
"ആധുനിക വിദ്യാഭ്യാസപദ്ധതിയുടെ പിതാവ്" എന്ന് അറിയപ്പെടാന്‍ സര്‍വ്വദാ യോഗ്യനാണ് വി. ജോണ്‍ ബാപ്റ്റിസ്റ്റ് ദ് ലാസാല്‍. തെക്കുകിഴക്കെ ഫ്രാന്‍സില്‍ റെയിംസ് എന്ന നഗരത്തിലെ ഒരു കൗണ്‍സിലറുടെ മൂത്തപുത്രനായിരുന്നു ജോണ്‍. 1651 ഏപ്രില്‍ 30-ന് ജനിച്ച അദ്ദേഹത്തെ പതിനാറാമത്തെ വയസ്സില്‍ അവിടത്തെ കത്തീഡ്രലിലെ കാനന്‍ ആയി നിയമിച്ചു. 27-ാമത്തെ വയസ്സില്‍ പൗരോഹിത്യവും സ്വീകരിച്ചു. ദൈവഭക്തിയുടെയും എളിമയുടെയും ജീവിക്കുന്ന മാതൃകയായിരുന്നു അദ്ദേഹം. ക്രമേണ ദരിദ്രരുടെ ഒരു ആത്മാര്‍ത്ഥസ്‌നേഹിതനായി അദ്ദേഹം മാറുകയായിരുന്നു.
അന്ന് ഫ്രാന്‍സില്‍ ഉടനീളം പടര്‍ന്നുകൊണ്ടിരുന്ന ഒരു വീക്ഷണമായിരുന്നു ജാന്‍സനിസം. രണ്ടു ചിന്തകളായിരുന്നു അവര്‍ മുന്നോട്ടുവച്ചത്. ഒന്ന്, പ്രലോഭനങ്ങളെ തടയാന്‍ മനുഷ്യന് സാധിക്കില്ലെന്ന് അവര്‍ വാദിച്ചു. രണ്ട്, ക്രിസ്തു സകല ജനതയ്ക്കും വേണ്ടിയാണ് മരണം വരിച്ചതെന്ന അടിസ്ഥാനവിശ്വാസത്തെ അവര്‍ നിഷേധിച്ചു. കൂടാതെ, നിരന്തരം നടമാടിയിരുന്ന ആഭ്യന്തരവും ബാഹ്യവുമായ യുദ്ധങ്ങള്‍ നിമിത്തം ഫ്രാന്‍സിലെങ്ങും പട്ടിണിയും നാശവും മറ്റു കഷ്ടപ്പാടുകളും സര്‍വ്വസാധാരണമായി. സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിച്ചില്ല. അതുകൊണ്ട് എങ്ങും അജ്ഞതയും ദുര്‍ഗുണങ്ങളും കൊടികുത്തിവാണു.
ഇത്തരം നിരാശാജനകമായ അവസ്ഥയെ അഭിമുഖീകരിച്ചിരുന്ന ജോണിന്റെ സഹായം ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍ റെയിംസില്‍ പാവങ്ങള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കുന്ന രണ്ടു സ്‌കൂളുകള്‍ ജോണിന്റെ നേതൃത്വത്തില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. അനുയോജ്യരായ അധ്യാപകരെ തിരഞ്ഞെടുക്കുന്നതിലും ഉചിതമായ അധ്യാപന രീതി നടപ്പാക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. അദ്ധ്യാപകരെ പ്രോത്സാഹിപ്പിച്ചും സ്വന്തം ചിലവില്‍ താമസസൗകര്യം ഉണ്ടാക്കിക്കൊടുത്തും ജോണ്‍ അവരുടെ സഹായിയായി എപ്പോഴും കൂടെയുണ്ടായിരുന്നു.
അങ്ങനെയാണ് "Institute of the Brothers of Christian Schools" എന്ന പ്രസ്ഥാനത്തിന്റെ അവിചാരിതമായ ആരംഭം. 1680-ല്‍ ആരംഭം കുറിച്ച ഈ പ്രസ്ഥാനം ലാളിത്യവും, ആത്മസംയമനവും ദൈവത്തിന്റെ കരുണ യിലുള്ള അടിയുറച്ച വിശ്വാസവുംകൊണ്ട് വ്യത്യസ്തമായിരുന്നു. ജോണിനെ സംബന്ധിച്ച്, പാവങ്ങളുടെ വിദ്യാഭ്യാസം ഒരു അടിയന്തിര പ്രേഷിത വൃത്തിയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന കുറ്റവിചാരണയും പീഡനവും പിന്നീട് സഹിക്കേണ്ടിവന്നെങ്കിലും ജോണ്‍ ആരംഭിച്ച പ്രസ്ഥാനം സാര്‍വ്വലൗകിക അംഗീകാരം നേടിയെടുത്തു.
ആധുനികലോകത്തിനു യോജിച്ച ഒരു പ്രൈമറി പബ്ലിക് സ്‌കൂള്‍ സിസ്റ്റത്തിനും സെക്കണ്ടറി എഡ്യൂക്കേഷനും ആരംഭം കുറിച്ച ജോണ്‍ ലോകത്തിലെ ഏറ്റവും മഹാന്മാരായ ചിന്തകരുടെയും വിദ്യാഭ്യാസ പരിവര്‍ത്തകരുടെയും ഒപ്പം സ്ഥാനം പിടിച്ചുകഴിഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്ഥാനത്തില്‍ ഒരു വൈദികനും ഉണ്ടായിരുന്നില്ല; ബ്രദേഴ്‌സ് മാത്രം. അവര്‍ വിദ്യാഭ്യാസത്തിനുവേണ്ടി സ്വന്തം ജീവിതം പൂര്‍ണ്ണമായി സമര്‍ പ്പിച്ചവരായിരുന്നു. 'മനസ്സിന്റെ അധ്യാപകരും, ആത്മാവിന്റെ അപ്പസ്‌തോലന്മാരു'മായി അവര്‍ ജീവിതം ഉഴിഞ്ഞുവച്ചു.
കത്തോലിക്കാ സ്‌കൂളുകളില്‍ 'വിശ്വാസം' വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാന്‍ ജോണ്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ലത്തീനിലുള്ള ടെക്സ്റ്റുകള്‍ക്കു പകരം, വിദ്യാര്‍ത്ഥികളുടെ മാതൃഭാഷയില്‍ത്തന്നെ ടെക്സ്റ്റുകള്‍ തയ്യാറാക്കിക്കൊടുത്തു. അതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ വായിച്ചുകേട്ട് അവരുടെ മാതാപിതാക്കള്‍ക്കും വീട്ടിലെ മറ്റുള്ളവര്‍ക്കും ക്രിസ്തീയ വിശ്വാസ ത്തിലും ധാര്‍മ്മികതയിലും അത്യാവശ്യം വേണ്ട അറിവുണ്ടാകുമെന്നായിരുന്നു ജോണിന്റെ കണക്കുകൂട്ടല്‍. വിദ്യാര്‍ത്ഥികളുടെ ബുദ്ധിശക്തിയും കഴിവും കണക്കിലെടുത്ത് ഗ്രേഡും ഗ്രൂപ്പും നിശ്ചയിക്കുവാന്‍ ജോണ്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
സമ്പന്നന്മാരുടെ കുട്ടികള്‍ക്കായി, അവര്‍ പെട്ടെന്ന് ജോലിയില്‍ പ്രവേശിക്കുമെന്നതുകൊണ്ട് ആദ്യത്തെ ബോര്‍ഡിംഗ് കോളേജ് ജോണ്‍ ആരംഭിച്ചു. ഇന്നത്തെ സെക്കണ്ടറി സ്‌കൂളുകളുടെ തുടക്കമായിരുന്നു അത്. കൂടാതെ, ജോലിചെയ്യുന്നവര്‍ക്കു വിദ്യാഭ്യാസം നേടാനുള്ള ആദ്യത്തെ ക്രിസ്ത്യന്‍ 'സണ്ടേ അക്കാദമി'ക്കും അദ്ദേഹം ആരംഭം കുറിച്ചു. സാധാരണ വിഷയങ്ങള്‍ക്കു പുറമെ ജ്യോമട്രിയും ചിത്രകലയും എന്‍ജിനീയറിംഗും പഠിക്കാനുള്ള അവസരങ്ങളും അവര്‍ക്കു നല്‍കിയിരുന്നു. കൂടാതെ, തന്റെ സ്‌കൂളിലെ അധ്യാപകര്‍ക്ക് ആധുനിക പരിശീലനം നല്‍കാനായി പ്രത്യേക ട്രെയിനിംഗ് സ്‌കൂളുകളും അദ്ദേഹം ആരംഭിച്ചിരുന്നു.
"ശാസ്ത്രീയമായ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനതത്വങ്ങള്‍" ഉള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥം ജോണ്‍ തയ്യാറാക്കിയിരുന്നു. ക്രിസ്തീയ പെരുമാറ്റശീലങ്ങളെപ്പറ്റിയും സന്ന്യാസജീവിതത്തെപ്പറ്റിയും വ്യക്തിപരമായ മാനസികപ്രാര്‍ത്ഥനയെപ്പറ്റിയും ധ്യാനത്തെപ്പറ്റിയുമൊക്കെ ലളിതമായ ഭാഷയില്‍ സുഗ്രഹമായും ശക്തമായും അദ്ദേഹം എഴുതിയിരുന്നു.
1719 ഏപ്രില്‍ 7-ന് ജോണ്‍ ബാപ്റ്റിസ്റ്റ് ദ് ലാസാല്‍ ഈ ലോകത്തോടു വിടപറഞ്ഞു. 1900-ല്‍ പോപ്പ് ലിയോ XII അദ്ദേഹത്തെ വിശുദ്ധനെന്നു നാമകരണം ചെയ്തു. 1950-ല്‍ പന്ത്രണ്ടാം പീയൂസ് പാപ്പാ അദ്ദേഹത്തെ സകല അധ്യാപകരുടെയും മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചു.