Novel

നിലാവിന്റെ വീട് - 23

Sathyadeepam

ടോം കെ. ജോസ്

  • അധ്യായം : ഇരുപത്തിമൂന്ന്

“അച്ചൻ എന്നാ പണിയാ ഈ കാണിച്ചേ. അവന് മുഴുപ്രാന്താ. പോരാത്തേന് കഞ്ചാവും. ജനിച്ചിട്ട് പള്ളിക്കേറാത്തവനെ യാണോ പെരുന്നാളിന്റെ സൗണ്ടും ലൈറ്റും എപ്പിക്കുന്നേ. ഇക്കണക്കിന് പെരുന്നാള് അച്ചൻ തന്നെ നടത്തണ്ടിവരും...”

കൈക്കാരൻ മാമച്ചൻ ചേട്ടൻ പൊട്ടിത്തെറിച്ചു..

പള്ളിമുറിയിലെ വലിയ മേശയ്ക്ക് ചുറ്റും തിരുനാൾ കമ്മിറ്റി അംഗങ്ങളും കൈക്കാരന്മാരും ഇരിക്കുകയാണ്. വരാൻ പോകുന്ന വലിയ പെരുന്നാളിന്റെ ക്രമീകരണങ്ങളെ ക്കുറിച്ചുള്ള ഗൗരവമായ ചർച്ചയിലായിരുന്നു വികാരിയച്ചനും അവരും. തിരുനാളിന്റെ വരവ് ചെലവ് കണക്കുകളും പന്തലിന്റെ കാര്യങ്ങളും സംസാരിക്കുന്നതിനിട യിലാണ് അച്ചൻ ആ വിഷയം അവതരിപ്പിച്ചത്.

“ഒരു കാര്യത്തേക്കുറിച്ച് നിങ്ങളുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം. ഇത്തവണ തിരുനാളിന്റെ സ്നേഹവിരുന്ന് യുവജനങ്ങൾ എറ്റോളാമെന്ന് പറഞ്ഞിട്ടുണ്ട്. വരുന്ന എല്ലാവർക്കും ചിക്കൻ ബിരിയാണി കൊടുക്കാനാണ് അവരുടെ പ്ലാൻ.”

“എല്ലാവർക്കും ചിക്കൻ ബിരിയാണിയോ. അതിന്റെ ചെലവ് എവിടെന്നെടുത്ത് കൊടുക്കും.” കുര്യാച്ചൻ ചേട്ടന്റെ സ്വരമുയർന്നു.

“അതും അവർ കണ്ടെത്തിക്കോളാമെന്ന് സമ്മതിച്ചിട്ടുണ്ട്.”

“അച്ചന്റെ...”

“ഒരു കാര്യം കൂടി. ഇത്തവണത്തെ തിരുനാളിന്റെ ലൈറ്റ് ആൻഡ് സൗണ്ട് കാര്യങ്ങൾ നോക്കാൻ ഒരാളെ ഞാൻ കണ്ടുവെച്ചിട്ടുണ്ട്. ചാക്കോച്ചിയാണത്. അവൻ ആ ചുമതല പൂർണ്ണമായും ഏറ്റെടുത്ത് ചെയ്തോളാമെന്ന് എന്നോട് ഉറപ്പുപറഞ്ഞിട്ടുണ്ട്.”

അയാളുടെ വാക്കുകൾ കേട്ടതും അവിടെ ചെറിയൊരു നിശ്ശബ്ദത പടർന്നു. പെട്ടെന്നാണ് സീനിയർ കൈക്കാരനായ മാമ്മച്ചൻ ചേട്ടൻ തന്റെ അതൃപ്തി പരസ്യമാക്കിയത്.

മാമ്മൻ ചേട്ടന്റെ സ്വരത്തിൽ കടുത്ത വിയോജിപ്പുണ്ടായിരുന്നു.കൈക്കാരന്മാരുടെ ഈ എതിർപ്പ് മുൻകൂട്ടി കണ്ടിരുന്നതുകൊണ്ട് അയാൾ ഒന്നു പുഞ്ചിരിച്ചതേയുള്ളൂ. അയാളുടെ മനസ്സ് പെട്ടെന്ന് രണ്ട് ദിവസങ്ങൾക്ക് മുൻപുള്ള ആ വൈകുന്നേരത്തേക്ക് സഞ്ചരിച്ചു... രണ്ടു ദിവസങ്ങൾക്ക് മുൻപ്, നാലുമണിക്ക്. അയാൾ തന്റെ പതിവുള്ള കട്ടൻകാപ്പി തിളപ്പിക്കുന്നതിന്റെ ശ്രമങ്ങളിലായിരുന്നു അടുക്കളയിൽ. വെള്ളം തിളച്ചു മറിയുന്ന ആ സമയത്താണ് പുറത്ത് കോളിംഗ് ബെൽ അടിക്കുന്ന സ്വരം കേട്ടത്.

“കയറിപ്പോരേ... വാതിൽ ചാരിയിട്ടേ ഉള്ളൂ.” അയാൾ വിളിച്ചുപറഞ്ഞു.

പ്രതികരണം കാണാതെ വന്നപ്പോൾ അയാൾ വാതിൽക്കലേക്ക് ചെന്നു.

പോർച്ചിൽ ചാക്കോച്ചിയാണ് നിൽക്കുന്നത്. പക്ഷേ, പഴയതുപോലെ ചുവടുറയ്ക്കാത്ത ശരീരമോ, കലങ്ങിയ കണ്ണുകളോ ആയിരുന്നില്ല അവന്. മുമ്പെങ്ങുമില്ലാത്ത ഒരു പ്രശാന്തതയും സന്തോഷവും ആ മുഖത്ത് നിറഞ്ഞുനിന്നിരുന്നു.

“ആരിത് ചാക്കോച്ചിയോ? കയറി വാ...” അയാൾ അവനെ സ്നേഹത്തോടെ ക്ഷണിച്ചു.

ചാക്കോച്ചി തന്റെ ചെരിപ്പ് പുറത്ത് സാവകാശം അഴിച്ചുവെച്ച ശേഷം പള്ളിമുറിക്കകത്തേക്ക് കയറി.

“ചാക്കോച്ചി ഇങ്ങോട്ട് കേറി പോരെ ഊട്ടുമുറിയിലേക്ക്... ഞാനൊരു കട്ടൻകാപ്പി ഇടുവാരുന്നു...” അയാൾ ഊട്ടുമുറിയിലേക്ക് നടന്നു കൊണ്ട് പറഞ്ഞു.

“വേണ്ട അച്ചോ, ഞാൻ ഇവിടെ നിന്നോളാം...” അവൻ വിനയത്തോടെ പറഞ്ഞു.

“അതൊന്നും പറഞ്ഞാൽ പറ്റില്ല, വാ നമുക്കൊരു കാപ്പി കുടിക്കാം.” അയാൾ നിർബന്ധിച്ചു.

“അച്ചൻ കുടിച്ചിട്ടു വാ... ഞാൻ... ഞാൻ കാപ്പിയൊന്നും...” ചാക്കോച്ചി ഒഴിവുകഴിവ് പറയാൻ നോക്കി.

“അതെന്താ കട്ടൻ ഉള്ളിൽ ചെന്നാൽ വല്ലതും പിരിയുമോ...?”

ചാക്കോച്ചിയുടെ മുഖം നാണം കൊണ്ടു കുനിഞ്ഞു.

“ഇന്നു മൊത്തം പച്ചയാ...”

“എന്നാൽ ഇന്നൊരു കാപ്പി കുടിപ്പിച്ചിട്ടേയുള്ളൂ ഞാൻ. ഇങ്ങോട്ട് പോര്...” അയാൾ വിട്ടുകൊടുത്തില്ല.

ആ സ്നേഹപൂർവ്വമായ നിർബന്ധത്തിന് മുന്നിൽ ചാക്കോച്ചി വഴങ്ങി... അവൻ സാവധാനം ഊട്ടുമുറിയിലേക്ക് നടന്നു വന്നു...

“ഇവിടെ ഇരിക്ക്.” അയാൾ ഒരു കസേര വലിച്ചിട്ടു.

ചാക്കോച്ചി തടസ്സമൊന്നും പറയാതെ ഇരുന്നു.

ചാക്കോച്ചിയെ അവിടെ ഇരുത്തിയശേഷം അയാൾ അടുക്കളയിലേക്ക് നടന്നു. തിളച്ചുകൊണ്ടിരുന്ന വെള്ളത്തിലേക്ക് അല്പം കൂടി വെള്ളം ഒഴിച്ചിട്ട് മടങ്ങിവന്നു.

“ഞാൻ ചാക്കോച്ചിയെ വിളിച്ചത് ഒരു പ്രധാനപ്പെട്ട കാര്യം ഏല്പിക്കാനാണ്...”

“എന്നെയോ...” ചാക്കോച്ചി അവിശ്വസനീയതയോടെ അയാളെ നോക്കി.

“ചാക്കോച്ചി ഒരു ലൈറ്റ് ആൻഡ് സൗണ്ട് എക്സ്പേർട്ട് ആണെന്ന് കേട്ടിട്ടുണ്ട്. ഇത്തവണത്തെ തിരുനാളിന്റെ വർക്ക് ചാക്കോച്ചി ചെയ്യണം.”

ചാക്കോച്ചി കസേരയിൽ നിന്ന് ചാടിയെണീറ്റു. “അച്ചൻ ശരിക്കും ആലോചിച്ചിട്ട് തന്നെയാണോ ഇതെന്നെ ഏൽപ്പിക്കുന്നത്? നാട്ടുകാർ ഇതിന് സമ്മതിക്കുമെന്ന് അച്ചൻ കരുതുന്നുണ്ടോ?”

“ചാക്കോച്ചി ഇരിക്ക്.ഞാൻ നന്നായി ആലോചിച്ചു തന്നെയാണ് ചാക്കോച്ചീ ഈ തീരുമാനമെടുത്തത്. ഇത്തവണത്തെ തിരുനാളിന്റെ സൗണ്ട് ആൻഡ് ലൈറ്റ് നീ തന്നെ ചെയ്യണം. നാട്ടുകാർ എന്ത് പറയും എന്നോർത്ത് നീ വിഷമിക്കേണ്ട, അതിന്റെ ഉത്തരവാദിത്വം വികാരി എന്ന നിലയിൽ എനിക്കാണ്.”

ചാക്കോച്ചിയുടെ തോളിൽ കൈവെച്ച് ശാന്തമായി പുഞ്ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു.

ചാക്കോച്ചിയുടെ കണ്ണുകൾ ചുവന്നു...ചുണ്ടുകൾ വിറച്ചുതുടങ്ങി. “അത് ശരിയാവില്ലച്ചാ... എനിക്ക് പറ്റില്ല. ഇതുവരെ എന്നെ ആരും വിശ്വസിച്ച് ഒരു കാര്യവും ഏൽപ്പിച്ചിട്ടില്ല. എനിക്ക് എന്തേലും ചെയ്യാൻ കഴിയുമെന്ന് ആരും പറഞ്ഞിട്ടുമില്ല. എല്ലാവർക്കും ഞാൻ താന്തോന്നിയും ഒന്നിനും കൊള്ളാത്തവനുമാണ്.”

“ചാക്കോച്ചി... നീ ചില്ലറ തരികിടയാണെന്ന് എനിക്ക് നല്ലതുപോലെ അറിയാം. നീ ഇങ്ങനെ നടക്കേണ്ടവനല്ല. അത് ഞാൻ സമ്മതിക്കില്ല. നിന്റെ കഴിവിൽ എനിക്ക് വിശ്വാസമുണ്ട്.”

ചാക്കോച്ചി ഒരു തേങ്ങലോടെ മേശമേൽ ചാരിയിരുന്നു.

“അച്ചന് ഞാൻ തരികിട ആണെന്നല്ലേ അറിയൂ... എങ്ങനെ ആയെന്ന് ആരും പറയില്ലല്ലോ...”

ചാക്കോച്ചി ആ ഇരുണ്ട വഴികളിലേക്ക് തിരഞ്ഞു നടന്നു. കൂടെ അയാളും.

“അപ്പൻ വർക്കി പട്ടാളത്തിലായിരുന്നു. മദ്യലഹരിയിൽ അടിപിടിയും കത്തിക്കുത്തും നടത്തിയതിന് ആർമിയിൽ നിന്ന് പിരിച്ചുവിട്ടു. കാട്ടിൽ വേട്ടയാടിയും കള്ളവാറ്റ് നടത്തിയും നാട്ടുകാരെ പേടിപ്പിച്ചും നടക്കുന്ന ഒരു ഗുണ്ടയായി വർക്കി മാറാൻ ഏറെ സമയമെടുത്തില്ല. നാട്ടുകാർ അയാൾക്ക് വില്ലൻ വർക്കിയെന്ന് പേരിട്ടു. അപ്പൻ ചെയ്യുന്ന പല ക്രൂരതകൾക്കും കൗമാരത്തിലേ ചാക്കോച്ചിക്ക് സാക്ഷിയാകേണ്ടിവന്നു..

വീട്ടിൽ അമ്മ എന്നും അപ്പന്റെ മർദ്ദനമേറ്റ് ഒരു മൂലയിൽ നിശ്ശബ്ദയായി കരയുന്നത് കണ്ടാണ് അവൻ വളർന്നത്. നഴ്‌സിംഗ് പഠിച്ചു കൊണ്ടിരുന്ന പെങ്ങളെ ഒരു ആലോചനയുമില്ലാതെ എവിടെയോ ദൂരനാട്ടിലേക്ക് കെട്ടിച്ചു വിട്ടപ്പോൾ തടയാൻ ആരുമുണ്ടായിരുന്നില്ല. അതിനുശേഷമാണ് അയാൾ ആ നാട്ടിൽ നിന്ന് അപ്രത്യക്ഷനായത്... നായാട്ടുകാർ വെടി വെച്ച് കാട്ടിൽ മറവ് ചെയ്തെന്നോ, ഒളിച്ചോടിയെന്നോ, വേറെ നാട്ടിൽ ഭാര്യയും മക്കളുമായി കഴിയുന്നുണ്ടെന്നോ ഒക്കെയാണ് നാട്ടുകാർ പറയുന്നത്. അപ്പന്റ കാർക്കശ്യവും കടുത്ത നിയന്ത്രണവും ചാക്കോച്ചിയെ എത്തിച്ചത് മോശം കൂട്ടുകെട്ടുകളി ലേക്കായിരുന്നു. അത് പുകവലിയിലേക്കും മദ്യപാനത്തിലേക്കും സാവധാനം വളർന്നു. അമ്മ കാലുപിടിച്ചു പറഞ്ഞപ്പോൾ ഒരു വികാരിയച്ചൻ ടൗണിലുള്ള അച്ചൻമാർ നടത്തുന്ന ഐ ടി സി യിലാക്കിയതാണ്... തന്തയ്ക് വിളിച്ചവനെ തല്ലി അവിടെനിന്നും ഒളിച്ചോടി. പിന്നെ മടങ്ങി വന്നത് വർഷങ്ങൾക്കുശേഷമാണ്. പണിക്ക് ചേർന്ന പലയിടങ്ങളിലും ഭൂതകാലം ഒരു തടസ്സമായി. അതോടെ ജീവിതം വീണ്ടും പഴയ പടിയായി. പണമുണ്ടെങ്കിൽ സമൂഹം ബഹുമാനിക്കുമെന്ന് കരുതിയാണ് കഞ്ചാവ് കൃഷിക്ക് പോയത്. ജയിലിൽ നിന്നിറങ്ങിയ അന്നു മുതൽ സ്റ്റേഷനിൽ ഹാജരാകണം... തെറിവിളി കേൾക്കണം... നാട്ടുകാരുടെ പരിഹാസം എപ്പോഴും പുറകിലുണ്ട്. എനിക്കും ഒന്നുറങ്ങണ്ടേ.”

“ചാക്കോച്ചി. നിനക്ക് ഞാനുണ്ട്...” അയാൾ അവന്റെ ചുമലിൽ തന്റെ കരങ്ങളർപ്പിച്ചു. “എല്ലാം തിരുത്താൻ നിനക്ക് ധാരാളം സമയമുണ്ട്... ഈ തിരുനാൾ അതിന്റെ തുടക്കമാകട്ടെ...”

ചാക്കോച്ചി അവിശ്വസനീയ ഭാവത്തിൽ അയാളെ നോക്കി.

അയാൾ ആ കണ്ണുകളിലേക്ക് പുഞ്ചിരിയോടെ നോക്കി നിന്നു.

“അച്ചൻ ഞങ്ങളു പറയുന്നതുവല്ലോം കേക്കുന്നുണ്ടോ.” മാമച്ചന്റെ സ്വരമാണ്.

അയാൾ ചിന്തകളിൽ നിന്നുണർന്നു.

അയാൾ സാവധാനം ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു. ആദ്യമായി അയാളുടെ സ്വരമുയർന്നു. സ്വരത്തിന് മുമ്പെങ്ങുമില്ലാത്ത മൂർച്ച കൈവന്നു.

“ഈ സമൂഹം ആ മനുഷ്യനോട് ചെയ്ത തെറ്റിന് പരിഹാരം ചെയ്യാനാണ് ഞാൻ പരിശ്രമിക്കുന്നത്. പാപം ചെയ്യാത്തവർക്ക് അവനെ കല്ലെറിയാം എന്നും ഞാൻ പറയുന്നില്ല. നിയമവും നാട്ടു നടപ്പും തെറ്റിൽ വീണവരെ വീണ്ടെടുക്കാൻ വേണ്ടിയാകണം. വെറുതേ വിധിക്കാനാകരുത്. ആരെയും നശിപ്പിക്കാനാകരുത്. ഈ തിരുനാളാലോഷം കൊണ്ട് ഒരാളുടെ ജീവിതമെങ്കിലും നന്നാകട്ടെ.”

അയാൾ കിതച്ചുകൊണ്ട് എല്ലാ മുഖങ്ങളിലേക്കും മാറി മാറി നോക്കി...

അയാളുടെ കണ്ണുകളിലെ ഭാവം കാണാനാകാതെ എല്ലാവരും മുഖം കുനിച്ചു...

  • (തുടരും)

വചനമനസ്‌കാരം: No.235

കൗശലം വാഴുന്ന കാലം

ബ്രദർ

ശതാബ്ദിനിറവിലും സത്യദീപം മുത്തശ്ശിയുടെ കുതിപ്പ്

ദേവാലയ സംഗീത പരിപാടികൾക്ക് കാലാനുസൃത മാറ്റം അനിവാര്യം