'ആളുകള്‍ക്ക് എന്തെങ്കിലും സൗജന്യങ്ങള്‍ നല്‍കുന്നതിലൂടെ അവരെ വാങ്ങാന്‍ കഴിയുമെന്ന് 'റെവ്ഡി (സൗജന്യങ്ങള്‍) സംസ്‌കാരമുള്ള' ആളുകള്‍ കരുതുന്നു. ഈ ചിന്തയെ നമ്മള്‍ ഒറ്റക്കെട്ടായി പരാജയപ്പെടുത്തണം. റെവ്ഡി സംസ്‌കാരം രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ നിന്ന് നീക്കം ചെയ്യേണ്ടതുണ്ട്.' കഴിഞ്ഞ വര്‍ഷം ചില പൊതുയോഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണിവ.
മാസങ്ങള്‍ക്കുള്ളില്‍, നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍, ആദ്യം കര്‍ണ്ണാടകയിലും ഇപ്പോള്‍ അഞ്ച് സംസ്ഥാനങ്ങളിലും, പ്രധാനമന്ത്രിയുടെ പാര്‍ട്ടി അതിന്റെ പ്രകടനപത്രികകളില്‍ 'സൗജന്യങ്ങള്‍' പ്രഖ്യാപിക്കുന്നതില്‍ മറ്റുള്ളവരുമായി മത്സരിച്ചു. 450 മുതല്‍ 500 രൂപ വരെയുള്ള ഗ്യാസ് സിലിണ്ടറുകള്‍, വിവാഹിതരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം 12,000 രൂപ, കോളജില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ യാത്രാബത്ത, യുവാക്കള്‍ക്ക് വായ്പയ്ക്ക് 50 ശതമാനം സബ്‌സിഡി, ഭൂരഹിതരായ തൊഴിലാളികള്‍ക്ക് 10,000 രൂപ തുടങ്ങിയവയും മറ്റ് നിരവധി 'സൗജന്യങ്ങളും' അതിന്റെ പ്രകടനപത്രികകളുടെ ഭാഗമായി.
അധികാരത്തിനായി മത്സരിക്കുന്ന മറ്റ് പ്രധാന എതിരാളികള്‍, പ്രത്യേകിച്ച് കോണ്‍ഗ്രസ്, 'ക്ഷേമ പദ്ധതികള്‍' എന്ന പേരിലുള്ള വാഗ്ദാനങ്ങളുടെ ഒരു നീണ്ട പട്ടിക അവതരിപ്പിക്കുന്നതില്‍ ഒരു പടി മുന്നിലാണ്. മേല്‍പ്പറഞ്ഞ സൗജന്യങ്ങള്‍ കൂടാതെ, 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ്, സൈക്കിള്‍... അങ്ങനെ പലതും വിവിധ സംസ്ഥാനങ്ങള്‍ക്കുള്ള അവരുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, ഏതെങ്കിലും ഉത്സവകാലത്തിനുമുമ്പ് കമ്പനികളും കടകളും കനത്ത വിലക്കിഴിവും ലാഭകരമായ സാധനങ്ങളും വാഗ്ദാനം ചെയ്യുന്നതുപോലെ തിരഞ്ഞെടുപ്പിന് മുമ്പ് വിവിധ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ മത്സരമുണ്ട്.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജനങ്ങളെ വശീകരിക്കാന്‍ പാര്‍ട്ടികള്‍ക്ക് ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കേണ്ടി വരുന്നത് എന്തുകൊണ്ട്? മുന്‍ തിരഞ്ഞെടുപ്പുകളില്‍ വാഗ്ദാനം ചെയ്ത ക്ഷേമപദ്ധതികള്‍ ജനജീവിതം മെച്ചപ്പെടുത്തുന്നില്ലെന്നു സമ്മതിക്കലല്ലാതെ മറ്റൊന്നുമല്ല ഇത്. ഇത്തരം നടപടികളാല്‍ സാധാരണക്കാരന്റെ ജീവിതം അല്‍പ്പം പോലും മെച്ചപ്പെട്ടിട്ടില്ലെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഗവണ്‍മെന്റുകള്‍ വാഗ്ദാനം ചെയ്യുന്ന സൗജന്യങ്ങളെ ആശ്രയിക്കാതിരിക്കാന്‍ ജനങ്ങള്‍ക്കു കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുമുള്ളത്.
ക്ഷേമപദ്ധതികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സൗജന്യങ്ങള്‍, ദാരിദ്ര്യത്തിന്റെ മുറിവുകള്‍ക്കു മേലുള്ള ബാന്‍ഡേജുകളാണ്, അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ അവിടെത്തന്നെ അവശേഷിക്കുകയാണ്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ഉള്‍ക്കാഴ്ചയുള്ള ആസൂത്രണത്തിലൂടെയാണ് കൊണ്ടുവരാന്‍ കഴിയുക. പൊതു ഖജനാവില്‍ നിന്ന് അപ്പക്കഷണങ്ങള്‍ വാരിവിതറുന്നതുപോലെയുള്ള ഹ്രസ്വകാല നടപടികളിലൂടെയല്ല, അതില്‍ ഭൂരിഭാഗവും നികുതിദായകരുടെ പണമാണെന്നും ഓര്‍ക്കണം.
ജനങ്ങളുടെ കൈകളില്‍ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുക എന്ന കാര്യമാണു നടക്കാത്തത്. ഒരു ഹ്രസ്വകാല നടപടിയെന്ന നിലയില്‍, ജനസംഖ്യാ പിരമിഡിന്റെ താഴെയുള്ള പാവപ്പെട്ട ആളുകള്‍ക്ക് ഒരു പ്രത്യേക തുക നേരിട്ട് കൈമാറുന്നത് പോലുള്ള ഒരു മിനിമം വരുമാന ഗ്യാരണ്ടി സ്‌കീം പ്രയോജനകരമാണ്. നിലവാരമില്ലാത്തതും ശരിയായ ഉപയോഗമില്ലാത്തതുമായ കുറെ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനുപകരം, തങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും ആവശ്യമുള്ളത് എന്താണെന്ന് സ്വയം തീരുമാനിക്കാന്‍ ഈ രീതി ജനങ്ങളെ സഹായിക്കും. എന്നാല്‍ ഇത് ഒരു ഹ്രസ്വകാല നടപടിയായി ചെയ്യാന്‍ കഴിയുന്നതാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലാണ് സര്‍ക്കാരുകള്‍ അവരുടെ പണം കുടുതലായി ചെലവഴിക്കേണ്ടത്.
സമ്പത്തിന്റെ ക്രമരഹിതമായ വിതരണം ദരിദ്രരെ കൂടുതല്‍ ദരിദ്രരും സമ്പന്നരെയും കൂടുതല്‍ സമ്പന്നരുമാക്കി മാറ്റുന്ന ഒരു കാസ്‌കേഡിംഗ് പ്രഭാവമുണ്ടാക്കുന്നു. ചിലര്‍ സോഷ്യലിസത്തോട് വെറുപ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, അസ്വീകാര്യമായ തലത്തിലുള്ള വരുമാന അസമത്വം വികസിത രാഷ്ട്രങ്ങളുടെ കൂട്ടായ്മയില്‍ പ്രവേശിക്കാന്‍ ഒരു രാജ്യത്തെ സഹായിക്കില്ല. അസമത്വം കൂടുന്തോറും സൗജന്യങ്ങളുടെ വിതരണത്തിന്റെ ആവശ്യകതയും കൂടും.
അതിനാല്‍, സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് നികത്തുന്നത് സൗജന്യങ്ങളുടെ വിതരണം അവസാനിപ്പിക്കാന്‍ സഹായിക്കും. ഇത് സംഭവിക്കണമെങ്കില്‍, വരിയുടെ അവസാനഭാത്തു നില്‍ക്കുന്നവര്‍ക്ക് മികച്ച വിദ്യാഭ്യാസത്തിലൂടെയും തൊഴിലവസരങ്ങളിലൂടെയും ജീവിതത്തില്‍ ഉയര്‍ന്നുവരാനുള്ള അവസരങ്ങള്‍ നല്‍കേണ്ടിവരും. സര്‍ക്കാര്‍ ചെലവിന്റെ വലിയൊരു ഭാഗം ഇതിനായി നീക്കിവയ്ക്കണം, സൗജന്യങ്ങള്‍ക്കായി പാഴാക്കരുത്.