കാഞ്ഞൂർ : സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വിശ്വാസ പരിശീലന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ചുവർ മാസികയുടെ പ്രകാശനം വികാരി റവ. ഫാ. ജോയ് കണ്ണമ്പുഴ നിർവഹിച്ചു.
ഡിപ്ലോമ ഒന്നാം വർഷ വിദ്യാർത്ഥികളാണ് വാൾ മാഗസിൻ തയ്യാറാക്കിയത്. കുട്ടികളുടെ കലാ-സാഹിത്യ സൃഷ്ടികളുടെ ശേഖരം, കലാപരമായും ആകർഷകമായും ക്രമീകരിച്ച് പ്രദർശിപ്പിക്കുകയാണ് വാൾ മാഗസിനിൻ കൊണ്ട് ഉദ്ദേശിക്കുന്നത്.
വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയും, ക്രിയാത്മകതയും വളർത്തുന്നതിനും, കൂട്ടായുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം കലാപ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ദിശാബോധം ലഭിക്കുന്നു. അധ്യാപകരുടെ നിർദ്ദേശപ്രകാരം കുട്ടികൾ ഒരുമിച്ചിരുന്ന് ആലോചിച്ച് ആശയങ്ങൾ കണ്ടെത്തി ചിത്രങ്ങളായും, ലേഖനങ്ങൾ, കഥ, കവിത തുടങ്ങിയുള്ള കലാ-സാഹിത്യ സൃഷ്ടികളായും ആവിഷ്‌കരിച്ചു ആകർഷകമായി ചാർട്ട് പേപ്പറിൽ എഴുതി ചേർത്തും, വരച്ചുമാണ് വാൾ മാഗസിൻ തയ്യാറാക്കിയിരിക്കുന്നത്. വിശ്വാസ പരിശീലനത്തിലൂടെ കുട്ടികൾ ആർജിച്ചെടുത്ത ക്രൈസ്തവ മൂല്യങ്ങളും കാഴ്ചപ്പാടുകളും അവരുടെ തന്നെ വീക്ഷണത്തിൽ പ്രകടിപ്പിക്കാനും വാൾ മാഗസിനിൽ ശ്രദ്ധിച്ചിട്ടുണ്ട്. തിരനോട്ടം എന്ന പേരാണ് ചുവർ മാസികയ്ക്ക് കുട്ടികൾ നൽകിയിരിക്കുന്നത്.
2026-27 വിശ്വാസ പരിശീലന വർഷത്തെ ആപ്തവാക്യമായ "ഞാൻ ഈശോയുടെ നിരീക്ഷണത്തിലാണ്" എന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് കലാ - സാഹിത്യ സൃഷ്ടികൾ വിഭാവനം ചെയ്തിരിക്കുന്നത്. ഡിപ്ലോമ ഒന്നാം വർഷത്തിൽ 3 ഡിവിഷനുകളിലായി പഠിക്കുന്ന 80 ഓളം വിദ്യാർത്ഥികളാണ് ചുവർമാസിക പൂർത്തീകരിച്ചത്.
അധ്യാപകരായ ബ്ര. ആന്റോ മുത്തുകാറ്റിൽ, ബിജു പാറയ്ക്ക, ജിനി ജീസ്, ലിൻസ് ജോസഫ് എന്നിവർ മാർഗനിർദ്ദേങ്ങൾ നൽകി. വിശ്വാസ പരിശീലന വിഭാഗം അസി. ഡയറക്ടർ ഫാ. അമൽ പെരിയപ്പാടൻ, പ്രധാനാധ്യാപകൻ സിനു പുത്തൻപുരയ്‌ക്കൽ, സെക്രട്ടറി സി. ഷാലി റോസ് എന്നിവർ നേതൃത്വം നൽകി.