ദുര്‍ഗാപൂജയോടനുബന്ധിച്ച് റാഞ്ചിയിലുണ്ടാക്കിയ പന്തലിനു വത്തിക്കാന്‍ സിറ്റി പ്രമേയമാക്കിയതില്‍ വിശ്വഹിന്ദു പരിഷത്ത് പ്രതിഷേധവുമായി രംഗത്തെത്തി. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെയും വത്തിക്കാന്‍ മ്യൂസിയത്തിന്റെയും മാതൃകയിലാണ് പന്തലൊരുക്കിയിരിക്കുന്നത്.
പന്തലിനു പുറത്തു പരി. മാതാവിന്റെയും മറ്റു ക്രൈസ്തവവ്യക്തിത്വങ്ങളുടെയും ചിത്രങ്ങള്‍ വച്ചിരിക്കുന്നത് ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും മതംമാറ്റത്തെ പ്രോത്സാഹിപ്പിക്കുമെന്നും വി എച്ച് പി ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ കുറ്റപ്പെടുത്തി. മതേതരത്വത്തില്‍ അത്ര തല്‍പരരാണെങ്കില്‍, റാഞ്ചിയിലെ പള്ളികളിലും മദ്രസകളിലും ഹിന്ദു ദേവതകളുടെ ചിത്രങ്ങള്‍ വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങള്‍ പന്തലുണ്ടാക്കിയ ആര്‍ ആര്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ പ്രസിഡന്റ് വിക്കി യാദവ് നിഷേധിച്ചു. അമ്പതു വര്‍ഷ മായി ദുര്‍ഗാപൂജ സംഘടിപ്പിച്ചു വരുന്നവരാണു തങ്ങളെന്നും ഓരോ വര്‍ഷവും ഓരോ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് പന്തലുകളൊരുക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
2022 ല്‍ കൊല്‍ക്കത്തയിലെ ആര്‍ ആര്‍ സ്‌പോര്‍ട്ടിംഗ് ക്ലബ് ദൂര്‍ഗാപൂജ യ്ക്ക് തയ്യാറാക്കിയതു പോലെയുള്ള പന്തലാണിതെന്നും അവിടെ നിന്നുള്ള കരകൗശലജോലിക്കാരാണ് ഈ പന്തലും നിര്‍മ്മിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൂജ ഹൈന്ദവമതവിധിപ്രകാര മാണു ചെയ്യുന്നത്. അതുകൊണ്ട് മതവികാരം വ്രണപ്പെടേണ്ടതില്ല. നമ്മുടേത് ഒരു മതേതരരാജ്യമാണ്. ഈ വര്‍ഷത്തെ പന്തല്‍ റാഞ്ചിയിലെ ജനങ്ങള്‍ക്കെല്ലാം ഇഷ്ടപ്പെട്ടു - റാഞ്ചി ജില്ലാ ദുര്‍ഗാപൂജാ സമിതിയുടെ അധ്യക്ഷന്‍ കൂടിയായ വിക്കി യാദവ് വിശദീകരിച്ചു.