Novel

കൊച്ചിയിലെ കപ്പലൊച്ചകള്‍ [25]

പ്രാണന്‍ പൊടിഞ്ഞത് കടലില്‍ നിന്നുമാണത്രേ! കടലോളം കൊണ്ടുനടക്കുന്ന ഓര്‍മ്മകളിലാണ് ഓരോ മനുഷ്യന്റെയും പ്രാണന്‍

Sathyadeepam
  • നോവലിസ്റ്റ്: എൻ ഹാലിയ

  • ചിത്രീകരണം : ബാവുൽ

കൊച്ചിക്ക് ഒരു ഗുണ്ടാ ചരിത്രം കൂടിയുണ്ട്. പലപ്പോഴും കഥകളിലും നോവലുകളിലും സിനിമകളിലും ഇടം പിടിച്ചിട്ടുള്ള തുറമുഖ കള്ളക്കടത്തുകളിലെ ഗുണ്ടാസാന്നിധ്യങ്ങളിലെ ഭീകര നിഴലുകള്‍ കൊച്ചിയിലെ കുറെ കറുത്ത മനുഷ്യരായിരുന്നു. ജനിച്ചയിടം കൊണ്ടും ലഭിച്ച നിറം കൊണ്ടും പിറന്ന കുലം കൊണ്ടും കൊള്ളരുതാത്ത കൂട്ടങ്ങളായി മാറ്റി നിര്‍ത്തപ്പെട്ട മനുഷ്യര്‍. മായ്ക്കാനാകാത്ത ചീത്ത പേരിനെ പിന്നെയവര്‍ മാറോട് ചേര്‍ത്തൊരലങ്കാരമാക്കി. കുത്ത് കേസിലും, വെട്ടു കേസിലും, കഞ്ചാവ് കേസിലും, കള്ളക്കടത്തിലും പിടിക്കപ്പെട്ട് പേരും പെരുമയും ചേര്‍ന്നുപോയ ആ കൂട്ടങ്ങള്‍ക്ക് ആദ്യം ചോര്‍ന്നു പോയത്, സ്‌നേഹോം വാത്സല്യോം വീടും വീട്ടുകാരുമൊക്കെയായിരുന്നു.

അധ്യായം 25

  • സ്വപ്നം

മരണം ചിലപ്പോള്‍ ചില മനുഷ്യരെ ദുര്‍ബലരാക്കും. ആരുടെ തോളിലായിരുന്നുവോ അവര്‍ ചാരി നിന്നിരുന്നത്, ആരായിരുന്നുവോ അവര്‍ക്ക് തണലേകി നിന്നത് അവരെടുക്കപ്പെടുന്ന നേരം മുതല്‍ അവര്‍ ജീവിതത്തിന്റെ തീപൊള്ളലേറ്റ് വാടുകയും വിയര്‍ക്കുകയും അധികം വൈകാതെ വീഴുകയും ചെയ്യും. എന്നാല്‍ ചില മരണങ്ങള്‍ ചില മനുഷ്യരെ ശില പോലെയാക്കും. ഇനി മുതല്‍ ഒരു സങ്കടത്തിനും അവരെ തളര്‍ത്താനാവില്ല. ഒരു പ്രഹരത്തിനും അവരെ വീഴ്ത്താനാവില്ല; ഒരു ഒറ്റപ്പെടലിലും അവരെ വിഷാദം വിഴുങ്ങുകയുമില്ല. കാരണം, മരണമെന്ന ഒരു മഹാദംശനം അവര്‍ അതിജീവിച്ചു കഴിഞ്ഞിരിക്കുന്നു. സ്വന്തം മരണമുഖത്തേക്കെത്തും അവരെയിനി ആര്‍ക്കും ഭയപ്പെടുത്താനോ, സങ്കടപ്പെടുത്താനോ, ദുര്‍ബലരാക്കാനോ ആവില്ല.

അറക്കപറമ്പില്‍ ജോണിയെന്ന അപ്പന്റെ മരണം കെവിന്‍ എന്ന മകനെ ശിലാപാളി പോലെ കഠിന ഹൃദയനാക്കി.

പിന്നീട് അവന്‍ കരഞ്ഞതേയില്ല, ആര്‍ക്കും വേണ്ടി വേദനിച്ചില്ല. അനാഥമായി പോയ ഒരു വീടിന്റെ നാഥത്വം ഏറ്റെടുക്കുമ്പോള്‍ കെവിന്‍ ഏറ്റെടുത്തത് അപ്പന്റെ ആത്മാവിനെ കൂടിയാണ്. അന്നുവരെ അകറ്റി നിര്‍ത്തിയ അപ്പന്റെ ചാരായഗന്ധം കെവിനിലേക്ക് പടരാന്‍ തുടങ്ങി. അതുവരെ ആണി തറച്ചൊതുക്കി നിര്‍ത്തിയ ക്ഷോഭ കവചങ്ങള്‍ കെവിനറുത്ത് മാറ്റി. കവലകളിലും കൂട്ടരങ്ങുകളിലും കെവിന്റെ അസഭ്യങ്ങള്‍ ആകാശത്തോളം ഉയര്‍ന്നു. അന്നുവരെ ആ പടി കയറാതിരുന്ന കാക്കിക്കൂട്ടം കെവിനെന്ന കഞ്ചാവ് കേസിനെ പലയാവര്‍ത്തി തിരഞ്ഞു വന്നു. ഉള്ളം കയ്യില്‍ നിന്നും ചോര്‍ന്നു പോകുന്ന മകനെയോര്‍ത്ത് വിങ്ങുന്ന റീത്തയുടെയും അമ്മാമ്മയുടെയും അനിയത്തിയുടെയും ഹൃദയംകൊണ്ട് കെവിനെ ഒന്ന് തൊടാന്‍ പോലുമവര്‍ക്കായില്ല. കണ്ണീരും കനിവും നഷ്ടമായ ശിഷ്ടജീവിതം ഇനിയെങ്ങനെ ജീവിച്ചു തീര്‍ക്കും എന്ന നെഞ്ചുലയ്ക്കുന്ന ചോദ്യവുമായി കെവിന്‍ കായലോരങ്ങളില്‍ തനിച്ചിരുന്നത് മാത്രം ആരും കണ്ടില്ല. ഒരൊറ്റ തള്ളലില്‍ അപ്പനെ മരണ മുഖത്തേക്ക് എറിഞ്ഞു കൊടുത്ത മകന്‍ എന്ന മനോവ്യഥയില്‍ ഒരു ചെറുപ്പക്കാരന്‍ തകര്‍ന്നടിയുന്നത് കുറെ കല്‍പ്പവൃക്ഷങ്ങള്‍ മാത്രം ആ കായലോരത്ത് കണ്ടുനിന്നു.

പാതിരാത്രികളില്‍ വഴിവിളക്കിന്റെ കീഴെയിരുന്ന് കള്ളുകുടിച്ച് പാട്ടും ബഹളവും വച്ചതിന്റെ പേരിലും, കേസ് കൊടുത്തവന്റെ വീട്ടില്‍ കയറി വെള്ളമടിച്ചും തെറിപ്പാട്ട് പാടിയും പ്രതികാരം ചെയ്തതിനും, ആറ്റുതീരത്തെ തെങ്ങും പാടത്ത് കടന്നുകയറി ആരും കാണാതെ കരിക്കിട്ട് എറണാകുളത്ത് കൊണ്ടുപോയി വിലകുറച്ച് വിറ്റതിനും, ക്ലാസുകള്‍ തമ്മിലുള്ള കണ്ടം ക്രിക്കറ്റില്‍ തോറ്റതിന്റെ സങ്കടത്തില്‍ ഇരുന്നപ്പോള്‍ കളിയാക്കി പാടിയവന്‍മാരുടെ കരണം നോക്കി അടിച്ചതിനുമൊക്കെ കൂട്ടുകാര്‍ പലവട്ടം പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങിയപ്പോള്‍ കെവിനെ ആദ്യമായിട്ട് പൊലീസ് പൊക്കുന്നത് അങ്ങാടിയില്‍ വച്ച് ആന്റപ്പന്‍ എന്ന ഒരു മനുഷ്യന്റെ വലത് കയ്യില്‍ വാക്കത്തിക്ക് വെട്ടിയതിനാണ്. ആന്റപ്പന്റെ ഭാഗത്തുനിന്നും യാതൊരു പ്രകോപനവും ഉണ്ടായില്ല എന്ന് പല സാക്ഷികളുടെ മൊഴികള്‍ വന്നത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുകയും ഒന്ന് രണ്ട് ദിവസം കെവിന്‍ അകത്താകുകയും ചെയ്തു.

പുറത്തിറങ്ങിയതിന്റെ പിറ്റേന്ന് ആന്റപ്പന്റെ വീട്ടുവാതില്‍ക്കല്‍ കെവിനെ കണ്ട് ആന്റപ്പന്റെ ഭാര്യയും അപ്പനും അല്പം പേടിച്ചെങ്കിലും 'വന്നത് മാപ്പ് പറയാനാണെന്നത്' അവരുടെ ശങ്ക കുറയ്ക്കുകയും, അപ്പന്‍ അകത്തേക്ക് നോക്കി ആന്റപ്പനെ വിളിച്ചിറക്കുകയും ചെയ്തു. വെട്ടുകൊണ്ട ഭാഗങ്ങള്‍ വെള്ളത്തുണിക്ക് കെട്ടിപ്പൂട്ടി വച്ച ആന്റപ്പന്‍ മുറ്റത്തേക്കിറങ്ങിയപ്പോള്‍ കെവിനയാളെ അല്പം അകലേക്ക് മാറ്റി നിര്‍ത്തിയിട്ട് പറഞ്ഞു, ''നിന്റെ അപ്പനെ തല്ലിയ കയ്യാണെന്നും പറഞ്ഞാണ്' താനെന്റെ അമ്മയുടെ ദേഹത്ത് കൈവച്ചതും എന്റെ കവിളില്‍ മീന്‍മുള്ള് കുത്തിക്കയറ്റിയതും. എന്റെ അപ്പനെയും അമ്മയെയും എന്നെയും വേദനിപ്പിച്ച തന്റെ ഈ കൈകൊണ്ട് താന്‍ ഇനി ആരെയെങ്കിലും തൊട്ടാല്‍, ഇനി എന്റെ വെട്ട് കൊള്ളാന്‍ പോകുന്നത് തന്റെ ഈ കൈക്കായിരിക്കില്ല, കഴുത്തിനായിരിക്കും.''

മുറ്റത്ത് മാറിനില്‍ക്കുന്ന കെവിനെയും ആന്റപ്പനെയും നോക്കി നിന്നിരുന്ന രണ്ട് ഭാഗം ആളുകള്‍ അവിടെയുണ്ടായിരുന്നു. വീടിന്റെ വാതില്‍ക്കല്‍ നിന്നിരുന്ന ആന്റപ്പന്റെ വീട്ടുകാരും, മറ്റൊരു വെട്ടും ഇടിയും പ്രതീക്ഷിച്ചു നിന്ന കെവിന്റെ കൂട്ടുകാരും. രണ്ടു കൂട്ടരെയും ഞെട്ടിച്ചുകൊണ്ട് കെവിന്‍ ആന്റപ്പന്റെ മുഖത്ത് നോക്കി കൈകൂപ്പി കാണിച്ചു. നാട്ടിലെ തലമൂത്ത ഗുണ്ടയും ആരെയും പേടിയില്ലാത്തവനുമായ ആന്റപ്പനോട് കെവിന്‍ വീട്ടില്‍ ചെന്ന് മാപ്പ് പറഞ്ഞ വാര്‍ത്ത ടാങ്കര്‍ വെള്ളം പോലെ അവിടം മുഴുവന്‍ ഒഴുകിയെത്തിയെങ്കിലും, കെവിന്‍ മാപ്പ് പറയാന്‍ ഇടയില്ലെന്ന് ഉറപ്പുണ്ടായിരുന്ന കുറച്ചാളുകള്‍ ആ ദേശത്ത് അവശേഷിച്ചിരുന്നു. രാത്രിയില്‍ പതിവുപോലെ പാലത്തിനു മുകളിലെ മഞ്ഞവെളിച്ചത്തിന്റെ താഴെയിരുന്ന് കെവിന്‍ കൂട്ടുകാരോട് സംസാരിക്കുമ്പോള്‍ മില്‍ട്ടണ്‍ കെവിനോട് പറഞ്ഞു,

''എടാ, അയാളെ സൂക്ഷിക്കണം. പാമ്പിന്റെ പകയാണ് അയാള്‍ക്ക്. ഇരുട്ടത്തും പകലിലും അയാള് കൊടുത്ത പണി വാങ്ങിയിട്ടുള്ളവരാണ് ഇവിടെയുള്ള കുറെയെണ്ണം. നീ ഒന്ന് ശ്രദ്ധിച്ചേക്കണം.''

മില്‍ട്ടന്റെ ഭീഷണി കഥകേട്ട് ചിരിച്ച് തള്ളിക്കൊണ്ട് ഒരു സിഗരറ്റ് എടുത്ത് കൊളുത്തിയിട്ട് കെവിന്‍ പറഞ്ഞു, ''നീ കേട്ടിട്ടില്ലേടാ... ആദ്യത്തെ തെറി, ആദ്യത്തെ അടി, ആദ്യത്തെ വെട്ട്, ഇതിനൊക്കെ മാത്രേ നമുക്ക് പേടിയുണ്ടാകൂ... പിന്നതങ്ങ് ശീലമാകും. ഞാന്‍ ആദ്യം അടിച്ചതേ എന്റെപ്പനെയാണ്... അതില് പുള്ളി തീരേം ചെയ്തു. അപ്പനെ തല്ലി തുടങ്ങിയവന് പിന്നെ വേറെ ആരെ പേടിക്കാനാടാ മില്‍ട്ടാ.''

ചിലനേരം മനുഷ്യന്മാര്‍ക്ക് ഒന്നിലധികം കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യാനും പറ്റും, ഇപ്പോള്‍ കെവിന്‍ ചെയ്യുന്നതുപോലെ. സിഗരറ്റ് വലിച്ചു കൊണ്ട് ആകാശത്തേക്ക് പുകയൂതി വിട്ടുകൊണ്ട് കൂട്ടുകാര് കാൺകെ ചിരിച്ചും, ഒരാള്‍ പോലും കേള്‍ക്കാതെ നിലവിളിച്ചും കെവിന്‍ അപ്പന്‍ ആത്മഹത്യ ചെയ്ത പാലത്തിലിരുന്ന് അഗ്‌നിപുകച്ചു.

പാരിജാത പൂക്കളുടെ പരിമളം പടര്‍ന്നുകിടന്നിരുന്ന ആ ഭൂതകാല സ്മരണകളില്‍ നിന്നും കെവിന്‍ മിഴി തുറന്നു മടങ്ങിയെത്തിയത് സ്വാതന്ത്ര്യം അടച്ചിടപ്പെട്ട ആ ജയില്‍ മുറിക്കകത്തേക്കായിരുന്നു. പുറത്ത് പെയ്തിറങ്ങിയ നിലാവെളിച്ചത്തിന്റെ കീറുകള്‍ ജനല്‍ കമ്പികള്‍ക്കിടയിലൂടെ ആ ജയില്‍മുറിയിലും കിടന്നിരുന്നു. ഒരൊറ്റ രാത്രിയിലെ ഉറക്കത്തിന്റെ നിമിഷങ്ങള്‍ കൊണ്ട് താനെത്രമാത്രം ദൂരം ഉള്ളിലേക്കിറങ്ങിപ്പോയെന്ന് കെവിന്‍ അദ്ഭുതപ്പെട്ടു. വരണ്ട ചുണ്ടും വലിഞ്ഞ മുഖവുമായി സാധാരണ ഉറക്കം വിട്ടെഴുന്നേല്‍ക്കുന്ന കെവിന്റെ കവിളുകളും കണ്ണുകളും ഭൂതകാല സ്മരണയിലെ കുളിര്‍ കാറ്റേറ്റ് ഈറനണിഞ്ഞിരുന്നു. ആത്മഹത്യ ചെയ്യാനായി അപ്പനെടുത്തു ചാടിയ നദിയിലേതിനേക്കാള്‍ ജലം കെവിന്റെ കണ്ണുകളില്‍ നിന്ന് ആ മുറിയിലേക്ക് ഒരുപാടൊഴുകി കഴിഞ്ഞിരുന്നു.

കഴിഞ്ഞ ആറേഴ് കൊല്ലമായി താനാരോടും പറയാതിരുന്ന ആ കഥകളയാളെ വല്ലാതെ ഉലിച്ചിരുന്നു. ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ ശ്വാസം നിലച്ചു പോകുന്ന വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടതിനാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മറവിയുടെ മണലിട്ട് മൂടിയിരുന്ന തന്റെ ഭൂതകാലത്തെ വിളിച്ചുണര്‍ത്തിയ സ്വപ്‌നത്തിന് നന്ദി പറയണമെന്ന് കെവിന് ആഗ്രഹം തോന്നി. തലേന്ന് വൈകുന്നേരം, സിസ്റ്റര്‍ റൂഫിന്റെ കൈവെള്ളയില്‍ കണ്ണീരോടുകൂടി നല്‍കിയ ആ സ്‌നേഹചുംബനത്തില്‍ കെവിന്‍ ഒരു കുഞ്ഞിനെ പോലെ നിഷ്‌കളങ്കനായി. ആരുമില്ലാതെ വളര്‍ന്നവര്‍ക്ക് എല്ലാറ്റിനോടും പകയായിട്ടല്ല അവര്‍ പോരടിക്കുന്നത്, ആരെങ്കിലുമൊക്കെ അടുത്തിരിക്കണേയെന്ന കരച്ചിലാണത്. കൂട്ടത്തിലുള്ളവരെ പോലും വെട്ടിപ്പരിക്കേല്‍പ്പിക്കുന്ന രീതിയില്‍ ചോരക്കവലകളില്‍ ചിലര്‍ കാവടിയാടുന്നത്, ഉള്ളില്‍ രക്തം ചീറ്റുന്ന മുറിപ്പാടുകളില്‍ നോവ് തിങ്ങുന്നതിനാലാണ്. തുറന്നു പറയാന്‍ ചിലരെ മനുഷ്യരെ, സ്‌നേഹിക്കാന്‍ ചില ജന്മങ്ങളെ, തിരികെ നടക്കും നേരം കാത്തിരിക്കാന്‍ കുറച്ചാളുകളെ ആരെങ്കിലും അവരുടെ നാല്‍ക്കവലകളില്‍ നിര്‍ത്തിയിരുന്നെങ്കില്‍ കെവിനെ പോലെയുള്ളവരുടെ കഥ മറ്റൊന്നാകുമായിരുന്നു.

(തുടരും)

യാത്രാ മംഗളങ്ങള്‍ നേര്‍ന്ന് കത്തോലിക്ക കോണ്‍ഗ്രസ്

'വോട്ടുനോക്കി യന്ത്ര'വുമായി സര്‍ക്കാര്‍, 'ചിന്താവിഷ്ടരായ ശ്യാമള'ന്മാരായി ജനം

വചനമനസ്‌കാരം: No.205

വിശുദ്ധ ഗോണ്‍സാലോ ഗാര്‍സിയ (1556-1597) : ഫെബ്രുവരി 6

കുട്ടികളിലെ സബ്സ്റ്റന്‍സ് യൂസ് ഡിസോര്‍ഡേഴ്‌സ്