അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തില്‍ വ്യാപകമായി പെരുകുന്നു. സ്ഥാനമാനങ്ങള്‍ക്കും ഭൗതിക നേട്ടങ്ങള്‍ക്കുമായി ഏതോ ദേവപ്രീതിക്ക് മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന പ്രവണത സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്നു എന്നും ഇത്തരം അന്ധവിശ്വാസങ്ങള്‍ അനാചാരങ്ങളും കുടുംബഭദ്രതയെ തകര്‍ക്കുന്നു എന്നും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്.എസ്. എം. വൈ. എം. പാലാ രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു പിതാവ്. ഒപ്പം നല്ല രാഷ്ട്രീയ ചിന്തകള്‍ യുവജനങ്ങള്‍ വളര്‍ത്തുന്നത് ജനാധിപത്യത്തെ വളര്‍ത്തുവാന്‍ സഹായിക്കുന്നു എന്നും സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു. ലഹരി,സദാചാര ഗുണ്ടായിസം, ലിംഗസമത്വം, അബോര്‍ഷനെതിരെ, കുട്ടികള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമത്തിനെതിരെ, കൃഷി നാശം ,ബഫര്‍ സോണ്‍ , ദളിത് ക്രൈസ്തവരുടെ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സമീപകാലത്ത് നടന്ന സംഭവങ്ങള്‍ ഉദാഹരണം സഹിതം പിതാവ് സന്ദേശത്തില്‍ പ്രതിപാദിച്ചു.
പൊതുസമ്മേളനത്തില്‍ രൂപതയിലെ യുവജനങ്ങളുടെ രചനകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള എസ്.എം വൈ.എം രൂപത സമിതിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന 'മറുപടി' മാസികയുടെ പ്രകാശനം പിതാവ് നിര്‍വഹിച്ചു ഒപ്പം ലഹരിക്കെതിരെ എസ്. എം.വൈ. എം അംഗങ്ങള്‍ പ്രതിജ്ഞ എടുക്കുകയും ചെയ്തു. എസ്. എം. വൈ. എം. പാലാ രൂപത പ്രസിഡന്റ് ജോസഫ് കിണറ്റുകര അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, എ. കെ. സി. സി. രൂപത ഡയറക്റ്റര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു. പൊതുസമ്മേളനത്തിനുശേഷം ടൗണ്‍ ചുറ്റിയുള്ള റാലിയും ശക്തി പ്രകടനവും വിവിധ യൂണിറ്റുകളുടെ സഹകരണത്തില്‍ നടത്തപ്പെട്ടു. അരുവിത്തുറ പള്ളി വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കപറമ്പില്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, ഫോറോനാ ഡയറക്ടര്‍ ഫാ. ആന്റണി തോണക്കര, ഫാ.ജോസഫ് തോട്ടത്തില്‍, എ. കെ. സി. സി. രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി, എസ് . എം. വൈ. എം. ജോയിന്റ് ഡയറക്ടര്‍ സി.ജോസ്സ്മിത എസ്.എം.എസ്. ,വൈസ് പ്രസിഡന്റ് റിന്റു റെജി, ജനറല്‍ സെക്രട്ടറി ഡിബിന്‍ ഡൊമിനിക്ക്, ഫോറോന, യൂണിറ്റ് ഭാരവാഹികള്‍ നേതൃത്വം നല്‍കി.