2023 ഒക്‌ടോബര്‍ 7 ന് ഹമാസ് ഇസ്രയേലില്‍ നടത്തിയ കൂട്ടക്കുരുതിയുടെ മുഖ്യ സൂത്രധാരന്‍ എന്ന് വിശ്വസിക്കപ്പെടുന്ന യാഹ്യ സിന്‍വാര്‍ ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 17 ന് കൊല്ലപ്പെട്ടു. 1200 ലേറെ ഇസ്രയേല്‍ പൗരന്മാരെ കൊലപ്പെടുത്തിക്കൊണ്ട് ഹമാസ് തുടങ്ങിവച്ച യുദ്ധത്തില്‍ ഇസ്രയേല്‍ ഇതുവരെ 42000-ത്തില്‍പ്പരം പലസ്തീന്‍കാരെ കൊന്നൊടുക്കി. അവരില്‍ വലിയ സംഖ്യ സ്ത്രീകളും കുട്ടികളുമാണ്.
ഇസ്രയേല്‍ ഈ തിരിച്ചടി ആരംഭിച്ചശേഷം ഹമാസിന്റെ നിരവധി പ്രമുഖ നേതാക്കള്‍ വധിക്കപ്പെട്ടു. ഹമാസിന്റെ മിലിട്ടറി വിഭാഗം തലവനായ മൊഹമ്മദ് ജൂലൈ 13 ന് കൊല്ലപ്പെട്ടു. മുമ്പ് നിരവധി വധശ്രമങ്ങളില്‍ നിന്ന് രക്ഷപ്പെട്ടയാളാണ് ദീഫ്. ഹമാസിന്റെ പൊളിറ്റിക്കല്‍ വിഭാഗം ചെയര്‍മാനായ ഇസ്മയില്‍ ഹനിയ ജൂലൈ 31 ന് ഹനിക്കപ്പെട്ടു. ഹിസ്ബുള്ള ഗ്രൂപ്പിന്റെ നേതാവായ ഹസന്‍ നസ്‌റള്ള സെപ്തംബര്‍ 27-നു ബെയ്‌റൂട്ടില്‍ നടന്ന ബോംബ് ആക്രമണത്തില്‍ മരിച്ചു. ഏറ്റവും ഒടുവില്‍ യാഹ്യ സിന്‍വാറും.
ഹമാസിനെയും ഹിസ്ബുള്ളയെയും തുടച്ചുനീക്കുകയാണ് ഇസ്രയേലിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇറാനെ ഇല്ലാതാക്കും എന്നും പറഞ്ഞിട്ടുണ്ട്. അത്തരം ഒരു യുദ്ധത്തിലേക്ക് നീങ്ങാന്‍ അമേരിക്കയും സഖ്യകക്ഷികളും അനുവദിക്കുമെന്ന് തോന്നുന്നില്ല. അതൊരു ലോകമഹായുദ്ധമായി പരിണമിക്കുമെന്ന ആശങ്ക ലോകം മുഴുവനുമുണ്ട്.
ഇങ്ങനെ തീവ്രവാദ സംഘടനകളുടെ നേതാക്കന്മാരെ കൊന്നൊടുക്കിയാല്‍ ഇസ്രയേല്‍ ആഗ്രഹിക്കുന്ന സുരക്ഷ അവര്‍ക്ക് ലഭിക്കുമോ? സിന്‍വാറിന്റെയും മൊഹമ്മദ് ദീഫിന്റെയും ഹസന്‍ നസ്‌റള്ളയുടെയും സ്ഥാനത്തേക്ക് കടന്നുവരാന്‍ പുതിയ ആളുകള്‍ ഉണ്ടാകില്ലെന്ന് ഇസ്രയേലിന് ഉറപ്പിക്കാന്‍ കഴിയുമോ?
ഓരോ യുദ്ധത്തിന്റെയും കെടുതികള്‍ ഏറ്റുവാങ്ങുന്ന കുട്ടികളാണ് നാളത്തെ തീവ്രവാദികളാകുന്നത്. അവരെ മുന്നോട്ട് നയിക്കുന്നത് പ്രതികാരദാഹം ആയിരിക്കും.
ഓരോ യുദ്ധത്തിന്റെയും കെടുതികള്‍ ഏറ്റുവാങ്ങുന്ന കുട്ടികളാണ് നാളത്തെ തീവ്രവാദികളാകുന്നത്. അവരെ മുന്നോട്ട് നയിക്കുന്നത് പ്രതികാരദാഹം ആയിരിക്കും. അനുഭവിക്കുന്നതും കാണുന്നതുമായ അക്രമങ്ങള്‍ കുട്ടികളുടെ മനസ്സുകളെ പിടിച്ചുലയ്ക്കും. ആളിപ്പടരാന്‍ കാത്തിരിക്കുന്ന തീപ്പൊരികളായി അവ കിടക്കും. ഗാസയില്‍ കൊല്ലപ്പെട്ട കുട്ടികളെപ്പോലെ രക്ഷപ്പെട്ട കുട്ടികളുമുണ്ട്. ഇസ്രയേല്‍ കൈവരുത്താന്‍ ആഗ്രഹിക്കുന്ന സുരക്ഷയ്ക്ക് ഭാവിയില്‍ അവരാകും ഭീഷണി.
നാളെ ലോകം സമാധാനപൂര്‍ണ്ണമായി മുന്നേറണമെങ്കില്‍ ഇന്ന് കുട്ടികളുടെ ജീവിതത്തില്‍ സ്‌നേഹവും കരുതലും സമാധാനവും നിറയ്ക്കണം. യുദ്ധം സമാധാനം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നത് മൗഢ്യമാണ്. അത് താല്‍ക്കാലിക വെടി നിര്‍ത്തല്‍ പോലുള്ള അവസ്ഥയായിരിക്കും. മോങ്ങാനിരിക്കുന്ന ഈ നായയുടെ തലയില്‍ തേങ്ങ വീഴണ്ട, മച്ചിങ്ങ മതി മിസൈലുകള്‍ പായാന്‍.
ലോകമെങ്ങും മുതിര്‍ന്നവര്‍ കുട്ടികളുടെ നിഷ്‌കളങ്കത കവര്‍ന്നെടുക്കുകയാണ്. കുട്ടികള്‍ക്കു വേണ്ടി ജീവിക്കുന്ന മുതിര്‍ന്നവരാണ് ഇന്ത്യയിലുള്ളതെന്ന് പറയാറുണ്ട്. കുട്ടികള്‍ക്കും കുടുംബത്തിനും വേണ്ടി ജീവിക്കാന്‍ മറന്നുപോയ അനേകരെ ചൂണ്ടിക്കാട്ടാനുമാകും. ഇതൊരു മിഡില്‍ ക്ലാസ്സ് സംസ്‌കാരത്തിന്റെ മൂല്യബോധത്തിന്റെ ഭാഗമാണ്. സാമ്പത്തികമായി ഉയര്‍ന്ന വര്‍ഗത്തിലും താഴ്ന്ന വര്‍ഗത്തിലും ഇതല്ല സ്ഥിതി.
നോബല്‍ സമ്മാന ജേതാവായ കൈലാഷ് സത്യാര്‍ത്ഥിയുടെ 'ബച്പന്‍ ബചാവോ ആന്ദോളന്‍' (ബി ബി എ) 1981 നുശേഷം ഒന്നരലക്ഷം കുട്ടികളെ കഠിനമായ ബാലവേലയില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. നിരവധി നിയമങ്ങളുടെ പരിരക്ഷ ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും കുട്ടികള്‍ക്കുണ്ടെങ്കിലും ബാലവേലയും കുട്ടികളെ ദുരുപയോഗിക്കുന്നതും അവസാനിച്ചിട്ടില്ല.
എല്ലാ ദിവസവും എന്നോണം കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതിന്റെയും ലൈംഗിക ചൂഷണത്തിനായി വില്‍ക്കപ്പെടുന്നതിന്റെയും ഇഷ്ടികക്കളങ്ങളില്‍ അടിമവേല ചെയ്യുന്നതിന്റെയും സംഭവവിവരണങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. കടുത്ത ദാരിദ്ര്യം മൂലം കുട്ടികളെ വില്‍ക്കുകയോ ദത്തു കൊടുക്കുകയോ ചെയ്യുന്ന മാതാപിതാക്കളുടെ എണ്ണം വര്‍ധിക്കുകയാണ്. ബി ബി എ രക്ഷപ്പെടുത്തിയ ഒന്നരലക്ഷം കുട്ടികളില്‍ ഏതാനും പേരുടെ ഞെട്ടിപ്പിക്കുന്ന കഥകള്‍ സത്യാര്‍ത്ഥി Why didn't you come sooner എന്ന കൃതിയില്‍ വിവരിക്കുന്നുണ്ട്.
ഒരു ആറു വയസ്സുകാരനെ സ്വന്തം വീട്ടുകാരും ഗ്രാമക്കാരും നിര്‍ഭാഗ്യമായും അപശകുനമായുമാണ് കണ്ടിരുന്നത്. മന്ത്രവാദികളുടെ ഉപദേശപ്രകാരം കുട്ടിയെ ബലികഴിച്ച് ദേവപ്രീതി നേടുവാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. ഗാഢമായ ഉറക്കത്തില്‍ ആയിരുന്ന കുട്ടിയെ വനത്തിലെ അമ്പലത്തില്‍ കൊണ്ടുവന്ന് ബലി കൊടുക്കാന്‍ വാള്‍ വീശുമ്പോള്‍ കുട്ടി ഉണര്‍ന്നു. നെറ്റിയില്‍ നിന്ന് ഒരു കഷണം മാംസം അടര്‍ന്നുപോയെങ്കിലും കുട്ടി മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. കുട്ടി മരിച്ചതായി കരുതിയ മുതിര്‍ന്നവര്‍ 'ജഡം' ഒരു ബാഗില്‍ ആക്കി കാട്ടില്‍ ഉപേക്ഷിച്ചു. രക്തം ഒലിച്ചിറങ്ങുന്ന ബാഗ് കണ്ടവര്‍ കുട്ടിയെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചു.
ബി ബി എ സംഘം കണ്ടെത്തുമ്പോള്‍ കുട്ടി ഒരു ധാബയില്‍ ജോലി ചെയ്യുകയായിരുന്നു. നെറ്റിയിലെ മുറിവ് ഉണങ്ങിയിരുന്നില്ല. അവര്‍ അവനെ രക്ഷിച്ച് ബാല ആശ്രമത്തില്‍ കൊണ്ടുവന്നു. നിരവധി മാസങ്ങളിലെ സ്‌നേഹപൂര്‍വമായ പരിചരണങ്ങളുടെ ഒടുവിലാണ് അവന്‍ സ്വന്തം ജീവിതത്തിന്റെ ഇരുള്‍ പാതകളിലേക്ക് ആന്ദോളന്‍ പ്രവര്‍ത്തകരെ നയിച്ചത്. മറക്കാന്‍ ആഗ്രഹിക്കുന്ന കഥ ഒരു കുട്ടിക്ക് പെട്ടെന്ന് വിവരിക്കാന്‍ ആകില്ലല്ലോ.
ഒരു പാറമടയിലെ മൂന്നാം തലമുറയിലെ അടിമ വേലക്കാരനായ ആണ്‍കുട്ടി, സര്‍ക്കസ് തമ്പില്‍ അകപ്പെട്ടു മുതലാളിമാരുടെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായ പെണ്‍കുട്ടി, കന്നുകാലി മേയ്ക്കുന്ന ജോലി ചെയ്തു മറ്റൊരു കന്നുകാലിയെ പോലെ ജീവിച്ചിരുന്ന കുട്ടി. കാലിത്തൊഴുത്തിലാണ് അവന്‍ ഉറങ്ങിയിരുന്നത്. മറ്റൊരു കുട്ടിക്ക് മുറിവ് ഉണങ്ങാന്‍ വച്ചു കെട്ടിയത് തീപ്പെട്ടി കൊള്ളികളിലെ 'മരുന്ന്' ചുരണ്ടി എടുത്തായിരുന്നു. മനുഷ്യസ്‌നേഹം നഷ്ടമായ പിശാചുക്കള്‍ നിഷ്‌കളങ്കരായ കുട്ടികളോട് ചെയ്യുന്ന ഇത്തരം ക്രൂരതകള്‍ അവിശ്വസനീയങ്ങളാണ്. ഇങ്ങനെ ബാല്യകൗമാരങ്ങളും, സ്‌നേഹവും കരുതലും, ഭക്ഷണവും, വസ്ത്രവും, പാര്‍പ്പിടവും, ഉറ്റവരും നഷ്ടമാകുന്ന കുട്ടികള്‍ നാളെ ഈ സമൂഹത്തെ സ്‌നേഹിക്കണമെന്നും നല്ല പൗരന്മാരാകണമെന്നും പറയാന്‍ ആര്‍ക്കും അവകാശമില്ല. അവര്‍ക്ക് ലഭിക്കാത്തത് അവരെങ്ങനെ സമൂഹത്തിന് നല്‍കും.
വാസ്തവത്തില്‍ മുതിര്‍ന്ന മനുഷ്യര്‍ ഇത്രയും ചെയ്താല്‍ മതി, തങ്ങളുടെ കുട്ടികളെപ്പോലെ മറ്റു കുട്ടികളെ കരുതുക, സ്‌നേഹിക്കുക.
കുട്ടികളെ തീവ്രവാദ ആശയങ്ങളുടെ അടിമകളാക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്ന ഭീകര സംഘടനകള്‍ അവരുടെ ജീവിതത്തെ മുളയിലെ തന്നെ മുള്ളാക്കുകയാണ്. ഇവര്‍ കുട്ടികളെ ശാസ്ത്രീയ വിദ്യാഭ്യാസത്തില്‍ നിന്ന് അകറ്റുകയും വിവിധതരം പ്രലോഭനങ്ങളുടെ വീഞ്ഞില്‍ വെറുപ്പിന്റെ വിഷം തുള്ളിയായി നല്‍കുകയും ചെയ്യുന്നു. നാളത്തെ സമത്വ സുന്ദരമായ ലോകവും സ്വര്‍ഗത്തില്‍ ഐശ്വര്യം നിറഞ്ഞ ജീവിതവും അവര്‍ വാഗ്ദാനം ചെയ്യുന്നു. അപരനെ കൊന്നാല്‍ വീരന്‍, അപരനാല്‍ കൊല്ലപ്പെട്ടാല്‍ വീരസ്വര്‍ഗം.
കുട്ടിപ്പട്ടാളങ്ങള്‍ പ്രാചീനകാലം മുതലുണ്ട്. ഗ്രീക്ക് റോമന്‍ സൈന്യങ്ങള്‍ കുട്ടികളെ റിക്രൂട്ട് ചെയ്തിരുന്നതായി പറയുന്നു. ആഫ്രിക്കയിലെയും ഏഷ്യയിലെയും സാമ്രാജ്യങ്ങള്‍ യുദ്ധങ്ങളില്‍ കുട്ടികളെ നിയോഗിച്ചിരുന്നതായി കേള്‍ക്കുന്നു.
യൂറോപ്പില്‍ മധ്യകാലഘട്ടത്തിലെ ഫ്യൂഡല്‍ സൈന്യങ്ങളില്‍ കുട്ടികളുണ്ടായിരുന്നു. കുരിശുയുദ്ധക്കാരുടെ കൂടെ 12 വയസ്സുകാരും യുദ്ധ സജ്ജരായി നിലയുറപ്പിച്ചിരുന്നു. യൂറോപ്യന്‍ കോളനി വാഴ്ചക്കാര്‍ തങ്ങള്‍ അടക്കി ഭരിച്ച സ്ഥലങ്ങളിലെ കുട്ടികളെ സൈന്യത്തില്‍ ചേര്‍ത്തിരുന്നതായി സൂചനകളുണ്ട്.
1991-2002 കാലഘട്ടത്തില്‍ സിയറ ലിയോണയിലെ 50,000 കുട്ടികള്‍ യുദ്ധത്തില്‍ പങ്കെടുത്തുവത്രെ. 1989-2003 വര്‍ഷങ്ങളില്‍ സൈബീരിയയില്‍ 20,000 കുട്ടിപ്പട്ടാളക്കാര്‍ ഉണ്ടായിരുന്നു. 1996 മുതല്‍ ഇന്നുവരെയുള്ള കണക്കെടുത്താല്‍ കോംഗോയില്‍ 30,000 കുട്ടികള്‍ സൈനിക സേവനം നിര്‍വഹിച്ചിട്ടുണ്ട്. മ്യാന്‍മറില്‍ 1948 മുതല്‍ ഇന്നുവരെ സേനയില്‍ പ്രവര്‍ത്തിച്ച കുട്ടികള്‍ 5000 വരുമത്രെ.
മുതിര്‍ന്നവര്‍ ജീവിതത്തെയും ലോകത്തെയും പരമാവധി കുഴപ്പത്തിലും ദുരിതത്തിലുമാക്കിയിട്ട് കുട്ടികളെ അതിലേക്കു വലിച്ചിഴയ്ക്കുന്നു, എന്നിട്ട് നഷ്ടമാകുന്ന ശൈശവ നിഷ്‌കളങ്കതയും ബാല്യ മനോഹാരിതകളെയും വര്‍ണ്ണിച്ചും സ്‌നേഹത്തെയും സ്വാതന്ത്ര്യത്തെയും മഹത്വവല്‍ക്കരിച്ചും മുതലക്കണ്ണീരൊഴുക്കുന്നു. വാസ്തവത്തില്‍ മുതിര്‍ന്ന മനുഷ്യര്‍ ഇത്രയും ചെയ്താല്‍ മതി, തങ്ങളുടെ കുട്ടികളെപ്പോലെ മറ്റു കുട്ടികളെ കരുതുക, സ്‌നേഹിക്കുക.
manipius59@gmail.com