

Learn to obey. Only he who obeys a rhythm superior to his own is free.
- Nikos Kazantzakis
പാതിമയക്കത്തിൽ ഫ്രാൻസിസ് ദൈവത്തെ കിനാവ് കണ്ടു. യുദ്ധഭൂമിയിലേക്കുള്ള യാത്രയിൽ സ്പൊളേറ്റോ അടിവാരത്തിൽ വച്ചാണ്.
ആരെയാണ് നീ സേവിക്കുന്നത്. യജമാനനേയോ ദാസനെയോ?
ഉത്തരം ആവശ്യമില്ലാത്ത വിധത്തിൽ അത്രയും തെളിച്ചമുള്ള ചോദ്യമാണ്.
ആദ്യം ചെയ്തത് കുതിരയെ വിറ്റു കളയുകയാണ്. പണം പൊടിഞ്ഞു തുടങ്ങിയ ഒരു ചാപ്പലിന്റെ ജാലകപ്പടിയിൽ വച്ചു. ശിഷ്ടകാലം പാദരക്ഷകളില്ലാത്ത സഞ്ചാരമാരംഭിച്ചു. barefooted എന്ന് അയാളെ വിശേഷിപ്പിക്കാൻ ആദ്യകാല ജീവചരിത്രങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
അലഞ്ഞു നടന്ന അയാളെ ഒരിക്കൽ കുറച്ചു പേർ തടഞ്ഞ് ബുദ്ധിമുട്ടിലാക്കി. ആരാണെന്ന ചോദ്യത്തിന് അത്യുന്നതന്റെ കുഴലൂത്തുകാര നെന്ന് മറുപടി.
സ്വാതന്ത്ര്യത്തിലേക്കുള്ള കുറുക്കുവഴി അത്യുന്നതന്റെ അടിമയാവുകയെന്നതാണ്. അത്തരമൊരു സങ്കല്പത്തിലായിരിക്കണം പഴയ ദേവാലയങ്ങളിൽ കുഞ്ഞുങ്ങളെ അടിമ ഇരുത്തുക എന്നൊരു രീതിയുണ്ടായിരുന്നത്. മിക്കവാറും എല്ലാ തീർഥാടനദേവാലയങ്ങളിലും ഇപ്പോഴും അങ്ങനെയൊരു പഴയ ബോർഡ് കാണാം.
സ്വാതന്ത്ര്യം എന്നൊരു പദത്തിന് വല്യ മൂല്യം കല്പിച്ചുകൊടുക്കുന്ന ഒരു കാലത്തിൽ വിധേയത്വം, അർപ്പണം തുടങ്ങിയ പദങ്ങൾ ഒരുപക്ഷേ ചൊടിപ്പിക്കുന്നുണ്ടെങ്കിൽപ്പോലും...
ബൈബിളിലെ ഏറ്റവും നടുക്കത്തെ വരിയായി കരുതപ്പെടുന്നത് സങ്കീർത്തനം 118:8 ആണ്. It is better to take refuge in the Lord than to trust in humans. ഇത്തിരിപ്പോന്ന മനുഷ്യരുടെ അടിമയാകരുതെന്നാണ് മതം പറയാൻ ശ്രമിക്കുന്ന രഹസ്യം. ഇന്ന് പൊളിറ്റിക്കലായ എതിർവാദങ്ങളുണ്ടെങ്കിലും, ഒരുകാലത്ത് ഈ ദേശത്തിന്റെ രാജാവ് സ്വയം ‘പത്മനാഭദാസൻ’ എന്നു വിശേഷിപ്പിച്ചു തുടങ്ങിയ ഒരു രീതിയുണ്ടായിരുന്നു. തൃപ്പടിദാനത്തിലൂടെ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവായിരുന്നത്. അടുത്ത കാലം വരെ തെക്കൻ കേരളത്തിൽ പത്മനാഭന്റെ രണ്ടു ചക്രം സർക്കാർ ശമ്പളത്തിനുള്ള സെക്യുലറായ പദം തന്നെയായിരുന്നു.
ഈശ്വരവിശ്വാസിയാകു ന്നതിന്റെ ഒരു ആനുകൂല്യം അതാണെന്നു തോന്നുന്നു- ചെറിയ മനുഷ്യരുടെ ഗുരുത്വങ്ങളിൽപ്പെടാതെ കുതറി മാറാനുള്ള ഒരു ആവേഗം ലഭിക്കുന്നു എന്നുള്ളത്.
പല കാലങ്ങളിൽ പല രീതിയിൽ മനുഷ്യർ അതിനെ അടയാളപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഭാരതകവി എന്ന വിശേഷണം അർഹിക്കുന്ന കാളിദാസൻ സ്വാഭാവികമായും അയാൾ സ്വയം കണ്ടെത്തിയ എഴുത്തുനാമം തന്നെയായിരിക്കണം. ‘I am a little pencil in God’s hands’ എന്നെഴുതുന്ന മദർ തെരേസയെ ഇതിനോടു ചേർത്തുവായിക്ക ണമോയെന്ന് അറിഞ്ഞുകൂടാ. മല്ലികാർജുനനെ പ്രേമസ്വരൂപനായി സ്വീകരിച്ച്, ‘ഭൂമി അവന്റെ മണവറയായതുകൊണ്ട് നഗ്നയായി ജീവിക്കുന്നതിൽ ഒരു കുഴപ്പവുമില്ല’ എന്ന് തന്റെ പുരുഷനായ കൗശികരാജാവിനോട് കലമ്പുന്ന അക്ക മഹാദേവിയും പറയാൻ ശ്രമിക്കുന്നത് പരിചിതമല്ലാത്ത ലോകത്തോടുള്ള രഹസ്യ ഉടമ്പടിയാണ്. സമരിയായിലെ കിണറ്റുവക്കിലിരുന്ന് അഞ്ചു പുരുഷന്മാർ തന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു എന്നു പറഞ്ഞ് അനുതപിക്കുന്ന സ്ത്രീയെ ആ അസാധാരണ വഴിയാത്രക്കാരൻ കുറ്റപ്പെടുത്താത്തത് എന്തുകൊണ്ടാവണം? ശരാശരി മനുഷ്യരെയല്ല അവളുടെ ഹൃദയം തിരയുന്നത് എന്നയാൾക്ക് അറിയാം. ബംഗാളിയിലും നമ്മുടെ ഭാഷയിലും സർവസാധാരണമായ ‘ദാസ്’ എന്ന നാമത്തിന്റെ സൂചനയും മറ്റെന്താണ്! അഗസ്റ്റിൻ ജോസഫ് എന്ന ഒരുകാലത്തെ നാടകനടൻ മകന് യേശുദാസ് എന്നു പേരിടുമ്പോഴും അതു ശ്രദ്ധിച്ചിട്ടുണ്ടാവണം. ‘ഞാൻ ക്രിസ്തുവിന്റെ അടിമ’യെന്ന സെന്റ് പോൾ ആവർത്തിച്ചു പറയുന്ന വാക്കുകൾ നിശ്ചയമായും പണ്ഡിതനായ ആ മനുഷ്യൻ കേട്ടിട്ടുണ്ടാവും. പുതിയ നിയമത്തിൽ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന പദമായിട്ട് എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നത് ഇതാണ്- Lord; പ്രഭോ!
ഈശ്വരവിശ്വാസിയാകുന്ന തിന്റെ ഒരു ആനുകൂല്യം അതാണെന്നു തോന്നുന്നു- ചെറിയ മനുഷ്യരുടെ ഗുരുത്വങ്ങളിൽ പെടാതെ കുതറി മാറാനുള്ള ഒരു ആവേഗം ലഭിക്കുന്നു എന്നുള്ളത്. അവരുടെ ചെറിയ സംതൃപ്തികൾ ഉത്സവമായി ഗണിക്കുകയും അവരുടെ പരാതികൾ മഹാദുരന്തങ്ങളായി എണ്ണുകയും ചെയ്യുന്നതിൽ നിന്നുള്ള മുക്തിയാണ് അതുറപ്പു തരുന്നത്.
ഗുരു നാനാക്കിന്റെ ആന്തരികസഞ്ചാരങ്ങളിൽ നിമിത്തമായി മാറിയ ഒരു ഗാർഹികാനുഭവമുണ്ട്. അച്ഛന് പലചരക്കുവ്യാപാരമുണ്ട്. അളക്കുമ്പോൾ എണ്ണിത്തുടങ്ങി- എക്, ദൊ, തീൻ... പന്ത്രണ്ടു വരെ എണ്ണി; ബാരഹ്. പതിമൂന്ന് ഇത്തിരി പ്രശ്നമാണ് - തേര(ഹ്), അതിന് ‘നിന്റേത്’ എന്നൊരു അർഥവുമുണ്ടെന്ന് എണ്ണം പഠിക്കുമ്പോൾ ലോകത്ത് ഒരാളും ധരിച്ചിട്ടുണ്ടാവില്ല. ആ വാക്ക് വല്ലാതെ മുഴങ്ങി: ഞാൻ ആര്, നിന്റേതല്ലാതെ? അപമാനങ്ങളേയും അവഗണനകളേയും അഭിമുഖീകരിക്കാനും അതിജീവിക്കാനും ആ ഒരു ബോധത്തിന്റെ മിന്നൽ മതിയായിരുന്നു.
അന്നവസ്ത്രാദി മുട്ടാതെ / തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീയൊന്നു-തന്നെ ഞങ്ങൾക്കു തമ്പുരാൻ എന്നു പ്രാർഥിക്കാൻ അഭ്യസിപ്പിച്ച ദേശത്തിന്റെ ഗുരുവിനേയും ഇതോടു ചേർത്തു വായിക്കാവുന്നതാണ്. നീയൊന്നു തന്നെ തമ്പുരാൻ- അതിലാണ് താക്കോൽ. ചെറിയ അനിഷ്ടങ്ങളിൽപ്പോലും അന്നം മുടക്കിയിരുന്ന ചീള് തമ്പുരാക്കന്മാരുടെ നിഷേധം കൂടിയാണത്.
അടിമുടി Political ആയ ഒരു വിചാരം കൂടിയാണിത്.
യേശുമൊഴികളിൽ പരക്കെ ഉപയോഗിക്കപ്പെടുകയും അത്രയുംതന്നെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത വാക്യമാണ് ‘സീസറിനുള്ളത് സീസറിന്, ദൈവത്തിനുള്ളത് ദൈവത്തിന്. ’ അനുദിനജീവിതത്തിന്റെ ഉത്കണ്ഠകളിൽ നിന്നും പാർക്കുന്ന ദേശത്തിന്റെ വ്യാകുലങ്ങളിൽ നിന്നും വഴുതിമാറാനുള്ള സമവായമായിട്ടാണ് ആ പദം ഇക്കണ്ട കാലമെല്ലാം ഉപയോഗിക്കപ്പെട്ടത്. അതിന്റെ പശ്ചാത്തലം അപഗ്രഥിക്കുമ്പോൾ അതങ്ങനെയല്ല എന്നു വെളിപ്പെട്ടുകിട്ടും. റോമാ കീഴ്പ്പെടുത്തിയ ഒരു നാട്ടുരാജ്യത്തിലെ പൗരനായിരുന്നു യേശു. വൈദേശികനുകത്തിന്റെ അനവധിയായ സമ്മർദ്ദങ്ങൾക്ക് വിധേയപ്പെട്ടു ജീവിക്കണമോ വേണ്ടയോ എന്നതായിരുന്നു നികുതിയേക്കുറിച്ചുള്ള സംവാദങ്ങൾക്കു പിന്നിൽ. ഇതിനകം നിരവധി നികുതിപ്രക്ഷോഭങ്ങൾ ആ ദേശത്തു നടന്നിട്ടുണ്ട്. ‘Taxation was no better than introduction to slavery’ എന്നാണ് ‘ജൂഡസ് ദ് ഗലീലിയൻ’ എന്നു കേൾവി കേട്ട വിപ്ലവകാരി ഉറക്കെ പറഞ്ഞുകൊണ്ടിരുന്നത്.
യേശു ചോദിച്ചു, “നിങ്ങൾ കപ്പം കൊടുക്കുന്ന നാണയം കാണിച്ചുതരിക. അതിൽ ആരുടെ മുദ്രയാണുള്ളത്?”
“സീസറുടേത്. ” അവർ ഉത്തരം നൽകി.
“അങ്ങനെയെങ്കിൽ, സീസറിന് അവകാശപ്പെട്ടത് സീസറിനു നൽകുക. ഈശ്വരന് അർഹതപ്പെട്ടത് ഈശ്വരനും. ”
എന്താണ് ഇതിന്റെ അർഥം? നാണയത്തിനു മീതെ അതു കമ്മട്ടത്തിൽ അടിച്ച സീസറിന്റെ മുദ്രയുണ്ട്. എന്നാൽ, നാണയം കൈവെള്ളയിലെടുത്തു നിൽക്കുന്ന നിങ്ങളിൽ ആരുടെ മുദ്രയാണുള്ളത്? യഹൂദർക്ക് ഏറ്റവും പരിചിതമായ വേദഭാഗത്തിന്റെ ഓർമപ്പെടുത്തലായിരുന്നു അത്; നരനെ ദൈവികഛായയിലും സാദൃശ്യത്തിലുമാണ് അവിടുന്ന് സൃഷ്ടിച്ചതെന്ന്. നാണയത്തിൽ അതു കമ്മട്ടത്തിൽ അടിച്ച സീസറിന്റേതെന്നതുപോലെ, നിങ്ങളുടെ നെഞ്ചിൽ പതിഞ്ഞുകിടക്കുന്ന ആ ഒരേയൊരാളുടെ മുദ്രയ്ക്കു നിരക്കുന്നവരായി, അയാൾക്കു മാത്രം വിധേയപ്പെട്ടവനായി ജീവിക്കുക. വലിയ സ്വാതന്ത്ര്യത്തിലേക്കുള്ള ആ ശംഖനാദമാണ് മത-രാഷ്ട്രീയങ്ങൾക്കിടയിലെ അവിശുദ്ധബാന്ധവങ്ങളെ നീതീകരിക്കാൻ പല ദേശങ്ങളിലും പല കാലങ്ങളായി ഉപയോഗിക്കപ്പെട്ടത്.
ഞാൻ നിന്റേതാണ് ,Totus tuus, ജോൺ പോളിന്റെ ഒപ്പു പോലെ !