Kerala

മത ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രാര്‍ഥനകള്‍ ഭരണഘടനാവകാശം: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍

Sathyadeepam

കൊച്ചി: മതന്യൂനപക്ഷങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മതപരമായ പ്രാര്‍ഥനകള്‍ സ്ഥാപനത്തിന്റെയും ന്യൂനപക്ഷ സമുദായത്തിന്റെയും ഭരണഘടനാപരമായ അവകാശമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍.

ക്രൈസ്തവ സഭയുടെ വിദ്യാഭ്യാസ സേവന ശുശ്രൂഷകള്‍ക്കു നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. പുതു തലമുറയുടെ സമഗ്രമായ വളര്‍ച്ചയാണ് എക്കാലവും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ലക്ഷ്യം വച്ചിട്ടുള്ളത്. തലമുറകളായി ക്രൈസ്തവ സഭയുടെ വിദ്യാഭ്യാസ ശുശ്രൂഷയുടെ ഗുണഫലങ്ങള്‍ അനുഭവിച്ചിട്ടുള്ളവര്‍ നാനാജാതി മതസ്ഥരാണ്.

ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ തങ്ങളുടെ മതപരമായ പ്രാര്‍ഥനകള്‍ അന്യമതസ്ഥരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന സാഹചര്യം ഒരു കാലത്തും ഉണ്ടായിട്ടില്ല. പ്രാര്‍ഥനകള്‍ ചൊല്ലുമ്പോള്‍ ആ പ്രാര്‍ഥനയെ അവഹേളിക്കാതിരിക്കാനും സാമാന്യ ബഹുമാനം പുലര്‍ത്താനുമുള്ള നിഷ്‌കര്‍ഷ മാത്രമാണ് ക്രൈസ്തവ മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളത്.

ക്രൈസ്തവ സ്ഥാപനങ്ങളിലെ ക്രിസ്ത്യന്‍ പ്രാര്‍ഥനകള്‍ യാതൊരു കാരണവശാലും ഉപേക്ഷിക്കാന്‍ കഴിയില്ല എന്ന് വ്യക്തമാക്കുന്നു.

ഭരണരംഗത്തെ പരാജയങ്ങള്‍ മറികടക്കാന്‍ തെറ്റിദ്ധാരണകള്‍ പരത്തുന്നതും വിവാദ പരാമര്‍ശങ്ങളിലൂടെ ജനങ്ങളില്‍ മതപരവും വര്‍ഗീയപരവും വേര്‍തിരിവ് സൃഷ്ടിക്കുന്നതും ആര്‍ക്കും ഭൂഷണമല്ല.

ഇന്ത്യയുടെ ഭരണഘടന മതന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന അടിസ്ഥാന അവകാശങ്ങള്‍ വെല്ലുവിളിക്കാനും ബലി കൊടുക്കുവാനും ആരെയും അനുവദിക്കില്ല. ഇന്ത്യയിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യത്തെ ഭരണഘടനയിലധിഷ്ഠിതമാണ്.

അതിനാല്‍ ഈ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയവര്‍ക്ക് നിയമപരമായി സംരക്ഷിക്കുവാനുമറിയാം. അതേസമയം മതപരമായ പ്രാര്‍ഥനകള്‍ ഇതര മതസ്ഥരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതായുള്ള കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രി ചൂണ്ടിക്കാട്ടിയ പരാതികള്‍ അന്വേഷണവിധേയമാക്കണമെന്നും വി സി സെബാസ്റ്റ്യന്‍ പറഞ്ഞു.

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 46]

ആഗ്രഹവും പരിശ്രമവും!

സയൻസും മതവും: പാപ്പയും ശാസ്ത്രജ്ഞരും

കോൺസ്റ്റാന്റിനോപ്പിളിന്റെ ഉദയം

വിശുദ്ധ ആന്റണി മേരി സക്കറിയ (1502-1539) : ജൂലൈ 5