ആന്റണി ചടയംമുറി
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും (ജനുവരി 27) കേരള സര്‍ക്കാരിന്റെ പത്രപ്പരസ്യമുണ്ടായിരുന്നു. 13 വര്‍ഷത്തേക്ക് 2,000 കോടി രൂപ കടമെടുക്കാന്‍ പോകുന്നുവെന്ന്. മലയാള മാലോകരെ അറിയിക്കു ന്നതായിരുന്നു ഈ കൊച്ചുപരസ്യം. എന്നാല്‍ ജനുവരി 29 ന് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച സമ്പൂര്‍ണ്ണ ബജറ്റില്‍ കേരളം നിരന്തരം കടമെടുത്തുകൊണ്ടിരിക്കുകയാണെന്ന വേവലാതികളൊന്നും കേട്ടില്ല. പകരം കടമെടുപ്പ് പരിധി കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാതിരുന്നിട്ടും, 'എല്ലാവര്‍ക്കും ഞങ്ങള്‍ കഷ്ടപ്പെട്ട് ക്ഷേമം' വിളമ്പിക്കൊണ്ടിരിക്കുന്നുവെന്നാണ് ധനമന്ത്രി നിയമസഭയില്‍ അവകാശപ്പെട്ടത്!
ബജറ്റിനെക്കുറിച്ച് ഇന്ത്യന്‍ ഭരണഘടനയുടെ 112-ാം അനുച്ഛേദത്തില്‍ ഒരു നിര്‍വചനമുണ്ട്. ഓരോ വര്‍ഷവുമുള്ള വരവുചെലവ് കണക്കുകളും കടബാധ്യതകളുമെല്ലാം ജനപ്രതിനിധി സഭയില്‍ സുതാര്യമായി, ഭരണകര്‍ത്താക്കള്‍ അവതരിപ്പിക്കണമെന്നാണ് ഈ വകുപ്പില്‍ പറയുന്നത്. ജനപ്രതിനിധികളെ ഈ ധനസ്ഥിതി അറിയിക്കുകവഴി, അത് ജനങ്ങളുടെ മുമ്പില്‍ കണക്ക് ബോധിപ്പിക്കുന്ന, ഉത്തരവാദിത്വമുള്ള ധനമാനേജ്‌മെന്റായി മാറുന്നു.
കഷ്ടിച്ച് അഞ്ചോ ആറോ മാസം മാത്രം ഭരിക്കുന്നതിനായി ഒരു സമ്പൂര്‍ണ്ണ ബജറ്റ് കക്ഷത്തില്‍ വച്ചുകൊണ്ട് ധനമന്ത്രി സഭയിലേക്ക് വന്നതെന്തിന്? ബജറ്റിനുപകരം വോട്ട് ഓണ്‍ അക്കൗണ്ട് മതിയായിരുന്നില്ലേ? സമ്പൂര്‍ണ്ണ ബജറ്റിലല്ലേ 'സമ്പൂര്‍ണ്ണമായ ഉടായിപ്പ് വേല' പയറ്റാന്‍ കഴിയൂ എന്ന ചിന്തയാണോ ബാലഗോപാലിനെ ഈ 'അക്രമ'ത്തിന് പ്രേരിപ്പിച്ചത്?
കടമെടുത്താണോ കരിമരുന്ന് പ്രയോഗം?
1957 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ചുള്ള കേരളത്തിന്റെ കടം 1,60,000 കോടി രൂപയായിരുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായിരിക്കെ കടബാധ്യത കൂടിയപ്പോള്‍ മന്ത്രിമാരുടെ 16 അംഗ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം എട്ടാക്കി കുറച്ചതായി നിയമസഭാ രേഖകളിലുണ്ട്. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ കടം വര്‍ദ്ധിക്കുമ്പോള്‍ അതോടൊപ്പം ധൂര്‍ത്തും കൂടി. ഇപ്പോള്‍ കേരളത്തിന്റെ കടം 5,00,000 കോടി കവിഞ്ഞിരിക്കുന്നു.
ജി.ഡി.പി.യുടെ (ആഭ്യന്തര മൊത്ത ഉല്‍പാദനം) 20% മാത്രമേ സംസ്ഥാനങ്ങള്‍ കടമെടുക്കാവൂ എന്ന പരിധിയുണ്ട്. ഇക്കാര്യത്തിലുള്ള ദേശീയ ശതമാനം ഇപ്പോള്‍ 27.5 ശതമാനമാണ്. പക്ഷെ, ഇപ്പോള്‍ കേരളത്തിന്റെ ഈ അനുപാതം 34.87 ശതമാനമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 38 ശതമാനമായിരുന്നത് ഇപ്പോള്‍ 4 ശതമാനം കുറഞ്ഞുവെന്ന് ധനമന്ത്രി വീമ്പടിക്കുന്നു.
ഭരണം പോയാലും സമരം പൊടിപൊടിക്കാം!
ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക കോമഡിയാണ്. കഴിഞ്ഞ ഒമ്പതര വര്‍ഷമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സെക്രട്ടറിയേറ്റിലെ പ്രതിപക്ഷ യൂണിയനുകള്‍ ഈ ആവശ്യം ഉന്നയിച്ച് തെരുവുനാടകം പോലുള്ള സമരപരിപാടികള്‍ വരെ നിരന്തരം നടത്തുന്നുമുണ്ട്. ഇത്രയും കാലം ഭരണത്തിലിരുന്നിട്ടും ശമ്പള പരിഷ്‌ക്കരണ കമ്മീഷനെ നിയോഗിക്കാതിരുന്ന പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ എന്തിനാണ് ഇത്തരമൊരു നടപടിക്ക് മുതിര്‍ന്നത്? ഇടതുമുന്നണിയല്ലാതെ ആരു ഭരിച്ചാലും ഭരണപക്ഷത്തുള്ള യൂണിയനുകളെ അടുത്ത ഭരണകാലയളവില്‍ സമരത്തിനിറക്കാന്‍ കഴിയുമെന്ന് സി.പി.എം. ചിന്തിക്കുന്നുണ്ടാവുമോ? ബജറ്റിനെക്കുറിച്ചുള്ള ഭരണകക്ഷിയൂണിയനുകളുടെ പ്രതികരണങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെയല്ലെന്നു കാണുമ്പോള്‍, ഈ സംശയം ബലപ്പെടുന്നു. അനര്‍ഹമായും പിന്‍വാതിലിലൂടെയും ഈ സര്‍ക്കാര്‍ നിയമിച്ച നിരവധി സര്‍ക്കാര്‍ ജീവനക്കാരുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ അവര്‍ക്ക് പുതിയ സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങേണ്ടി വരും. എന്നാല്‍ ഡി എ കുടിശ്ശികപോലും കൃത്യമായി നല്കാത്ത ഈ സര്‍ക്കാരിനെ ഇനി വിശ്വസിക്കണോ എന്ന ചിന്ത ഭരണപക്ഷ യൂണിയന്‍കാര്‍ക്കിടയില്‍ പോലും വ്യാപകമാണ്. ഈ ഭരണം പോയാല്‍ പുതിയ ഭരണകൂടത്തിനെതിരെയുള്ള 'സമരപരിപാടികള്‍' എത്രത്തോളം വീറോടും വാശിയോടും കൂടി നടത്താന്‍ കഴിയുമെന്നു ചിന്തിക്കുന്നവരുടെ എണ്ണമാകട്ടെ വര്‍ദ്ധിച്ചിട്ടുണ്ട്.
ദുരന്തപ്പുതപ്പുകൊണ്ട് പൊന്നാടയോ?
5 വര്‍ഷം പൂര്‍ത്തിയാക്കി ഭരണത്തില്‍ നിന്നിറങ്ങുന്ന സര്‍ക്കാര്‍ നിശ്ചയമായും അവര്‍ പൂര്‍ത്തിയാക്കിയ വികസന പദ്ധതികള്‍ അക്കമിട്ട് പറയേണ്ടതല്ലേ? ഒരു കാലത്ത് പുതിയ ദേശീയപാതകളുടെ മുമ്പില്‍ നിന്ന് റീല്‍സെടുത്ത് പൊങ്ങച്ചം കാണിച്ചിരുന്ന മന്ത്രി ഇപ്പോള്‍ മിണ്ടാട്ടം മുട്ടിയിരിപ്പാണ്.
വിഴിഞ്ഞം രണ്ടാം ഘട്ടം പൂര്‍ത്തീകരിച്ചതിന് പ്രധാനമന്ത്രി മോദിയെ കൊണ്ടുവന്ന് 'കോലാഹല'മുണ്ടാക്കിയ പിണറായി സര്‍ക്കാര്‍ 2022-23 ല്‍ ബജറ്റില്‍ പ്രഖ്യാപിച്ച റിങ്ങ്‌റോഡ് പദ്ധതിയെപ്പറ്റിയോ, പുതിയ തുറമുഖത്തേക്ക് നിര്‍മ്മിക്കേണ്ട റെയില്‍വേ ലൈനിനെക്കുറിച്ചോ ഇത്തവണയും മൗനം പാലിച്ചിരിക്കുകയാണ്. വിഴിഞ്ഞത്തുനിന്ന് കൊല്ലം ജില്ലയുടെ അതിര്‍ത്തിയായ കടമ്പാട്ടുകോണത്തു ചെന്നു ചേരേണ്ട ഈ പദ്ധതി 'ഗ്രീന്‍ ഫീല്‍ഡ് ഹൈവേ' എന്നും വിശേഷിപ്പിക്കപ്പെടുന്നുണ്ട്. തിരുവനന്തപുരത്തുനിന്ന് അങ്കമാലി വരെയുള്ള എം.സി. റോഡ് നവീകരണത്തിന് രണ്ടു വര്‍ഷം മുമ്പ് ബജറ്റില്‍ നീക്കിവച്ച 1500 കോടി രൂപ എന്താ ആവിയായിപ്പോയോ?
ചെലവ് ചുരുക്കാതെ, വരവ് കൂട്ടാതെ...
എത്രയെത്ര പദ്ധതികളാണ് ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്? അതിലൊന്നാണ് വിജ്ഞാനകേന്ദ്രീകൃത സമ്പദ് വ്യവസ്ഥ. സായിപ്പിന്റെ ഭാഷയില്‍ നോളജ് ബേസ്ഡ് ഇക്കോണമി. ഒരു പത്രപ്പരസ്യത്തിനപ്പുറം ആ പദ്ധതി ഇപ്പോഴും പുരോഗമിച്ചിട്ടില്ല. ശബരിമല റെയിലും, ശബരിമല വിമാനത്താവളവും, കണ്ണൂര്‍ വിമാനത്താവള വികസനവും, ഈയിടെ പ്രഖ്യാപിച്ച രണ്ട് വ്യവസായ ഇടനാഴികളും എവിടെയാണിപ്പോള്‍? മലയാളിയുടെ കിടപ്പറയിലും അടുക്കളയിലും വരെ മഞ്ഞക്കുറ്റികള്‍ ബലമായി നാട്ടിയ കെ-റെയില്‍ പദ്ധതിയോ? ആ പദ്ധതിക്ക് എതിരെ ജനകീയ സമരം നയിച്ച പാവം ജനം ഇപ്പോഴും കള്ളക്കേസുകളുടെ പേരില്‍ കോടതി കയറിയിറങ്ങുകയാണ്.
ചെലവ് ചുരുക്കാനും സെക്രട്ടറിയേറ്റിലെ 37,000 വരുന്ന അധികജീവനക്കാരെ (2014-ലെ കണക്ക്) സ്റ്റാഫ് ഇല്ലാത്ത മറ്റ് വകുപ്പുകളിലേക്കും മറ്റുമായി പുനര്‍ വിന്യസിക്കണമെന്നുമുള്ള പഴയ നിര്‍ദേശം ആരാണ് ഇപ്പോഴും മറച്ചുവയ്ക്കുന്നത്? കേരളത്തില്‍ 42 വെല്‍ഫെയര്‍ ബോര്‍ഡുകളുണ്ട്. അവയെല്ലാം രാഷ്ട്രീയ അഭയാര്‍ത്ഥികളുടെ താവളങ്ങളാണ്. ഒരേ കാര്യം ചെയ്യുന്ന ഈ കോര്‍പ്പറേഷനുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ ഇടതുസര്‍ക്കാര്‍ എന്തേ തയ്യാറാകാതിരുന്നത്?
വിഭവ സമാഹരണത്തിന്റെ കാര്യത്തിലും ഈ സര്‍ക്കാര്‍ പിന്നോട്ടാണ്. ബജറ്റില്‍ തന്നെ പറയുന്നത് കുടിശ്ശിക തുകയായി 22,814 കോടി രൂപ പിരിക്കാനുണ്ടെന്നാണ്. കുടിശ്ശിക പിരിവെല്ലാം പരോക്ഷമായ ഫണ്ട് പിരിവിനായി ചില രാഷ്ട്രീയക്കാര്‍ സ്റ്റേ ചെയ്തിട്ടിരിക്കുകയാണ്. സ്വര്‍ണ്ണത്തിന് ഇപ്പോഴും 3 ശതമാനമാണ് നികുതി. കണക്കില്‍പ്പെടാതെയുള്ള സ്വര്‍ണ്ണക്കച്ചവടത്തിന് സര്‍ക്കാര്‍ വകുപ്പുകള്‍ എല്ലാം കുടപിടിക്കുന്നു. ജ്വല്ലറികളുടെ 'കള്ള വില്പന' അന്വേഷിച്ചുപോയ സാമ്പത്തിക ഇന്റലിജന്‍സ് വിഭാഗം തൃശ്ശൂരിലെ ഒരു ജ്വല്ലറിയില്‍ മാത്രം കണ്ടെത്തിയത് കണക്കില്‍പ്പെടാത്ത 104 കിലോ സ്വര്‍ണ്ണമാണ്. അതോടെ റെയ്ഡുകള്‍ നിലച്ചു. അളവ് തൂക്ക തട്ടിപ്പ് വിഭാഗം ആലപ്പുഴയില്‍ വച്ച് ഒരു ബാര്‍ ഉടമയ്‌ക്കെതിരെ കേസെടുത്തുവെങ്കിലും അന്വേഷണം പിന്നീട് തുടര്‍ന്നതേയില്ല. കാരണമെന്താ? ഇത്തരത്തിലുള്ള എല്ലാ തട്ടിപ്പുകള്‍ക്കും തലസ്ഥാനം വരെ കണ്ണികളുണ്ടെന്നല്ലേ.
ആത്മഹത്യകള്‍ തടയാന്‍ വയോജന കമ്മീഷനോ?
സാധാരണ ജനങ്ങളെ ബാധിക്കുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷം ഒഴിവാക്കാന്‍ 100 കോടി രൂപയാണ് ഈ ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്. റബറിന്റെ താങ്ങുവിലയിലാകട്ടെ യാതൊരു വര്‍ദ്ധനവുമില്ല. കേരളത്തിന്റെ 27 ശതമാനവും റിസര്‍വ് വനമാണ്. അവിടെയെല്ലാം തേക്കും മറ്റും നട്ട് സര്‍ക്കാര്‍ പണമുണ്ടാക്കേണ്ടതാണ്. ആ 'മരംമുറി' പോലും പാര്‍ട്ടിയിലെ ഉന്നതരിലൂടെ ആരൊക്കെയോ നടത്തി പണം പിടുങ്ങുകയാണിപ്പോള്‍. തദ്ദേശ സ്ഥാപനങ്ങള്‍ക്കായി കഴിഞ്ഞ ബജറ്റില്‍ നീക്കിവച്ച തുകയുടെ 38 ശതമാനം മാത്രമാണ് ധനവകുപ്പ് പോയവര്‍ഷം അനുവദിച്ചത്. വികസനത്തെക്കുറിച്ച് വാതോരാതെ പറയുന്നവര്‍ പേപ്പട്ടികളെ പേടിച്ച് ജനങ്ങള്‍ക്ക് സമാധാനമായി വഴി നടക്കാനുള്ള അവസരമെങ്കിലും സൃഷ്ടിച്ചിരുന്നെങ്കില്‍! ഒരു ബജറ്റും കുറെ 'നടക്കാത്ത മനോഹര സ്വപ്ന'ങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാര്‍ പടിയിറങ്ങുകയാണ്. ആകെക്കൂടി കേരളത്തിലെ 19 മുതല്‍ 20 ശതമാനം വരുന്ന വയോജനങ്ങള്‍ക്കായി 50 ലക്ഷം രൂപ മന്ത്രി ബാലഗോപാല്‍ നീക്കിവച്ചിട്ടുണ്ട്; ഒരു വയോജന കമ്മീഷന്‍ രൂപീകരിക്കാന്‍. തൃശ്ശൂര്‍ ആറ്റൂരില്‍ ജീവിതം വഴിമുട്ടിയെന്നു കരുതി ആത്മഹത്യ ചെയ്യാനൊരുങ്ങിയ 70 കടന്ന സഹോദരിമാരില്‍ ഒരാള്‍ മരിച്ച വാര്‍ത്ത വായിച്ചില്ലേ? കീടനാശിനി കഴിച്ച മൂന്നു പേരില്‍ രണ്ടു പേര്‍ ആശുപത്രിയിലുണ്ട്. ഈ കുറിപ്പ് നിങ്ങള്‍ വായിക്കുമ്പോഴേക്കും, ഈ രണ്ടുപേരുടെ ജീവന്‍ രക്ഷപ്പെട്ടാല്‍ തന്നെ, അവരെ ഇനിയുള്ള നാളുകളില്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട പുതിയ വയോജന കമ്മീഷന്‍ രക്ഷിക്കുമോ ആവോ? ഒരിക്കല്‍ കൂടി പറയട്ടെ, ഇപ്പോഴും കണ്ണു കാണുന്നവരും ചെവി കേള്‍ക്കുന്നവരും ഈ കൊച്ചു കേരളത്തിലുണ്ട്. അവരുടെ മുമ്പില്‍ സര്‍ക്കാര്‍ വക കളര്‍ പരസ്യം കൊണ്ടും പി ആര്‍ വര്‍ക്കുകൊണ്ടും പിടിച്ചു നില്‍ക്കാമെന്നും മൂന്നാമൂഴം ഉറപ്പാണെന്നും കരുതുന്നവരെ മണ്ടന്മാര്‍ എന്നു വിളിക്കണോ? എനിക്ക് അറിയില്ല. നിങ്ങള്‍ തന്നെ പറയൂ...