ബാലനോവല്‍

യുദ്ധവും വിശ്വാസവും [07]

രക്തസാക്ഷിയായ വി. ജോസ് സാഞ്ചെസിന്റെ കഥ

Sathyadeepam

ബാല നോവല്‍ 07 | നെവിന്‍ കളത്തിവീട്ടില്‍

ജോലികള്‍ക്കൊക്കെ വിരാമമായി ഇനി സമരങ്ങളുടെ നാളുകളാണ്. ജനറല്‍ മോര്‍ഫിന്റെ കൂടെ യുദ്ധ കാഹളവും ഏന്തിയാണ് ജോസിന്റെ പോരാട്ടം. ട്രൂപ്പുകളെ മൂന്നായി തിരിച്ചാണ് യുദ്ധം.

ഒരു കൂട്ടര്‍ മുന്നിലൂടെ യുദ്ധം ചെയുമ്പോള്‍ പിന്നില്‍ നിന്നും വശങ്ങളില്‍ നിന്നുമായി മറ്റുള്ളവര്‍ കയറിവരും. ജനറല്‍ മോര്‍ഫിന്‍ കൃത്യമായി നിരീക്ഷിച്ചു ഓരോ അനക്കങ്ങളും നിയന്ത്രിക്കുന്നു. അതിനായി ജനറല്‍ പറയുമ്പോളെല്ലാം ഓരോ ട്രൂപ്പിനും കാഹളമൂതി സന്ദേശം നല്‍കേണ്ടത് ജോസിന്റെ ഉത്തരവാദിത്തമാണ്. ഇത്തരത്തില്‍ വിജയകരമായ രണ്ടു യുദ്ധങ്ങള്‍ സമാപിച്ചു.

അങ്ങനെ അതിയായ ആത്മവിശ്വാസത്തില്‍ മുന്നേറിയ മൂന്നാമത്തെ യുദ്ധത്തിലാണ് അപ്രതീക്ഷിതമായ ഒന്നുണ്ടായത്. ഫെഡറല്‍ ആര്‍മിയുടെ പ്രധാന കമാണ്ടര്‍മാരില്‍ ഒരാളെ ജീവനോടെ പിടികൂടുവാന്‍ ജനറല്‍ മോര്‍ഫിനു സാധിച്ചു.

ആ സന്തോഷത്തില്‍ വിജയം ആഘോഷിച്ചു പിന്‍വാങ്ങുമ്പോളാണ് അധികം അകലെ നിന്നല്ലാതെ വെടി ഉതിര്‍ത്തതിന്റെ വലിയ ശബ്ദം കേട്ടതും ജനറല്‍ മോര്‍ഫിന്റെ കുതിര പിറകിലേക്ക് മറിഞ്ഞു വീണതും.

പരിഭ്രാന്തരായ ക്രിസ്റ്ററോസിനോട് തടവുപുള്ളിയെയും കൂട്ടി ഒളിതാവളത്തിലേക്ക് പോകുവാന്‍ ജനറല്‍ ആവശ്യപ്പെട്ടു, അവര്‍ അപ്രകാരം ചെയ്തു. തിരികെ പോകുവാന്‍ മടികാണിച്ചു നിന്ന ജോസിനോട് വേഗം കുതിരയുമായി രക്ഷപ്പെടുവാന്‍ ആജ്ഞാപിച്ചു. എന്നാല്‍ രണ്ടാമതൊന്നു ചിന്തിക്കാതെ ജോസ് തന്റെ കുതിരയായ ചോപ്പറിന്റെ പുറത്തുനിന്നു താഴെയിറങ്ങി.

എന്നിട്ടു ജനറലിനോട് അതില്‍ കയറി രക്ഷപ്പെടുവാന്‍ ആവശ്യപ്പെട്ടു. തിരികെ ദേഷ്യപ്പെട്ട ജനറലിനെ ആശ്വസിപ്പിച്ചുകൊണ്ട് ജോസ് പറഞ്ഞു, ''ഞാന്‍ കുട്ടിയായതുകൊണ്ട് അവര്‍ എന്നെ ചിലപ്പോള്‍ വെറുതെ വിടുമായിരിക്കും, എന്നാല്‍ ജനറലിനെ അവര്‍ കൊണ്ടുപോയാല്‍ താങ്കളുടെ പക്കലുള്ള വിവരങ്ങള്‍ കിട്ടാന്‍ അവര്‍ അങ്ങയെ ഒത്തിരി ഉപദ്രവിക്കും.

ചിലപ്പോള്‍ കൊന്നുകളയാനും സാധ്യത ഏറെയാണ്. അതു മാത്രമല്ല, ഇപ്പോള്‍ ഭയന്ന് ഓടിപ്പോയ നമ്മുടെ ബാക്കി സൈനികരെ വീണ്ടും ധൈര്യപ്പെടുത്താന്‍ അങ്ങ് തിരികെ ചെല്ലുക അത്യാവശ്യമാണ്. അതുകൊണ്ടു വേറെ ഒന്നും ചിന്തിക്കാതെ ഫെഡറല്‍ ആര്‍മി എത്തുന്നതിനുമുമ്പ് എന്റെ കുതിരയുമായി വേഗം രക്ഷപ്പെടൂ.''

മനസില്ലാ മനസോടെ ജോസിന്റെ കണ്ണിലെ വിശ്വാസവും ധൈര്യവും കണ്ട് അത്ഭുതത്തോടെ ജനറല്‍, ചോപ്പറിന്റെ പുറത്തു കയറി. എന്നിട്ടു തിരിഞ്ഞു ജോസിനോട് പറഞ്ഞു, ''ദൈവം നിനക്കു കൂട്ടുണ്ടായിരിക്കട്ടെ.'' ജനറല്‍, ചോപ്പറുമായി രക്ഷപ്പെട്ട അതെ നിമിഷം ഫെഡറല്‍ ആര്‍മി ജോസിനെ ചുറ്റും വളഞ്ഞു.

(തുടരും)

മതബോധന സെമിനാർ

അഭിലാഷ് ഫ്രേസര്‍ക്ക് ലെഗസി ഓഫ് ലിറ്ററേച്ചര്‍ പുരസ്‌കാരം

നേതൃത്വ പരിശീലന ശിബിരവും, അവാർഡ് വിതരണവും നടന്നു

ഗ്രാൻഡ് പേരന്റ്സ് ഡേ ആഘോഷിച്ചു

ഭയപ്പെടുകയില്ല