ജോസ് ആന്‍റണി
ലഗേജ് കാറിലെടുത്തുവയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ റോബിന്‍ വിഷമിക്കുന്നതായി തോന്നി. കണ്ണു നിറഞ്ഞു നില്ക്കുന്നു. ജെയ്സിയുടെ ഉള്ളിലും ഒരു നീറ്റലനുഭവപ്പെടുന്നുണ്ട്.
"ഇപ്പോള്‍ വേണ്ടായിരുന്നു എന്നു തോന്നുകയാണ്" – ജെയ്സി റോബിനോടു പറഞ്ഞു. അവള്‍ അവനെ ചുറ്റിപ്പിടിച്ചു. അപ്പോള്‍ റോബിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
"റോബിന്‍ വിഷമിക്കാതെ. പെട്ടെന്ന് ഒരാവേശത്തിനു ചാടി പുറപ്പെട്ടതാണ്. അവള്‍ അവന്‍റെ നെഞ്ചില്‍ മുഖമമര്‍ത്തി പറഞ്ഞു. അപ്പോള്‍ അവള്‍ക്കു കരച്ചില്‍ വന്നു.
"ഞാനെന്താ ചെയ്യേണ്ടത്?" – ജെയ്സി ചോദിച്ചു.
"സാരമില്ല. ഒരനുഭവം എപ്പോഴും നല്ലതാണ്. നീ ധൈര്യമായിരിക്ക്. സമയം പോകും. നമ്മള്‍ക്കിറങ്ങാം." റോബിന്‍ പെട്ടെന്നു ബാഗുകളെടുത്തു കാറില്‍വച്ചു വീടു പൂട്ടിയിറങ്ങി.
പപ്പ, യാത്രയയ്ക്കാന്‍ ഇവിടേയ്ക്കു വരാമെന്നു പറഞ്ഞതാണ്. പപ്പ വരണ്ടെന്നു പറഞ്ഞതു ജെയ്സിയാണ്. കമ്പനിയില്‍നിന്ന് ഓരോ ദിവസവും പലരും വിദേശരാജ്യങ്ങളിലേക്കു പോകുന്നു, വരുന്നു. അതൊന്നും ഒരു സംഭവമല്ല. അതിനൊന്നും ആരും യാത്ര അയയ്ക്കാന്‍ കൂടെ ചെല്ലുന്നില്ല. ഇങ്ങനെയൊക്കെ പറഞ്ഞു ജോയിച്ചനെ ജെയ്സി നിരുത്സാഹപ്പെടുത്തി.
റോബിന് മനഃപ്രയാസമുണ്ട്. മുഖത്തു നോക്കിയാലറിയാം. അതു പുറത്തു കാണിക്കാതെ കാറോടിച്ചു പോകുകയാണ്.
രാത്രി പതിനൊന്നു മണിക്കാണു വിമാനം. എട്ടു മണിക്കു വിമാനത്താവളത്തിലെത്തണം. റോബിന്‍ വേഗത്തില്‍ കാറോടിക്കാന്‍ സാധിക്കാത്തതില്‍ അക്ഷമ പ്രകടിപ്പിച്ചുകൊണ്ടിരുന്നു. പ്രധാന റോഡുകളില്‍ ഏറ്റവും കൂടുതല്‍ വാഹനത്തിരക്കു ള്ള സമയമാണ്. അഞ്ചു മണിക്കു ശേഷം റോഡുകളില്‍ വാഹനങ്ങള്‍ക്കു നിരങ്ങി നീങ്ങാനേ കഴിയുകയുള്ളൂ.
"കുറച്ചു നേരത്തെ ഇറങ്ങാമായിരുന്നു" – റോബിന്‍ പറഞ്ഞു.
ജെയ്സി ഒന്നും സംസാരിക്കാതെ കാറില്‍ ഇരിക്കുകയാണ്. സംസാരിക്കാന്‍ അവള്‍ക്കു കഴിയുന്നില്ല. വിദേശത്തേയ്ക്കു പോകാന്‍ ഉത്സാഹിച്ചെങ്കിലും പുറപ്പെടുന്ന സമയമായപ്പോഴേക്കും അവള്‍ക്കു വല്ലാത്ത വിഷമമായി. ഒറ്റയ്ക്കു യാത്ര ചെയ്യേണ്ടതിന്‍റെ ടെന്‍ഷന്‍. അവിടെ ചെന്നിട്ട് എന്തു സംഭവിക്കുമെന്നുള്ള ആശങ്കകള്‍. കമ്പനിയില്‍ നിന്നു വേണ്ട നിര്‍ദ്ദേശങ്ങളെല്ലാം കിട്ടിയിട്ടുണ്ട്. ചിക്കാഗോ നഗരത്തിലാണു വിമാനം ഇറങ്ങേണ്ടത്. ബംഗ്ളുരുവില്‍നിന്നു കയറുന്ന വിമാനം ദുബായിലേക്കാണ്. അവിടെ വിമാനം മാറിക്കയറണം. ചിക്കാഗോ എയര്‍പോര്‍ട്ടില്‍ കമ്പനിയുടെ ഒരാളുണ്ടാകും; ഒരു സോമനാഥ്. അവിടെ അയാള്‍ സഹായിക്കും. കമ്പനി ഇന്ന് ഉച്ചകഴിഞ്ഞാണു വിമാനടിക്കറ്റും മറ്റു രേഖകളും നല്കിയത്.
മൂവായിരം ഡോളര്‍ അഡ്വാന്‍സായി ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. അത് അവിടെയെത്തിയാല്‍ എടിഎം കാര്‍ഡുപയോഗിച്ചു പണമെടുക്കാം. ക്രെഡിറ്റ് കാര്‍ഡും ഉപയോഗിക്കാം. അവിടെ എത്തിക്കഴിഞ്ഞുള്ള പ്രാഥമിക ചെലവിനു നല്കിയതാണ് ആ തുക.
എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ എട്ടു മണിയായി. ലഗേജ് ട്രോളിയില്‍ കയറ്റിവച്ചിട്ടു റോബിന്‍ പറഞ്ഞു: "പാസ്പോര്‍ട്ടും വിസയും ടിക്കറ്റും മററു പേപ്പറുകളും ഹാന്‍ഡ്ബാഗിലുണ്ടല്ലോ. ഒന്നുകൂടി നോക്ക്. നീ ഇടയ്ക്കു വിളിക്കാന്‍ മറക്കരുത്." അത്രയും പറഞ്ഞപ്പോഴേക്കും റോബിന്‍ പതറി. കണ്ണു തുടയ്ക്കാനായി അവന്‍ മുഖം തിരിച്ചു.
ജെയ്സിയും വിതുമ്പിപ്പോയി. വിചാരിച്ചിരുന്നതുപോലെ അത്ര ലാഘവത്തില്‍ കാര്യങ്ങള്‍ നടക്കുന്നില്ല. കുറച്ചു കാലത്തേയ്ക്കാണെങ്കി ലും വേര്‍പിരിയുന്നതു സങ്കടകരമാണെന്ന് അവള്‍ക്കു മനസ്സിലായി. എല്ലാ ബന്ധങ്ങള്‍ക്കും അതിനൊത്ത ഇഴയടുപ്പവും പിരിമുറുക്കവും ഉണ്ടാകും.
"സോറി റോബിന്‍. ഇത്രയ്ക്കു വിഷമമുണ്ടാകുമെന്നു വിചാരിച്ചിരുന്നില്ല. വേണ്ടായിരുന്നു. റോബിന്‍ വിഷമിക്കരുത്."
അവന്‍ അവളെ ചേര്‍ത്തുപിടിച്ചു, അവന്‍റെ കവിളില്‍ അവള്‍ ചുംബിച്ചു.
അവള്‍ ട്രോളി തള്ളിക്കൊണ്ട് എയര്‍പോര്‍ട്ടിനുളളിലേക്കു കയറിപ്പോകുന്നതു നോക്കി റോബിന്‍ നിന്നു. അവള്‍ ഇടയ്ക്കു തിരിഞ്ഞു നോക്കിക്കൊണ്ട് അകത്തു യാത്രക്കാരുടെ ഇടയില്‍ മറഞ്ഞുപോകുന്നതു ഗ്ലാസ് ഭിത്തിക്കപ്പുറം അവന്‍ കണ്ടു. ഇനിയും എന്തെങ്കിലും ആവശ്യത്തിന് അവള്‍ വിളിച്ചാലോ. അവള്‍ പെട്ടെന്നു തിരിച്ചുവന്ന് എന്തെങ്കിലും ചോദിച്ചാലോ എന്നൊക്കെ വിചാരിച്ചുകൊണ്ട് റോബിന്‍ സ്റ്റീല്‍ ഹാന്‍ഡ്റേലില്‍ പിടിച്ച് അകത്തേയ്ക്കു നോക്കിനിന്നു.
ഒരു മണിക്കൂറോളം അവന്‍ അവിടെതന്നെ നിന്നു. പിന്നെ വല്ലാത്തൊരു നഷ്ടബോധത്തോടെ തിരിഞ്ഞു നടക്കാനൊരുമ്പെടുമ്പോള്‍ ഫോണ്‍ ബെല്ലടിച്ചു.
ജെയ്സി ആയിരിക്കും എന്നു വിചാരിച്ചുകൊണ്ടാണു റോബിന്‍ ഫോണെടുത്തത്.
ജെയ്സിയുടെ പപ്പയാണ്.
"ഹലോ പപ്പാ."
"നിങ്ങള്‍ എയര്‍പോര്‍ട്ടിലാണോ? അവള്‍ അടുത്തുണ്ടോ?" – ജോയിച്ചന്‍ ചോദിച്ചു.
"അല്പംമുമ്പ് അവള്‍ അകത്തേയ്ക്കു പോയി. 11 മണിക്കാണു ഫ്ളൈറ്റ്."
"നീ തനിച്ചായി. അവള്‍ പോയതില്‍ നിനക്കു പ്രയാസമായോ മോനെ?"-ജോയിച്ചന്‍ ചോദിച്ചു.
"ഇതൊക്കെ ജോലിയുടെ ഭാഗമല്ലേ പപ്പ. ത ന്നെയുമല്ല, കൂടുതല്‍ വരുമാ നമുണ്ടാകുന്ന കാര്യവുമാണ്. എത്രയോ പേര്‍ ഇങ്ങനെയൊരു ചാന്‍സ് കിട്ടാന്‍ കാത്തിരിക്കുന്നു. ജെയ്സിക്ക് ഇങ്ങനെയൊരവസരം കിട്ടുമ്പോള്‍ ഞാന്‍ സന്തോഷിക്കുകയാണല്ലോ വേണ്ടത്. പണ്ടത്തെ കുടുംബജീവിതവും ഇന്നത്തെ കുടുംബ ജീവിതവും തമ്മില്‍ പപ്പ താരതമ്യം ചെയ്യരുത്; രണ്ടും രണ്ടാണ്. അന്നു മരണംവരെ ഭാര്യയെ പിരിയാതെ ഭര്‍ത്താവും ഭര്‍ത്താവിനെ പിരിയാതെ ഭാര്യയും കഴിയുന്നതായിരുന്നു ഉത്തമമെങ്കില്‍ ഇന്നതല്ല. ഇന്നു ഭാര്യയും ഭര്‍ത്താവും രണ്ടു രാജ്യത്തു ജീവിക്കുന്നതാണ് ഉത്തമം. മൊബൈല്‍ ഫോണിലൂടെ ദിവസവും രണ്ടു മിനിറ്റു സംസാരിച്ചാല്‍ നിലനിര്‍ത്താവുന്ന ബന്ധമേ ഇതിനുള്ളൂ. അന്നു വിരഹദുഃഖമായിരുന്നെങ്കില്‍ ഇന്നു വിരഹസന്തോഷമാണ്. ഇവിടെ കിട്ടുന്നതിന്‍റെ മൂന്നിരട്ടി ശമ്പളം അവിടെ ലഭിക്കും. എന്തൊക്കെയായാലും സമ്പാദിക്കുന്നതാണല്ലോ ജീവിതത്തില്‍ പ്രധാന കാര്യം. എനിക്കു പ്രയാസമൊന്നുമില്ല. ഉണ്ടെങ്കില്‍ത്തന്നെ ആര്‍ക്കു പരിഹരിക്കാന്‍ കഴിയും" – റോബിന്‍ പറഞ്ഞു.
റോബിന്‍ നേരിയ പരിഹാസച്ചുവയിലാണു സംസാരിച്ചതെന്നു ജോയിച്ചനു തോന്നി. വിട്ടുവിട്ടു പോകുന്ന ദുര്‍ബലമായ ചങ്ങലക്കണ്ണികള്‍ വിളക്കിച്ചേര്‍ത്തെടുക്കുമ്പോള്‍ മറ്റൊരു ഭാഗം പൊട്ടിപ്പോകുന്നതുപോലെയാണ് അവരുടെ വിവാഹജീവിതമെന്നു ജോയിച്ചനോര്‍ക്കുകയായിരുന്നു.
ജോയിച്ചന്‍ മറുപടി പറയാതിരുന്നതിനാല്‍ റോബിന്‍ ഫോണ്‍ കട്ട് ചെയ്ത് കാറിനടുത്തേയ്ക്കു നടന്നു.
വീട്ടിലെത്തി. വിശപ്പില്ല, ക്ഷീണമുണ്ട്; കിടക്കണം. നേരെ കിടപ്പുമുറിയിലേക്കു കയറി. ഉറങ്ങണമെന്നു റോബിനാഗ്രഹിച്ചു. ഉറക്കം ചിന്തകള്‍ക്കു വഴിമാറിക്കൊടുത്തു.
ജെയ്സി വിമാനത്തില്‍ കയറിയോ? അവള്‍ക്കു സഹയാത്രികരായി പരിചയക്കാരാരെങ്കിലുമുണ്ടാകുമോ? വിഷമം കൂടാതെ അവിടെ ചെന്നുപറ്റിയാല്‍ മതിയായിരുന്നു.
ഈ വീട് കമ്പനിയില്‍ നിന്ന് ഒരുപാടു ദൂരെയാണ്. കമ്പനിക്കടുത്ത് ഒരു വീടു വാടകയ്ക്കെടുക്കണം. പ്രധാന നഗരപ്രദേശത്തുനിന്ന് അകലെയായതിനാല്‍ അവിടെ വാടക കുറയും. ഒരാള്‍ക്കു തനിച്ചു താമസിക്കാന്‍ ചെറിയൊരു വീടു മതി. ജെയ്സി രണ്ടു വര്‍ഷം കഴിയാതെ തിരിച്ചുവരാന്‍ സാദ്ധ്യതയില്ല. ഇടയ്ക്കു തിരിച്ചുപോന്നാല്‍ കമ്പനിക്കു നഷ്ടപരിഹാരം കൊടുക്കേണ്ടതായി വരും. യാത്രച്ചെലവും മറ്റുമായി വലിയ തുക കമ്പനിയിലേക്കു തിരിച്ചടയ്ക്കണം.
അങ്ങനെ ഓരോന്ന് ഓര്‍ത്തു കിടന്നു. ഒന്നു മയങ്ങിയപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു. മയക്കത്തില്‍നിന്ന് ഉണര്‍ന്ന് റോബിന്‍ ഫോണെടുത്തു. രണ്ടു മണി കഴിഞ്ഞിരിക്കുന്നു; ജെയ്സിയാണ്.
"ഹലോ ജെയ്സി…"
"റോബിന്‍, ഞാന്‍ ദുബായിലെത്തി. രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് അടുത്ത ഫ്ളൈറ്റ്. പ്രയാസമൊന്നുമുണ്ടായില്ല. ധാരാളം പേര്‍ ചിക്കാഗോയിലേക്കു പോകുന്നവരുണ്ട്. ഇപ്പോള്‍ ടെന്‍ഷനൊക്കെ ഒഴിഞ്ഞുപോയി. ഇനി അവിടെ ചെന്നിട്ടു വിളിക്കാം."
വീണ്ടും ചിന്തകളുടെ കടന്നുകയറ്റം. ജെയ്സി യുഎസ്സില്‍ നിന്ന് ഇനി മടങ്ങിവരുമോ? രണ്ടു വര്‍ഷം കഴിയുമ്പോള്‍ വിസ രണ്ടു വര്‍ഷത്തേയ്ക്കു നീട്ടിക്കിട്ടാം. പിന്നെ അവിടെയുള്ള ഒരു കമ്പനിയില്‍ ജോലിക്കു ശ്രമിച്ചേക്കാം. ഇനി നാട്ടിലേക്ക് ഇല്ലെന്നും തന്‍റെ കൂടെ കഴിയണമെങ്കില്‍ റോബിന്‍ ഇവിടേക്കു വരൂ എന്നും അവള്‍ പറഞ്ഞേക്കാം. അങ്ങനെ വന്നാല്‍ താന്‍ അവളുടെ പി ന്നാലെ പോകുമോ? ജെയ്സിയാണ് ഈ കാലഘട്ടത്തിനൊപ്പം നില്ക്കുന്നതെന്നു റോബിനു തോന്നി.
തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു. പതിവിലും നേരത്തെ എഴുന്നേറ്റു കുളിച്ചു തയ്യാറായി കമ്പനിയിലേക്കു പുറപ്പെട്ടു.
കമ്പനിയുടെ കാര്‍ പാര്‍ക്കിങ്ങ് സ്ഥലത്തു കാര്‍ നിര്‍ത്തി ഇറങ്ങി കമ്പനിയിലേക്കു നടക്കുമ്പോള്‍ കമ്പനിയിലെ സൂപ്പര്‍വൈസര്‍ രാജേന്ദ്ര എതിരെ വന്നു.
"ഗുഡ്മോണിങ്ങ് സര്‍" – അയാള്‍ പറഞ്ഞു.
"വെരി വെരി ഗുഡ്മോണിങ്ങ്. രാജേന്ദ്ര എവിടെയാണു താമസം?" ഇംഗ്ലീഷിലാണു സംസാരിച്ചത്. അയാള്‍ കര്‍ണാടകക്കാരനാണ്. കന്നട പഠിച്ചാലേ അവിടെയുള്ളവരുമായി അടുത്തിടപഴകാന്‍ കഴിയൂ. അത്യാവശ്യം ചില വാക്കുകള്‍ അറിയാമെന്നല്ലാതെ കന്നട കൂടുതല്‍ പഠിക്കാന്‍ കഴിഞ്ഞില്ല.
"അര കിലോമീറ്റര്‍ ദൂരെയാണ്."
"സ്വന്തം വീടാണോ?"
"അതെ."
"എനിക്കു താമസിക്കാന്‍ ഒരു വീടു വാടകയ്ക്കു കിട്ടുമോ?"
"ധാരാളം വീടുകളുണ്ടു സര്‍. ഞാന്‍ അന്വേഷിച്ചു പറയാം."
റോബിന്‍ കെട്ടിടത്തിനുള്ളിലേക്കു കയറി, മുകള്‍നിലയിലെ ഓഫീസുമുറിയിലെത്തുമ്പോള്‍ എതിരെ വന്ന യുവതി പുഞ്ചിരിച്ചു നിന്നു.
"ഗുഡ്മോണിങ്ങ് സര്‍. പുതിയ ടെക്നിക്കല്‍ മാനേജരാണല്ലേ? ഞാന്‍ ഭാഗ്യലക്ഷ്മി. അക്കൗണ്ട് സ് സെക്ഷനില്‍ അസിസ്റ്റന്‍റ് മാനേജരാണ്."
"കണ്ടതില്‍ സന്തോഷം; ഈ നാട്ടുകാരിയാണോ?"
"ഞാന്‍ ബംഗളുരുവില്‍ ജനിച്ചു വളര്‍ന്നവള്‍. സര്‍ എവിടുന്നാണ്?"
"ഞാന്‍ കേരളത്തില്‍നിന്നാണ്. ഇപ്പോള്‍ താമസിക്കുന്നതു ഭാരതീപുരത്താണ്. കമ്പനിയുടെ അടുത്ത് ഒരു വീടു കിട്ടിയാല്‍ ഇവിടേക്കു മാറണം" – റോബിന്‍ പറഞ്ഞു.
"എന്നാല്‍ ശരി സര്‍" – ഭാഗ്യലക്ഷ്മി കടന്നുപോയി.
ഭാഗ്യലക്ഷ്മിയുടെ കണ്ണുകളിലെ തിളക്കം റോബിന്‍ ശ്രദ്ധിച്ചു. ഇത്രയ്ക്കു സൗന്ദര്യമുള്ള കണ്ണുകള്‍ റോബിന്‍ മുമ്പു കണ്ടിട്ടില്ല. നക്ഷത്രക്കണ്ണുകള്‍ എന്നു കവികള്‍ പറയുന്നത് സത്യമാണെന്നു വിചാരിച്ചുകൊണ്ടു റോബിന്‍ ഓഫീസ്മുറിയിലേക്കു കയറി.
ജനറല്‍ മാനേജര്‍ നല്കിയ ഒരു ഫയല്‍ മേശപ്പുറത്തുണ്ട്. കമ്പനി ക്ക് ആവശ്യമായിട്ടുള്ള സോഫ്റ്റ്വെയറുകളുടെ വിശദാംശങ്ങളാണ്.
അതിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ലാപ്ടോപ്പിലേക്കു പകര്‍ത്തിവയ്ക്കുന്നത് ഉപകാരപ്പെടുമെന്നതിനാല്‍ ആ ജോലി ആരംഭിച്ചു. രാത്രിയില്‍ വീട്ടിലിരുന്നു കുറേ ജോലികള്‍ ചെയ്യാന്‍ കഴിയും. നന്നായി ജോലി ചെയ്ത് മതിപ്പുണ്ടാക്കിയെടുക്കണം. ഒരു പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി കൊടുക്കാന്‍ ജിഎം ആവശ്യപ്പെട്ടിരുന്നു.
അതും ചെയ്തുതീര്‍ക്കാനുണ്ട്.
നാലാം നിലയില്‍ ഒരു ഭാഗമാണ്, സോഫ്റ്റ്വെയര്‍ ഡിപ്പാര്‍ട്ടുമെന്‍റിനു നല്കിയിരിക്കുന്നത്. അത്യാവശ്യം ചില മാറ്റങ്ങള്‍ അവിടെ വരുത്തേണ്ടതുണ്ട്. അതിന്‍റെ ജോലി നടക്കുന്നു.
ഓര്‍ക്കാപ്പുറത്ത് എംഡി മുറിയിലേക്കു കയറിവന്നു.
റോബിന്‍ എഴുന്നേറ്റ് ആദരവു പ്രകടിപ്പിച്ചു.
"റോബിന്‍ ഇരിക്ക്. എന്താണു ചെയ്തുകൊണ്ടിരിക്കുന്നത്?" – സുബ്ബറാവു ചോദിച്ചു.
"പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ്."
"എന്തൊക്കെയാണു പ്രോജക്ടിന്‍റെ പ്ലനുകള്‍?"
"സര്‍, കമ്പനിക്കാവശ്യമായി സോഫ്റ്റ്വെയറുകള്‍ എനിക്കുതന്നെ ചെയ്യാവുന്നതേയുള്ളൂ. ഇറ്റലിയിലൊരു കമ്പനിക്കുവേണ്ടി ഇത്തരം സോഫ്റ്റ്വെയറുകള്‍ ചെയ്ത പരിചയം എനിക്കുണ്ട്. പക്ഷേ, ഒരാള്‍ തന്നെ ചെയ്താല്‍ കുറേ സമയമെടുക്കും. ഒരു ടീമായി ചെയ്താല്‍ എളുപ്പമാകും. രണ്ടു എന്‍ജിനിയേഴ്സിനെ നിയമിക്കേണ്ടതായി വരും. പുതിയതായി പഠിച്ചിറങ്ങുന്ന കുട്ടികളെ എടുത്താല്‍ മതി. ഞാനവര്‍ക്ക് ട്രെയിനിങ്ങ് കൊടുത്തോളാം. ചെറിയ ശമ്പളത്തിന് അവരെ കിട്ടും. ട്രെയിനിങ്ങ് പീരിയഡ് പോകും എന്നാലും കമ്പനിക്കു ലാഭമാണ്. പുറത്തുനിന്നു സോഫ്റ്റ്വെയര്‍ വാങ്ങുന്നതിന്‍റെ പകുതി ചെലവേ നമുക്കു വരികയുള്ളൂ. പ്രോജക്ട് റിപ്പോര്‍ട്ട് അടുത്ത ദിവസം ജിഎമ്മിനു കൊടുക്കാം" – റോബിന്‍ പറഞ്ഞു.
"റോബിന്‍ തനിച്ചിരുന്നു ജോലി ചെയ്യുന്ന ഒരു ചെറിയ ഏര്‍പ്പാടായി ഇതിനെ കാണരുത്. നമുക്കു നല്ലൊരു സോഫ്റ്റ്വെയര്‍ വിംഗ് വികസിപ്പിച്ചെടുക്കണം. ഇന്നു വമ്പന്‍ കമ്പനികളില്‍നിന്നു വലിയ വില കൊടുത്തു സോഫ്റ്റ്വെയര്‍ വാങ്ങുന്ന ഇടത്തരം കമ്പനികള്‍ ധാരാളമാണ്. അത്തരം കമ്പനികള്‍ക്കുവേണ്ടി ന്യായമായ വിലയ്ക്കു സോഫ്റ്റ്വെയറുകള്‍ നമുക്കു കൊടുക്കണം. കമ്പനിക്കു നല്ല ബിസിനസ്സ് ഉണ്ടാക്കാം. ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ ഒരു ചായയ്ക്കു നൂറു രൂപാ കൊടുക്കേണ്ടതായി വരുമ്പോള്‍ അതേ ചായ നാടന്‍ ചായക്കടയില്‍ പത്തു രൂപയ്ക്കു വില്ക്കുന്നില്ലേ? ആഡംബരമൊന്നുമില്ലാതെ, തൊഴിലില്ലാതെ നടക്കുന്ന എന്‍ജിനിയേഴ്സിനു ന്യായമായ ശമ്പളം കൊടുത്തുകൊണ്ടു സോഫ്റ്റ്വെയര്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഒരു ചെറിയ കമ്പനി നമുക്കുണ്ടാക്കണം" – സുബ്ബറാവു പറഞ്ഞു.
"അധികം അറിയപ്പെടാതെ സോഫ്റ്റ്വെയര്‍ എന്‍ജിനിയേഴ്സിനു പതിനായിരത്തില്‍ താഴെ ശമ്പളം കൊടുത്തു നടത്തിക്കൊണ്ടു പോകുന്ന തട്ടുകട സോഫ്റ്റ്വെയര്‍ നിര്‍മാതാക്കള്‍ നമ്മുടെ നാട്ടിലുണ്ട് സര്‍" – റോബിന്‍ ചിരിച്ചു.
"ആദ്യം നമ്മുടെ കമ്പനിക്കാവശ്യമുള്ള ഉത്പന്നങ്ങള്‍ ഉണ്ടാക്കാം. സാവധാനം നമുക്കതു വികസിപ്പിക്കാം. ഇക്കാര്യത്തില്‍ റോബിനെ കമ്പനി വിശ്വാസത്തിലെടുക്കുകയാണ്."
"ഇക്കാര്യം ഞാന്‍ ചെയ്തിരിക്കും സര്‍" – റോബിന്‍ പറഞ്ഞു.
"എനിക്കു താത്പര്യമുള്ളവരുടെ ഓഫീസുകളില്‍ കയറി അവരുമായി ആശയവിനിമയം നടത്തുന്നത് എന്‍റെ ഒരു രീതിയാണ്" – സുബ്ബറാവു പറഞ്ഞു. പിന്നെ അദ്ദേഹം പുറത്തേയ്ക്കു പോയി.
ഒരുപക്ഷേ കമ്പനിയുടെ ഉടമ അങ്ങേരായിരിക്കും. എന്നിട്ടും ഇടപെടല്‍ എത്ര ലളിതം.
പ്രോജക്ട് റിപ്പോര്‍ട്ട് എത്രയും വേഗം ചെയ്തു തീര്‍ക്കുവാന്‍ റോബിന്‍ ഉത്സാഹിച്ചു.
ജോലിസമയം കഴിഞ്ഞും കുറേ സമയംകൂടി ഓഫീസിലിരുന്നു ജോലി ചെയ്തിട്ടാണു പുറത്തിറങ്ങിയത്. ഐടി കമ്പനികളില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്ക് ഓവര്‍ടൈം ഒരു ശീലമാണ്.
കാറില്‍ കയറിയിരുന്നപ്പോള്‍ കരിക്കുകച്ചവടം ചെയ്തുകൊണ്ടിരുന്ന എന്‍ജിനീയറിങ്ങ് വിദ്യാര്‍ഥി ബിനുവിനെക്കുറിച്ച് ഓര്‍ത്തു. ഫോണെടുത്തു ബിനുവിനെ വിളിച്ചു.
ബിനു ഫോണെടുത്തു.
"ഹലോ ആരാണ്?" – ബിനു ചോദിച്ചു.
"ബിനുവല്ലേ? ഞാന്‍ റോബിന്‍. നീ ഓര്‍മിക്കുന്നുണ്ടോ? ഒരു ദിവസം നിന്‍റെ അടുത്തുനിന്നു കരിക്കു കുടിച്ചശേഷം നിന്‍റെ പഠനകാര്യങ്ങള്‍ സംസാരിച്ചതും നിന്‍റെ ഫോണ്‍നമ്പര്‍ വാങ്ങിയതും."
"ഓര്‍മിക്കുന്നുണ്ട് സര്‍."
"നീ ഇപ്പോള്‍ എവിടെയുണ്ട്?"
"കരിക്ക് വില്ക്കുന്നിടത്തുണ്ട് സര്‍. മുതലാളി വന്നു കാശും കണക്കും കൊടുത്തിട്ടേ പോകാന്‍ കഴിയൂ."
"എന്നാല്‍ നീ അവിടെ നില്ക്ക്. ഞാന്‍ അതുവഴി വരുന്നുണ്ട്; നമുക്കു കാണണം" – റോബിന്‍ പറഞ്ഞു.
കാര്‍ സ്റ്റാര്‍ട്ട് ചെയ്തു നഗരത്തിലേക്കു ഡ്രൈവ് ചെയ്തു. ഓള്‍ഡ് മദ്രാസ് റോഡില്‍ ഒരിടത്താണു ബിനു കരിക്കുകച്ചവടം ചെയ്യുന്നത്.
ആ സ്ഥലത്തു ചെന്ന് കാര്‍ നിര്‍ത്തി ബിനുവിനെ അന്വേഷിച്ചു. കരിക്കു കച്ചവടക്കാരുടെ താവളമാണവിടം. മരങ്ങള്‍ക്കു ചുവട്ടിലെല്ലാം കരിക്കു കൂട്ടിവച്ചു കച്ചവടം നടത്തുകയാണവര്‍. പകല്‍, നഗരത്തിലെ ചൂടില്‍നിന്നും പൊടിയില്‍ നിന്നും രക്ഷപ്പെട്ടു വരുന്നവര്‍ ഇവിടെ മരത്തണലില്‍ കാര്‍ നിര്‍ത്തി കരിക്കു വാങ്ങി കുടിക്കും.
അവിടെ ഒരു മരച്ചുവട്ടില്‍ ബിനു നില്പുണ്ടായിരുന്നു. റോബിന്‍ ബിനുവിനെ കാറിനടുത്തേയ്ക്കു വിളിച്ചു.
"നിന്‍റെ ഇന്നത്തെ ജോലി കഴിഞ്ഞോ?" – റോബിന്‍ ചോദിച്ചു.
"കഴിഞ്ഞു. ഞാനിവിടെ സാറിനെ കാത്തിരിക്കുകയായിരുന്നു" – ബിനു പറഞ്ഞു.
"എന്നാല്‍ കാറില്‍ കയറൂ. എനിക്കു നിന്നോടു ചിലതു പറയാനുണ്ട്."
ബിനു കാറില്‍ കയറി.
"ബിനു ഇപ്പോള്‍ എവിടെയാണു താമസിക്കുന്നത്?"
"മര്‍ഫി ടൗണിലാണ്. ഒരു വീടിന്‍റ മുകള്‍നില ഞങ്ങള്‍ അഞ്ചു പേര്‍ കൂടി വാടകയ്ക്കെടുത്തിരിക്കുകയാണ്. എല്ലാവരും എക്സാം എഴുതാന്‍ കാത്തിരിക്കുന്നവരാണ്. എല്ലാവര്‍ക്കും ഓരോ പ്രശ്നമാണ്."
"ബിനുവിനു പരീക്ഷയെഴുതി ജയിക്കണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ ഞാന്‍ സഹായിക്കാം. നീ എന്‍റെ കൂടെ പോരൂ. ഞാനൊറ്റയ്ക്ക് ഒരു വീട്ടിലാണിപ്പോള്‍ താമസം. മഹാദേവപുരയില്‍ ഒരു കമ്പനിയിലാണ് എനിക്കു ജോലി. താമസിക്കാതെ ഞാനവിടേക്കു മാറും. നിനക്ക് എന്‍റെ കൂടെ താമസിക്കാം. പരീക്ഷ എഴുതുന്നതുവരെയുള്ള ചെലവുകള്‍ ഞാന്‍ വഹിച്ചുകൊള്ളാം. എന്നെ ഒരു ജ്യേഷ്ഠനെപ്പോലെ കരുതിയാല്‍ മതി. കുറേ കാര്യങ്ങളൊക്കെ നിനക്കു ഞാന്‍ പറഞ്ഞുതന്നു സഹായിക്കാം. നീ കരിക്കു വിറ്റു നടന്നാല്‍ അങ്ങനെ നടക്കുകയേയുള്ളൂ. പരീക്ഷ എഴുതിയെടുത്താല്‍ ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ ഒരു ജോലിയും ഏര്‍പ്പാടാക്കിത്തരാം. നിന്‍റെ അവസ്ഥയും നിന്‍റെ വീട്ടിലെ അവസ്ഥയും കേട്ടപ്പോള്‍ വിഷമം തോന്നിയതുകൊണ്ടാണ്. നീ നിന്‍റെ പുസ്തകങ്ങളും ഡ്രസ്സുകളും എടുത്തുകൊണ്ടു പറ്റുമെങ്കില്‍ ഇന്നുതന്നെ എന്‍റെ കൂടെ പോരുക" – റോബിന്‍ പറഞ്ഞു.
"ഞാന്‍ പോരാം സര്‍. ഈ മാസത്തെ മുറിവാടക കൊടുക്കാനുണ്ട്. അതു കൂട്ടുകാരെ ഏല്പിക്കണം." എന്നാല്‍ ഞാനും നിന്‍റെ കൂടെ വരാം" – റോബിന്‍ പറഞ്ഞു.
(തുടരും)