ചിന്താജാലകം

എന്റെ ബലി

പോള്‍ തേലക്കാട്ട്‌

ഖുർബാൻ എന്ന മധ്യപൂർവദേശ ഭാഷകളുടെ പദം, സമർപ്പിക്കുക എന്നാണ് അതിന്റെ അർഥം. മലയാളത്തിൽ ഉപയോഗിക്കുന്ന കുർബാന എന്ന സുറിയാനി വാക്കിന്റെ ഉറവിടമാണിത്. ഒരു ക്രൈസ്തവ പുരോഹിതൻ എന്ന വിധത്തിൽ ഏതാണ് 50-ൽ അധികം വർഷങ്ങൾ എല്ലാ ദിവസവും ഞാൻ കുർബാനയർപ്പിച്ചിരുന്നു. ഈ കുർബാനയ്ക്കു രണ്ട് അർഥങ്ങളുണ്ട്. അതു ബലിയാണ്, വിരുന്നാണ്. വിരുന്നു വിളമ്പുന്ന ജീവിതമാണ്. യേശു ക്രിസ്തു നല്കിയ ജീവിതമാതൃകയാണിത്.

പഴയ നിയമത്തിൽ അബ്രാഹത്തോട് ദൈവം ആവശ്യപ്പെടുന്നത് തന്റെ ഏകമകനെ ബലി ചെയ്യാനാണ്. യഹൂദ-ക്രൈസ്തവ-മുസ്ലീം പരാമ്പ ര്യങ്ങളിൽ ഇതു ബലിപ്പെരുന്നാളായി ആഘോഷിക്കുന്നു. പക്ഷെ, അതു മകനെ കൊല്ലാനുള്ള ആവശ്യമായിരുന്നു. ഈ കല്പനയെക്കുറിച്ച് വളരെ സാധകമായി എഴുതി അബ്രാഹത്തെ വിശ്വാസത്തിന്റെ പിതാമഹനാക്കു ന്നത് ഡാനിഷ് ചിന്തകനായ സോറൻ കീർക്കെഗോറാണ്. ആധുനിക അസ്തിത്വചിന്ത കീർക്കെഗോറിലാണ് ആരംഭിക്കുന്നത്.

വളരെ പ്രാധാന കാര്യം ദൈവത്തിന്റെ ഈ ആവശ്യവും അബ്രാഹത്തിന്റെ മറുപടിയും നടക്കുന്നത് അബ്രാഹത്തിന്റെ ബോധത്തിന്റെ ആന്തരികതയിലാണ്. കൊല്ലരുത് എന്നു കല്പിച്ച ദൈവം തന്നെ കൊല്ലാൻ കല്പിക്കുന്നു. ഈ കല്പന ധർമ്മവിരുദ്ധമാണ് - ഇതു ദൈവകല്പനയോ? ഇത് ആരും അംഗീകരിക്കുന്ന ഒരു കാര്യമല്ല. അബ്രാഹത്തിന് ആരോടും ചോദിക്കാനാവില്ല. പിതാവ് മകനെ കൊല്ലാൻ തീരുമാനിക്കുകയോ? പക്ഷെ, അബ്രാഹത്തിന്റെ പ്രശ്നം അസ്തിത്വ വിഹ്വലതയാണ്. താൻ വെറുക്കുന്നവനെ കൊല്ലാനല്ല ദൈവ കല്പന. തന്റെ ഈ ലോകത്തിലെ ഇടത്തിന്റെ തുടർച്ചയായി സ്നേഹിക്കുന്നവനെ കൊല്ലാനാണ് കല്പന. ധർമ്മ വ്യവസ്ഥയോടു വിഘടിക്കാൻ ആവശ്യപ്പെടുന്നതു ധർമ്മം സംസ്ഥാപിക്കുന്നവൻ തന്നെ. ലോകത്തിൽ അംഗീ കാരമില്ലാത്ത കാര്യം.

അബ്രാഹത്തിന്റെ ബലി, അസ്തിത്വത്തിന്റെ വേരുകൾ പറിക്കാൻ സന്നദ്ധനായ മിശിഹായുടെ ദാസരുടെ മുൻമാതൃകയാണ്

പക്ഷെ, അബ്രാഹം അനുസരിച്ചു. അയാൾ മകനെയും കൂട്ടി മലയിലേ ക്കുപോയി. മകൻ ചോദിച്ചു. ബലി ചെയ്യാൻ ബലിവസ്തു എവിടെ? “ദൈവം തരും” അബ്രാഹം പറഞ്ഞു. മലമുകളിൽ അബ്രാഹം മകനെ ബന്ധിച്ച് ബലിപീഠത്തിൽ കിടത്തി. അയാൾ കത്തിയുമായി കൈ ഉയർത്തി. കീർക്കെ ഗോർ പറയുന്നു, മകനായ ഇസഹാക്ക് അതു കണ്ടു. അതോടെ അവൻ മുനിയായി. പിതാവിനോട് സംസാരിക്കാത്തവനായി. അബ്രാഹത്തിനു മകൻ നഷ്ടമായി. പക്ഷെ, അയാൾ മകൻ കണ്ടതു കണ്ടോ?

തന്റെ നടപടി ആളുകൾ എന്തു പറയും എന്ന് അബ്രാഹം ചിന്തിച്ചില്ല. അയാളുടെ അന്ത രാത്മാവിൽ ആൾക്കൂട്ടത്തിന്റെ ആരവം ഉണ്ടായില്ല. അയാൾ നിശ്ചയിച്ചു. അഗാധമായി സ്നേഹിച്ചവനെതിരെ കത്തി ഉയർത്താൻ. സൂര്യനു താഴെ ഈ ഭൂമിയിൽ അദ്ദേഹത്തിന്റെ ഇടത്തിന്റെ തുടർച്ചയെ അദ്ദേഹം നിഷേ ധിച്ചു. അതു ബലിയായിരുന്നു. ജീവിതം ഒന്നും അവശേഷിപ്പിക്കാതെ വിളമ്പിത്തീർത്തു. ഈ നിശ്ചയം അബ്രാഹത്തിന്റെ ആന്തരികതയിൽ എടുത്ത തീരുമാനമാണ്. അസ്തിത്വ നിഷേധത്തിന്റെ പരമമായ ബലി. അത് എന്റെ മാത്രമല്ല, അബ്രാഹത്തിന്റെ പാരമ്പര്യം തുടരുന്നവരുടെയൊക്കെയുടെയും ജീവിതമാണ്.

യേശു അബ്രാഹത്തിന്റെ പാരമ്പര്യത്തിൽ വന്നവനാണ്. “എന്റെ ദിവസം കാണാം എന്ന പ്രതീക്ഷയിൽ... അബ്രാഹം ആനന്ദിച്ചു” (യോഹ. 8:50). യേശുവിന്റെ ജീവിതം ബലിയും വിരുന്നുമായിരുന്നു. അവൻ അന്ത്യ അത്താഴത്തിൽ പറഞ്ഞു, “ഇതു എന്റെ ശരീരമാണ്... ഇത് എന്റെ രക്ത മാണ്.” ശരീരമാണ് അവൻ വിളമ്പിയത്. ദൈവത്തിന്റെ വചനവും കർമ്മ ങ്ങളുമായി അവൻ ജീവിതം വിളമ്പി. ദൈവരാജ്യത്തെ പ്രതി അഥവാ ദൈവരാജ്യത്താൽ “ഷണ്ഡനാക്കപ്പെട്ടവനെക്കുറിച്ച്” അവൻ പറഞ്ഞു. (മത്താ. 19:12). ഇങ്ങനെ ഷണ്ഡനാക്കപ്പെട്ടവനായിരുന്നു യേശുവും. യേശു ശിശുക്കളെ എടുത്തു അനുഗ്രഹിച്ചു എന്ന് തുടർന്ന് പറയുന്നു. ജനനേന്ദ്രി യങ്ങൾക്കു കേടുപാടുണ്ടാക്കുന്നവൻ ദൈവത്തിന്റെ സഭയിൽ പെടില്ല എന്നു ബൈബിൾ (നിയമാവർത്തനം 23:1) യഹൂദ സമൂഹം ഒരുവന്റെ ഭൂമിയിലെ ഇടം നിഷേധിക്കുന്നതിന് അനുകൂലമായിരുന്നില്ല. എന്നാൽ യേശു അതു ചെയ്തു. കാമം കടയാൻ മാത്രമല്ല പഠിപ്പിച്ചതു, കാമം കടഞ്ഞ് സ്നേഹമാക്കി വിളമ്പാനും പഠിപ്പിച്ചു.

ആ വഴിയിലൂടെ ഞാൻ നടന്നു - വലിയ ഉതപ്പുകൾ ഉണ്ടാക്കാതെ. എന്നാൽ യേശുവിനെപ്പോലെ മാത്രമല്ല അതിനേക്കാൾ ഭീകരമായും ഞാൻ പ്രലോഭിതനായി. ശരിയായി ജനം അംഗീകരിക്കുന്നവ തെറ്റായ ലക്ഷ്യങ്ങൾക്കുവേണ്ടി ചെയ്യാനുള്ള കുതന്ത്രങ്ങൾ പിശാച് സ്ഥിരം ചെവി ട്ടോർമ്മപോലെ മന്ത്രിക്കുന്നുണ്ടായിരുന്നു. അതൊക്കെ അവനെയും അവ ളെയും എന്റെ നിഴലാക്കാനുള്ള വ്യഗ്രതയായിരുന്നു, പ്രലോഭനങ്ങളായി രുന്നു. “മനുഷ്യൻ ഏകനായിരിക്കുന്നതു നല്ലതല്ല” (ഉല്പത്തി 2:19) എന്ന ബൈബിൾ വചനം മറികടന്നു ഏകനാകാൻ തീരുമാനിക്കുകയും അതു “നല്ല ഭാഗ”മാണെന്നു വിശ്വസിക്കുകയും ചെയ്തു.

ഈ ഭൂമിയിലെ ഇടത്തിന്റെ തുടർച്ചയുടെ എല്ലാ വേരുകളും മുറിച്ചു. അതു ഭൂരിപക്ഷ ധർമ്മത്തിനു വിരുദ്ധവുമാണ്. ആന്തരികതയിലെ ബോധ ത്തിന്റെ നിശ്ചയം ജീവിക്കാനും അസ്തിത്വപരമായ വേരുകൾ, കുടുംബം ജാതിഗോത്രത്തിന്റെ എല്ലാ സാധ്യതകളും മുറിച്ചുനീക്കി. അപരനുവേണ്ടി ഞാൻ എന്റെ വംശനാശം സൃഷ്ടിച്ചു. അതാണ് ബലിജീവിതം. അസ്തിത്വ ത്തിന്റെ വേരുകൾ പറിക്കാൻ സന്നദ്ധനായ മിശിഹായുടെ ദാസരുടെ കഥ.

ശുദ്ധമായ അനുസരണത്തിൽ തന്നെത്തന്നെ സമർപ്പിക്കുന്ന കൃതിയും കർമ്മവുമാണ് വേദം. യഹൂദ കവിയായ എഡ്മണ്ട് ജാബസ് ചോദിച്ചു, “യഥാർത്ഥ കവി സ്വന്തം ഇടം സ്വന്തമാക്കുന്നുണ്ടോ? സ്വന്തം ഇടം ഉയർന്ന അർഥത്തിൽ നഷ്ടപ്പെടുത്തുന്നവനല്ലേ കവി?” അതു ജീവിക്കാൻ ശ്രമിച്ചു എന്നല്ലാതെ എന്തു പറയാൻ! അസ്തിത്വത്തിന്നതീതമായ ഒരു ഉണർവ് ഉണ്ടാക്കുന്ന ഭ്രാന്തിന്റെ കഥ. യുക്തിസഹമായ ഭ്രാന്തു നല്ല ജീവിതത്തിനു അനിവാര്യമാണ് എന്നു വാദിച്ച വ്യക്തിയായിരുന്നു പ്ലേറ്റോ. ദൈവം സ്നേഹമാകുമ്പോൾ സ്നേഹം ഭ്രാന്താക്കുന്ന സ്ഥിതിവിശേഷം സംജാത മാകും.

അന്നയും സ്കൂൾ ടീച്ചറും

വചനമനസ്‌കാരം: No.221

നിരീശ്വര ചൈനയിൽ നിന്ന് വരുന്ന ഭക്തസാധനങ്ങൾ അഥവാ എണ്ണം കൂടുന്ന ദൈവവില്പനക്കാർ!

യുദ്ധത്തിനെതിരെ ചാക്രികലേഖനത്തില്‍ കര്‍ക്കശമായ പരാമര്‍ശങ്ങള്‍

കുറുമുള്ളൂരിൽ സ്പെഷ്യൽ സ്കൂൾ ആരംഭിച്ചു