ഡല്‍ഹി: റവ. ഡോ. സ്റ്റീഫന്‍ ആലത്തറയെ ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയായ സിസിബിഐയുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായി നാലാമതും നിയമിച്ചു.
2030 വരെയാണ് പുതിയ കാലാവധി. 2014-ല്‍ ദേശീയ മെത്രാന്‍ സമിതിയുടെ ഡപ്യൂട്ടി സെക്രട്ടറി ജനറാലായി ചുമതലയേറ്റ ഫാ. ആലത്തറയെ 2018-ലും, 2022-ലും 2026-ലും മെത്രാന്‍ സമിതി തുടര്‍ച്ചയായി നിയമിക്കുകയായിരുന്നു. ഡല്‍ഹിയിലും ബാംഗ്ലൂരിലും ഗോവയിലുമുള്ള സിസിബിഐയുടെ കാര്യാലയങ്ങളുടെ
ഡയറക്ടറായും അദ്ദേഹം തുടരും. 2007 മുതല്‍ 2014 വരെ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായിരുന്ന അദ്ദേഹത്തെ കെസിബിസിയും തുടര്‍ച്ചയായി മൂന്നുവട്ടം നിയമിച്ചിരുന്നു. ഭാരത സഭയുടെ മിഷന്‍ പ്രവര്‍ത്തനത്തെ സഹായിക്കുവാനായി കമ്മ്യൂണിയോയുടെ സ്ഥാപനം, സഭാപ്രവര്‍ത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ കാത്തലിക്ക് കണക്ടിന്റെ തുടക്കം, സിസിബിഐയുടെ പ്രസിദ്ധീകരണ വിഭാഗത്തിനായി ആര്‍ക്ക് ലൈറ്റ് ഗ്ലോബല്‍ എന്ന കമ്പനിയുടെ ആരംഭം എന്നിവ നടന്നത് ഈ കാലഘട്ടത്തിലാണ്.
ബ്രിട്ടണും സ്‌കോട്ട്ലാന്റും അടക്കം ലോകത്തിലെ ഇരുപതി ലധികം രാജ്യങ്ങള്‍ സിസിബിഐയുടെ ആരാധനക്രമ ഗ്രന്ഥങ്ങളാണ് ഉപയോഗിക്കുന്നത്. ഇംഗ്ലീഷില്‍ ആരാധനക്രമ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ സിസിബിഐയാണ് ഇപ്പോള്‍ ലോകത്തില്‍ ഒന്നാമത്. സിസിബിഐയുടെ സെക്രട്ടേറിയേറ്റുകളായ ഗോവയിലെ ശാന്തി സദന്‍, ഡല്‍ഹി ഫരീദാബാദിലെ ബഥാനിയ, ബാംഗ്ലൂരിലെ പൊന്തിഫിക്കല്‍ മിഷന്‍ സോസൈറ്റിയുടെ പുതിയ ഓഫീസ് സമുച്ചയം, ന്യൂ ഡല്‍ഹിയിലെ നവീകരിച്ച സിസിബിഐയുടെ കേന്ദ്ര കാര്യാലയം എന്നിവയ്ക്ക് ആരംഭം കുറിച്ചതും ഫാ. ആലത്തറയുടെ കാലഘട്ടത്തിലാണ്.
പതിനെട്ടിലധികം പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹ ത്തിന്റെ “മതബോധന ശാസ്ത്രത്തിന് ഒരു ആമുഖം” എന്ന ഇംഗ്ലീഷ് ഗ്രന്ഥം ഭാരതത്തിലും വിദേശ രാജ്യങ്ങളിലും മേജര്‍ സെമിനാരി കളില്‍ പാഠപുസ്തകമാണ്. വരാപ്പുഴ അതിരൂപത വൈദികനായ ഫാ. സ്റ്റീഫന്‍ ആലത്തറ ആലുവ മരിയാപുരം ഇടവക അംഗമാണ്.