ഇവിടെ ലക്ഷ്യമാക്കുന്നത്. അനേകം ഇത്തരം പഠിപ്പിക്കലുകള്‍ നമുക്കിടയിലുള്ളതുകൊണ്ട് അത് ഒരു കുറിപ്പില്‍ ഒതുക്കുക സാധ്യവുമല്ല. പക്ഷെ, അവയെല്ലാം ഇങ്ങനെ നിര്‍ബാധം തുടരുന്നതെന്തുകൊണ്ട് എന്ന ചോദ്യമാണ് ഇതിലൂടെ നാം മുന്നോട്ടു വയ്ക്കുന്നത്.

ഇതിനെ ചോദ്യം ചെയ്യുന്നവരും സഭയുടെ യഥാര്‍ഥ പ്രബോധനം പറയുന്നവരും സത്യം പറയുമ്പോള്‍ വിശ്വാസികള്‍ക്കിടയില്‍ നിന്ന് നിരന്തരം കേള്‍ക്കുന്ന ഒരു ചോദ്യമുണ്ട്. ഇവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തെറ്റാണെങ്കില്‍ എന്തുകൊണ്ട് സഭ ഇത്തരം പഠിപ്പിക്കലുകളെ നിരോധിക്കുന്നില്ല? പഠിപ്പിക്കുന്നവരില്‍ മഹാഭൂരിപക്ഷവും പുരോഹിതരല്ലേ, അവര്‍ പറയുന്നത് പ്രബോധനപരമായിരിക്കില്ലേ? അവരെ വിമര്‍ശിക്കുന്നത് ശരിയാണോ?

ആചാരങ്ങളുടെ വൈവിധ്യത്തെച്ചൊല്ലിയും അനുഷ്ഠാനത്തിന്റെ രീതിശാസ്ത്രത്തെ സംബന്ധിച്ചും കടുകട്ടിയായ നിലപാടുകളും നിയമങ്ങളുടെ അപ്രമാദിത്വവും ഉച്ചൈസ്ഥരം വിളിച്ചുപറയുകയും വിമര്‍ശിക്കുന്നവരെയും വിയോജിക്കുന്നവരെയും വിലക്കിയും വിമതരായി ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്യാന്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന്റെ കാവലാളുകളായ ശ്രേഷ്ഠ ശുശ്രൂഷകര്‍ വിശ്വാസത്തിന്റെ ഏകതയെ തുരങ്കംവയ്ക്കുന്നവരെ കണ്ടില്ലെന്ന് നടിക്കുന്നത് എന്തുകൊണ്ടായിരിക്കും?

അധികാരത്തിന്റെ സിംഹാസനങ്ങള്‍ക്കുവേണ്ടി നിയമത്തിന്റെ കുരുക്കുകള്‍ മുറുക്കാന്‍ ശ്രമിക്കുന്നവരും സമ്പത്തിന്റെ ക്രയവിക്രയങ്ങളില്‍ മുങ്ങിത്താണ് വിശ്വാസപാലനത്തെ കാര്യമായി പരിഗണിക്കാത്തവരുമായി നാം മാറിത്തീരുന്നതെന്തുകൊണ്ടാണ്? വിശ്വാസത്തിന്റെ കാതലായ പ്രബോധനങ്ങളെ കാറ്റില്‍ പറത്തുന്നവരെ നിയന്ത്രിക്കാതെ തങ്ങളുടെ അധികാരത്തെ ഉറപ്പിച്ചെടുക്കാനുള്ള തത്രപ്പാടില്‍ ചോര്‍ന്നുപോകുന്ന വിശ്വാസ മൂല്യങ്ങളെ കാണാതെ പോവുകയാണോ? കൊതുകിനെ അരിച്ചു നീക്കുന്നവരും ഒട്ടകത്തെ വിഴുങ്ങുന്നവരുമായി നാം മാറിത്തീരുകയാണോ?

തിരുഹൃദയ തിരുനാളില്‍ പാപ്പ 32 പേര്‍ക്ക് പൗരോഹിത്യം നല്‍കി

ഗണ്ടോള്‍ഫോ കൊട്ടാരം മാര്‍പാപ്പയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു

ജീവിതകഥ

ക്രിസ്തുവിന്റെ സുഹൃത്തുക്കളായതിനാല്‍ വൈദികര്‍ സന്തോഷമുള്ളവരായിരിക്കണം : ലിയോ മാര്‍പാപ്പ

ദമാസ്‌കസ്: കൂട്ട മൃതസംസ്‌കാരത്തിന് പാത്രിയര്‍ക്കീസുമാര്‍ നേതൃത്വം നല്‍കി