പടിഞ്ഞാറൻ റോമാ സാമ്രാജ്യത്തിന്റെ പതനം

പടിഞ്ഞാറൻ റോമാ സാമ്രാജ്യത്തിന്റെ പതനം
Published on

A D 476 ചരിത്രത്തിൽ പ്രസിദ്ധമാകുന്നത് പടിഞ്ഞാറൻ റോമാ സാമ്രാജ്യത്തിന്റെ പതനത്തോടുകൂടിയാണ്. കോൺസ്റ്റാന്റിനോപ്പിൾ കേന്ദ്രമായ കിഴക്കൻ റോമാ സമ്രാജ്യം കുറച്ചു നൂറ്റാണ്ടുകൾ കൂടി നിലനിന്നു. പടിഞ്ഞാറൻ റോമാ സാമ്രാജ്യത്തിന്റെ പതനത്തിന്റെ പ്രധാന കാരണം ജർമ്മൻ വംശങ്ങൾ സാമ്രാജ്യത്തെ കീഴ്പ്പെടുത്തുന്നതാണ്. കൂടാതെ രാഷ്ട്രീയ അസ്ഥിരത,  ജനസംഖ്യയിലെ കുറവുകൾ, സാമ്പത്തിക ഞെരുക്കം, അധാർമികത തുടങ്ങിയവയെല്ലാം കാരണമാകുന്നുണ്ട്. 

അഞ്ചാം നൂറ്റാണ്ട് മുതലുള്ള സഭാ ചരിത്ര ഗതിയെ സ്വാധീനിക്കുന്നത് റോമാ ചക്രവർത്തിമാർക്ക് ശേഷം ഈ ജർമൻ വംശ രാജാക്കന്മാരാണ്. സഭയും രാജാക്കന്മാരും തമ്മിൽ എന്തു ബന്ധം എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. മാർപാപ്പയുടെ സ്വത്തിനും സ്ഥാനത്തിനും സംരക്ഷണം ലഭിക്കുവാൻ അദ്ദേഹത്തിന് രാജാക്കന്മാരുടെ പിന്തുണയും സഹായവും ആവശ്യമായിരുന്നു.

പടിഞ്ഞാറൻ റോമാ സാമ്രാജ്യം ബലഹീനമാകുന്നതോടുകൂടി മാർപാപ്പമാർ ഈ ജർമൻ വംശ രാജാക്കന്മാരെ കൂടുതൽ ആശ്രയിക്കേണ്ടതായി വന്നു. ഈ കാലഘട്ടത്തിൽ കിഴക്കൻ റോമാ സാമ്രാജ്യം നിലനിന്നിരുന്നെങ്കിലും അതിൻ്റ അസ്ഥിരത, ബലഹീനത, കോൺസ്റ്റാന്റിനോപ്പിൾ വരെയുള്ള ദൂരം തുടങ്ങിയ കാരണങ്ങളാൽ മാർപാപ്പമാർക്ക് ജർമ്മൻ സാമ്രാജ്യങ്ങളളോടായിരുന്നു താല്പര്യം. 

ഈ ജർമൻ വംശങ്ങളെ റോമാക്കാർ അപരിഷ്കൃതർ എന്നാണ് വിളിച്ചിരുന്നത്. ഇതിനാൽ ഇവർ ചരിത്രത്തിൽ ബാർബേറിയൻസ് എന്നും അറിയപ്പെടുന്നു. ശക്തരും യുദ്ധപ്രിയരുമായിരുന്ന ഈ വംശങ്ങൾ യഥാർത്ഥത്തിൽ അത്ര അപരിഷ്കൃതരായിരുന്നില്ല. എന്നാൽ റോമാ സാമ്രാജ്യത്തിന്റെ സാംസ്കാരിക താത്വിക സമ്പന്നതയും അവർക്കുണ്ടായിരുന്നില്ല. യൂറോപ്പിലെ റൈൻ, ദന്യുബ് നദികളുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്തിരുന്ന പ്രദേശങ്ങളിലാണ് ഈ ജർമൻ വംശജർ വസിച്ചിരുന്നത്. ഈ ജർമ്മൻ വംശങ്ങൾ പലപ്പോഴും റോമാ സാമ്രാജ്യത്തെ ആക്രമിച്ചിരുന്നെങ്കിലും അഞ്ചാം നൂറ്റാണ്ടിൻറെ അവസാനമാകുന്നതോടുകൂടി റോമാസാമ്രാജ്യം സാമ്പൂർണ്ണമായും പരാജയപ്പെടുകയും സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളും പല കാലഘട്ടങ്ങളിലായി ജർമ്മൻ വംശജരുടെ കീഴിലാവുകയും ചെയ്തു. 

റോമാ സാമ്രാജ്യത്തെ ദുർബലപ്പെടുത്തിയ പല കാരണങ്ങളുണ്ട്. അതിലൊന്ന് ജനസംഖ്യയിലെ കുറവാണ്. AD 166 ൽ ഉണ്ടായ പ്ലേഗ് സാമ്രാജ്യത്തിലെ ഏതാണ്ട് പകുതിയോളം ആളുകളുടെ ജീവൻ അപഹരിച്ചു. പിന്നീട് പലപ്പോഴും പ്ലേഗ് ആയിരക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടമാകുന്നതിന് കാരണമായിട്ടുണ്ട്. പലപ്പോഴായി ഉണ്ടായ യുദ്ധങ്ങളിൽ ജർമ്മൻ രാജാക്കന്മാർ റോമാസാമ്രാജ്യത്തിലെ ആളുകളെ അടിമകളായി കൊണ്ടുപോയിട്ടുണ്ട്. റോമൻ ജനതയുടെ അധാർമിക ജീവിതശൈലിയും സാമ്രാജ്യം തകർന്നതിന് കാരണമായിട്ടുണ്ട്. വിവാഹത്തോടുള്ള താല്പര്യക്കുറവും ഗർഭചിദ്രവും വിവാഹമോചനവും ജനസംഖ്യ കുറയുന്നതിന് കാരണമായി. സാമ്രാജ്യത്തിൻ്റെ ഭാഗമായ അടിമകൾക്ക് വിവാഹം കഴിക്കാനോ കുഞ്ഞുങ്ങൾ ഉണ്ടാകുവാനോ അനുവാദം ഉണ്ടായിരുന്നില്ല.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org