കോട്ടയം: സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതികളിലൂടെ സ്വയപര്യാപ്തതയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലാസിം സംഘടനയുടെ സഹകരണത്തോടെ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന തയ്യല്‍ മിത്രാ പദ്ധതിയുടെ ഭാഗമായി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനം കേരളാ നിയമ സഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷണന്‍ നിര്‍വ്വഹിച്ചു.
സാധാരണക്കാരായ ആളുകള്‍ക്ക് ഉപവരുമാന സാധ്യതകള്‍ക്ക് വഴിയൊരുക്കുന്നതിനായി കെ.എസ്.എസ്.എസ് പോലുള്ള സന്നദ്ധ സംഘടനകള്‍ നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിം അലക്‌സ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഡി. ജയരാജ്, ലാസിം സംഘടനാ പ്രതിനിധി കാള്‍ട്ടണ്‍ ഫെര്‍ണ്ണാണ്ടസ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കെ.എസ്.എസ്.എസ് ലീഡ് കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി ഉഷ കമ്പനിയുടെ ബന്ധന്‍ കോംപോസിറ്റ് മോഡല്‍ തയ്യല്‍ മെഷീന്‍ യൂണിറ്റുകളാണ് വിതരണം ചെയ്തത്.