National

കേന്ദ്ര ബജറ്റ് കര്‍ഷകരുടെ പ്രതീക്ഷകള്‍ തകര്‍ത്തു: ഇന്‍ഫാം

Sathyadeepam

കാര്‍ഷികമേഖലയെ പരിപൂര്‍ണ്ണമായി അവഗണിച്ചുള്ള കേന്ദ്രബജറ്റ് നിരാശാജനകമാണെന്നും അധികാരത്തിലേറുവാനുള്ള ചവിട്ടുപടിയായി മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകനെ കണ്ടതെന്നും ഇന്ത്യന്‍ ഫാര്‍മേഴ്സ് മൂവ്മെന്‍റ് ദേശീയ സമിതി വിലയിരുത്തി. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് 2019 ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ഇടക്കാല ബജറ്റിലൂടെ കര്‍ഷകരുടെ കണ്ണില്‍ പൊടിയിട്ട നിര്‍ദ്ദേശങ്ങള്‍ അധികാരത്തിലേറിയപ്പോള്‍ അവഗണിക്കപ്പെട്ടിരിക്കുന്നു. തകര്‍ന്നടിഞ്ഞ കാര്‍ഷികമേഖലയ്ക്ക് രക്ഷയേകുന്ന നിര്‍ദ്ദേശങ്ങളൊന്നുമില്ലാത്ത ബജറ്റ് നിലവിലുള്ള കാര്‍ഷികപ്രതിസന്ധി രൂക്ഷമാക്കുകയും സമ്പദ്ഘടനയ്ക്ക് ഭാവിയില്‍ തിരിച്ചടി സൃഷ്ടിക്കുകയും ചെയ്യും. കാര്‍ഷിക സമ്പദ്ഘടന തകര്‍ന്ന് രാജ്യത്തുടനീളം കര്‍ഷക ആത്മഹത്യ പെരുകുന്നത് നിസ്സാരമായി കാണുന്ന കര്‍ഷകവിരുദ്ധ സമീപനം കേന്ദ്രസര്‍ക്കാര്‍ വീണ്ടും തുടരുന്നത് അപലപനീയമാണ്.

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് കഴിഞ്ഞ ഓരോ ബജറ്റിലും പറഞ്ഞത് ഈ ബജറ്റിലും ആവര്‍ത്തിച്ചിരിക്കുന്നു. പതിനായിരം പുതിയ കര്‍ഷക ഉല്പാദകസംഘങ്ങള്‍ക്ക് രൂപം നല്‍കുമെന്നും സീറോ ബജറ്റ് കൃഷിയെ പ്രോത്സാഹിപ്പിക്കുമെന്നും കാര്‍ഷികമേഖലയില്‍ വന്‍ നിക്ഷേപമിറക്കുമെന്നും മൂല്യവര്‍ദ്ധിത ഉല്പന്ന സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നുമുള്ള മുന്‍ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിക്കുന്നതല്ലാതെ കാര്‍ഷികമേഖലയ്ക്ക് ഗുണം ലഭിക്കുന്ന യാതൊരു നിര്‍ദ്ദേശവും ഈ ബജറ്റിലില്ല.

ഇന്ത്യയുടെ ഓഹരിവിപണി ഉയര്‍ത്തിക്കാട്ടി വിദേശനിക്ഷേപം ആകര്‍ഷിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ആഭ്യന്തര കമ്പോളത്തിലുണ്ടായിരിക്കുന്ന തകര്‍ച്ചയെ അതിജീവിക്കുവാനുള്ള വഴികളൊന്നും ബജറ്റില്‍ പരാമര്‍ശിക്കുന്നില്ല. വിദേശനിക്ഷേപങ്ങളെ പ്രോത്സാഹിപ്പിച്ച് സ്വതന്ത്ര വ്യാപാരക്കരാറുകളിലൂടെ വിവിധ കാര്‍ഷികോല്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം പരിപൂര്‍ണ്ണമായി എടുത്തുകളഞ്ഞും ആസിയാന്‍, ആര്‍സിഇപി രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി അനുവദിക്കപ്പെടുമ്പോള്‍ ഇന്ത്യയുടെ കാര്‍ഷിക സമ്പദ് ഘടനയ്ക്ക് വീണ്ടും വന്‍ പ്രഹരമാകുമെന്നും കാലങ്ങളായി കേരളത്തിലെ കാര്‍ഷികമേഖലയോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഈ ബജറ്റിലും റബറുള്‍പ്പെടെ കേരളത്തിന്‍റെ കാര്‍ഷികമേഖലയോട് അവഗണനയാണ് കാണിച്ചിരിക്കുന്നതെന്നും ഇന്‍ഫാം നേതൃത്വം പറഞ്ഞു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം