Novel

ഇരുള്‍വഴികളില്‍ നിലാവു വീഴുമ്പോള്‍ : No.03

നോവലിസ്റ്റ്‌: ബേബി ടി. കുര്യന്‍

Sathyadeepam

നാടിനെ നടുക്കിയ ആ സ്‌കൂട്ടര്‍ അപകടത്തിന് അഞ്ചുവര്‍ഷം മുമ്പ്, ഒരു കര്‍ക്കിടക മാസത്തിലെ പെരുമഴ പെയ്‌തൊരു വെളുപ്പാന്‍ കാലത്താണ് മാത്തന്‍ ജനിച്ചത്.

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അടുത്തൊരു ഗ്രാമത്തില്‍ നിന്നും ആ നാട്ടില്‍ വന്നു താമസം തുടങ്ങിയവരാണ് തുണിക്കച്ചവടക്കാരന്‍ മത്തായിയും ഭാര്യ സാറാമ്മയും ഏകമകള്‍ ബീനയും.

നാട്ടിലെ പ്രധാന ജന്മിയും പ്രമാണിയുമായ ശേഖര മേനോന്‍ സഹായ വിലയ്ക്കു നല്കിയ മൂന്ന് സെന്റ് ഭൂമിയില്‍ ചെറിയൊരു വീടു വച്ച് മത്തായിയുടെ കുടുംബം വാസമാരംഭിച്ചു.

കൈലിമുണ്ട്, ലുങ്കി, തോര്‍ത്ത്, കുട്ടിയുടുപ്പുകള്‍, അടിവസ്ത്രങ്ങള്‍ എന്നിങ്ങനെ സാധാരണക്കാര്‍ ക്കുള്ള തുണിത്തരങ്ങള്‍ വഴിയോരത്തിരുന്ന് വില്പന നടത്തുന്നതായിരുന്നു മത്തായിയുടെ തൊഴില്‍. പത്താം ക്ലാസ് പരീക്ഷ രണ്ടു വട്ടം തോറ്റ് പഠനം അവസാനിപ്പിച്ച ബീനയെ മത്തായി സ്വന്തം പരിചയത്തില്‍പ്പെട്ട ഒരു സ്ത്രീ നടത്തുന്ന തയ്യല്‍ കടയില്‍ തയ്യല്‍ പഠിക്കുവാനായി ഏല്പിച്ചു കൊടുത്തു. പക്ഷെ തയ്യല്‍ പഠനത്തിലൊന്നും ബീന വലിയ താല്‍പര്യം കാണിച്ചില്ല.

''ഇവള്‍ക്കിതിലൊന്നും ശ്രദ്ധയില്ല മത്തായിച്ചേട്ടാ. ചുമ്മാ വഴിയേ പോണ ഓരോരുത്തരന്മാരെ നോക്കി ഇളിച്ചുകാണിക്കാനാ ഇവള്‍ക്കിഷ്ടം. വെറുതെ എന്തിനാ ഇവിടെവന്ന് മെനക്കെടണേ?''

കടയുടമ മത്തായിയോട് കാര്യം തുറന്നു പറഞ്ഞു.

''എന്തെങ്കിലും വഴക്കു പറഞ്ഞോ ഗുണദോഷിച്ചോ ഇവിടെ നിര്‍ത്തി എന്നാങ്കിലുമൊക്കെ ചെയ്യിക്ക്. എത്രനാളാ വീട്ടില് വെറുതെ നിര്‍ത്തണത്.''

''ആ... ആ ഒരു വിചാരം അവള്‍ക്കും വേണം. ഞാന്‍... കൂടുതലൊന്നും പറയണില്ല. ഈ സ്ഥാപനത്തിന് ചീത്തപ്പേരുണ്ടാക്കരുത്.''

ആരോടും കൊഞ്ചിക്കുഴയാനും ശൃംഗരിക്കാനും മടിയില്ലാത്ത ഒരു തെറിച്ച സ്വഭാവക്കാരിയായിരുന്നു ബീന. നാട്ടില്‍ പലരുമായി ചേര്‍ത്ത് അവളുമായി പല കഥകളും ഉയരുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് ശേഖരമേനോന്റെ ഇളയമകന്‍ സുരേഷുമായി.

''എന്താടാ മത്തായി നിന്റെ മകളെ വെറുതെയങ്ങ് തോന്ന്യാസത്തിന് അഴിച്ച് വിട്ടേക്കുവാണോ? ആര്‍ക്കെങ്കിലും പിടിച്ചു കെട്ടിച്ചുകൊടുക്കടാ.''

മകനെക്കുറിച്ച് പരക്കുന്ന അപവാദ കഥകളില്‍ സഹിക്കെട്ട് മേനോന്‍ മത്തായിയോട് ദേഷ്യപ്പെട്ടു.

വാര്‍ത്തകളൊക്കെ മത്തായിയുടെ ചെവിയിലും എത്തുന്നുണ്ടായിരുന്നു. പക്ഷെ, എന്തു ചെയ്യാന്‍? പലവട്ടം ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്തിട്ടും ബീനയുടെ സ്വഭാവത്തിന് വലിയ മാറ്റമൊന്നുമില്ല.

അയാളെ ഏറെ വിഷമിച്ചത് ബീന പല ദിവസങ്ങളിലും തയ്യല്‍ കടയില്‍ ചെല്ലാതെ സുരഷിനൊപ്പം പലേടത്തും കറങ്ങി നടക്കുന്നു എന്ന വാര്‍ത്തയായിരുന്നു.

ഇനി എന്താണ് വേണ്ടത്? മത്തായി ആകെ വിഷമസന്ധിയിലായി.

''നാട്ടുകാരെക്കൊണ്ട് അധികം പറയിക്കാതെ ആരേങ്കിലും കണ്ടുപിടിച്ച് അവള്‍ടെ കല്യാണം നടത്ത്.''

പലപ്പോഴും പറയാറുള്ളത് സാറാമ്മ ആവര്‍ത്തിച്ചു.

മകളുടെ വിവാഹം എത്രയും വേഗം നടത്തണമെന്നത് മത്തായിയും ഏറെ ആഗ്രഹിച്ചു. പക്ഷെ, ഒരു പെണ്ണിനെ വിവാഹം ചെയ്തയക്കാന്‍ മാതാപിതാക്കള്‍ ആഗ്രഹിച്ചാല്‍ മാത്രം പോരല്ലോ?

ആ ഒരാവശ്യത്തിനായി പ്രത്യേകിച്ച് സാമ്പാദ്യമൊന്നും സ്വരൂപിച്ചു വയ്ക്കുവാന്‍ മത്തായിക്ക് സാധിച്ചില്ല. തുണിക്കച്ചവടത്തില്‍ നിന്നും ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ട് വലിയ കുഴപ്പമില്ലാതെ ജീവിച്ചു പോകുന്നെന്നു മാത്രം.

അതിലും വലിയ പ്രശ്‌നം ഒരു വരനെ കണ്ടുപിടിക്കുക എന്നതായിരുന്നു. നാട്ടില്‍ പരന്ന കഥകളൊക്കെ അറിഞ്ഞാല്‍ ആരാണ് അതിന്, തയ്യാറാവുക?

അപ്രതീക്ഷിതമായി ഒരു ദിവസം ശേഖരമേനോന്റെ ശില്‍ബന്ധികളിലൊരാള്‍ മത്തായിയെത്തിരക്കി എത്തി.

''അത്യവശ്യായിട്ട് അങ്ങുന്നിനെ ചെന്ന് കാണണോന്ന് പറഞ്ഞ്.'' മത്തായിയുടെ ഉള്ളൊന്നു കാളി.

ബീനയും സുരേഷുമായി ബന്ധപ്പെട്ട് എന്തെങ്കിലും പുതിയ സംഭവങ്ങള്‍...?

ആകെ ഭയന്നാണ് മത്തായി മേനോന്റെ വീട്ടിലെത്തിയത്.

പടിപ്പുര കടന്നുവരുന്ന അയാളെ ഉമ്മറപ്പടിയില്‍ നിന്നുകൊണ്ട് ഗൗരവത്തില്‍ മേനോന്‍ ഒന്നു നോക്കി.

''എന്താടാ മകളുടെ കല്യാണം വല്ലതും ശരിയായോ?''

ആ ചോദ്യം കേട്ട് ഒരു കുറ്റവാളിയെപ്പോലെ മത്തായി തലതാഴ്ത്തി നിന്നു.

'അന്വേഷിക്കണൊണ്ടങ്ങുന്നേ. പക്ഷേങ്കി... ഒന്നും... ആയില്ല.''

മേനോന്‍ ഗൗരവം വിടാതെ കനത്തിലൊന്ന് മൂളി.

''എന്നാ നീയിനി ചെറുക്കനെ അന്വേഷിച്ച് അധികം ബുദ്ധിമുട്ടണ്ടാ.''

എന്താണ് മേനോനങ്ങുന്ന് ഉദ്ദേശിക്കുന്നത്? മത്തായിക്ക് സംഭ്രമം.

''ആ തൊമ്മീനെക്കൊണ്ട് അവളെയങ്ങ് കെട്ടിക്ക്.''

ആ വാക്കുകള്‍ കേട്ട് മത്തായി സ്തബ്ദനായി നിന്നു.

മേനോന്റെ പുരയിടങ്ങളിലും കൃഷിസ്ഥലങ്ങളിലും സ്ഥിരം പണിക്കാരനാണ് തൊമ്മി. ഉറ്റവരും ഉടയവരും ആരുമില്ലാത്ത, സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത ഒറ്റത്തടി. മേനോന്റെ തറവാടിനു സമീപം ഒരു ചായ്പിലാണ് രാത്രിയുറക്കം. പൊക്കം കുറഞ്ഞ് കരിവീട്ടിപോലെ കറുത്ത ദൃഢമായ ശരീരവും ഒട്ടും ആകര്‍ഷകമല്ലാത്ത പരുക്കന്‍ മുഖവുമായി ആരോടും പ്രത്യേകമായി അടുപ്പം കാണിക്കാത്ത ഒരു പ്രകൃതക്കാരന്‍.

''എന്താടാ ആലോചിക്കുന്നേ?''

ശേഖരമേനോനു മുന്നില്‍ മറുപടിക്കായി വിഷമിച്ച് വിഷണ്ണനായി മത്തായി നിന്നു.

''അത്... വീട്ടിലൊന്ന് ചോദിച്ചിട്ട്... പിന്നെ പെണ്ണിനോടും ഒന്ന് ചോദിച്ച്..''

''എന്നാ ചോദിക്കാനാടാ. മതിയായില്ലേ അവള്‍ക്ക്... ഇങ്ങനെ പേരുദോഷോം കേള്‍പ്പിച്ച് നടന്നിട്ട്.''

മേനോന്റെ ശബ്ദമുയര്‍ന്നു. മത്തായി ഞെട്ടി.

''ദേ എന്റെ ക്ഷമയ്‌ക്കൊരതിരൊണ്ട്. ഇനീം ഇങ്ങനെ തോന്ന്യാസായിട്ട് നടക്കാനാ അവള്‍ടെ പ്ലാനെങ്കി... തല്ലിക്കൊന്ന് ഞാന്‍ പൊഴേലെറിയും.''

മേനോന്റെ കണ്ണുകളില്‍ കോപമെരിയുന്നു. തീഷ്ണമായ ആ നോട്ടത്തിനു മുന്നില്‍ മത്തായി വിറച്ചുനിന്നു.

ചിന്താക്കുഴപ്പം നിറഞ്ഞ മനസ്സുമായി അയാള്‍ മടങ്ങി.

മേനോനങ്ങുന്നിന്റെ വാക്കുകള്‍ അവഗണിക്കാനാവില്ല. പക്ഷെ, അനുസരണയില്ലാത്തവളും തന്നിഷ്ടക്കാരിയുമായ ബീന...? അവള്‍ സമ്മതിച്ചില്ലെങ്കില്‍?

ലേശം മങ്ങിയ വെളുപ്പു നിറത്തില്‍ സാമാന്യം സുന്ദരിയായ ബീനയെ 'കാട്ടുമാക്കാന്‍' എന്ന് ആളുകള്‍ കളിയാക്കി വിളിക്കുന്ന തൊമ്മിയെക്കൊണ്ട്..?

കാര്യങ്ങളറിഞ്ഞപ്പോള്‍ സാറാമ്മയ്ക്കും വിഷമം.

''ശ്ശോ പെണ്ണും ചെറുക്കനും തമ്മീ ഒരു ചേര്‍ച്ചേയില്ല.''

''പിന്നേ ഒരു ചേര്‍ച്ച. ആ മുടിഞ്ഞവള് ഒന്ന് സമ്മതിച്ചാ മതിയാര്ന്ന്.''

പക്ഷെ, മത്തായിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് അപ്പന്‍ പറഞ്ഞതെല്ലാം ഒരെതിര്‍പ്പും പ്രകടിപ്പിക്കാതെ നിര്‍വ്വികാരതയോടെ ബീന കേട്ടുനിന്നു.

മത്തായിക്ക് സമാധാനമായി.

''എന്നാലും അവള്‍ക്കെ ന്തോ വെഷമോണ്ട്. മൊഖത്ത് നോക്ക്യാലറിയാം. ഏതു നേരോം എന്തോ ആലോചിച്ച് വ്യസനിച്ചിരുപ്പാ.''

ഭാര്യയുടെ ആ വാക്കുകള്‍ മത്തായി അവഗണിച്ചു.

''കല്ല്യാണോക്കെ കഴിഞ്ഞ് ഒന്നിച്ച് ജീവിക്കുമ്പോ ഒക്കെ മാറിക്കോളും.''

അടുത്തദിവസം തന്നെ മത്തായി മേനോനെ കണ്ട് വിവരങ്ങള്‍ അറിയിച്ചു.

''എന്നാപ്പിന്നെ ഒട്ടും സമയം കളയണ്ട. എത്രേം വേഗം കെട്ടങ്ങ് നടത്താം.''

''അയ്യോ അങ്ങുന്നേ ഒടനേ നടത്താനായിട്ട് എന്റെ കയ്യിലിപ്പോ കാശൊന്നും...''

എന്നാല്‍ അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് എല്ലാ കാര്യങ്ങള്‍ക്കും മേനോന്‍ ഉദാരമതിയായി. വീട് ചെറുതായൊന്ന് മോടിപിടിപ്പിക്കുവാന്‍, കല്ല്യാണച്ചിലവുകള്‍ക്ക്, അത്യാവശ്യം ആഭരണങ്ങള്‍ക്ക്, വസ്ത്രങ്ങള്‍ക്ക്...

''എല്ലാം അങ്ങുന്നിന്റെ ദയ.''

മത്തായിയുടെ ഉള്ളം നന്ദികൊണ്ട് നിറഞ്ഞു.

വിവാഹം കഴിഞ്ഞതോടെ മത്തായിയുടെ വീട്ടില്‍ത്തന്നെ തൊമ്മിയും താമസക്കാരനായി.

ആ വിവാഹത്തിനു മുമ്പ് മറ്റൊന്നു കൂടി മേനോന്‍ ചെയ്തു. ഡല്‍ഹിയ്ക്കടുത്ത് ഒരു കമ്പനിയില്‍ അവിടുള്ള ബന്ധുക്കള്‍ മുഖേന സുരേഷിന് ഒരു ജോലി തരപ്പെടുത്തി അവനെ അങ്ങോട്ടയച്ചു.

കല്ല്യാണം കഴിഞ്ഞ് എട്ടുമാസം പോലും തികയുന്നതിനു മുമ്പ് ബീന പ്രസവിച്ചു. നന്നായി വെളുത്ത് തുടുത്ത് സുന്ദരനായ ഒരാണ്‍കുട്ടി.

അത് കര്‍ക്കിടകമാസത്തിലെ പെരുമഴ പെയ്‌തൊരു വളുപ്പാന്‍ കാലത്തായിരുന്നു.

കുഞ്ഞിനെ നോക്കി നിന്ന കറുത്ത് കുള്ളനായ തൊമ്മിയുടെ മുഖപേശികള്‍ വലിഞ്ഞു മുറുകി. കണ്ണുകളില്‍ കനലെരിഞ്ഞു.

പിന്നെ വെളിയില്‍ ശക്തിയായി പെയ്യുന്ന മഴയിലേയ്ക്ക് വെറുതെ നോക്കിനിന്നു.

മത്തായിയും സാറാമ്മയും വയറ്റാട്ടിത്തള്ളയും എന്തൊക്കെയോ പറയുന്നുണ്ട്. അയാള്‍ ഒന്നും സംസാരിച്ചില്ല. ഒന്നും ശ്രദ്ധിച്ചില്ല.

മഴയിലേയ്ക്ക് നോക്കി ഒരേ നില്‍പ് തന്നെ. എന്തൊക്കെയോ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നതുപോലെ.

പിന്നെ ആ മഴയിലേയ്ക്കിറങ്ങി വേഗത്തില്‍ നടന്ന് എങ്ങട്ടോ മറഞ്ഞു.

അന്ന് നാടുവിട്ട തൊമ്മിയെ പിന്നെ നാട്ടുകാരാരും കണ്ടിട്ടില്ല.

തൊമ്മിയുടെ വേര്‍പാട് മത്തായിക്കും സാറാമ്മയ്ക്കും മറ്റൊരാഘാതമായി. എങ്കിലും അവരുടെ എല്ലാ വേദനകള്‍ക്കുമുള്ള പരിഹാരമായിരുന്നു ഓമനത്തവും പ്രസരിപ്പും നിറഞ്ഞ പേരക്കുട്ടിയുടെ സാന്നിദ്ധ്യം. ആ സന്തോഷത്തില്‍ മറ്റെല്ലാ ദുഃഖങ്ങളും അവര്‍ മറന്നു. അപ്പാപ്പന്റെ പേര് സ്വീകരിച്ച് മാത്യു എന്ന് അവന് പേരിട്ടു. വാത്സല്യത്തോടെ മാത്തന്‍ എന്നു വിളിച്ചു.

എല്ലാ വിവരങ്ങളും ശേഖരമേനോന്‍ അറിയുന്നുണ്ടായിരുന്നു. ബീന മിടുക്കനായ ഒരാണ്‍കുട്ടിക്ക് ജന്മമേകിയത്, തൊമ്മി നാടുവിട്ടത്...

മാത്തന്‍ ജനിച്ച് ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ പെട്ടെന്നുണ്ടായ ഒരു ഹൃദയാഘാതം ശേഖരമേനോന്റെ ഇഹ ലോകജീവിതം അവസാനിപ്പിച്ചു.

അധികം വൈകാതെ മക്കളെല്ലാം അവരവര്‍ക്ക് ഓഹരിയായി ലഭിച്ച സ്വത്തുക്കള്‍ വില്പനയാക്കി വിവിധ നഗരങ്ങളിലേയ്ക്ക് ചേക്കേറി. സുരേഷ് ഒരു വടക്കേ ഇന്ത്യക്കാരി പെണ്ണിനെ വിവാഹം കഴിച്ച് അധികംനാള്‍ കഴിയും മുമ്പേ ഭാര്യയുമായി കടുത്ത അഭിപ്രായ ഭിന്നതയിലായി വിവാഹമോചനം നേടി. മദ്യത്തിലും മയക്കുമരുന്നിലും സദാ മുഴുകി തെരുവുകളിലൂടെ അലഞ്ഞു നടന്നു. ഒരു ദിവസം ഏതോ അജ്ഞാത വാഹനമിടിച്ച് അയാള്‍ കൊല്ലപ്പെട്ടു. അവകാശികളില്ലാത്ത അജ്ഞാത മൃതദേഹമായി പൊതുസ്മശാനത്തില്‍ സംസ്‌ക്കരിക്കപ്പെട്ടു.

അങ്ങനെ പ്രതാപിയും പ്രമാണിയുമായിരുന്ന ശേഖരമേനോന്റെ തറവാടിന്റെ പ്രൗഢസ്മരണ ക്രമേണ കാലവിസ്മൃതിയില്‍ ലയിച്ചു.

മാത്തന് മൂന്നു വയസ്സുള്ളപ്പോളാണ് നാട്ടിലെ ഒരു ചിട്ടിക്കമ്പനിയില്‍ പിരിവുകാരനായി നടന്ന ഒരുത്തനുമായി ബീന ഒളിച്ചോടിയത്.

അമ്മയുടെ അഭാവം പ്രത്യേകിച്ചൊരു വിഷമവും മാത്തനുണ്ടാക്കിയില്ല. പകരം ശകാരങ്ങളില്‍ നിന്നും അനാവശ്യ ശിക്ഷ കളില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസം മാത്രം. അവന്റെ ലോകം മത്തായി എന്ന 'അപ്പച്ചി'യിലും സാറാമ്മ എന്ന 'അമ്മച്ചി'യിലും ഒതുങ്ങി.

എങ്കിലും നഷ്ടപ്പെടലിന്റെ വേദന മാത്തന്‍ അറിഞ്ഞു, ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അമ്മച്ചിയെ മരണം തട്ടിയെടുത്തപ്പോള്‍.

കിലോമീറ്ററുകള്‍ അകലെയുള്ള ഹൈസ്‌ക്കൂളിലയച്ച് പേരക്കുട്ടിയെ തുടര്‍ന്ന് പഠിപ്പിക്കുക, ഭാര്യയുടെ അസാന്നിദ്ധ്യത്തില്‍ മത്തായിക്ക് സാധിക്കുമായിരുന്നില്ല. അങ്ങനെ ഏഴാം ക്ലാസ്സോടെ മാത്തന്‍ പഠനം അവസാനിപ്പിച്ചു. തുണികളുടെ വഴിയോരക്കച്ചവടത്തില്‍ സഹായിയായി അപ്പച്ചിയ്‌ക്കൊപ്പം കൂടി.

പ്രഭാതത്തിന്റെ നറുവെട്ടം വീണു തുടങ്ങുന്ന നാട്ടുപാതയിലൂടെ തുണിക്കെട്ട് തലയിലേന്തി ടൗണിലേയ്ക്ക് നടന്നു പോകുന്ന മത്തായിയും ചെറുമകനും ഗ്രാമവാസികള്‍ക്ക് ഒരു പതിവു കാഴ്ചയായി.

മാത്തന്‍ അപ്പച്ചിയോടൊപ്പം സഹായിയായി കൂടി ആറു വര്‍ഷം കഴിഞ്ഞൊരു മദ്ധ്യാഹ്നം. ചന്തയിലെ വില്പന കഴിഞ്ഞ് പണം എണ്ണിക്കൊണ്ടിരുന്ന മത്തായിക്ക് പെട്ടെന്നൊരു തളര്‍ച്ചയും പരവേശവും. അടുത്തൊരു കടത്തിണ്ണയില്‍ കയറി അയാള്‍ നെഞ്ചുതിരുമ്മി വിമ്മിഷ്ടത്തോടെയിരുന്നു.

വില്പന കഴിഞ്ഞ് ബാക്കി വന്ന തുണിത്തരങ്ങളെല്ലാം മാത്തന്‍ അടുക്കിക്കെട്ടി. അപ്പച്ചിയെത്തിരഞ്ഞ് ചുറ്റും നോക്കു മ്പോള്‍ കണ്ടത് ഒരു കടത്തിണ്ണയുടെ സിമന്റ് തറയില്‍ അനക്കമില്ലാതെ കിടക്കുന്ന മത്തായിയെയാണ്.

കുലുക്കി വിളിച്ചിട്ടും അനക്കമില്ല.

''അപ്പച്ചീ'' ദുഃഖവും പരിഭ്രമവും മുറ്റിയ സ്വരത്തില്‍ അവന്‍ ഉറക്കെ വിളിച്ചു.

ശബ്ദംകേട്ട് ആളുകള്‍ അടുത്തുകൂടി. ആരോ ആ ശരീരം പരിശോധിച്ച് അത് കേവലം ഒരു മൃതദേഹം മാത്രമാണെന്ന സത്യം വളരെ വിഷമത്തോടെ മാത്തനെ അറിയിച്ചു.

ആ ശവശരീരത്തെ കെട്ടിപ്പിടിച്ച് അപ്പച്ചീയെന്ന് വിളിച്ച് കരയുന്ന മാത്തനെ ജനം ദുഃഖവും സഹതാപവും നിറഞ്ഞ കണ്ണുകളോടെ നോക്കിനിന്നു.

അങ്ങനെ ഇരുപതാം വയസ്സില്‍ മാത്തന്‍ തീര്‍ത്തും അനാഥനായി.

(തുടരും)

എബെനേസര്‍ : അഭയശില

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു