നോവലിസ്റ്റ്: എൻ ഹാലിയ
ചിത്രീകരണം : ബാവുൽ
കൊച്ചിയിലെ കായലുകളും പൊഴകളും കരിമീന്‍ കൊണ്ടും, കല്ലുമ്മക്കായ കൊണ്ടും കണ്ടല്‍ക്കാടുകള്‍ കൊണ്ടും മാത്രമല്ല നിറഞ്ഞിരുന്നത്, ചില നേരത്തൊക്കെ നേരം തെറ്റി ഒഴുകിയെത്തിയ ജഡങ്ങള്‍കൊണ്ട് കൂടിയാണ്. കുടിപ്പകകള്‍ കൊണ്ട് കഴുത്തറക്കപ്പെട്ടതും, കുടുംബപ്രശ്‌നങ്ങള്‍കൊണ്ട് കാലപുരിക്കയയ്ക്കപ്പെട്ടതും, കെട്ടിക്കാന്‍ സമ്മതിക്കാത്തതിന്റെ പേരില്‍ ഒറ്റയ്‌ക്കൊടുങ്ങപ്പെട്ടതുമായ ജീവനറ്റ ഉടലുകള്‍ കായലുകള്‍ക്കു മേലെ പോളപായലുകള്‍ പോലെ ഒഴുകി നടന്നിരുന്നു. ഏറ്റെടുക്കാന്‍ ആളോ കേസിനുപോകാന്‍ താല്പര്യമോ ഇല്ലാതിരുന്ന മനുഷ്യരാകട്ടെ ആ ജഡങ്ങളെ ഒരു കടവില്‍ നിന്ന് മറുകടവിലേക്കും, ഒരു ചെമ്മീന്‍കെട്ടില്‍ നിന്നും മറുകെട്ടിലേക്കും ഉന്തിതള്ളി വിട്ടു. ഒടുവില്‍ ആര്‍ക്കും വേണ്ടാത്ത ചാവാലി നായ്ക്കൂട്ടങ്ങളില്‍ ചിലത് ജഡങ്ങളുടെ അവശേഷിച്ച തുണിയില്‍ കടിച്ചുപിടിച്ച് അവയെ കരയ്‌ക്കെത്തിച്ചു.
അധ്യായം 23
ജഡം
ഇതിനു മുന്‍പ് നടന്നു ശീലമില്ലാത്ത വഴികളാണ് 'അപ്പനെ തേടിയുള്ള യാത്രകള്‍' എന്നതിനാല്‍, അടുത്ത ചുവട് ഇനി എങ്ങോട്ട് എന്നതിനെക്കുറിച്ച് കെവിന് ഒരു ധാരണയും ഉണ്ടായിരുന്നില്ല. വീട് വിട്ടാല്‍ ജോലിയിടം, അവിടം വിട്ടാല്‍ തിരികെ വീട്. അതുമല്ലെങ്കില്‍ വീടിനോളം പ്രിയം അപ്പനും അപ്പന്റെ തരക്കാരും കാണിച്ചിരുന്ന ചാരായഷാപ്പ്. ഇത്രയേ ഉണ്ടായിരുന്നുള്ളൂ അറക്കപ്പറമ്പില്‍ ജോണി പോകാനിടയുണ്ടായിരുന്ന സ്ഥലങ്ങള്‍. അന്നത്തെ ആ രാത്രി കെവിന്‍ തിരിച്ചറിഞ്ഞ ചില സത്യങ്ങള്‍ ആത്മാവില്‍ ആരോ കെട്ടിത്തീര്‍ത്ത മുള്ളുവേലി പോലെ അവനെ അമര്‍ത്തി പിരിയാന്‍ തുടങ്ങി. 'അപ്പനീ ആഴ്ച എവിടെ ആയിരുന്നു ജോലി? അപ്പനിപ്പോ ആരുടെ കൂടെയാണ് ജോലി ചെയ്യാന്‍ പോകാറുള്ളത്? അപ്പന്റെ കോണ്‍ട്രാക്ടര്‍ ആരാണ്? ഒപ്പം ജോലി ചെയ്യുന്നവര്‍ ആരാണ്? ഒരൊറ്റ ചോദ്യത്തിനു പോലും കൃത്യമുത്തരം നല്‍കാനാകാതെ കെവിന്‍ നടന്നെത്തിയത് ആ വലിയ മേല്‍പ്പാലത്തിനു താഴെയാണ്. പാലത്തിന് മുകളില്‍ മനോഹരമായ മഞ്ഞ വെളിച്ചം വീഴിച്ചുകൊണ്ട് ഒന്ന് രണ്ട് സ്ട്രീറ്റ് ലൈറ്റ് മരങ്ങളും, അതിര്‍ത്തി കാക്കുന്ന കാവലാളുകളെ പോലെ ഗ്രാമത്തിന്റെ അതിരുകളില്‍ അതിര്‍ത്തി മാര്‍ക്ക് ചെയ്ത് കാവലിരിക്കുന്ന കുറെ നായ്ക്കളും മാത്രം.
''ജീവന്‍ പിടിച്ചു നിര്‍ത്താനാവശ്യമായ ശ്വാസം കടന്നുവരേണ്ട ഒരുപാട് വാതിലുകള്‍ അടഞ്ഞടഞ്ഞ് ഒടുവില്‍ ഒരൊറ്റ മുറിക്കകത്ത് തനിച്ചായി പോകുമ്പോഴാണ് മനുഷ്യന്‍ ആയുസ്സെടുക്കാന്‍ തീരുമാനിക്കുന്നത്.''
അപരിചിതനായ ഒരാള്‍ അപരിചിതമായ ഈ നേരത്ത് എന്തിനാണീ അതിര്‍ത്തിക്കരികിലേക്ക് വരുന്നതെന്ന ചോദ്യം ചോദിച്ച് മോങ്ങിയത് കൂട്ടത്തിലെ തന്നെ എല്ലുന്തിയ ഒരു വെളുത്ത നായയായിരുന്നു. അപകട സൈറണ്‍ കേട്ടപാതി പാലത്തിന്റെ അവിടെയവിടെയായി ചാഞ്ഞു കിടന്നിരുന്ന ശ്വാനനിര ശടകുടഞ്ഞെഴുന്നേറ്റ് സൈറണ്‍ മുഴക്കുന്നതില്‍ പങ്കുചേര്‍ന്നു. നടന്നുവരുന്ന കെവിന്റെ നേരെ പല വേഗത്തില്‍ അവറ്റകള്‍ പാഞ്ഞടുത്തു. അല്പം പോലും ഭയം തോന്നാതെ നിര്‍വികാരനായി മുന്നോട്ടു തന്നെ നടന്നു നീങ്ങിയ കെവിനെ കണ്ട് മുന്‍നിരയിലെ രണ്ടു മൂന്ന് നായ്ക്കളുടെ നെഞ്ചില്‍ പേടി തട്ടിയെങ്കിലും വേഗത കുറയ്ക്കുക മാത്രമാണ് അവറ്റകള്‍ ചെയ്തത്. വീടിന്റെ ഉമ്മറത്ത് ചങ്ങലയില്‍ കിടക്കുന്ന കൈസറിനെ കാണാന്‍ ഇടയ്ക്ക് വന്നിരുന്ന ചങ്ങാതി മാരായിരുന്നതിനാല്‍ മുന്നില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന ഒന്ന് രണ്ട് നായ്ക്കളെ കെവിന്‍ പേരെടുത്തും അവറ്റകള്‍ക്കു മാത്രം മനസ്സിലാകുന്ന സ്വരമെടുത്തും പരിചയം പുതുക്കി. അതുവരെ ഉയര്‍ന്നു നിന്നിരുന്ന വാലും ചെവിയും താഴ്ത്തി സമാധാനത്തിന്റെ സ്വരങ്ങളിലേക്ക് വ്യതിചലിച്ചു കെവിന്റെയരികില്‍ ഉരസി നിന്നു.
രംഗം ശാന്തമായെങ്കിലും, പാതിരാത്രി തനിക്കെതിരെ പാഞ്ഞെടുത്ത ശ്വാന നിരയെ അടക്കി നിര്‍ത്തിയെങ്കിലും പാലത്തിനു മുകളിലെ മറ്റൊരു കാഴ്ച കെവിനെ ചെറുതല്ലാതെയൊന്ന് ഉലച്ചു കളഞ്ഞു. ആകാശത്തേക്ക് തല ഉയര്‍ത്തി നിന്നുകൊണ്ട് ഭൂമിയിലേക്ക് മഞ്ഞവെളിച്ചം തെറിപ്പിച്ച് നിന്നിരുന്ന ഒരു സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിനോട് ചേര്‍ന്ന് ജോണിയുടെ സൈക്കിള്‍. അതൊരപായ സൂചനയാണെന്ന് ആരും പറയാതെ തന്നെ കെവിനറിയാം. കൂട്ടുകാര്‍ക്കാര്‍ക്കും കൈമാറാതെ, കറപിടിക്കാതെ കഴുകിത്തുടച്ച് തിളക്കം മാറാതെ ജോണി ആത്മാവ് പോലെ കൊണ്ടു നടക്കുന്ന സൈക്കിളാണ് അനാഥത്വം പേറുന്ന ഒരു തെരുവ് ബാലനെ പോലെ തനിച്ചിരിക്കുന്നത്. സൈക്കിള്‍ കണ്ടതും കെവിന്‍ അതിന്റെ അരികിലേക്ക് ഓടിയതും ഒരുമിച്ചായിരുന്നു. നീണ്ടുകിടക്കുന്ന ആ വലിയ പാലത്തില്‍ ജോണിയുടെ സൈക്കിളിന്നരികില്‍ നിന്നുകൊണ്ട് കെവിന്‍ അപ്പനെ നോക്കി. കാലങ്ങള്‍ക്കുശേഷം കെവിന്റെ വായില്‍ നിന്നും ആ പദം ആ പാലത്തില്‍ വീണുടഞ്ഞു, അപ്പച്ചേ... അപ്പച്ചേ...
ആദ്യം മെല്ലയും പിന്നെ അലറിയും 'അപ്പച്ചേ...' എന്ന ആ വിളി പാലത്തില്‍ നിന്ന് താഴെ നദിയിലേക്കും, മേലെ ആകാശത്തിലേക്കും പടര്‍ന്ന് കയറുകയും ഇറങ്ങുകയും ചെയ്തു. മരണത്തിന്റെ ചരിത്രം പേറുന്ന ആ ആത്മഹത്യാമുനമ്പില്‍ നിന്നും കെവിന്‍ തന്റെ പിതൃത്വത്തിന്റെ മനുഷ്യരൂപത്തെ തേടുകയാണ്. സൈക്കിളില്‍ നിന്നും പിടിവിടാതെ ആ ചെറുപ്പക്കാരന്‍ രാത്രിയുടെ മാറ് പൊളിച്ചുകൊണ്ട് സ്വന്തം അപ്പനെ വിളിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ്, ആ ദേശത്തെ കായലുകള്‍ക്ക് അരികിലും മൈതാനങ്ങള്‍ക്കടുത്തും, കവലകളിലും കളിസ്ഥലങ്ങളിലും നിരന്തരം മുഴങ്ങിയിരുന്ന 'മോനെ കെവിനെ' എന്ന ജോണിയുടെ മറുവിളി മാത്രം കാത്തിരുന്ന കെവിന്റെ കാതിലേക്ക് കൊച്ചിയിലെ ഏതോ തുറമുഖത്തില്‍ നിന്നും പാഞ്ഞെത്തിയ തണുത്ത കാറ്റ് ആ സത്യം വിളിച്ചുപറഞ്ഞു, 'ജോണി പോയി.'
നിരവധി പടുജന്മങ്ങളുടെ പെടുമരണത്തിന് സാക്ഷിയായ ആ സ്ട്രീറ്റ് ലൈറ്റിന്റെ താഴെ മരണത്തിന്റെ മഞ്ഞ വെയില്‍നാളത്തില്‍ പൊള്ളലേറ്റ് കെവിനെന്നൊരു ചെറുപ്പക്കാരന്‍ അപ്പന്റെ ഹെര്‍ക്കുലീസിനരികില്‍ ബലഹീനനായി തളര്‍ന്നു നിന്നു. ആ സൈക്കിളിന്റെ അരികില്‍ കഴുകി വെളുപ്പിച്ച 'പാരഗണ്‍' ചെരിപ്പുകള്‍ ഇരിക്കുന്നുണ്ടായിരുന്നു. വീടിനു മുറ്റത്തെ ചവറുകൂനയില്‍ വീണ് കയറാന്‍ ശ്രമിച്ചതിന്റെ അഴുക്കിന്റെ അടയാളം ചെരിപ്പില്‍ അവിടവിടെ പറ്റി പിടിച്ചിരുന്നു. അപ്പനൊപ്പം നിഴലായി കൂടെയുണ്ടായിരുന്ന ആ ചെരിപ്പും സൈക്കിളും അവശേഷിപ്പിച്ചുകൊണ്ട് അറക്കപ്പറമ്പില്‍ ജോണി ആ അര്‍ദ്ധരാത്രി ആയുസ്സൊടുക്കി.
നാളുകളേറെയായി ആ പുഴയിലൂടെയൊഴുകിയെത്തിയ സര്‍വ ജഡങ്ങളെയും വലിച്ച് കരയ്‌ക്കെത്തിച്ച ആ മനുഷ്യനെ പുഴയ്ക്ക് ചിരപരിചിതമാണ്. അതുകൊണ്ട് തന്നെ, അപ്രതീക്ഷിതമായി തന്നിലേക്കെത്തിയ ആ പരിചിതയുടലിനെ നദി എതിര്‍പ്പില്ലാതെ ഏറ്റെടുത്തു. മണിക്കൂറുകള്‍ക്കു മുന്‍പേ, താന്‍ അപ്പനെ തള്ളിയിട്ടത് മരണത്തോളം ആഴമുള്ള ഗര്‍ത്തത്തിലേക്കായിരുന്നുവെന്ന് തിരിച്ചറിഞ്ഞ കെവിന്‍, അണുവിട ചലിക്കാനാവാതെ, സ്വരമുയര്‍ത്തി കരയാനാവാതെ, ആരെയാണ് അരികിലേക്ക് വിളിക്കേണ്ടതെന്നറിയാതെ തെരുവു വിളക്കിനു തുല്യം നിര്‍ജീവമായി നിലകൊണ്ടു.
പിറ്റേന്ന് പുലരിയില്‍ പൊലീസുകാരുടെയും പഞ്ചായത്ത് അധികാരികളുടെയും ആജ്ഞയനുസരിച്ചെത്തിയ ഏതോ മറുനാടന്‍ തൊഴിലാളി ജോണിയുടെ ശവശരീരം മുങ്ങിത്തപ്പിയെടുത്ത് കരയ്‌ക്കെത്തിച്ചു. കൂട്ടുകാരന്മാരുടെ കൈകള്‍ക്കകത്ത് തളര്‍ന്ന് കിടന്ന കെവിന്‍, അപ്പന്റെ വെളുവെളുത്ത ജഡം കണ്ട് ബലം പിടിച്ചെഴുന്നേറ്റു. ആരും തുടച്ച് മാറ്റാതിരുന്ന ജോണിയുടെ മുഖത്തെ ജലത്തുള്ളികള്‍ നദിയിലേതാണോ അതോ തലേന്ന് കരഞ്ഞ് തീര്‍ത്തതിന്റെ അവശേഷിപ്പാണോ എന്ന് കെവിന് തിരിച്ചറിയാനായില്ല. പെട്ടെന്നുണ്ടായ ഒരൊറ്റ സങ്കടത്തിന്റെ പേരിലല്ല അപ്പന്‍ ആത്മാഹൂതി ചെയ്തതെന്ന് ആ ചെറുപ്പക്കാരന് പിടുത്തം കിട്ടിയിരുന്നു. അതല്ലെങ്കിലും ഒരൊറ്റ സങ്കടം കൊണ്ട് ആരാ ജീവനെടുക്കാന്‍ തീരുമാനിക്കുന്നത്. ജീവന്‍ പിടിച്ചു നിര്‍ത്താനാവശ്യമായ ശ്വാസം കടന്നുവരേണ്ട ഒരുപാട് വാതിലുകള്‍ അടഞ്ഞടഞ്ഞ് ഒടുവില്‍ ഒരൊറ്റ മുറിക്കകത്ത് തനിച്ചായി പോകുമ്പോഴാണ് മനുഷ്യന്‍ ആയുസ്സെടുക്കാന്‍ തീരുമാനിക്കുന്നത്.
അപ്പന്‍ കൊണ്ടു നടന്ന ഏതു സങ്കടങ്ങളിലാണ് അപ്പന്‍ പരിപൂര്‍ണ്ണമായി തോറ്റുപോയതെന്ന് പിടികിട്ടാതെ പോയൊരു ചെറുപ്പക്കാരന്‍. അപ്പന്റെ സങ്കടങ്ങളൊക്കെ ആരെക്കുറിച്ചായിരുന്നു, എന്തിനെക്കുറിച്ചായിരുന്നു എന്നൊന്നും ഒരു ധാരണയും ഇല്ലാതിരുന്ന ഒരു മകന്‍. ചീഞ്ഞ് നാറുന്ന ശവശരീരങ്ങളെ തൊട്ടുരുമ്മി ജീവിച്ചൊരപ്പനെ അകറ്റി നിര്‍ത്തിയ ഒരു മകന്‍, വെള്ളം കയറി വീര്‍ത്ത് പൊട്ടാറായ സ്വന്തം അപ്പന്റെ ജഡത്തിനരികില്‍ അറപ്പും വെറുപ്പുമില്ലാതെ നിശ്ചലനായ്, നിര്‍വികാരനായ് നിന്നു. ചത്ത് കിടക്കുന്നത് പ്രിയപ്പെട്ടവരാരുമല്ലാതിരിക്കുമ്പോള്‍ നാമതിനെ ശവമെന്നും, പ്രിയം ചെന്നവരിലൊരാളാകുമ്പോള്‍ നാമതിനെ അപ്പനെന്നും, അമ്മയെന്നും, കൂടെപ്പിറപ്പെന്നും കൂട്ടുകാരനെന്നുമൊക്കെ അഭിസംബോധന ചെയ്ത് അരികിലിരിക്കുകയും ചുംബിക്കുകയുമൊക്കെ ചെയ്യുന്നു.
(തുടരും)