National

വിരമിച്ച ആര്‍ച്ചുബിഷപ് സഹ. വികാരിയായി പ്രവര്‍ത്തിക്കും

Sathyadeepam

കൊല്‍ക്കത്ത അതിരൂപത അധ്യക്ഷപദവിയില്‍ നിന്നു വിരമിച്ച ആര്‍ച്ചുബിഷപ് തോമസ് ഡിസൂസ ഇനി അതിരൂപതയിലെ ബരാസത് ലൂര്‍ദ്മാതാ ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്യും. ഇടവകയുടെ വൈദികമന്ദിരത്തില്‍ തന്നെയാകും താമസമെന്നും അദ്ദേഹം അറിയിച്ചു.

ആര്‍ച്ചുബിഷപ് തോമസ് ഡിസൂസയുടെ രാജി മാര്‍പാപ്പ അംഗീകരിച്ചതോടെ, ഇതുവരെ കോഅഡ്ജുത്തര്‍ ആര്‍ച്ചുബിഷപ്പായിരുന്ന എലിയാസ് ഫ്രാങ്ക് കൊല്‍ക്കത്ത അതിരൂപതയുടെ അധ്യക്ഷനായി മാറി. ഔദ്യോഗികമായ സ്ഥാനാരോഹണചടങ്ങുകള്‍ സെപ്തംബര്‍ 28 നു കൊല്‍ക്കത്ത ഹോളി റോസറി കത്തീഡ്രലില്‍ നടക്കുന്നു.

മംഗലാപുരം രൂപതാംഗമാണ് കഴിഞ്ഞ മാസം 75 വയസ്സു തികഞ്ഞ ആര്‍ച്ചുബിഷപ് തോമസ് ഡിസൂസ. കുട്ടിക്കാലത്തു തന്നെ മിഷണറി ജീവിതം തിരഞ്ഞെടുത്ത അദ്ദേഹം ഡാര്‍ജിലിംഗ് രൂപതയ്ക്കുവേണ്ടിയാണു വൈദികനായത്. 1994 ല്‍ രൂപത അഡ്മിനിസ്‌ട്രേറ്ററായി. 1997 ല്‍ പുതുതായി രൂപീകരിക്കപ്പെട്ട ബാഗ്‌ദോഗ്ര രൂപതയുടെ പ്രഥമമെത്രാനായി നിയമിതനായി.

2011 ല്‍ കൊല്‍ക്കത്ത അതിരൂപതയുടെ കോഅഡ്ജുത്തര്‍ ആര്‍ച്ചുബിഷപ്പാകുകയും 2012 ല്‍ ആര്‍ച്ചുബിഷപ് ലൂകാസ് സിര്‍ക്കാറിനെ പിന്തുടര്‍ന്നു അതിരൂപതാധ്യക്ഷനാകുകയും ചെയ്തു. 2012 മുതല്‍ കൊല്‍ക്കത്ത അതിരൂപതയെ സേവിക്കാന്‍ ലഭിച്ച അവസരത്തിന് അദ്ദേഹം നന്ദി പറഞ്ഞു.

കൊച്ചിയിലെ കപ്പലൊച്ചകൾ [07]

ഉല്‍പത്തി

നിലപാടുതറയില്‍ ജീവിച്ച തൂങ്കുഴിപിതാവ്

വചനമനസ്‌കാരം: No.188

കുടുംബം സഭയ്ക്കുള്ള ദാനവും ചുമതലയും - ലിയോ മാര്‍പാപ്പ