ടോം കെ. ജോസ്
അധ്യായം : ഇരുപത്തിരണ്ട്
"ഞങ്ങൾ അകത്തേക്ക് വന്നോട്ടെ..."
അയാളുടെ മുഖത്തെ അമ്പരപ്പും സംശയവും കണ്ടപ്പോൾ ആഗതർ ചോദിച്ചു.
പൊലീസുകാരെ കാണുമ്പോഴെല്ലാം അയാളുടെ മനസ്സിലേക്ക് വരുന്ന ചിന്ത എന്നും ഒന്നുതന്നെയായിരുന്നു. എല്ലാ പൊലീസുകാർക്കും ഒരേ മുഖമാണ്. സംശയത്തിന്റെ മുഖം. അങ്ങോട്ട് എന്തു പറഞ്ഞാലും തങ്ങൾ അത് തീരെ വിശ്വസിക്കുന്നില്ല എന്ന മട്ടിലാണ് അവരുടെ നില്പ്. അതുകൊണ്ടുതന്നെ പൊലീസുകാരെ കാണുമ്പോൾ എന്തോ ഒരു അസ്വസ്ഥതയോ ഭയമോ പണ്ടു മുതൽ തന്നെ അയാളിൽ നിറയുമായിരുന്നു.
അടുത്തനാളുകളിൽ പൊലീസുകാരുമായു ണ്ടായ കണ്ടുമുട്ടലിന്റെ ഓർമ്മകളിൽ നിന്ന് മനസ്സ് മോചനം നേടി വരുന്നതേയുള്ളൂ. ചാരം മൂടിയ കനലുകളെ ആരോ മനസ്സിനുള്ളിലിരുന്ന് ബലമായി ഊതിത്തെളിക്കുന്നു. കനലുകൾക്ക് എന്ത് ചൂട്.
തീർച്ചയായും. കയറി വരൂ. അയാളുടെ അമ്പരപ്പ് വാക്കുകൾ അതേ പടി ഏറ്റെടുത്തിരുന്നു.
അവർ രണ്ടുപേരും സ്വീകരണമുറിയിലേക്ക് കയറി.
“ഫാദറിന്റെ ഫ്രീ ടൈം നഷ്ടപ്പെടുത്തുന്നതിൽ ക്ഷമിക്കണം.” കൂട്ടത്തിൽ മുതിർന്നയാൾ മുഖവുരയെന്നോണം പറഞ്ഞു. കൂടെയുള്ളയാൾ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചശേഷം പതുക്കെ പറഞ്ഞു, “ഞങ്ങൾ ജില്ലാ ക്രൈം ബ്രാഞ്ചിൽ നിന്നാണ്. ഞാൻ സബ് ഇൻസ്പെക്ടർ ആനന്ദ്, ഇത് സിവിൽ പൊലീസ് ഓഫീസർ രാജേഷ്. വി ആർ ഓൺ എ മിഷൻ.”
“ഇരിക്കൂ.” അയാൾ ക്ഷണിച്ചു.
അയാൾക്ക് മുന്നിലെ കസേരകളിലേക്ക് അവർ ഇരുന്നു. അയാളും അവർക്കഭിമുഖമായി ഇരുന്നു. പൊലീസെന്നു കേൾക്കുമ്പോളെ ആ രാത്രി മനസ്സിലേക്കോടി വരുന്നു. ഇനി അതിന്റെ ബാക്കിയെന്തെങ്കിലും. മനസ്സ് സംശയങ്ങളിൽ നിന്ന് സംശയങ്ങളിലേക്ക് ഊളിയിടുകയാണ്. മനസ്സിന്റെ പരിഭ്രമം ഉള്ളിലൊതുക്കാൻ പരമാവധി പരിശ്രമിച്ച് അയാൾ അവരെ നോക്കി.
“ഫാദർ, ഞങ്ങൾക്ക് ഫാദറിന്റെ ഒരു വലിയ സഹായം വേണം.”
“എന്റെ സഹായമോ...” അയാളുടെ അമ്പരപ്പ് ആശ്ചര്യമായി.
“ഒരു പ്രതിയെ കണ്ടെത്താനാണ്. ഈ ഇടവകാംഗമായ ഒരാൾ. അയാളുടെ പേര് മാത്യു. നാട്ടുകാർ അയാളെ കാട്ടി മാത്തൻ എന്ന് വിളിക്കും.” ആനന്ദ് നേരെ കാര്യത്തിലേക്ക് കടന്നു.
മാത്തൻ എന്ന പേര് കേട്ടതും അയാളുടെ മുഖത്തെ ഭാവം മാറി. അയാൾ ഒരു നെടുവീർപ്പോടെ കസേരയിലേക്ക് അല്പം ചാരിയിരുന്നു. ആ നാടിന്റെ വേദനയായിരുന്നു മാത്തനെന്ന പേര്. കാട്ടുപോത്തിനെ നാട്ടുകാർ വിളിക്കുന്ന പേരാണ് കാട്ടി എന്നത്. ആ ജീവിയെ വേട്ടയാടിയ വകയിൽ കിട്ടിയ പേരാണ് കാട്ടി മാത്തൻ.
“മാത്യുവിനെ അന്വേഷിച്ച് നിങ്ങൾ ഇവിടെ വരെ വരേണ്ട കാര്യമെന്താ?” അയാൾ ചോദിച്ചു. “ആൾ ഒരു പാവമാണല്ലോ.”
“മാത്യുവിന്റെ കേസ് ഡീറ്റെയിൽസ് എല്ലാം ഫാദറിന് അറിയാമല്ലോ. അയാൾ തീർച്ചയായും പാവമായിരിക്കാം ഫാദർ. പക്ഷേ, അയാൾ ഇപ്പോൾ ഒരു കൊലക്കേസ് പ്രതിയാണ്.” ആനന്ദ് ഗൗരവത്തിൽ പറഞ്ഞു.
“മൂന്നുവർഷങ്ങൾക്ക് മുമ്പ് ഫോറസ്റ്റിനുള്ളിൽ നടന്ന വെടിവയ്പ്പിൽ ഒരു ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു. മാത്യുവാണ് വെടിവച്ചത്. സംഭവസ്ഥലത്തുനിന്ന് ഞങ്ങൾക്ക് മാത്യുവിന്റെ തോക്ക് കിട്ടിയിട്ടുണ്ട്. കള്ളത്തോക്കാണ്. അത് നിർമ്മിച്ച കൊല്ലൻ തോക്ക് തിരിച്ചറിഞ്ഞിട്ടുണ്ട്.”
“അത് മാത്യു മനഃപൂർവ്വം ചെയ്തതായിരുന്നില്ല.” അയാൾ തിടുക്കത്തിൽ പറഞ്ഞു. “എനിക്ക് അയാളെ നന്നായറിയാം. അയാൾ ആരെയും നോവിക്കുന്നവനല്ല.”
“ശരിയായിരിക്കാം ഫാദർ.” ആനന്ദ് തുടർന്നു. “അന്ന് കാട്ടിൽ വച്ച് വാച്ചർമാർ അയാളെ വളഞ്ഞു. ഭയം മൂത്ത്, രക്ഷപ്പെടാൻ വേണ്ടി മാത്യു വെടിവച്ചതാണ്. അയാളുടെ വെടി കൊണ്ടാണ് വാച്ചർ മരിച്ചത്. കൂടെയുള്ള മറ്റു വാച്ചർമാർ പിന്തുടർന്നപ്പോൾ തോക്ക് അവിടെ ഉപേക്ഷിച്ച് അയാൾ ഉൾക്കാട്ടിൽ ഒളിച്ചു. ഞങ്ങൾ അയാളുടെ വീട്ടിലും നാട്ടിലും അരിച്ചു പെറുക്കിയതാണ്. ഇതുവരെ പിടി കിട്ടിയിട്ടില്ല. അയാൾ ഇടയ്ക്ക് നാട്ടിൽ വന്നുപോകുന്നുണ്ടെന്ന് ഞങ്ങൾ കൺഫോം ചെയ്തിട്ടുണ്ട്.”
അയാൾ എഴുന്നേറ്റ് വരാന്തയുടെ അരികിലേക്ക് നടന്നു. പള്ളിമുറ്റത്തെ കുരിശടിയെ നോക്കി അദ്ദേഹം പതുക്കെ പറഞ്ഞു: “നിയമത്തിന്റെ കണ്ണിൽ മാത്യു കുറ്റവാളിയായിരിക്കാം. പക്ഷേ ദൈവത്തിന്റെ കണ്ണിൽ അയാൾ വെറുമൊരു ഇരയാണ്. നിങ്ങൾക്ക് അയാളുടെ സാഹചര്യങ്ങൾ അറിയാമോ? അയാൾ എന്തിനാണ് കാട്ടിലേക്ക് പോയതെന്ന് അറിയാമോ?”
പൊലീസുകാർ പിടികിട്ടാത്ത മട്ടിൽ പരസ്പരം നോക്കി.
അയാൾ തുടർന്നു: “കഴിഞ്ഞ ഉരുൾപൊട്ടലിൽ ബിനുവിന്റെ കൃഷിഭൂമിയുടെ മുക്കാൽ ഭാഗവും മലവെള്ളം കൊണ്ടുപോയി. ഒരു രാത്രികൊണ്ട് അയാൾ വഴിയാധാരമായി. വീട്ടിൽ മരിക്കാൻ കിടക്കുന്ന രോഗിണിയായ അമ്മയുണ്ട്. ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ അയാളുടെ ഭാര്യയുടെ മാനസികനില തെറ്റിയ അവസ്ഥയിലാണ്. മൂത്ത മകൻ നാട്ടിൽ ചില്ലറ മോഷണങ്ങളും അടിപിടിയുമായി നടക്കുന്നു. ആകെ ആ കുടുംബത്തിന് ഒരു പ്രത്യാശയുണ്ടായിരുന്നത് മകൾ സിൻസിയാണ്.”
അയാൾ തിരിഞ്ഞ് പൊലീസുകാരെ നോക്കി. “ബ്ലേഡിന് പണമെടുത്ത് അയാൾ അവളെ നഴ്സിംഗിന് അയച്ചു. ഏജന്റ് ചതിച്ചതുകൊണ്ട് നഴ്സിംഗിന് അഡ്മിഷൻ കിട്ടിയത് അവിടുത്തെ ഒരു വലിയ മാഫിയ നടത്തുന്ന കോളേജിലാണെന്ന് അറിഞ്ഞില്ല. അവളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകളെല്ലാം അവർ വാങ്ങി വച്ചു. കഴിഞ്ഞ സെമസ്റ്ററിലെ ഫീസ് അടയ്ക്കാൻ മാത്യുവിന് കഴിഞ്ഞില്ല. ഫീസ് അടച്ചില്ലെങ്കിൽ മകളെ പുറത്താക്കും, സർട്ടിഫിക്കറ്റുകൾ തരില്ല എന്ന് ആ മാഫിയ ഭീഷണിപ്പെടുത്തി. മകളുടെ ഭാവി തകരുമെന്ന് കണ്ടപ്പോഴാണ്, കാട്ടുപോത്തിനെ വെടിവച്ചു വിറ്റ് പണമുണ്ടാക്കാൻ ആ പാവം ആ കള്ളത്തോക്കും തൂക്കി കാട്ടിലേക്ക് പോയത്.”
രാജേഷ് പതുക്കെ ചോദിച്ചു: “അതിന് നിയമം കയ്യിലെടുക്കാൻ പാടുണ്ടോ ഫാദർ?”
“തീർച്ചയായും പാടില്ല.” അയാൾ പറഞ്ഞു. “പക്ഷേ വിശപ്പും ഭയവും മനുഷ്യനെക്കൊണ്ട് പലതും ചെയ്യിക്കും. സ്വന്തം മകളുടെ കണ്ണീര് കാണാൻ വയ്യാഞ്ഞിട്ടാണ് അയാൾ ആ സാഹസത്തിന് മുതിർന്നത്. അവിടെവച്ച് വാച്ചർ തന്നെ പിടികൂടും, ജയിലിലാക്കും എന്ന് ഉറപ്പായപ്പോൾ ഉണ്ടായ ആത്മരക്ഷാർത്ഥമുള്ള ഒരു പ്രതികരണമായി അതിനെ കണ്ടുകൂടെ.”
അപ്രതീക്ഷിതമായി പൊലീസുകാരെ കണ്ടപ്പോഴുണ്ടായ അമ്പരപ്പും ഭയവും അയാളെ വിട്ടകന്നിരുന്നു.എന്നോ പിന്നിലുപേക്ഷിച്ച ഒരു വ്യക്തിത്വം ഉയിർത്തെഴുന്നേറ്റു വരുന്നതുപോലെ.
“മകളുടെ സർട്ടിഫിക്കറ്റ് തിരികെകിട്ടാൻ അയാൾ നിങ്ങളെ സമീപിച്ചതല്ലേ. അയാൾ മുട്ടാത്ത വാതിലുകളുണ്ടോ. പണത്തിന്റെ സ്വാധീനത്തിന് മുമ്പിൽ നിയമങ്ങളും മുട്ടുമടക്കുമല്ലോ അല്ലേ. എല്ലാവരും കൈയ്യൊഴിഞ്ഞപ്പോഴല്ലേ അയാൾ...” അയാളുടെ സ്വരമുയർന്നു.
സബ് ഇൻസ്പെക്ടർ ആനന്ദ് എഴുന്നേറ്റ് അയാളുടെ അരികിലേക്ക് വന്നു. അയാളുടെ സ്വരത്തിൽ ഇപ്പോൾ ആദ്യമുണ്ടായിരുന്ന കടുപ്പം കുറഞ്ഞിരുന്നു. “ഫാദർ, മാത്യുവിന്റെ അവസ്ഥയിൽ ഞങ്ങൾക്ക് സഹതാപമുണ്ട്. പക്ഷേ നിയമത്തിന് മുന്നിൽ ഒരു നിയമപാലകന്റെ ജീവൻ നഷ്ടപ്പെട്ടു.” മാത്യു ഇങ്ങനെ ഒളിവിലിരുന്നാൽ കാര്യം കൂടുതൽ വഷളാകും. കാട് പഴയതുപോലെ സുരക്ഷിതമല്ല. ചിലയിടങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യവുണ്ട്.
മാവോയിസ്റ്റ് എന്ന പേര് തന്നിലുളവാക്കിയ നടുക്കം അവരും ശ്രദ്ധിച്ചെന്ന് അയാൾക്ക് തോന്നി.
“ഫോറസ്റ്റുകാരും പൊലീസും കാട് അരിച്ചുപെറുക്കുകയാണ്. ഒരു എൻകൗണ്ടർ വരെ ഉണ്ടായിക്കൂടെന്നില്ല. അതിന് മുൻപ് അയാളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അയാൾ ഈ നാട്ടിൽ ആരെയെങ്കിലും ബന്ധപ്പെടുന്നുണ്ടെങ്കിൽ അത് ഫാദറിന് അറിയാൻ കഴിയും. ഫാദറിന് ഞങ്ങളെ സഹായിക്കാൻ കഴിയും. പിടിക്കപ്പെടുന്നതിനേക്കാൾ അയാൾക്ക് നല്ലത് കീഴടങ്ങുന്നതാണ്. അയാളെ ഇപ്പോൾ സഹായിക്കുന്നവരും കൂട്ടു പ്രതികളാകും.”
ആനന്ദ് പറയുന്നത് ശരിയാണ്. മാത്യു എത്രനാൾ ഒളിച്ചുനടക്കും? പൊലീസിന്റെ കൈകളിൽ പെടുന്നതിനേക്കാൾ നല്ലത് നിയമപരമായി കീഴടങ്ങുന്നതാണ്. നിയമത്തിന്റെ എന്തെങ്കിലും ആനുകൂല്യം ലഭിക്കുമായിരിക്കും. എത്ര വേഗത്തിലാണ് വികാരങ്ങളും ചിന്തകളും കാലുമാറുന്നത്. നമ്മുടെ ചിന്തകളെവരെ വഴിതിരിച്ചുവിടാൻ ഇവർക്ക് പ്രത്യേക പരിശീലനം കിട്ടിയിട്ടുണ്ടെന്നു തോന്നുന്നു. അയാൾ തന്നോടുതന്നെ പിറുപിറുത്തു.
“അയാൾ ഫാദറിനെ വിളിക്കുകയോ കാണാൻ വരികയോ ചെയ്യാൻ സാധ്യതയില്ല. പക്ഷേ ഫാദറിന് അയാളുടെ വീട്ടുകാരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിയും. അവർ വഴി മാത്യുവിനോട് കീഴടങ്ങാൻ പറയണം. ഞങ്ങൾ എന്തിനും കൂടെയുണ്ടാകും. കോടതിയിൽ അയാളുടെ കുടുംബസാഹചര്യം ഞങ്ങൾ ബോധിപ്പിക്കാം. ശിക്ഷയിൽ ഇളവ് കിട്ടാൻ അത് സഹായിക്കും. ആ പാവം കാട്ടിൽ കിടന്ന് മരിക്കാതിരിക്കാനാണ് ഇത്.” ആനന്ദ് ഉറപ്പുനൽകി.
അയാൾ ദീർഘമാ യൊന്നു നിശ്വസിച്ചു. “ശരി, ഞാൻ പരമാവധി സഹായി ക്കാം. മാത്യുവിനെ എങ്ങനെയെങ്കിലും ബന്ധപ്പെടാനുള്ള വഴികൾ നോക്കാം.”
“നന്ദി ഫാദർ. ഞങ്ങളെ ഈ നമ്പറിൽ ബന്ധപ്പെട്ടാൽ മതി.” അയാൾക്ക് ഫോൺ നമ്പർ നല്കിയതിനുശേഷം രണ്ടുപേരും കൈകൂപ്പി പടിയിറങ്ങി. അവരുടെ ബുള്ളറ്റിന്റെ ചുവന്ന ബാക്‌ലൈറ്റ് ഒരു അപായസൂചനപോലെ വഴിയിൽ തന്നെ നിൽക്കുന്നതായി അയാൾക്ക് തോന്നി. ചക്രവാളത്തിൽ ഉണങ്ങിനിൽക്കുന്ന വൻമരം കാൽവരിയിലെ കുരിശുപോലെ അയാൾക്ക് കാണപ്പെട്ടു.
മാത്യുവിന് ഒരു ഉത്ഥാനമുണ്ടാകുമോ? ഹൃദയം വിലപിച്ചു...
(തുടരും)