
മദ്ധ്യ ഇറ്റലിയില്‍, അബ്രൂസി മലനിരകളില്‍ കപ്പിസ്ത്രാനോ എന്ന ഗ്രാമത്തിലാണ് 1386 ജൂണ്‍ 24-ന് ജോണ്‍ ജനിച്ചത്. സിവില്‍ ലോയും കാനന്‍ ലോയും പെറുഗ്യായില്‍ പോയി പഠിച്ച് പ്രശസ്തമായ നിലയില്‍ പാസ്സായ ജോണ്‍ 27-ാമത്തെ വയസ്സില്‍ പെറുഗ്യായുടെ ഗവര്‍ണറായി നിയമിതനായി. പക്ഷേ, 1416-ല്‍ മലറ്റെസ്റ്റ ആ നഗരം പിടിച്ചടക്കുകയും സമാധാനം സ്ഥാപിക്കാന്‍ ശ്രമിച്ച ജോണിനെ തടവുകാരനാക്കുകയും ചെയ്തു.
തടവില്‍ കിടന്ന സമയത്ത് തന്റെ ആത്മരക്ഷയെപ്പറ്റി ജോണ്‍ ഗൗരവ പൂര്‍വ്വം ചിന്തിച്ചു. ഒരു വലിയ തുക കൊടുത്ത് തടവില്‍നിന്നു മോചിതനായപ്പോള്‍ ലൗകിക ജീവിതം പൂര്‍ണമായി ഉപേക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു. ഒരു സ്വപ്നത്തില്‍ തനിക്കു പ്രത്യക്ഷപ്പെട്ട ഫ്രാന്‍സീസിനെ അനുകരിച്ച് ജീവിതം ചിട്ടപ്പെടുത്താനായിരുന്നു പദ്ധതി. തടവില്‍ പോകുന്നതിനു മുമ്പ് വിവാഹിതനായെങ്കിലും ഭാര്യയുമൊത്തു കഴിയാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. വിവാഹമോചനം നേടിയ ജോണ്‍ 1415 ഒക്‌ടോബര്‍ 4-ന് ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്നു. പ്രഭാഷണകലയില്‍ അദ്വിതീനായിരുന്ന സിയെന്നായിലെ വി. ബര്‍ണര്‍ദ്ദീന്‍ ആയിരുന്നു ജോണിന്റെ ഗുരുവും വഴികാട്ടിയും. സഹപാഠിയും നിയമവിദ്യാര്‍ത്ഥിയുമായിരുന്ന വി. ജയിംസ് മാര്‍ച്ചെസ് തുടര്‍ന്നുള്ള നാല്പതുവര്‍ഷക്കാലം മിഷണറിപ്രവര്‍ ത്തനങ്ങളിലും സഭാപരിഷ്‌കരണത്തിലും സഹായിയായി കൂടെയുണ്ടായിരുന്നു.
ഒമ്പതു വര്‍ഷം വി. ബര്‍ണര്‍ദീനൊപ്പം മിഷണറി പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. 1425-ല്‍ പൗരോഹിത്യം സ്വീകരിച്ചു. അതിനുശേഷം സ്വന്തമായി വചനപ്രഘോഷണം ആരംഭിച്ചു. ഇറ്റലിയുടെ പ്രധാന നഗരങ്ങളിലെല്ലാം പ്രഭാഷണം നടത്തിയ അദ്ദേഹത്തിന്റെ ശ്രോതാക്കളുടെ എണ്ണം ഇരുപതിനായിരവും മുപ്പതിനായിരവുമായി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ദൈവാലയങ്ങളില്‍ ഇടം തികയാതിരുന്നതിനാല്‍ വിശാല മൈതാനങ്ങളിലായിരുന്നു പ്രഭാഷണം നടത്തിയിരുന്നത്. ഉത്തര ഇറ്റലിയിലെ ബ്രെഷ്യായില്‍ ഒരുലക്ഷത്തി ഇരുപത്താറായിരം പേരാണത്രെ അദ്ദേഹത്തെ ശ്രവിക്കാന്‍ ഓടിക്കൂടിയത്. ലത്തീനിലായിരുന്നു പ്രസംഗം, സാധാരണക്കാര്‍ക്കുവേണ്ടി അതു പ്രാദേശിക ഭാഷകളില്‍ പരിഭാഷപ്പെടുത്തിക്കൊടുത്തിരുന്നു. പ്രഭാഷണത്തോടൊപ്പം അത്ഭുതങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ രണ്ടായിരം രോഗികളെയാണ് നെറ്റിയില്‍ കുരിശടയാളം വരച്ച് ആശീര്‍വദിക്കേണ്ടിവന്നത്.
വി. ബര്‍ണര്‍ദീനെപ്പോലെ, ക്രിസ്തുവിലുള്ള വിശ്വാസം പൂര്‍ണബോധ്യത്തോടെ ജോണ്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. 1426-ല്‍ പേപ്പല്‍ ഇന്‍ക്വിസിറ്ററായി നിയമിതനായി. അന്നു ശക്തമായി ആഞ്ഞടിച്ച ഫ്രാറ്റിസെല്ലി ശീശ്മയ്‌ക്കെതിരെ ദക്ഷിണ ഇറ്റലിയിലും സിസിലിയിലും പ്രചരണം നടത്തേണ്ടിവന്നു. 1443-ല്‍ ഒബ്‌സര്‍വന്റ്‌സ് എന്ന ഫ്രാന്‍സിസ്‌ക്കന്‍ സന്ന്യാസസഭയുടെ മിനിസ്റ്റര്‍ ജനറലായി നിയമിതനായി. 1439 മുതല്‍ തുടര്‍ച്ചയായി, വിവിധ മാര്‍പാപ്പമാരുടെ കീഴില്‍ പാലസ്തീന, പോളണ്ട്, ഫ്രാന്‍സ്, ആസ്ത്രിയ, ബൊഹീമിയ തുടങ്ങിയ രാജ്യങ്ങളിലെ പേപ്പല്‍ പ്രതിനിധിയായിരുന്നു. ഫ്രാന്‍സിലായിരുന്നപ്പോള്‍ ക്ലാരസഭയുടെ പരിവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വി. കൊളെറ്റിനെ കണ്ടുമുട്ടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ബൊഹീമിയയില്‍ പ്രബലമായിരുന്ന ഹൂസൈറ്റ് പാഷണ്ഡതയ്‌ക്കെതിരെ യുദ്ധം ചെയ്തു ജയിക്കേണ്ടി വന്നു.
1453-ല്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കി. അവര്‍ക്കെതിരെ ഒരു കുരിശുയുദ്ധം തന്നെ ജോണിനു പ്രസംഗിക്കേണ്ടിവന്നു. ഹങ്കറിയില്‍ ആയിരങ്ങളെ യുദ്ധത്തില്‍ നയിക്കേണ്ടിവന്നു. ഒരവസരത്തില്‍ കീഴടങ്ങലിന്റെ വക്കത്തെത്തിയ സൈന്യത്തിന്റെ മദ്ധ്യത്തില്‍ കുരിശുയര്‍ത്തിപ്പിടിച്ചുകൊണ്ട് ആവേശം പകര്‍ന്ന ജോണ്‍ സൈന്യത്തെ വിജയത്തിലെത്തിച്ചു. മൂന്നുമാസത്തിനുശേഷം 1456 ഒക്‌ടോബര്‍ 23-ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു.
1690 ഒക്‌ടോബര്‍ 16-ന് പോപ്പ് അലക്‌സാണ്ടര്‍ VIII ജോണ്‍ കപ്പിസ്ത്രാനെ വിശുദ്ധനായി പ്രഖ്യാപിച്ചു.