Novel

നിലാവിന്റെ വീട് - 10

Sathyadeepam

ടോം കെ. ജോസ്

  • അധ്യായം : പത്ത്

സിനിയെ കണ്ട് മടങ്ങുമ്പോഴാണ് വിൽസന്റെ ജീപ്പ് ഹോൺ മുഴക്കി കുഴികൾ താണ്ടി ഇഴഞ്ഞിഴഞ്ഞ് വരുന്നത് കണ്ടത്. കണ്ടതേ ഉത്സാഹത്തോടെ പറഞ്ഞു:

“കേറിക്കേ... ഞാൻ അച്ചനെ തപ്പി വരുവാരുന്നു.”

അയാൾ ചോദ്യഭാവത്തിൽ നോക്കി.

“കണ്ടോ... സാധനമിരി ക്കുന്നത് കണ്ടോ...” വിൽസൺ പുറകിലേക്ക് കൈചൂണ്ടി.

അയാൾ പുറകിലേക്ക് നോക്കി. ഒരു വീൽ ചെയർ.

“ഇന്നലെ വൈകിട്ടാ കിട്ടിയേ... ഞാനും അപ്പച്ചൻസാറും ഒത്തിരി വിളിച്ചാരുന്നു. അതങ്ങനാ... ഒന്നാമത് റെയിഞ്ചില്ല... പോരാത്തേന് എങ്ങാനും ഒരു തുള്ളി കിട്ടിയാ അച്ചൻ എടുക്കേമില്ല...” വിൽസൺ പരിഭവിച്ചു.

“ഇത്തവണ റേഞ്ചായിരുന്നു പ്രശ്‌നം.” അയാൾ പുഞ്ചിരിയോടെ പറഞ്ഞു.

“ഒന്നൂടെ കാട്ടീപ്പോണ്ടേ...”

“ആദ്യം ഇതൊന്നു കൊണ്ടുപോയി കൊടുത്താലോ...”

വിൽസൺ മുഖം വെട്ടിച്ചു.

“ഇത് കൊടുക്കുമ്പോൾ അപ്പച്ചൻ സാറും വേണമാരുന്നു...”

“സാറ് മരുമോളുടെ വീട്ടിപ്പോയതാ... ഞാനാ ടൗണീവിട്ടേ... തീവണ്ടിക്ക് പോകാനാ പാലായ്ക്ക്... ഫോട്ടോ ഇട്ടാ മതീന്ന് പറഞ്ഞു.”

ഇടവകയിൽ വളരെ കുറച്ച് ഹൈന്ദവ ഭവനങ്ങളേയുള്ളൂ. ഭവന സന്ദർശനസമയത്ത് എല്ലായിടത്തും പോയിരുന്നു.

“നിങ്ങടെ വീട്ടിൽ വരുമ്പോ ഇതിലേം വരണം...” എല്ലാവരും ഓർമ്മിപ്പിച്ചു.

“ഇവിടെ നിങ്ങളും ഞങ്ങളുമില്ല... നമ്മളേയുള്ളൂ. ഞാൻ തീർച്ചയായും വരും. നിങ്ങൾ പള്ളി മുറിയിലേക്കും വരണം.” അയാൾ ക്ഷണിച്ചു.

“കൂലിപ്പണിക്കാർ ക്കെവ്ടെയാ സമയം...”

“സമയം നമ്മളുണ്ടാക്കുന്നതല്ലേ...”

ആ സന്ദർശനത്തിലാണ് അമ്പിളിക്കുട്ടനെ കണ്ടത്.

അമ്പിളിക്കുട്ടന്റെ വീട്ടിലേക്ക് തിരിഞ്ഞതും പാപ്പന്റെ മുഖമിരുണ്ടു.

“അവിടെ കേറണോ... കൂടോത്രക്കാരാ... ഇപ്പം കണക്കിന് പണികിട്ടിയിരി ക്കുവാ...”

“അതിനെന്താ... നമുക്കതിൽ വിശ്വാസമില്ലല്ലോ...”

“എന്താന്ന് ചെല്ലുമ്പോ കാണാം. ഞാനാ ജോണീടെ വീട്ടിലിരു ന്നോളാം... ഇനി അവിടെ അല്ലേ കേറുന്നേ...”

“അപ്പോൾ പാപ്പൻ വരുന്നില്ലേ...”

“പോണന്ന് നിർബന്ധമാണേ അച്ചൻ കേറീട്ട് വാ... പിന്നെ അവിടെ വെഞ്ചിരിപ്പൊന്നു മില്ലല്ലോ...”

“ഇനി വെഞ്ചിരിക്കേണ്ടി വന്നാലോ...”

“ഞങ്ങളു തമ്മീ ചേരുല... പണ്ടേ ഒടക്കാ. വല്ലാത്ത കൂട്ടരാ.”

“ചേരാത്തവരെ ചേർക്കാനല്ലേ നമ്മളീ പണിയെടുക്കുന്നേ. പാപ്പൻ വാ...”

“ഈ അച്ചന്റെ ഒരുകാര്യം...” ഗത്യന്തരമില്ലാതെ എന്തോ പിറുപിറുത്തുകൊണ്ട് പാപ്പൻ പുറകേ വന്നു.

പരിസരമെല്ലാം കാടുപിടിച്ചു കിടക്കുന്നു.നടപ്പാത കഷ്ടിച്ച് തെളിഞ്ഞു കിടക്കുന്നുണ്ട്.

“അട്ട ഇഷ്ടം പോലെ കാണും... അതെങ്ങനാ... മൊത്തം കാടാക്കിയിട്ടേക്കു വല്ലേ...”

അങ്ങകലെ വീടിന്റെ ഓട്ടിട്ട മേൽക്കൂര കാണായി. വലിയ ഫ്ലക്സു കൊണ്ട് പകുതിയിലധികം പൊതിഞ്ഞു കെട്ടിയിരി ക്കുന്നു. വശത്തെ ചാർത്ത് ഇടിഞ്ഞുകിടക്കുന്നു. വൻമരങ്ങളുടെ ശിഖരങ്ങൾ വീടിനെ പൊതിഞ്ഞു പിടിച്ചതുപോലെ നിൽക്കുന്നു.

“പാവങ്ങളാ അല്ലേ...” അയാൾ ചോദിച്ചു.

“ചെയ്തേന് കിട്ടിയതാ കിട്ടിയതല്ല... തോട്ടിയിട്ട് പിടിച്ചതാ... അതാ ഈ കാണുന്നേ...” പാപ്പൻ അനിഷ്ടത്തോടെ പറഞ്ഞു.

പുല്ല് തിങ്ങി വളർന്ന മുറ്റം... തിണ്ണയിലെങ്ങും ആരുമില്ല.

വിളിച്ചപ്പോൾ ഒരു ദുർബലരൂപം ഇറങ്ങിവന്നു. പുകയേറ്റ് ചുവന്ന കണ്ണുകൾ... ചാരം പാറിപ്പടർന്ന മുടിയിഴകൾ.

അയാളെ കണ്ടതും ആ മുഖം വിടർന്നു.

“കേറി ബാപ്പാ. ഇങ്ങള് ബരൂന്ന് അറിയേനു... നാട്ടാറ് പറഞ്ഞിന്.” ശാന്തമ്മ പറഞ്ഞു.

അവർ നിറം മങ്ങിയ ഒരു കസേര നീക്കിയിട്ടു. അയാൾ പാപ്പനെ നോക്കി... പാപ്പൻ അനിഷ്ടഭാവത്തിൽ അരഭിത്തിയിലിരുന്നു...

“എവിടെപ്പോയ് എല്ലാവരും...”

“ഓറ് കടേപ്പോയിന്... മോന്തിക്ക് വരും... ജാനു വെറകിന് പോയിന്. ഇപ്പ വരും...”

നാട്ടുകാർ പാക്കരേട്ടൻ എന്നു വിളിക്കുന്ന ഭാസ്‌ക്കരൻ ടൗണിൽ അങ്ങാടിമരുന്നു കടയിലാണ്. ചില്ലറ നാട്ടു വൈദ്യവും മർമ്മവിദ്യയും കൈവശമുണ്ട്. അതുകൊണ്ടാണ് വീടു പുലരുന്നത്.

അകത്തു നിന്ന് ക്ഷീണിച്ച ഒരു ചുമ കേട്ടു.

“മോനേ, നോക്ക്യാട്ടെ... ആരാ നിന്നെ കാണാൻ വന്നിനേന്ന്...”

അയാൾ അകത്തേക്ക് നോക്കി.

“ഓൻ കിടപ്പാ. ഏക്കൂല...”

അയാൾ അകത്തെ ഇരുട്ടിലേക്ക് കയറി കർപ്പൂരത്തിന്റെ ഗന്ധം തിങ്ങിനിൽക്കുന്ന മുറി.

മുഷിഞ്ഞ മെത്തയിൽ കിടക്കുന്ന രൂപത്തെ വ്യക്തമായി കാണാൻ അല്പ സമയമെടുത്തു.

“എന്താ മോന്റെ പേര്?”

“അമ്പിളിക്കുട്ടൻ...” ഇരുട്ടിൽ മെല്ലെ ഒരു മുഖം തെളിഞ്ഞു.

അമ്പിളിക്കല പോലെ വട്ടമുഖം. തിളങ്ങുന്ന വലിയ കണ്ണുകൾ. ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴികൾക്ക് അപാര സൗന്ദര്യം. ശോഷിച്ച് ദുർബലമായ കാലുകളാണ് അമ്പിളിക്കുട്ടന്. തനിയെ നിൽക്കാനോ ചലിക്കാനോ സാധ്യമല്ല. എന്തിനും പരസഹായം വേണം.

“മോൻ അമ്പിളി അമ്മാവനെ കണ്ടിട്ടുണ്ടോ?” അയാൾ ചോദിച്ചു.

അവൻ നിഷ്‌കളങ്ക ഭാവത്തിൽ ചിരിച്ചു.

“ആദ്യം നമുക്ക് സൂര്യനെയൊന്നു കാണാം.” അയാൾ മുറിയുടെ ജനൽപ്പാളികൾ തുറന്നു. അമ്പിളിക്ക് മേൽ സൂര്യവെളിച്ചം നിറഞ്ഞു.

“കണ്ണു കിട്ടീതാ... ഓന്റെ പാച്ചില് കാണണേനൂ ഊ യെന്റമ്മേ... ബെരുക് പായും പോലെ പാഞ്ഞിന്. ഏടെയും കണ്ണമ്മാറാ...” രോഗകാരണ മെന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ വല്യമ്മ ശാന്തയ്ക്ക് ഉത്തരം ഒന്നേയുള്ളൂ.

നാട്ടിലെ ഒരു വിശ്വാസമാണ് ദൃഷ്ടി ദോഷം. ചില നാളുകളിൽ ജനിച്ച ആളുകൾക്ക് കണ്ണുവയ്ക്കാനുള്ള സവിശേഷസിദ്ധി ഉണ്ടെന്നുള്ള വിശ്വാസമാണ്. അവരുടെ നോട്ടമോ, ഏതെങ്കിലും തരത്തിലുള്ള അഭിപ്രായമോ പതിഞ്ഞാൽ മതി. അതിന്റെ കാര്യം തീർന്നെന്ന് കരുതിയാൽ മതി. കുഞ്ഞിന്റെ സൗന്ദര്യവും പ്രസരിപ്പും കണ്ട ആരോ കണ്ണുവച്ചതാണെന്നാണ് ശാന്തമ്മയുടെ വിശ്വാസം.

“എന്നിട്ട് ഒന്നും ചെയ്തില്ലേ?”

“ചെയ്തിനോന്ന്. സംശയം തോന്നിയപ്പളേ കടു തലയ്ക്കുഴിഞ്ഞിട്ട് അടുപ്പിലിട്ടിന്. എത്തറ അമ്പലത്തീപ്പോയിന് മുത്തപ്പന്റെ തെയ്യത്തിന് കൊണ്ടോയിന്. വെള്ളാട്ടം കയിച്ചിന്. ഇനി എന്താപ്പാ ചെയ്യാ...”

“ഓളെത്തി...” ഒരു വിറക് കെട്ട് നടന്നു വരുന്നത് കണ്ട് ശാന്തമ്മ പറഞ്ഞു.

വിയർത്തുമുഷിഞ്ഞ് ഒരു യുവതി കയറിവന്നു. രാധ. അമ്പിളിയുടെ അമ്മ. അമ്പിളിക്ക് പോളിയോ വന്നപ്പോൾ ഉപേക്ഷിച്ച് പോയതാണ് ഭർത്താവ്. പേര് ഉത്തമൻ. പറ്റിയ പേര്. മനസ്സ് പിറുപിറുത്തു.

“ഇങ്ങളൊന്ന് പ്രാർത്ഥിച്ചാളി...” ഇറങ്ങാൻ നേരം ശാന്തമ്മ പറഞ്ഞു.

അയാൾ ചോദ്യഭാവത്തിൽ നോക്കി.

“ഇങ്ങടെ ബീട്ടില് ചെയ്യുമ്പോലെ ബെള്ളം കൊടഞ്ഞ്...” ശാന്തമ്മ വിശദീകരിച്ചു.

“പ്രാർത്ഥിക്കാം. അതിന് മുൻപ് നമുക്കീ വിടും പരിസരവും ഒന്ന് വൃത്തിയാക്കണം. ചുറ്റുമുള്ള മരങ്ങളുടെ കൊമ്പിറക്കണം. രാധയ്ക്ക് വിറകുമാകും... പിന്നെ മുറ്റത്തെ പുല്ലെല്ലാം ചെത്തണം.”

“ഓറെക്കൊണ്ട് ഇതൊന്നുമാവൂല്ല.”

“ഞാൻ ജോയിയെ പറഞ്ഞുവിടാം.”

“ആരും ഈ കണ്ടി കടക്കൂല്ല.”

“നമുക്ക് നോക്കാം കടക്കുമോന്ന്...” അയാൾ പുഞ്ചിരിയോടെ പറഞ്ഞു.

കാര്യം ആവശ്യപ്പെട്ടപ്പോൾ ജോയി ആദ്യം തലചൊറിഞ്ഞു. അതൃപ്തി വ്യക്തമാക്കി. “അച്ചൻ പറഞ്ഞോണ്ടു മാത്രമാ... മണിയാണി കളുടെ മിറ്റത്തല്ല പറമ്പിൽ പോലും ആരും കേറുല്ല... കേറിയാ പണികിട്ടും...”

“അത് ഞാൻ നോക്കിക്കോളാം...” അയാൾ ആത്മവിശ്വാസം പകർന്നു.

ജോയി വീടും പരിസരവും വൃത്തിയാക്കി എങ്ങും വെളിച്ചം പരന്നു.

കൂലി നിർബന്ധിച്ച് ഏൽപ്പിച്ചപ്പോൾ അയാൾ പറഞ്ഞു: “ഇങ്ങനെ ആരുമില്ലാത്തവർക്ക് വേണ്ടി ചെയ്യുമ്പളാ ജോയീ, കൂലിപ്പണി കുർബാനയാകുന്നത്.”

ജോയി എന്തിനോ തലകുലുക്കി.

“ഇനി വേണ്ടത് ഒരു വീൽച്ചെയറാണ്. അമ്പിളിയെ ആകാശം കാണിക്കണം.” അതേക്കുറിച്ച് അഭിപ്രായം ചോദിച്ചതേ അപ്പച്ചൻ സാർ കാര്യമേറ്റെടുത്തു.

“ഞാൻ ലയൺസ് ക്ലബ്ബിൽ പറയാം. ലെറ്റർ പാഡിൽ ഒരപേക്ഷ തന്നാൽ മതി.”

“ഞാൻ വേറെ എന്തെങ്കിലും ചെയ്യണോ.” അയാൾ ആരാഞ്ഞു.

“അതിനല്ലേ ഞാൻ.” അപ്പച്ചൻ സാർ കടുത്ത ആത്മവിശ്വാസത്തിലാണ്. പഴയ പ്രസിഡന്റാണ്.

ആ വീൽച്ചെയറാണ് വണ്ടിയിൽ.

നമുക്കൊന്ന് പള്ളിമുറിയിൽ കയറിയിട്ട് പോകാം. ജീപ്പ് പളളിക്കടുത്തെത്തിയ പ്പോൾ അയാൾ പറഞ്ഞു.

വിൽസൺ ചോദ്യഭാവത്തിൽ നോക്കി.

“വെഞ്ചിരിപ്പിനുളള സാധനങ്ങളെടുക്കണം...”

“എവിടെയാ വെഞ്ചിരിപ്പ്.”

“അതൊക്കെ പറയാം.” അയാൾ പുഞ്ചിരിയോടെ പറഞ്ഞു.

  • (തുടരും)

ആനിമസ്ക്രിൻ അനുസ്മരണ ദിനം ആചരിച്ചു

ഫാ. ഫ്രാൻസിസ് ആലപ്പാട്ടിന് തൃശൂർ പൗരാവലി പ്രണാമം അർപ്പിച്ചു

വിശുദ്ധ ജോണ്‍ ഫ്രാന്‍സിസ് റെജിസ്  (1597-1640)  : ജൂണ്‍ 16

ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടി വിശ്വാസ പരിശീലനത്തിന് ആരംഭം കുറിച്ചു

ആത്മീയതയുടെ ആഴങ്ങളിൽ ജീവിച്ചുകൊണ്ട് സാമൂഹ്യ-പ്രതിബദ്ധതയോടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക: ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ