Novel

നിലാവിന്റെ വീട് - 13

Sathyadeepam

ടോം കെ. ജോസ്

  • അധ്യായം : പതിമൂന്ന്

“ജോണീ... നമുക്ക് പറുദീസയ്ക്ക് വിട്ടാലോ...”

കോൺവെന്റിൽ നിന്നും കാപ്പി കഴിഞ്ഞപ്പോൾ ഷെറിൻ ചോദിച്ചു.

ഫിലിപ്പിന്റെ മെസേജ് വന്നെന്ന് പറയാൻ വിളിച്ചതാണ് ഷെറിനെ.

ജോണീ നാളെ ഞാനെത്തിയേക്കാമെന്ന് ഒറ്റ മറുപടി.

പതിവുപോലെ ഉച്ചകഴിഞ്ഞപ്പോൾ ബൈക്കോടിച്ചെത്തി. “എന്റെ ജോണി, നിന്നെയും നാട്ടുകാരേയും സമ്മതിക്കണം. ഈ വഴിക്കൊരു മാറ്റവുമില്ലല്ലോ.”

എന്നുമുള്ള പരിഭവമാണ്. ഇടയ്ക്കിടയ്ക്ക് ഷെറിൻ ബൈക്കുമായി വരും. അങ്ങോട്ട് ചെന്നില്ലെങ്കിലും ഫോൺ വിളിച്ചില്ലെങ്കിലും പരിഭവങ്ങളില്ല. കൃത്യമായ ഇടവേളകളിൽ ഷെറിന്റെ വിളിയെത്തും. വിളിക്കാനൊരാൾ മതി. സംസാരിക്കാൻ രണ്ടു പേരും. അതാണ് ഷെറിന്റെ തത്ത്വം.

“പറുദീസ” ഷെറിനാണ് ആ പേരിട്ടത്.

ഇടവകയിലേക്ക് ചാർജെടുക്കാൻ വന്നപ്പോൾ ഷെറിനും കൂടെയുണ്ടായിരുന്നു. രണ്ടു കുർബാനകൾക്കും മുമ്പ് പുതിയ വികാരിയെ സരസമായി പരിചയപ്പെടുത്തി. അതയാളെ കുറച്ചൊന്നുമല്ല ആശ്വസിപ്പിച്ചത്. കുറച്ചു നാളത്തെ സംഭവബഹുലമായ ഇടവേളയ്ക്കുശേഷമാണ് വീണ്ടുമൊരു ഇടവകയിലേക്ക് വികാരിയായി വരുന്നത്.അതിന്റെ പകപ്പും ജാള്യതയും നന്നായുണ്ടായിരുന്നു. ഷെറിന്റെ നല്ല വാക്കുകൾ ആ മരുഭൂമിയിൽ പുതിയ വിത്തുകൾ മുളപ്പിച്ചു.

“ഷെറിൻ, നീ മനശ്ശാസ്ത്രമായിരുന്നു പഠിക്കേണ്ടിയിരുന്നത്.”

“നമുക്ക് അറിയില്ലാത്ത കാര്യങ്ങളല്ലേ പഠിക്കണ്ടത്.” മന്ദഹാസത്തോടെ ഷെറിൻ മറുചോദ്യമെറിഞ്ഞു.

രണ്ടാമത് അയാളെ കാണാൻ വന്നപ്പോഴാണ് ഷെറിൻ പരിസരമൊക്കെ നോക്കിക്കണ്ടത്.

ആകാശം തൊട്ടുനിൽക്കുന്ന മലനിരകളും അവയെ വെള്ളക്കമ്പിളി പുതപ്പിക്കുന്ന കോടമഞ്ഞും. പള്ളിപ്പറമ്പിനതിരിലൂടെ കയർത്തൊഴുകുന്ന പുഴയും. പുഴയിലേക്ക് വഴുതിനീങ്ങുന്ന ചെമ്മൺ പാതയും.

“അതെന്താ അവിടെ.” ഷെറിൻ അകലെ പുഴയിലേക്ക് കൈചൂണ്ടി.

അയാൾ നോക്കി. ആനക്കയത്തിനപ്പുറത്തേ ക്കാണ് ഷെറിന്റെ ചൂണ്ടുവിരൽ.

“അത് ആനക്കയം. മറന്നോ...” വിൽസന്റെ വിവരണം.

ഷെറിൻ പുഞ്ചിരിച്ചു. “അതല്ല. അതിനുമപ്പുറം.”

ചൂണ്ടുവിരൽ വിദൂരതയിലേക്ക് നീണ്ടു. കൂടെ കണ്ണുകളും.

ചക്രവാളത്തിൽ പുഴ ലയിച്ചു ചേരുന്നതിനടുത്തായി പച്ചപുതച്ച അതിവിശാലമായ താഴ്‌വര.

“അതോ. അത് കണ്ട് തന്നെ മനസ്സിലാക്കണം.” പറഞ്ഞു ഫലിപ്പിക്കാൻ എളുപ്പമല്ല.

“ഇവിടെ നിന്ന് ഒത്തിരി ദൂരമുണ്ടോ?” ഷെറിന് ഉത്സാഹമായി.

“നടക്കാനുള്ള ദൂരമേയുള്ളൂ. ഒരു ഈവനിംഗ് വാക്ക് ആകട്ടെ.”

“എന്നാ ബൈക്കിന് പോകാം. നിന്റെ കൂടെ നടന്നാൽ അവിടെ എത്തുമ്പം പാതിരാ കഴിയും. വഴിയിൽ ആരെ കണ്ടാലും വിടൂലല്ലോ.” ഷെറിൻ മൈക്കിന് മുമ്പിൽ സരസനാണെങ്കിലും അപരിചിതർക്ക് മുമ്പിൽ അന്തർമുഖനാണ്.കാണാത്തമട്ടിൽ ആളുകളെ വിട്ടൊഴിഞ്ഞ് പൊയ്ക്കളയും. ഇനി ആരെങ്കിലും ഒട്ടു മുട്ടാൻ ശ്രമിച്ചാൽ ഷെറിന്റെ മുഖത്തെ നിർവികാരത അവരെ വളരെ വേഗം ആ ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിക്കും. മോർച്ചറി മോഡ്. അയാൾ കളിയാക്കും. മോർച്ചറി മോഡ് പുഞ്ചിരി മോഡിലേക്ക് മാറും.

“എന്റെ ജോണീ നിന്നെപ്പോലെ ഒഴുക്കിൽ പെട്ട ഇലപോലെ തട്ടിയും തടഞ്ഞും നീങ്ങാൻ എനിക്കാവില്ല.” ഷെറിൻ പറയും.

പുഴയോരം ചേർന്നാ വഴി. ചെറിയ നടപ്പുവഴിയാ. ആ വഴിക്ക് വീടുകളില്ല. മഴക്കാലത്ത് റോഡ് മാത്രമാണ് ശരണം. നടപ്പു വഴിയെ മലവെള്ളം വിഴുങ്ങും.

“എന്നാൽ നടക്കാം.”

വഴിയിൽ ആരെയും കാണരുതേയെന്ന് മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടാണിറങ്ങിയത്. കൊച്ചു കൊച്ചു വിശേഷങ്ങൾ പറഞ്ഞ് നടപ്പ് പുഴയോരത്തെത്തി. ആറ്റു വഞ്ചികളും പുഴക്കരിമ്പും പിന്നെ കുറേ പേരറിയാചെടികളും വഴിയുടെ വശങ്ങളെ കൈയ്യേറിയിട്ടുണ്ട്.

“അട്ട കാണുമോ.” ഷെറിൻ ഉൽക്കണ്ഠപ്പെട്ടു.

“ആ പേടിയേ വേണ്ട. ഞാൻ സ്ഥിരം നടക്കുന്ന വഴിയല്ലേ.” അയാൾ ഷെറിനെ ധൈര്യപ്പെടുത്താ നെന്നോണം പറഞ്ഞു.

“പിന്നേ. കടുവ കടിച്ചാൽ അറിയാത്ത ആളാ അട്ട കടിച്ചാൽ അറിയാൻ പോകുന്നത്.”

ഷെറിൻ വഴിയരികിലെ പാറപ്പുറത്തിരുന്നു...ചെരുപ്പഴിച്ച് കാൽവിരലുകൾ വിടർത്തി നോക്കി. ഭാഗ്യം. അട്ടകളില്ല. കുറച്ച് മണൽത്തരികൾ മാത്രം.

“ഇപ്പോൾ സംശയം തീർന്നോ. ഇവറ്റകൾ മണലിൽ നിൽക്കില്ല.വെയിലുവന്നാ മണൽ വേഗം ചൂടുപിടിക്കും.” അയാൾ ഒന്നുകൂടി ധൈര്യം പകർന്നു.

ആനക്കയം എത്താറായി. നടപ്പു വഴി മണൽപ്പരപ്പിലവസാനി ച്ചപ്പോൾ അയാൾ പറഞ്ഞു.

“വലിയ പാറകൾ തീർത്ത വലിയൊരു കോട്ടയുടെ ഉള്ളിലാണ് ആനക്കയം. പാറകൾക്കിടയിൽ വൻമരങ്ങൾ വേരുകൾ പടർത്തി നിൽക്കുന്നു. തെളിഞ്ഞ മണൽപ്പരപ്പാണ് അടിയിൽ. ഓരോ കാലവർഷത്തിലും പുത്തൻമണലെത്തും.കയത്തിലെ അടിയൊഴുക്ക് വരുന്ന മണലിനെ കറക്കി തീരത്തിടും. പിന്നെ നമ്മുടെ ചേട്ടൻമാർ അതു കൃത്യമായി വാരിമാറ്റുന്നതുകൊണ്ട് പുഴയിങ്ങനെ തുടരുന്നു.”

പാറകൾക്കിടയിലൂടെ നൂഴ്ന്നിറങ്ങിയും അള്ളിപ്പിടിച്ച് കയറിയും കയം നന്നായി കാണാവുന്ന ഒരു പാറപ്പുറത്ത് അവർ കയറിപ്പറ്റി. ഭീതിദമായ ഒരുകാഴ്ച തന്നെയായിരുന്നു അത്. അകലെ നിന്ന് പാറയിടുക്കിലൂടെ കുതിച്ചെത്തുന്ന ജലപ്രവാഹം കൂറ്റൻ പാറകളിൽത്തട്ടി വട്ടം കറങ്ങി എതിർദിശയിലൂടെ താഴേക്ക് പരന്നൊഴുകുന്നു.കൃത്യമായ ഇടവേളകളിൽ കയത്തിന് നടുവിൽ ഒരു ചുഴി തെളിഞ്ഞുവരും. ഒഴുക്കുകൊണ്ടു വന്ന വസ്തുക്കളെയെല്ലാം വാരിയെടുത്ത് അത് അടിത്തട്ടിലേക്ക് കറങ്ങിക്കറങ്ങി അപ്രത്യക്ഷമാകും. ചുഴിയുടെ അദൃശ്യകരങ്ങൾ നമ്മുടെ നേർക്ക് നീണ്ടുനീണ്ടു വരുന്നുണ്ടെന്നുതോന്നും.കുറേ നേരം നോക്കിയിരുന്നാൽ അതിലേക്കെടുത്തുചാടാൻ തോന്നും.” ഷെറിൻ മൗനം വെടിഞ്ഞു.

“ഞാനിവിടെ ചിലപ്പോൾ മണിക്കൂറുകളോളം വന്നിരിക്കാറുണ്ട്.”

ഷെറിൻ അയാളുടെ മുഖത്തേക്കും കയത്തിലേക്കും മാറി മാറി നോക്കി.

“വാ. നമുക്ക് നടക്കാം...”

അയാൾ പാറയിൽ നിന്ന് തിരിച്ചിറങ്ങിക്കൊണ്ടു പറഞ്ഞു.

അവരുടെ നടത്തം ഉരുളൻകല്ലുകൾക്കും ചതുപ്പുനിലങ്ങൾക്കും മണൽപ്പരപ്പുകൾക്കും മീതെയായി.

“ഒരു അരക്കിലോമീറ്റർ കൂടി.” അങ്ങകലെ വൃക്ഷത്തലപ്പുകൾക്കുമീതെ ഒരു കൂറ്റൻ പാറതെളിഞ്ഞു കണ്ടപ്പോൾ അയാൾ പറഞ്ഞു.

“അക്കാണുന്നതാണ് അമലോത്തുപാറ. ആ പാറയാണ് പുഴയുടെ ഒഴുക്കിനെ തടഞ്ഞ് ഈ സമതലം തീർത്തത്. ടിപ്പുവും കൂട്ടരും ആ പാറപ്പുറത്തിരുന്ന് അമൃതേത്ത് കഴിച്ച സ്ഥലമായതുകൊണ്ട് ഈ പേരുകിട്ടി.”

ഷെറിൻ പുഞ്ചിരിച്ചു. “ആ പാറയ്ക്കടിയിൽ ഒരു ഗുഹയുണ്ട്. അന്നുവരെ കൊള്ളയടിച്ച നിധിയെല്ലാം അതിനകത്താക്കി പതിനൊന്നുപേരെ ബലികൊടുത്ത് കാവലിരുത്തിയെന്ന്.” അയാൾ തുടർന്നു.

“വിൽസന്റെ കഥയായിരിക്കും. അവനോട് ഇതൊക്കെ വച്ച് നോവലെഴുതാൻ പറ ഷെറിൻ.”

“ഇനി ചെറിയൊരു ഇറക്കമാണേ. സൂക്ഷിക്കണം.” അൽപ്പദൂരം കഴിഞ്ഞപ്പോൾ ചരിഞ്ഞുകിടക്കുന്ന പാറകൾക്കുമീതെ നടന്നുകൊണ്ട് അയാൾ പറഞ്ഞു.

ഇറക്കം കഴിഞ്ഞപ്പോൾ കൺമുമ്പിൽ ഒരദ്ഭുതലോകം. പച്ചപ്പിന്റെ അതിവിശാലമായ ഒരു ലോകത്തിലേക്ക് വലിച്ചെറിയപ്പെട്ടതുപോലെ. തലയ്ക്ക് മുകളിൽ വൃക്ഷത്തലപ്പുകൾ ക്കിടയിലൂടെ സൂര്യകിരണങ്ങൾ അരിച്ചെത്തുന്നു. വെള്ളപ്പാച്ചിൽ മണ്ണ് നക്കിയെടുത്ത് നഗ്‌നമാക്കിയ വേരുപടലങ്ങൾ നാഗത്താന്മാരെപ്പോലെ കെട്ടുപിണഞ്ഞുകിടക്കുന്നു. വേരുകൾക്കിടയിലൂടെ. അങ്ങിങ്ങുതെളിയുന്ന പഞ്ചാരമണൽ ത്തിട്ടകൾക്കിടയിലൂടെ പുഴ ആയിരം കൈവഴികളായി പടർന്നൊഴുകുന്നു..ഒഴുക്കുദിശയിലേക്ക് ചരിഞ്ഞ് ഒരേ ഉയരത്തിൽ ആറ്റുവഞ്ഞികളും പൂത്ത പുക്കരിമ്പുകളും...ഇടയ്ക്കിടയ്ക്ക് ഒളിച്ചുകളിക്കുന്ന കുട്ടികളെപ്പോലെ കൊച്ചുകൊച്ച് ഉരുളൻ പാറകൾ... വെള്ളത്തിലേക്ക് ചാഞ്ഞു കിടക്കുന്ന ശംഖുപിരിയൻ ചെടികൾ ...നിറമിഴികളോടെ നിൽക്കുന്ന കാക്കപ്പൂക്കൾ. വെള്ളത്തിനടിയിലൂടെ അലസമായി നീങ്ങുന്ന ഞവിണികൾ. ജലപ്പരപ്പിൽ ചിത്രമെഴുതുന്ന വെള്ളത്തിലാശാൻമാർ. ഇടയ്ക്കിടയ്ക്ക് ഉപരിതലത്തിലെത്തുന്ന മാനത്തുകണ്ണികൾ. ഓടിമറയുന്ന മഞ്ഞക്കാലൻ ഞണ്ടുകൾ.. ചീവിടുകളും പുൽപൊന്തുകളും മറ്റേതോ അദൃശ്യഗായകരും തീർക്കുന്ന സംഗീതവിരുന്ന്. സ്ഥടികം പോലെ തെളിഞ്ഞ ജലപ്പരപ്പുകൾ. അസ്‌ത്രം പോലെ ചീറിവരുന്ന കോലമീനുകൾ.

ഷെറിൻ അവിശ്വസനിയതയോടെ ഒരു ഉരുളൻപാറയിലിരുന്നു. ചെരിപ്പുകൾ അഴിച്ച് പാദങ്ങൾ വെള്ളത്തിലിറക്കി. കണ്ണുകളടച്ച് പാറയിൽ പുറംചാരിക്കിടന്നുകൊണ്ട് മന്ത്രിച്ചു.

ഇവിടെ ചെരിപ്പിടാൻ പാടില്ല. ഇതാണ് പറുദീസ.

  • (തുടരും)

സ്നേഹവിളി

ലൈബ്രറികളെ മറക്കുന്നു

എതിർപ്പ് വൈവിധ്യത്തോടല്ല, അനൈക്യത്തോട്

സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി വരാപ്പുഴ സെൻട്രൽ കൗൺസിൽ 72-ാം വാർഷിക സംഗമം

യുവജനങ്ങൾ അഞ്ചാമത്തെ സുവിശേഷമാകണം : കെ.സി.ബി.സി പ്രസിഡന്റ്‌ റവ. ഡോ. വർഗീസ് ചക്കാലക്കൽ