കാഞ്ഞൂർ : സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വിശ്വാസ പരിശീലന കേന്ദ്രത്തിൽ ഫൊറോന പ്രൊമോട്ടേഴ്‌സ് സന്ദർശനം നടത്തി.
പ്രമോട്ടർമാരായ പോളച്ചൻ സാർ, സ്റ്റീഫൻ സാർ, കുരിയച്ചൻ സാർ, ഫ്രാൻസിസ് സാർ, ജോഷി സാർ എന്നിവരാണ് കഴിഞ്ഞ ഞായറാഴ്ച്ച യൂണിറ്റ് വിസിറ്റ് ചെയ്തത്.
വി. കുർബാനയിലുള്ള കുട്ടികളുടെ പങ്കാളിത്തം, വി. കുർബാനയ്ക്കായുള്ള മുന്നൊരുക്കം, പ്രാർത്ഥനകൾ, ഗാനങ്ങൾ എന്നിവയിലുള്ള സജീവത്വം, സമയ നിഷ്ഠ, വിശ്വാസ പരിശീലന പ്രവർത്തനങ്ങൾ സജീവമാക്കാൻ ചെയ്യുന്ന ഇതര പ്രവർത്തനങ്ങൾ, വേദപാഠത്തോടുള്ള കുട്ടികൾക്കുള്ള താല്പര്യം, പഠനത്തിലുള്ള ശ്രദ്ധ, അധ്യാപകരുടെ കൂട്ടായ്മ, ക്ലാസിനുള്ള ഒരുക്കം, അതിരൂപതാതല പരിപാടികളിലുള്ള സഹകരണം, വിശ്വാസ പരിശീലന പ്രക്രിയയോട് മാതാപിതാക്കൾ പുലർത്തുന്ന ശ്രദ്ധ, അധ്യാപക - രക്ഷാകർത്തൃബന്ധം തുടങ്ങിയുള്ള കാര്യങ്ങൾ നിരീക്ഷിച്ച് ആവശ്യമായ നിർദേശങ്ങളും, തിരുത്തലുകളും, പ്രോത്സാഹനവും നൽകുക എന്നതാണ് പ്രമോട്ടേഴ്‌സ് സന്ദർശനത്തിന്റെ ഉദ്ദേശ്യലക്ഷ്യം.
ഫൊറോന കൗൺസിലിന്റെ പ്രവർത്തനങ്ങളോട് പരിപൂർണ്ണമായും സഹകരിക്കുന്ന യൂണിറ്റായും, കുട്ടികളുടെ നല്ല പ്രതികരണശേഷിയെയും, ഓരോ ഞായറാഴ്ചയിലെയും പ്രവർത്തങ്ങൾ ക്രോഡീകരിച്ചു തയ്യാറാക്കിയ ലീഫ് ലെറ്റുകൾ സംബന്ധിച്ചും, ഒപ്പം വർക്ക് ബുക്ക് കുട്ടികളിൽ കുറച്ചു പേര് പൂർത്തിയാക്കാത്തത് സംബന്ധിച്ചും പോളച്ചൻ സാർ സംസാരിച്ചു.
ബഹു. വികാരിയച്ചന്റെ നിർദ്ദേശാനുസരണം ടീച്ചേഴ്സിന്റെ ഒറ്റക്കെട്ടായുള്ള ടീം വർക്കിന്റെ ഫലങ്ങൾ കാണാൻ കഴിഞ്ഞു എന്നും, മുഴുവൻ കുട്ടികളും വി. കുർബാന സ്വീകരിക്കാതിരുന്നത് കുറവായും ചൂണ്ടിക്കട്ടിയും ഫ്രാൻസിസ് സാർ തുടർന്ന് സംസാരിച്ചു.
ദേവാലയത്തിലെ ഒരുക്ക ശുശ്രുഷയിലും, അസംബ്ലിയിലും പുലർത്തിയ കൃത്യതയാർന്ന സമയകൃമവും, കുട്ടികളുടെ അച്ചടക്കവും സംബന്ധിച്ച് ജോഷി സാർ സംസാരിച്ചു. കുട്ടികളെ അറിയാൻ അവരുടെ വ്യക്തിപരമായ ജീവിതത്തിൽ ടീച്ചേഴ്സ് ഇറങ്ങി ചെല്ലാനും, ഓരോ കുട്ടിയേയും വ്യക്തിപരമായി അറിയാനും ടീച്ചേഴ്സ് പരിശ്രമിക്കണമെന്നും ജോഷി സാർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ പ്രവർത്തന വർഷത്തേക്കാൾ കൂടുതൽ മെച്ചപ്പെട്ട നിലയിലേയ്ക്ക് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ഉയർന്നു എന്നും, കുട്ടികൾ നന്നായി പ്രതികരിച്ചതും, കുട്ടികളുടെ സമഗ്ര വളർച്ചയിൽ അധ്യാപകർക്കുള്ള വലിയ ഉത്തരവാദിത്വവും, ഒപ്പം നമ്മുടേത് വലിയ തെരഞ്ഞെടുപ്പാണെന്നും സ്റ്റീഫൻ സാർ പറഞ്ഞു. ഓരോ ഞായറാഴ്ചയും ഒരു ക്ലാസ്സിലെ മുഴുവൻ കുട്ടികളും 800 ന് അടുത്ത് വരുന്ന കുട്ടികൾക്ക് മുന്നിൽ സ്വയം പരിചയപ്പെടുത്തുന്നത് എടുത്തു പറഞ്ഞു കൊണ്ടും സ്റ്റീഫൻ സാർ അഭിനന്ദിച്ചു. തങ്ങളുടെ ക്ലാസ്സിലെ മുഴുവൻ കുട്ടികളുടെയും സമ്പൂർണ്ണ വിവരശേഖരണം പൂർത്തിയാക്കിയ ഒന്നാം ക്ലാസ്സ് മൂന്ന് ഡിവിഷനിലെയും ടീച്ചേഴ്സിനെ പ്രത്യേകം പേരെടുത്തു പറഞ്ഞു പ്രമോട്ടേഴ്‌സ് അഭിനന്ദിച്ചു.
വർക്ക്ബുക്കിന് ആൻസർ കീ നൽകണമെന്ന് ടീച്ചേഴ്സ് പ്രമോട്ടേഴ്സിനോട് ആവശ്യപ്പെട്ടു. വികാരി റവ. ഫാ. ജോയ് കണ്ണമ്പുഴ, അസി. ഡയറക്ടർ ഫാ. അമൽ പെരിയപ്പാടൻ, പ്രധാനാധ്യാപകൻ സിനു പുത്തൻപുരയ്‌ക്കൽ, സെക്രട്ടറി സി. ഷാലി റോസ് എന്നിവരും, അധ്യാപകരും അനധ്യാപകരും ചേർന്ന 55ഓളം പേരും കാഞ്ഞൂർ യൂണിറ്റിന് നേതൃത്വം നൽകി വരുന്നു.