Novel

ഇരുള്‍വഴികളില്‍ നിലാവു വീഴുമ്പോള്‍ : No.17

നോവലിസ്റ്റ് : ബേബി ടി. കുര്യന്‍

Sathyadeepam

ഇല്ലായ്മകള്‍ക്കും വല്ലായ്മകള്‍ക്കുമിടയിലൂടെ സാഹസപ്പെട്ട് അതിശ്രമകരമായി തള്ളി നീക്കപ്പെടുന്ന ദിവസങ്ങള്‍. കാലത്തിന്റെ കണ്ണില്‍ നിന്നും അടര്‍ന്നു വീഴുന്ന കണ്ണീര്‍കണങ്ങള്‍പോലെ. ആത്മനൊമ്പരങ്ങളാല്‍ വേവഥുപൂണ്ട് നട്ടംതിരിയുന്ന കുറച്ച് ജീവികള്‍ നിവസിക്കുന്ന കൂടാരമായി മാറി കുഞ്ഞപ്പന്റെ വീട്.

ശബ്ദങ്ങള്‍ നിലച്ച്, അശാന്തിയുടെ അദൃശ്യമായ കറുപ്പുശീല പുതച്ച്...

എപ്പോഴും ഒരു മൂകത. ജിജിയുടെ മകന്റെ ഇടയ്ക്കിടയ്ക്കുള്ള വാശിപിടിച്ചുള്ള ചിണുങ്ങലുകളും കലമ്പലുകളും, ചിലപ്പോള്‍ കരച്ചില്‍. അതൊഴിച്ചാല്‍ വീട് ഏറെക്കുറെ നിശബ്ദം. ശോകമൂകം.

ഭാരം നിറഞ്ഞ നെഞ്ചകവും പുകയുന്ന ആത്മാവുമായി ദിവസങ്ങള്‍ തള്ളി നീക്കുകയാണ് എല്‍സമ്മ. ഏകാന്തതയില്‍ ഒറ്റപ്പെട്ടിരിക്കുമ്പോള്‍ വിവിധ വികാരങ്ങളുടെ പലവിധ ചിന്തകളുടെ ഓര്‍മ്മകളുടെ ഒഴുക്കാണ്.

''എന്ത് തെറ്റാണ് ദൈവമേ ഞങ്ങള്‍ ചെയ്തത്. ഇങ്ങനെ കരുണയില്ലാതെ ശിക്ഷിക്കാന്‍?''

ഒരു വിലാപം പോലെ പലപ്പോഴും ഉള്ളില്‍ നിശബ്ദം നിറയുന്ന വാക്കുകള്‍.

സ്വയമറിയാതെ മനസ്സ് പിന്നോട്ട് സഞ്ചരിക്കും.

കുഞ്ഞപ്പന്റെ ഭാര്യയായി ഈ വീട്ടില്‍ വന്നുകയറി അധികം കഴിയുന്നതിനു മുന്നേ ഒരു വസ്തുത ബോധ്യമായി. വലിയ കഴിവും കാര്യപ്രാപ്തിയുമൊന്നുമുള്ള ആളല്ല തന്റെ ഭര്‍ത്താവ്. ചിലപ്പോള്‍ കുട്ടികളുടേതുപോലെ ബാലിശമായ ചാപല്യങ്ങളും ചാഞ്ചാട്ടങ്ങളും. പ്രായത്തിന്റേതായ ഉത്തരവാദിത്വങ്ങളും ചുമതലകളും വൈമുഖ്യത്തോടെ കാണുന്നയാള്‍. പക്ഷേ, അന്നതില്‍ ഒരു പ്രയാസവും തോന്നിയില്ല. എല്ലാം തമാശപോലെ. ഒഴിവുവേളകൡ പറഞ്ഞു ചിരിക്കാനും പരിഹസിക്കുവാനും വിഷയങ്ങള്‍ യഥേഷ്ടം കിട്ടുന്നൊരു ഉറവിടം.

എല്ലാ കാര്യങ്ങളും ഏറ്റവും ഭംഗിയായി നോക്കി കണ്ടു നടത്തുവന്‍ കുട്ടിച്ചായനുണ്ട്. ഒപ്പം സര്‍വ്വവിധ പിന്‍തുണയുമായി സാലിച്ചേച്ചി. ജേഷ്ഠനോടൊപ്പം ഒരു നിഴല്‍പോലെ ഒതുങ്ങിക്കൂടി നടക്കാനാണ് കുഞ്ഞപ്പനിഷ്ടം.

കുട്ടിച്ചായനും സാലിച്ചേച്ചിയുമൊരുക്കിയ ആ കരുതലിന്റെയും സംരക്ഷണത്തിന്റെയും സ്‌നേഹകവചത്തിനുള്ളില്‍ യാതൊരല്ലലുമില്ലാതെ ആനന്ദത്തോടെ കഴിഞ്ഞു.

വിധിയുടെ കൊടുവിളയാട്ടം! എത്ര ക്രൂരമായാണ് ആ സ്‌നേഹകവചം തകര്‍ത്തെറിയപ്പെട്ടത്.

പിന്നീടുള്ള ജീവിതം...! വഴിതെറ്റി വനത്തിനുള്ളില്‍ പെട്ടുപോയതുപോലെ. ഏതൊക്കെയോ വഴികളിലൂടെ എങ്ങോട്ടൊക്കെയോ സഞ്ചരിച്ചു.

ഒരാശ്വാസ തീരത്തണഞ്ഞെന്നു തോന്നിയതെപ്പോഴാണ്? നാളേറെ ക്കഴിഞ്ഞ് കൃഷികാര്യങ്ങളുടെ ചുമതലക്കാരനായി മാത്തന്‍ എത്തിയപ്പോള്‍. ആ പരിരക്ഷയും എന്നും ഉണ്ടാകുമെന്ന് അറിയാതെ വ്യാമോഹിച്ചുപോയി.

പിന്നെ...?

വീണ്ടും യാത്ര. പ്രാരാബ്ദങ്ങളുടേയും പ്രയാസങ്ങളുടേയും ഇടയിലൂടെ മുള്ളുകളും കല്ലുകളും ചവുട്ടി.

കുട്ടിച്ചായനും സാലിച്ചേച്ചിയുമൊത്തുള്ള ജീവിതകാലഘട്ടതില്‍ വെറുമൊരു രസത്തിനുവേണ്ടി ചെയ്തിട്ടുള്ളതല്ലാതെ പിന്നീടൊരിക്കലും സ്വഭാവത്തിലെ പോരായ്മകള്‍ പറഞ്ഞ് ഭര്‍ത്താവിനെ പരിഹസിച്ചിട്ടില്ല. ഒരു പരാതിയും കൂടാതെ എല്ലാം ഉള്‍ക്കൊണ്ടു സാധിക്കുന്ന വിധം പിന്‍തുണയേകി ഒപ്പം നിന്നു.

എങ്കിലും...

ഗ്രേസിയെ വളര്‍ത്തിയതില്‍, അവളോടുള്ള പെരുമാറ്റത്തില്‍, മനോഭാവത്തില്‍ എന്തെങ്കിലും പോരായ്മകള്‍ വന്നിട്ടുണ്ടോ?

ഇല്ലെന്ന് പറയാനാകുമോ?

കുറവുകള്‍ വന്നുപോയിട്ടുണ്ട്. എങ്കിലും കഴിയുന്നത്ര ഭംഗിയായിത്തന്നെ അവളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്.

എങ്കിലും ചിലപ്പോളെങ്കിലും അവള്‍ ഒരു ബാധ്യതയാണെന്ന് തോന്നിയിട്ടില്ലേ? കുടുംബത്തില്‍ നിര്‍ഭാഗ്യങ്ങളുടെ തുടര്‍ച്ച സൃഷ്ടിക്കുന്ന അപലക്ഷണമെന്ന് കരുതീട്ടില്ലേ?

കേവലം ഒരു കൂലിപ്പണിക്കാരന്റെ തലയില്‍ കെട്ടിവച്ച് അവളെ ഒഴിവാക്കിയത്?

അന്നങ്ങനെ ചെയ്യേണ്ടി വന്നു.

പക്ഷേ, അതൊരു കുറ്റമെന്നു പറയാമോ? സ്വപ്നം കാണാന്‍ പോലുമാവാത്തത്ര സൗഭാഗ്യത്തിന്റെ വാതിലല്ലേ അതുമൂലം അവള്‍ക്കായി തുറക്കപ്പെട്ടത്?

എങ്കിലും... അത് സ്വന്തം പ്രവര്‍ത്തികള്‍ക്ക് ന്യായീകരണമാകുമോ?

ദൈവമേ മാപ്പ്. എല്ലാ തെറ്റുകള്‍ക്കും മാപ്പ്. ഇനിയും ശിക്ഷ തുടരരുതേ. ഈ ദുരവസ്ഥയില്‍ നിന്നും ഞങ്ങളെ കരകയറ്റേണമേ.

ജീവിതത്തിന്റെ എല്ലാ മൃദുലഭാവങ്ങളും സൗന്ദര്യവും നഷ്ടപ്പെട്ടിരിക്കുന്നു. കൃമികീടങ്ങള്‍ ആക്രമിച്ചു നശിപ്പിച്ച കൃഷിത്തോട്ടം പോലെ. എങ്ങനെയെങ്കിലും അനുദിന ജീവിതം മുട്ടില്ലാതെ മന്നോട്ടുകൊണ്ടുപോകുക എന്നൊരു കാര്യം മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ളത്.

ഉപജീവനമെന്ന കഠിനപാഠം.

ഉത്തരമില്ലാത്ത ചോദ്യമായി, പൊരുളറിയാത്ത കടുംകഥയായി, അഴിക്കാനാവാത്ത കുരുക്കായി...

ജിജിയുടെ സ്ത്രീധനത്തുകയും മകന്റെ വിദ്യാഭ്യാസവുമൊന്നുമല്ല, നിത്യച്ചിലവുകള്‍ നടത്തി ജീവിതം തള്ളിനീക്കുക എന്നതാണ് ഇപ്പോള്‍ ആ കുടംബത്തിനു മുന്നിലുള്ള വെല്ലുവിളി.

ആ കുടുംബത്തിലെ ഒരു ദയനീയ കാഴ്ചയായി ജിജിയുടെ മകന്‍. പാലും മറ്റു പോഷകാഹാരങ്ങളും ആവശ്യംപോലെ കഴിച്ചുവളര്‍ന്നവന്‍. ഇപ്പോള്‍ വിശപ്പടക്കാന്‍ എന്തെങ്കിലും കിട്ടിയാല്‍ മതി. ശോകമൂകമായ ആ വീടിന്റെ അകത്തളങ്ങളിലൂടെ, എന്തൊക്കെയോ ആലോചനകളോടെ, ഏതൊക്കെയോ ഓര്‍മ്മകളില്‍ മുഴുകി വെറുതേ ചുറ്റിത്തിരിയും.

ആ ഓര്‍മ്മകളില്‍ തെളിയുന്ന ഒരു മനോഹരദൃശ്യം. സ്വന്തം വീട്!

ഏതു നേരവും ചിരിപ്പിച്ചും കളിപ്പിച്ചും ഒരു കളിക്കൂട്ടുകാരനെപ്പോലെ ഒപ്പമുണ്ടായിരുന്ന അപ്പാപ്പന്‍.

അവന് ഇഷ്ടവിഭവങ്ങളൊരുക്കി വാത്സല്യത്തോടെ, ക്ഷമാപൂര്‍വ്വം, കഴിപ്പിച്ച് എല്ലാ കുസൃതികളും കുറുമ്പുകളും ചിരിയോടെ സഹിക്കുന്ന സ്‌നേഹമയിയായ അമ്മാമ്മ.

കൊഞ്ചിക്കുവാനും ലാളിക്കുവാനും മത്സരിക്കുന്ന ആന്റിമാര്‍.

പിന്നെ... പപ്പാ.

അവന്റെ പ്രിയപ്പെട്ട പപ്പാ!

മമ്മിയോടൊപ്പം എത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ അവന്‍ അസ്വസ്ഥനായി കരയ്ക്കിട്ട മീന്‍പോലെ പിടഞ്ഞു.

പപ്പാ, അപ്പാപ്പന്‍, അമ്മാമ്മ, അവരുടെ സാമീപ്യത്തിനായി ഉള്ളു തുടിച്ചു.

''എപ്പഴാ മമ്മി നമ്മള് നമ്മടെ വീട്ടീ പോണേ?''

അവന്‍ ഈ ചോദ്യം ആവര്‍ത്തിക്കുമ്പോള്‍ ജിജിക്ക് ദേഷ്യം കയറും.

''പോ ചെറ്ക്കാ. പോയി അപ്രത്തെങ്ങാന്‍ ചെന്ന് കളിക്ക്. അവന്റൊരു വീട്. മിണ്ടിപ്പോകല്ല് ഇനി ഈ കാര്യം ഇവടെ.''

സങ്കടം മുറ്റിയ മുഖത്തോടെ അവന്‍ പിന്‍വാങ്ങും.

പക്ഷേ, നാളുകള്‍ കഴിയുന്തോറും എത്ര ശകാരിച്ചാലും ഭയപ്പെടുത്തിയാലും അവന്റെയുള്ളില്‍ ആവര്‍ത്തിച്ചുയരുന്ന ഓര്‍മ്മകളില്‍ ജീവന്‍ പ്രാപിച്ചെത്തുന്ന വാക്കുകളെ തടഞ്ഞുനിറുത്താനാവില്ലായിരുന്നു.

''എനിക്ക് നമ്മടെ വീട്ടിപ്പോണം.''

ജിജി ശകാരിക്കാനാരംഭിച്ചാല്‍ അവന്‍ വാശിയോടെ കരയും.

അവന്റെ സ്വഭാവത്തില്‍ വാശിയും ശാഠ്യവും വര്‍ദ്ധിക്കുകയാണ്. ശകാരം കൂടുന്നതനുസരിച്ച് ശാഠ്യവും കൂടുന്നു. വലിയ ശബ്ദത്തില്‍ കരയുവാന്‍ തുടങ്ങുന്നു.

ജിജിയുടെ മനസ്സു പതറുന്നു. വയ്യ, മോന്റെ ഈ കരച്ചില്‍ കാണാനാവില്ല.

''പോകാം മോനേ നമുക്കുടനേ പോകാം.''

''എപ്പോ?''

''പപ്പ വരും നമ്മളെ കൊണ്ടുപോകാന്‍.''

അവന്റെ മുഖം പൂത്തുവിടര്‍ന്നു. കണ്ണുകള്‍ തിളങ്ങി.

രാത്രി മമ്മിയോടൊപ്പം ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്വന്തം വീട്ടില്‍ പപ്പയുടെ ദേഹത്തോട് ചേര്‍ന്നു കിടക്കുന്ന ഓര്‍മ്മയുണരും.

''എന്നാ മമ്മീ പപ്പ വരുന്നേ?''

''വരും മോനേ.''

''നാളെ വരുമോ?''

ഒരു മുള്ള് തറച്ചുകയറിയതുപോലെ അവളുടെ ഉള്ളുപിടഞ്ഞു. ഉയര്‍ന്നുവന്ന കരച്ചില്‍ കൈകൊണ്ട് വായ് അമര്‍ത്തിപ്പിടിച്ച് ഒതുക്കി.

ആ കുട്ടിയുടെ മനസ്സില്‍ ഇപ്പോള്‍ ഒരു ചിന്ത മാത്രം.

പപ്പ വരും.

അവന്‍ കാത്തിരിക്കുകയാണ്. പപ്പ വരുന്ന ആ സുന്ദരദിവസത്തിനായി.

എത്ര നാളായി പപ്പയെ കണ്ടിട്ട്? എന്താ പപ്പ വരാത്തേ?

അവന്‍ കാത്തിരുന്നു. ആ കുടുംബത്തെയാകെ ഗ്രസിച്ചുയര്‍ന്ന അസമാധാനത്തിന്റെ കരിമ്പുകയുടെ ഗന്ധമൊന്നുമറിയാതെ.

പ്രതീക്ഷ നിറഞ്ഞ കണ്ണുകളുമായി.

(തുടരും)

ഷിജില്‍ ദാമോദര്‍

പോര്‍ട്ടുഗലിലെ വിശുദ്ധ എലിസബത്ത്  (1271-1336) : ജൂലൈ 4

വചനമനസ്‌കാരം: No.177

മര്യാദ നഷ്ടപ്പെടുന്ന മതപ്രതികരണങ്ങള്‍

പ്രത്യാശ