വിശുദ്ധ ഹയാസിന്ത്  (1185-1257) : ആഗസ്റ്റ് 17

വിശുദ്ധ ഹയാസിന്ത്  (1185-1257) : ആഗസ്റ്റ് 17
Published on
പോളണ്ടാണ് ഹയാസിന്തിന്റെ ജന്മദേശം. സമ്പന്ന കുടുംബത്തില്‍ ജനിച്ച അദ്ദേഹം നിയമവും ദൈവശാസ്ത്രവും പഠിച്ച് ഡോക്ടറേറ്റ് എടുത്തപ്പോള്‍ ക്രാക്കോവില്‍ കാനണായി നിയമിതനായി. 1220-ല്‍ ബിഷപ്പിനോടൊപ്പം റോം സന്ദര്‍ശിച്ച ഹയാസിന്ത് വി. ഡോമിനിക്കിനെ കണ്ടുമുട്ടി. വചനപ്രഘോഷകര്‍ക്കായി പുതുതായി സ്ഥാപിച്ച സഭയില്‍ അംഗമാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച അദ്ദേഹത്തെ ഡോമിനിക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു. വി. സെസ്‌ലാസും അക്കൂടെയുണ്ടായിരുന്നു.

വി. ഡോമിനിക്ക്, പോളണ്ടിലേക്ക് അയയ്ക്കാന്‍ ഉദ്ദേശിച്ചിരുന്ന മിഷണറി ഗ്രൂപ്പിന്റെ തലവനായി ഹയാസിന്തിനെ നിയമിച്ചു. ആ ഉത്തരവാദിത്വം അദ്ദേഹം ഭംഗിയായി നിര്‍വ്വഹിച്ചു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിടത്തെല്ലാം സന്ന്യാസ ഭവനങ്ങള്‍ തീര്‍ത്തുകൊണ്ട് അദ്ദേഹം തന്റെ പ്രേഷിത യാത്ര തുടര്‍ന്നു.

മൂന്നു പ്രധാന പ്രേഷിത യാത്രകളാണ് അദ്ദേഹം നടത്തിയത്. പൊമെറാനിയ, ലിത്വാനിയ, ഡെന്മാര്‍ക്ക്, സ്വീഡന്‍, നോര്‍വെയുടെ വടക്കു ഭാഗം എന്നിവിടങ്ങളിലൂടെയുള്ള ഈ യാത്രകള്‍ നാല്പതു വര്‍ഷം നീണ്ടു നിന്നു. എപ്പോഴും നഗ്നപാദനനായിട്ടായിരുന്നു യാത്ര – കാട്ടു ജാതിക്കാരുടെയും കാട്ടുമൃഗങ്ങളുടെയും ആക്രമണങ്ങള്‍ ഭയന്നുള്ള യാത്ര! "വടക്കിന്റെ അപ്പസ്‌തോലന്‍" എന്ന അഭിധാനത്താലാണ് വി. ഹയാസിന്ത് അറിയപ്പെടുന്നത്. റഷ്യയിലും ഉക്രെയിനിലും വചനപ്രഘോഷണം നടത്തിയ ഹയാസിന്തിന്റെ യാത്ര ടിബറ്റും കടന്ന് ചൈനവരെ എത്തി. എഴുപത്തി രണ്ടാമത്തെ വയസ്സിലാണ് ക്രാക്കോവില്‍ തിരിച്ചെത്തിയത്. അധികം താമസിയാതെ, 1257 ആഗസ്റ്റ് 15-ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു. 1594-ല്‍ പോപ്പ് ക്ലമന്റ് എട്ടാമന്‍ ഹയാസിന്തിനെ വിശുദ്ധ പദവിയിലേക്കുയര്‍ത്തി.

നിങ്ങള്‍ക്കു മനസ്സില്ലെങ്കില്‍ കൃപാവരത്തിന് ഒന്നും ചെയ്യാന്‍ സാധിക്കില്ല; കൃപാവരമില്ലാതെ മനസ്സിനും ഒന്നും ചെയ്യാനാവില്ല
വി. ജോണ്‍ ക്രിസോസ്‌തോം

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org