ബാബുവിന് ഓര്‍മ്മശക്തി കുറവാണ്. അതാണ് പ്രശ്‌നം. പെട്ടെന്ന് പഠിച്ചു കഴിയും. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു ഉത്തരം ഭംഗിയായി പറയുകയും ചെയ്യും. അതേ ചോദ്യങ്ങള്‍ രണ്ടു ദിവസം കഴിഞ്ഞു ചോദിച്ചാല്‍ ഒട്ടും ഓര്‍മ്മയില്ല. അമ്മ എല്ലാ ദിവസവും വൈകുന്നേരം പഠിപ്പിക്കാനായി കൂടെ ഇരിക്കാറുണ്ട്. പക്ഷെ മിക്ക ദിവസവും ശകാരം, ഒച്ച, കരച്ചില്‍ എല്ലാമായിട്ടാണ് പഠന സമയം അവസാനിക്കുന്നത്. സഹികെടുമ്പോള്‍ അച്ഛന്‍ ഇടപെടും. മദ്ധ്യവര്‍ത്തിയായും ജഡ്ജിയായും അരങ്ങേറി സമാധാനം പുനഃസ്ഥാപിക്കാന്‍ തുടങ്ങും. മാതാപിതാക്കളുടെ പ്രതീക്ഷക്കൊത്ത് ബാബുവിന്റെ ഓര്‍മ്മശക്തി വളരാത്തതുമൂലമുള്ള വന്‍ ദുരന്തം കുടുംബം മുഴുവനും അനുഭവിക്കേണ്ടിവരുന്നു. ഇവിടെ കുട്ടികള്‍ക്ക് ശാസ്ത്രീയമായ പഠനരീതിയുടെ അ ഭാവമാണ് പ്രശ്‌നം. വിദ്യാഭ്യാസ വിചക്ഷണന്മാര്‍ പരീക്ഷിച്ചറിഞ്ഞശേഷം മുന്നോട്ടു വച്ച ഒരു സമവാക്യം പഠനത്തിനുണ്ട്. SQ3R എന്നാണ് ആ സമവാക്യമറിയപ്പെടുന്നത്. അമേരിക്കയിലെ ചില സര്‍വ്വകലാശാലകളാണ് ഈ പഠനസമവാക്യം മുന്നോട്ടുവച്ചത്. നന്നായി പഠിക്കാനും വളരാനും പഠനത്തെ ശാസ്ത്രീയമായും മനഃശാസ്ത്രപരമായും സമീപിക്കേണ്ടിയിരിക്കുന്നു.
നിരീക്ഷണം (Surveying)
നിരീക്ഷണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്നു നോക്കാം. പഠിക്കാന്‍ തുടങ്ങുന്നതിനുമുമ്പ് പഠനസാമഗ്രിയെ മൊത്തത്തില്‍ ഒന്നു കണ്ണോടിക്കുന്നതാണ് നിരീക്ഷണമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പുസ്തകത്തിന്റെ പേര്, ഗ്രന്ഥകര്‍ത്താവ്, ഉള്ളടക്കം അവതാരികയും മുഖവുരയും ഉണ്ടെങ്കില്‍ ഇവയൊക്കെ ഒന്നു കണ്ണോടിച്ചാല്‍ വിവരങ്ങള്‍ വേഗത്തില്‍ ആഗിരണം ചെയ്യുന്നതിന് മനസ്സിനെ അതു കൂടുതല്‍ സജ്ജമാക്കും. പഠനത്തിന് മനസ്സില്‍ ഒരു പ്രതലമൊരുക്കാന്‍ ഇത്തരം നിരീക്ഷണം സഹായിക്കുന്നു.
ചോദ്യം ചോദിക്കല്‍ (Questioning)
വിഷയത്തെ സംബന്ധിച്ച് കുറച്ചു ചോദ്യങ്ങള്‍ ഒരുക്കുന്നതാണ് അടുത്ത പടി. എന്ത്, എങ്ങനെ, എന്തുകൊണ്ട്, എവിടെ, എപ്പോള്‍ തുടങ്ങിയ ചോദ്യങ്ങള്‍ വിഷയത്തെ സംബന്ധിച്ച് ഉണ്ടാകുന്നതാണ് ഈ ഘട്ടം. വിമര്‍ശനബുദ്ധിയോടെ വിഷയത്തെ സമീപിക്കാനും വിലയിരുത്താനും ഇതു സഹായിക്കുന്നു. മനസ്സില്‍ നിറയുന്ന വിവിധ ചോദ്യങ്ങളുടെ മറുപടി കണ്ടെത്താനുള്ള ശ്രമമാകണം ഈ ഘട്ടത്തിലെ പ്രധാന വിഷയം.
വായന (Reading)
എങ്ങനെയാണ് വായിക്കേണ്ടത് എന്നതിനും ഒരു സമവാക്യം ഉണ്ട്. SRSW എന്ന സമവാക്യം. SR എന്നാല്‍ വായന (Speed Reading) എന്നു സാരം. എത്ര വേഗത്തില്‍ വായിക്കാമോ അത്രയും വേഗത്തില്‍ വായിക്കുക. വായനയ്ക്കു വേഗം കൂട്ടാനായി വരികള്‍ക്കിടയില്‍ വിരലോടിച്ചു വായിച്ചാല്‍ മതിയാകും. വിരലുകള്‍ നീങ്ങുന്നതനുസരിച്ച് കണ്ണും മനസ്സും ചലിപ്പിക്കണം. അപ്പോള്‍ വായിക്കുന്ന കാര്യങ്ങള്‍ മനസ്സ് ഹൃദിസ്ഥമാക്കിക്കൊണ്ടിരിക്കും. സമവാക്യത്തില്‍ SW പറയുന്നത്. വേഗത്തിലുള്ള വായനയ്‌ക്കൊപ്പം പ്രധാന ആശയങ്ങള്‍ക്കിടയില്‍ വരയിടുകയോ, വേഗത്തില്‍ കുറിച്ചെടുക്കുകയോ ചെയ്യുക. ലളിതമായ വാക്യത്തില്‍ വേണം പ്രധാന ആശയങ്ങള്‍ കുറിച്ചെടുക്കേണ്ടത്.
ഓര്‍മ്മിക്കല്‍ (Recalling)
വായിച്ചു ഗ്രഹിച്ച കാര്യങ്ങള്‍ ഒന്ന് ഓര്‍ത്തെടുക്കുന്നതാണ് (Recall) നാലാമത്തെ ഘട്ടം. ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നെങ്കില്‍ ഉറക്കെ (Reciting) വായിച്ചു ശീലിക്കണം. ഉറക്കെ വായിക്കുന്നതു ഫലപ്രദമാണെന്നാണ് കണ്ടെത്തല്‍. നോട്ടു കുറിച്ചുവച്ച പ്രധാന വസ്തുതകള്‍ ഉറക്കെ വായിച്ചാലും മതിയാകും. പഠിച്ച കാര്യങ്ങള്‍ മനസ്സില്‍ ഓര്‍ത്തെടുക്കുന്നത് വിവരങ്ങള്‍ കേള്‍ക്കുന്നതിനു സമമാണ്. കുറിച്ചുവച്ചതിനുശേഷം വിവരങ്ങള്‍ ഓര്‍ക്കുമ്പോള്‍ കൂടുതല്‍ ഫലം ഓര്‍മശക്തിക്കുണ്ടാകുന്നു.
ആവര്‍ത്തനം (Revising)
അവസാനത്തേതും വളരെ പ്രധാനപ്പെട്ടതുമായ ഘട്ടമാണ് ആവര്‍ത്തനം (Revise) എന്ന ഘട്ടം. ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ഈ വായനയും വേഗത്തിലാകണം. അപ്പോള്‍ പഠനവസ്തുതകള്‍ താല്‍ക്കാലിക ഓര്‍മ്മയില്‍ നിന്നും സ്ഥിരമായ ഓര്‍മ്മയിലെത്തിക്കാനാകും. ഇവിടെ വായനയില്‍ വരുന്ന സംശയങ്ങള്‍ തത്സമയം തന്നെ ദുരീകരിക്കുന്നു. അതുപോലെ ആഴ്ചയുടെ അവസാനവും ആ വിവരങ്ങള്‍, അതേ പാഠഭാഗങ്ങള്‍ വീണ്ടും വായിക്കുന്നു. മാസത്തിലൊരിക്കല്‍ അവ വീണ്ടും വായിച്ചു വിവരങ്ങള്‍ പുതുക്കുന്നു.
കുട്ടികള്‍ക്ക് സ്വയം ചെയ്യാവുന്ന തെറാപ്പികള്‍:
മൈന്‍ഡ് മാപ്പിങ്ങ്
പഠിച്ചതു മറക്കാതിരിക്കാന്‍ മൈന്‍ഡ് മാപ്പിങ്ങ് നല്ലതാണ്. അതായത് ആ വിഷയത്തെ കുറിച്ചുള്ള ഒരു ഭാവനാചിത്രം മെനഞ്ഞെടുക്കുക. ഉദാഹരണത്തിന് പൂമ്പാറ്റയുടെ ജീവിത ചക്രം പഠിക്കാന്‍ ആദ്യം ഒരു കുഞ്ഞിപ്പുഴുവിനെ വരയ്ക്കുക. അതു നോക്കി മനസ്സിലുറപ്പിക്കുക. ഇടയ്ക്കിടയ്ക്ക് അതിലേക്ക് നോക്കി ഹൃദ്യസ്ഥമാക്കി മനസ്സില്‍ അതിനെ താഴിട്ടു പൂട്ടിവയ്ക്കുക.
സെല്‍ഫ് ഹിപ്‌നോസിസ്
ഈ ടെക്‌നിക് എല്ലാ ദിവസവും രാത്രി കിടക്കുന്നതിനു മുമ്പും രാവിലെയുമാണ് ചെയ്യേണ്ടത്. ഈ സമയത്താണ് നമ്മുടെ ഉപബോധമനസ്സ് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തനനിരതരായിരിക്കുന്നത്. ഈ മനസ്സാണ് ഒരാളുടെ വി കാരങ്ങളെയും പ്രവൃത്തികളെയും സ്വാധീനിക്കുന്നത്. ബഹളങ്ങെളാന്നുമില്ലാത്ത ഒരു സ്ഥലത്ത് ഒരു കസേരയില്‍ ഇരുന്ന് കണ്ണുകളടയ്ക്കുക. 30 മുതല്‍ പൂജ്യം വരെ എണ്ണുക. വെറുതെ എണ്ണിയിട്ടു കാര്യമില്ല. അതില്‍ തന്നെ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിക്കണം. ഇനി, ദീര്‍ഘമായി ശ്വാസം എടുക്കുക, ദീര്‍ഘമായി നിശ്വസിക്കുക. ഇതോടെ മനസ്സിലെ പിരിമുറുക്കങ്ങളെല്ലാം അയഞ്ഞ് മനസ്സ് സ്വതന്ത്രവും ശാന്തവുമാകുന്നത് അനുഭവിച്ചറിയാം. അടുത്ത പ്രാവശ്യം ദീര്‍ഘമായി ശ്വാസമെടുക്കുമ്പോള്‍ നമുക്ക് വേണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്ന ഗുണം കിട്ടിയതായി മനസ്സില്‍ പറയുക. ഉദാഹരണത്തിന്, പരീക്ഷാപേടി മാറി ഞാന്‍ തികഞ്ഞ ആത്മവിശ്വാസമുള്ളയാളായി എന്നു പറയാം. ഇനി ശ്വാസം പുറത്തേക്കു വിടുമ്പോള്‍ പരീക്ഷാപേടിയും ടെന്‍ഷനും പോയി എന്നു വിശ്വസിക്കുക.
റിലാക്‌സേഷന്‍ മാര്‍ഗ്ഗങ്ങള്‍
ദിവസവും രണ്ടു നേരം ചെയ്യാവുന്ന ഒരു റിലാക്‌സേഷന്‍ ടെക്‌നിക്കാണിത്. തറയില്‍ പായ വിരിച്ച് കിടക്കുക. കണ്ണടച്ച് മനസ്സിന്റെ ശ്രദ്ധ തള്ളവിരല്‍ മുതല്‍ മറ്റു വിരലുകളിലേക്കു കൊണ്ടുവരിക. അവയുടെയെല്ലാം പേശികള്‍ അയഞ്ഞതായി സങ്കല്‍പ്പിക്കുകയും അയച്ചു വിടുകയും ചെയ്യുക. ഇങ്ങനെ തന്നെ, കാല്‍വിരല്‍ മുതല്‍ തല വരെയുള്ള ഓരോ ശരീര ഭാഗത്തിലേക്കും ശ്രദ്ധ കൊണ്ടുവരികയും പേശികള്‍ അയച്ചുവിടുകയും ചെയ്യാം. അവസാനം മൂക്കിന്റെ അഗ്രഭാഗത്തേക്കു ശ്രദ്ധ കേന്ദ്രീകരിക്കുക. ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോള്‍ ഒരു തണുപ്പും പുറത്തേക്ക് വിടുമ്പോള്‍ ഒരു ചൂടും അനുഭവപ്പെടും. ഇങ്ങനെ, 15-20 പ്രാവശ്യം ശ്വാസഗതി മാത്രം ശ്രദ്ധിച്ച് ശ്വാസോച്ഛ്വാസം ചെയ്യുക. മനസ്സ് ആകുലതകളും ആശങ്കകളും അകന്ന് ശാന്തമാകുന്നത് അനുഭവിച്ചറിയാം.
മാതാപിതാക്കള്‍ ചെയ്യേണ്ടത്
മക്കളുടെ ചങ്ങാതിയായി മക്കള്‍ക്ക് ആത്മവിശ്വാസം പകരണം. പഠിക്കാനുള്ള സാഹചര്യം ഒരുക്കണം. സഹായങ്ങള്‍ ചെയ്തു കൊടുക്കണം. പ്രോത്സാഹനം നല്‍കണം. വഴക്കുകള്‍, ശാസനകള്‍, ശാപവാക്കുകള്‍, കൂടുതല്‍ ടെന്‍ഷന്‍ ഉണ്ടാക്കുന്ന ചോദ്യങ്ങള്‍ എന്നിവ ഒഴിവാക്കണം. രോഗങ്ങള്‍ വരാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. ടെലിവിഷന്‍, സിനിമ എന്നിവയില്‍ നിയന്ത്രണം വേണം. തെറ്റുകളും പോരായ്മകളും ചൂണ്ടിക്കാട്ടി പിരിമുറുക്കം സൃഷ്ടിക്കരുത് കുറ്റപ്പെടുത്തരുത്, അനുഭാവപൂര്‍വ്വമുള്ള സംസാരം മതി. ഇവിടെ കുടുംബാന്തരീക്ഷം ഒരു കൗണ്‍സലിംഗ് സെന്റര്‍ പോലെ ആയി മാറുക എന്നതാണ് ഏറ്റവും പ്രധാനം.