വിശുദ്ധ ഇസിദോര്‍ (560-636) : ഏപ്രില്‍ 4

വിശുദ്ധ ഇസിദോര്‍ (560-636) : ഏപ്രില്‍ 4
ജീവിതത്തില്‍ തിരിച്ചടികള്‍ ഉണ്ടാകുമ്പോള്‍ നിരാശരാകാ തിരിക്കുക. അവ വിജയത്തിന്റെ ആരംഭമായിരിക്കും. അവ നിങ്ങളെ നശിപ്പിക്കുകയല്ല, പാഠം പഠിപ്പിക്കുകയാണു ചെയ്യുക. എത്രയേറെ കഷ്ടതകള്‍ ജീവിതത്തിലുണ്ടായാലും ഓര്‍ക്കുക, അതിലും വലുത് പിന്നാലെ വരുന്നുണ്ടെന്ന്. ഇന്ന് എത്രയേറെ സങ്കടമുണ്ടായാലും വിഷമിക്കാതിരിക്കുക; കാരണം, പിന്നീടുണ്ടാകുന്ന സന്തോഷം അതിന്റെ ഇരട്ടിയായിരിക്കും.
വി. ഇസിദോര്‍
പ്രസിദ്ധമായ ഒരു റോമന്‍ പ്രഭുകുടുംബത്തില്‍ ജനിച്ച ഇസിദോര്‍ വളര്‍ന്നത് സ്‌പെയിനിലെ കാര്‍ത്തജീന എന്ന സ്ഥലത്താണ്. മൂന്നു വിശുദ്ധര്‍ വളര്‍ന്നുവന്ന ഒരു മാതൃകാകുടുംബത്തിലെ ഇളയസന്തതിയായിരുന്നു ഇസിദോര്‍. മൂത്തസഹോദരന്‍ വി. ലിയാണ്ടര്‍, സെവില്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായിരുന്നു. രണ്ടാമത്തെ ജ്യേഷ്ഠന്‍ വി. ഫുള്‍ജെന്റിയസ് ഈജിയ രൂപതയുടെ ബിഷപ്പായിരുന്നു. സഹോദരി വി. ഫ്‌ളോറന്റീന ഭക്തയും സമര്‍ത്ഥയുമായ ഒരു കന്യാസ്ത്രീയായിരുന്നു. നാല്പതു കോണ്‍വെന്റുകളിലായി ആയിരം കന്യാസ്ത്രീകളുടെ ഉത്തരവാദിത്വം ഈ വിശുദ്ധ ഏറ്റെടുത്തിരുന്നു.

599-ല്‍ സഹോദരന്‍ ലിയാണ്ടര്‍ മരണമടഞ്ഞപ്പോള്‍ സെവില്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഇസിദോര്‍ തിരഞ്ഞെടുക്കപ്പെട്ടു. 37 വര്‍ഷമാണ് വിജയകരമായി രൂപതാഭരണം നിര്‍വഹിച്ചത്. 200 വര്‍ഷക്കാലം സ്‌പെയിനിന്റെ ഭരണാധികാരികളായിരുന്ന വിസിഗോസ്ത് എന്ന ആര്യന്‍ പാഷണ്ഡികള്‍ മാനസാന്തരപ്പെട്ടു സത്യവിശ്വാസത്തിലേക്കു വന്നത് ഇസിദോറിന്റെ ഭരണകാലത്താണ്.

പണ്ഡിതനും പ്രതിഭാശാലിയുമായിരുന്ന ഇസിദോറിന്റെ കാലത്ത് സഭയില്‍ ഉത്തരവാദിത്വപൂര്‍ണ്ണമായ അച്ചടക്കം നിലവില്‍ വന്നു. സന്ന്യാസത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. 633-ല്‍ ടൊളെദോയില്‍ അദ്ദേഹം സംഘടിപ്പിച്ച നാലാം നാഷണല്‍ കൗണ്‍സിലിലാണ് വളരെ പ്രമുഖമായ ഒരു തീരുമാനമെടുത്തത്. ഓരോ ബിഷപ്പും തന്റെ രൂപതയില്‍ ഒരു സെമിനാരി സ്ഥാപിക്കണമെന്നും ഗ്രീക്ക്, ഹീബ്രു മുതലായ ഭാഷകളുടെയും നിയമം, മെഡിസിന്‍ തുടങ്ങിയ വിജ്ഞാനശാഖകളുടെയും പഠനം പ്രോത്സാഹിപ്പിക്കണമെന്നുമായിരുന്നു ആ തീരുമാനം.

അസാധാരണ പണ്ഡിതനായിരുന്ന ഇസിദോര്‍ അറിയപ്പെടുന്നത്, പുരാതന ക്രിസ്തീയ തത്ത്വചിന്തകരില്‍ അവസാനത്തെ വ്യക്തിയും മഹാന്മാരായ ലാറ്റിന്‍ സ്‌കോളേഴ്‌സില്‍ പ്രമുഖനുമായിട്ടാണ്. ഇസിദോര്‍ സ്പാനീഷ് കുര്‍ബാനക്രമവും ആരാധനക്രമവും പരിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്തു.

മദ്ധ്യകാലഘട്ടത്തിലെ പ്രധാന 'ഗുരുനാഥനാ'യിട്ടാണ് ഇസിദോര്‍ അറിയപ്പെടുന്നതു തന്നെ. എല്ലാ വിജ്ഞാനശാഖകളിലും അദ്ദേഹം പണ്ഡിതനായിരുന്നു. "Etymologiac'' എന്നത് അദ്ദേഹത്തിന്റെ രചനകളിലെ മാസ്റ്റര്‍പീസാണ്. അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഒരു 'സര്‍വ്വവിജ്ഞാനകോശ'മാണത്. മദ്ധ്യകാലഘട്ടത്തില്‍ ദൈവശാസ്ത്രം, സന്ന്യാസം, ചരിത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം, വ്യാകരണം, ആത്മകഥ തുടങ്ങി സകല വിഷയങ്ങളുടെയും മുഖ്യപാഠപുസ്തകമായിരുന്നു ആ ഗ്രന്ഥം.

സഭാപിതാക്കന്മാരുടെ ഗ്രന്ഥങ്ങളില്‍നിന്ന് ശേഖരിച്ച വിജ്ഞാന മുത്തുകളുടെ ഒരു ശേഖരവും 'Sentences' എന്ന പേരില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.

636 ഏപ്രില്‍ 4-ാം തീയതി 76-ാമത്തെ വയസില്‍ മരണമടഞ്ഞ ഇസിദോര്‍, 1598-ല്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. 1722-ല്‍ പോപ്പ് ബനഡിക്ട് XIV അദ്ദേഹത്തെ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിക്കുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org