വിശുദ്ധ റൂപ്പര്‍ട്ട് (710) : മാര്‍ച്ച് 29

വിശുദ്ധ റൂപ്പര്‍ട്ട് (710) : മാര്‍ച്ച് 29
വി. റൂപ്പര്‍ട്ടിന്റെ നാമത്തില്‍ അനേകം ദൈവാലയങ്ങളും സ്ഥലങ്ങളും നിലവിലുണ്ട്. പലതും അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിനു സമര്‍പ്പിക്കപ്പെട്ടവയാണ്, സുവിശേഷവല്‍ക്കരണത്തോടൊപ്പം, വിശ്വാസം സ്വീകരിച്ചവരുടെ സംരക്ഷണത്തിനായി അനേക പദ്ധതികളും അദ്ദേഹം ആവിഷ്‌കരിച്ചിരുന്നു.

വി. റൂപ്പര്‍ട്ടിന്റെ ആദ്യകാലചരിത്രം വ്യക്തമല്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതകാലത്തെയും മരണത്തെയും പറ്റി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. കോള്‍ഗന്റെ അഭിപ്രായത്തില്‍ റൂപ്പര്‍ട്ടിന്റെ ജന്മദേശം അയര്‍ലണ്ടാണ്; അദ്ദേഹത്തിന്റെ ഗാള്ളിക്ക്‌പേര് റോബര്‍ട്ടാക്ക് എന്നും. എങ്കിലും വിശ്വാസയോഗ്യമായ തെളിവുകളനുസരിച്ച് അദ്ദേഹത്തിന്റെ ജന്മദേശം ഫ്രാന്‍സാണ്. ലൊറെയ്‌നിലെ വി. ബര്‍ത്തായുടെ മകനാണ്. റൂപ്പര്‍ട്ട് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ വേംസിന്റെ ബിഷപ്പായി അഭിഷിക്തനായിരുന്നു.

ഏതാണ്ട് 697 കാലഘട്ടത്തില്‍, ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പം റൂപ്പര്‍ട്ട്, രാജാവ് തിയൊഡോയുടെ മുമ്പില്‍ ഹാജരായി. എന്തെങ്കിലും പ്രവര്‍ത്തനം തുടങ്ങുന്നതിന് രാജാവിന്റെ അനുമതി ആവശ്യമായിരുന്നു. രാജാവ് അവരെ സ്വാഗതം ചെയ്യുക മാത്രമല്ല; അവരുടെ പ്രഭാഷണങ്ങള്‍ ശ്രവിക്കുകയും നിര്‍ദ്ദേശങ്ങള്‍ ആരായുകയും ചെയ്തു. റൂപ്പര്‍ട്ടിന്റെ പ്രഭാഷണവും അത്ഭുതപ്രവര്‍ത്തനങ്ങളും ശ്രദ്ധേയമായി. രാജാവും അനേകം ആശ്രിതരും പരിവാരങ്ങളും വിശ്വസിച്ച് ജ്ഞാനസ്‌നാനം സ്വീകരിക്കാന്‍ തയ്യാറായി. അന്നത്തെ അവിശ്വാസികളുടെ അമ്പലങ്ങളും മറ്റും ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാലയങ്ങളായി രൂപാന്തരപ്പെടുത്തി. കൂടാതെ അനേകം പള്ളികള്‍ പടുത്തുയര്‍ത്തുകയും ചെയ്തു. അങ്ങനെ ഭൂരിപക്ഷം ജനങ്ങളും ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു.

രാജാവ്, ദാനമായി നല്‍കിയ ഇടിഞ്ഞു പൊളിഞ്ഞ പഴയ ജൂവാവും ടൗണ്‍ പരിഷ്‌കരിച്ച് റൂപ്പര്‍ട്ട് തന്റെ ആസ്ഥാനമാക്കി. സാല്‍സ്ബര്‍ഗ്ഗ് എന്നു നാമകരണം ചെയ്ത ആ നഗരത്തില്‍ ഒരു ദൈവാലയവും ഒരു ആശ്രമവും സെ. പീറ്ററിന്റെ നാമത്തിലുള്ള ഒരു സ്‌കൂളും പണികഴിപ്പിച്ചു. സുഹൃത്തുക്കളെല്ലാം ആത്മാര്‍ത്ഥമായി സഹകരിച്ചു. അവരില്‍ മൂന്നു പേരെ വിത്താലിസ്, ചുനിയാള്‍ഡ്, ഗിസ്ലാര്‍ എന്നിവരെ പിന്നീട് വിശുദ്ധരായി പ്രഖ്യാപിക്കുകയും ചെയ്തു.

റൂപ്പര്‍ട്ട്, നൂണ്‍ബര്‍ഗ്ഗ് എന്ന സ്ഥലത്ത് സ്ഥാപിച്ച കന്യകാലയത്തില്‍ പിന്നീട് തന്റെ സഹോദരി വി. എറന്‍ട്രൂഡിസ് അംഗമായി ചേരുകയും ആ സ്ഥാപനത്തിന്റെ ആദ്യത്തെ അധിപയായിത്തീരുകയും ചെയ്തു. വി. റൂപ്പര്‍ട്ടിന്റെ നാമത്തില്‍ അനേകം ദൈവാലയങ്ങളും സ്ഥലങ്ങളും നിലവിലുണ്ട്. പലതും അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിനു സമര്‍പ്പിക്കപ്പെട്ടവയാണ്, സുവിശേഷവല്‍ക്കരണത്തോടൊപ്പം, വിശ്വാസം സ്വീകരിച്ചവരുടെ സംരക്ഷണത്തിനായി അനേക പദ്ധതികളും അദ്ദേഹം ആവിഷ്‌കരിച്ചിരുന്നു.

വി. റൂപ്പര്‍ട്ട് 710 നും 718 നുമിടയില്‍ ആസ്ട്രിയായിലെ സാല്‍സ് ബര്‍ഗ്ഗില്‍ ചരമം പ്രാപിച്ചെന്നു കരുതുന്നു അയര്‍ലണ്ടില്‍ മാത്രമല്ല, ആസ്ട്രിയായിലും ബവേറിയായിലും വി. റൂപ്പര്‍ട്ടിന്റെ തിരുന്നാള്‍ ആഘോഷങ്ങളുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org