ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ പുതിയ നേതൃത്വം ബംഗളൂരുവില്‍ നടന്ന 37-ാമതു സമ്മേളനത്തില്‍ ആന്ധ്രായിലെ ഹൈദരാബാദ് അതിരൂപതാധ്യക്ഷനായ കാര്‍ഡിനല്‍ ആന്റണി പൂള സി ബി സി ഐ യുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
തിരുവല്ല അതിരൂപതാധ്യക്ഷനായ തോമസ് മാര്‍ കൂറിലോസ് ഒന്നാം വൈസ് പ്രസിഡന്റും കോട്ടയം ആര്‍ച്ചുബിഷപ് മാത്യു മൂലക്കാട്ട് രണ്ടാം വൈസ് പ്രസിഡന്റു മായിരിക്കും. ദല്‍ഹി ആര്‍ച്ചുബിഷപ് അനില്‍ കുട്ടോ സെക്രട്ടറി ജനറലായി രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെട്ടു.
64 കാരനായ കാര്‍ഡിനല്‍ ആന്റണി പൂള സി ബി സി ഐ അധ്യക്ഷപദവിയിലെത്തുന്ന ആദ്യത്തെ ദളിത് ബിഷപ് ആണ്. നേരത്തെ ഗോത്രവിഭാഗത്തിലെ കാര്‍ഡിനല്‍ ടെലസ്‌ഫോര്‍ ടോപ്പോ സി ബി സി ഐ പ്രസിഡന്റായിരുന്നി ട്ടുണ്ട്. റാഞ്ചി ആര്‍ച്ചുബിഷപ്പായിരുന്നു അദ്ദേഹം.
1961-ല്‍ ആന്ധ്രയിലെ കുര്‍ണൂല്‍ രൂപതയില്‍ ജനിച്ച കാര്‍ഡിനല്‍ പൂള, ദാരിദ്ര്യത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാഭ്യാസം മതിയാക്കേണ്ടി വന്നയാളാണ്.
മിഷണറിമാരുടെ സഹായത്തോടെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയായിരുന്നു. പിന്നീടു സെമിനാരിയില്‍ ചേര്‍ന്നു. 1992-ല്‍ പൗരോഹിത്യം സ്വീകരിച്ചു. നിരവധി ഇടവകകളില്‍ വികാരിയായി സേവനം ചെയ്തു. ആരോഗ്യരംഗത്തെ അജപാലനത്തിലും ദൈവശാസ്ത്രത്തിലും അമേരിക്കയില്‍ ഉപരിപഠനം നടത്തി. 2008-ല്‍ കുര്‍ണൂല്‍ രൂപതാധ്യക്ഷനായി നിയമിക്കപ്പെട്ടു. 2020-ല്‍ ഹൈദരാബാദ് ആര്‍ച്ചുബിഷപ്പായി സ്ഥലം മാറുകയും 2022-ല്‍ കാര്‍ഡിനല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു.